ബിനീഷ് പുതുപ്പണം
ഹിന്നൂ, ആകാശം കൊഴിച്ചിട്ട മേഘങ്ങള്‍ ഇലപ്പടര്‍പ്പുകളിലും മരങ്ങളിലും തുളുമ്പിനിന്ന പുലര്‍കാലമാണ് നമ്മള്‍ മലയാറ്റൂര്‍ മലകയറിയത്. പ്രതീക്ഷാഭരിതമായ കണ്ണുകളുമായി നോക്കി നിന്ന കുഞ്ഞുയേശു ദേവന്മാരില്‍ നിന്ന് നമ്മളെത്ര മെഴുകുതിരികളാണ് വാങ്ങിക്കൂട്ടിയത്. മഹാഗണികള്‍ക്കിടയിലൂടെ. കൂറ്റന്‍ വെണ്‍ തേക്കുകള്‍ക്കിടയിലൂടെ മൗനം പേറി നമ്മള്‍ നടന്നു.
ഇലപൊഴിഞ്ഞു കിടക്കുന്ന ചെറുമരങ്ങള്‍, ജീവിതം പോലെ. പുതിയവ തളിര്‍ത്തും പഴയവ കൊഴിഞ്ഞുമങ്ങനെ.
നോക്കൂ, ഈ വലിയ തേരട്ടകളെല്ലാം എങ്ങോട്ടാണ് ഇത്ര ധൃതിപിടിച്ച് പോകുന്നത്? പോയാലും പോയാലും ഈ കാടിറങ്ങി തീരുംമുമ്പ് അവയുടെ ജീവകാലവും അസ്തമിക്കുമല്ലോ. ഒരു തേരട്ടയ്ക്ക് ഒരു കാടിനെ അളക്കാനുള്ള ആയുസുണ്ടോ?
നീല ചിറകുകളുള്ള പൂമ്പാറ്റകളെ ഒരു യോഗിനിയെപ്പോലെ നീ നോക്കിനില്‍ക്കുന്നു. ദേ… കുഞ്ഞുറുമ്പുകളുടെ നീളൻ വരി. അവിടേക്കാണ് ഈ ആഹാരമെല്ലാം അവ ചുമന്നുകൊണ്ടുപോകുന്നത്?
ഒന്നാമത്തെ കുരിശ്, അതിനു കീഴെ ഭണ്ഡാരം. നമ്മള്‍ ആദ്യത്തെ മെഴുകുതിരി കത്തിച്ചു. ആരാണ് ഈ മൗനജ്വാലയെ ഭഞ്ജിച്ചുകൊണ്ട് പിന്നിലെ മരത്തില്‍ നിന്നും കൂവുന്നത്?
ഒരു പനതത്ത.
എന്താണ് നമ്മളൊന്നും മിണ്ടാത്തത്? മറ്റു പ്രാണികളെല്ലാം മിണ്ടിക്കൊണ്ടിരിക്കുകയാണല്ലോ. കയറ്റങ്ങളിലെ പതിനാലു കുരിശുകൾക്കു മുന്നിലും നമ്മൾ മെഴുകുതിരികൾ തെളിച്ചു. പള്ളിക്കടുത്തെത്തിയപ്പോൾ നിറയെ മരക്കുരിശുകൾ: മാഹിയിൽ നിന്നും പൊള്ളാച്ചിയിൽ നിന്നുമെല്ലാം ഭക്തർ ഭാരം ചുമന്നെത്തിച്ച വലിയ കുരിശുകൾ. വൻമരത്തോളം വലുപ്പമുള്ള അവയെല്ലാം എങ്ങിനെയാവും എത്തിച്ചതെന്നോർത്ത് നമ്മൾ അതിശയിച്ചു നിന്നു. ചില്ലുകൂട്ടിൽ പൂക്കളാൽ അലങ്കരിക്കപ്പെട്ട മാർത്തോമാ മണ്ഡപം. ഒരു നിമിഷം നീയവിടെ മുട്ടുകുത്തിയിരുന്നു… ശൂന്യത… പ്രപഞ്ച ലയത്തിന്റെ മൂകത. തൊട്ടപ്പുറം കുമ്പസാര വേദി.
പുറത്തിരുന്ന് നമ്മൾ ഒന്നും മിണ്ടാതെ കുമ്പസരിച്ചു. കുരിശു സന്നിധിയിൽ സ്വർണക്കുരിശിനു താഴെ ആരാണ് ഇത്ര മനോഹരമായി ‘പിയത്ത’ ചിത്രീകരിച്ചത്? ചുമരിൽ അവസാനത്തെ അത്താഴം കൊത്തിവെച്ചിരിക്കുന്നത് ഏത് കലാകാരനാണ്?
നമ്മൾ പാറയുടെ ഇരുവശം ചേർന്നു നടന്നു. അതിപുരാതനമായ കപ്പേള. അഞ്ഞൂറുവർഷം പഴക്കമുള്ള ആനകുത്തിപ്പള്ളി. ഘോരവനമായിരുന്ന കുരിശുമുടിയിൽ കാടിളക്കി വന്ന കൊമ്പനാനകൾ കൊമ്പുകുത്തി തിമിർത്ത ചുവരുകൾ. ആ ആനകളെല്ലാം മണ്ണിനോടു ചേർന്നു, മണ്ണും വളവും ചെടിയും പുക്കളായി മാറി. എന്നിട്ടും അവയുതിർത്ത ഓർമയുടെ അടയാളങ്ങൾ ബാക്കിനിൽക്കുന്നു. ഈ പാറമേലിരിക്കുമ്പോൾ നമ്മളെത്ര ചെറുത്. ദർശനത്തിനു വിധേയമാകാത്തത്ര വലിപ്പത്തിൽ പ്രപഞ്ചം കുന്നുകളെ കെട്ടിപ്പിടിച്ചു നിൽക്കുന്ന കോടകൾ താഴേക്കിറങ്ങി വരുന്ന നേരങ്ങൾ…
ഹിന്നൂ… നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകയാണല്ലോ… പാറകൾക്കറിയാമായിരിക്കും അതിന്റെ നിഗൂഢത. മരങ്ങൾക്കും പുല്ലിനും പൂവിനുമറിയാമതിൻ രഹസ്യം. ഇതുതന്നെ ജീവിതം… ഇത്രമാത്രം. കാട്ടുപുല്ലുകൾ വാറ്റിവന്ന കാറ്റ് നമ്മളെയുണർത്തി. പ്രപഞ്ചമേ… പൂക്കളേ… പുൽകളേ… ഇലച്ചാർത്തുകളേ… ഞങ്ങളാര്? ഞങ്ങളാര്? ഏതോ ഓർമയുടെ ചിറകിൽ നിന്നും തെന്നി വീണ രണ്ടു ചെറിയ തൂവലുകൾ.
ചെറിയ കുർബാന പള്ളിയിലെ വരാന്ത ഓർമ പോലെ നീണ്ടു കിടക്കുന്നു. പള്ളിക്കു താഴെ കൊച്ചു കിണർ. അതിൽ നിന്നുമൂറിവരുന്ന അത്ഭുത ഉറവകൾ. “തോമാശ്ലീഹ മലയിൽ ധ്വാനിച്ചു, വെള്ളത്തിനായി പാറയിൽ കുത്തി, ഒരു ജലപ്രവാഹം തന്നെയുണ്ടായി”, ഹിന്നൂ… എല്ലാരോഗങ്ങളും മാറ്റുന്ന ജലം നീ കോരിതന്നു… ഞാൻ കുടിച്ചു. “തോമാശ്ലീഹ പാറപ്പുറത്ത് ദീർഘനേരം പ്രാർത്ഥിച്ചു. സ്വന്തം വിരൽകൊണ്ട് കുരിശടയാളം വരച്ചു. ഒരു മലവേടൻ രാത്രിയിൽ വിശ്രമിച്ചപ്പോൾ പാറപ്പുറത്ത് പൊൻകുരിശടയാളം കണ്ടു” – നമ്മൾ വിശ്രമിക്കാനെത്തിയ മലവേടന്മാർ, കണ്ടത് നമ്മൾക്കുള്ളിലെ സ്നേഹകുരിശ്. നോക്കൂ.. ദൂരെ കാണാം സ്വച്ഛമായൊഴുകുന്ന പെരിയാറിന്റെ നിഴൽ ചിത്രം. തിരിച്ചിറങ്ങുമ്പോൾ അത്ഭുതകരമായ കാഴ്ചയിലേക്ക് നീ വിരൽചൂണ്ടി. ഒരു മരക്കുരിശ് നിറയെ തളിർത്തിരിക്കുന്നു. ഏതോ ഭക്തർ ഏറെ ദിനങ്ങൾ വ്രതമെടുത്ത് പ്രാർത്ഥിച്ച്, പൂജിച്ച് ചുമലിലേറ്റിക്കൊണ്ടു വന്ന അവരുടെ ആത്മഭാരം ഇവിടെ ഇറക്കിവെച്ചിരിക്കുന്നു. ഇപ്പോൾ അതിൽ ചെറു ചെറു തളിരിലകൾ മുളച്ചിരിക്കുന്നു. തളിർക്കുരിശിനെ നമ്മൾ വിശുദ്ധമായി ചുംബിച്ചു. ഹിന്നൂ അപ്പോഴും നമ്മുടെ കണ്ണുകൾ നിറഞ്ഞിരുന്നോ?