തെരുവ് നഷ്ടം

0
263
athmaonline-remnesh-pv-wp

കവിത

രംനേഷ് പി വി

തെരുവുകൾക്ക്
എന്തൊക്കെയാണ്
നഷ്ടപ്പെട്ടിട്ടുണ്ടാവുക..?
മരണം കൊടുമ്പിരികൊള്ളുമ്പോൾ
കടംവീട്ടാനാകാതെപോയ
റീത്ത് കച്ചവടക്കാരനെ.
നക്ഷത്രചിഹ്നമിടാത്ത
ഹോട്ടലുടമയ്ക്ക്
ചില്ലറ മാറ്റിനൽകുന്ന
ഭിക്ഷക്കാരനെ.
പോലീസുകാർക്കിപ്പോൾ
വേറെപ്പണിയുണ്ടെന്നറിഞ്ഞ്
പണിനിർത്തിപ്പട്ടിണിയായ
അവിശുദ്ധ കള്ളന്മാരെ.
വീട്ടിലേക്കുള്ള അവസാനത്തെ
വണ്ടിയും കിട്ടാതെപോയതുകൊണ്ട്
തെരുവ് വിളക്കിനൊപ്പം ഇരുട്ട് പങ്കിട്ട
ചെറുപ്പക്കാരികളുടെ കിതപ്പ്.
ജനനിബിഡമായ വെെകുന്നേരങ്ങളിൽ
അടിച്ചതിന് വീര്യം കൂടിപ്പോയതുകൊണ്ടോ,
വെെരം കൂടിപ്പോയതുകൊണ്ട്
അടിയേറ്റതുകൊണ്ടോ,
ഉടുതുണിവെടിഞ്ഞ്
വൃഷണം ആകാശത്തെക്കാണിച്ച്
ലോകത്തോട് എനിക്കൊരു
നഗ്നസത്യം പറയാനുണ്ടെന്ന-
പോലെ ചത്തുമലർന്ന
ഒരു അജ്ഞാത ശവത്തെ.
തൂപ്പുകാരെത്താൻ ഇടയില്ലെന്നറിയാതെ
ഇലകൾമാത്രം കൊഴിയുന്നു…
തെരുവുകൾക്കിപ്പോൾ എന്തൊക്കെയാണ്
നഷ്ടപ്പെട്ടിട്ടുണ്ടാവുക…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here