ഷംന കൊലക്കോടന്‍
3 മുതൽ 5 വയസ് വരെയുള്ള കുഞ്ഞു പിള്ളേർക്കുവേണ്ടി അവരുടെ വിദ്യാഭ്യാസത്തിനും വളർച്ചക്കും വേണ്ടി പ്രവർത്തിച്ചുവരുന്ന ഒരുപാട് സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പണ്ട് സ്കൂളുകൾക്ക് കീഴിൽ തുടങ്ങിയിരുന്ന ഇത്തരം സ്ഥാപനങ്ങൾ ഇന്ന് വിവിധ മതങ്ങളുടെയും മതവിഭാഗങ്ങളുടെ കീഴിലും വ്യാപകമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നു. മതഗ്രന്ഥങ്ങൾ കുഞ്ഞിലേ മനപാoമാക്കാം, മതത്തെ ചെറുപ്പത്തിലേ മനസിലാക്കാം എന്നൊക്കെയാണ് മിക്ക സ്ഥാപനങ്ങളുടെയും പരസ്യ ബോർഡുകളിൽ ഹൈലൈറ്റ് ചെയ്ത് പറയുന്നത്. നാട്ടിൽ വിവിധ വിഭാഗക്കാർക്ക് ആരാധനാലയങ്ങൾ പോലെ ഇത്തരം സ്ഥാപനങ്ങളുമുണ്ട്. അവിടെയൊന്നും സാധാരണയായി മറ്റു മതക്കാർക്ക് പ്രവേശനം അനുവദിക്കാറില്ല. മാത്രമല്ല, തന്റെ കുഞ്ഞ് വേറൊരു സമുദായം നടത്തുന്ന സ്ഥാപനത്തിൽ പഠിക്കാൻ ഒരു രക്ഷിതാവും താൽപര്യപ്പെടാറുമില്ല.
ഇവിടങ്ങളിൽ എന്തൊക്കെയാ പഠിപ്പിക്കുന്നത്? ആ കുഞ്ഞു തലച്ചോറിന് താങ്ങാവുന്നതിനുമപ്പുറം കാര്യങ്ങൾ മനപാഠമാക്കാൻ അവർ നിർബന്ധിതരാവുന്നു. 3-നും 6-നും ഇടയിൽ വയസ്സുള്ള കുട്ടികളാണെന്നോർക്കണം. കുട്ടികൾക്ക് കണ്ടും കേട്ടും അവയൊക്കെ പെട്ടെന്ന് ഹൃദിസ്ഥമാക്കാൻ സാധിച്ചേക്കാം. പക്ഷെ അവയുടെയൊക്കെ അർത്ഥവും വ്യാപ്തിയും എത്രത്തോളേം മനസിലാക്കാൻ അവർക്ക് സാധിക്കുമെന്ന കാര്യം സംശയമാണ്.
കുഞ്ഞിലേ അവരുടെ മനസിൽ സ്വന്തം മതത്തോടുള്ള അഭിനിവേശം കുത്തിവെക്കപ്പെടുന്നതിൽ ഇത്തരം സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. മത ഗ്രന്ഥങ്ങളും വേദവാക്യങ്ങളും ആ ഇളം തലച്ചോറിൽ നിറച്ച് മതത്തിന്റെ ഭാവി സുരക്ഷിതമാക്കുകയാണവർ. ബുദ്ധിയുറയ്ക്കുന്നതിനു മുമ്പേ ഇവയൊക്കെ മനസിൽ ആഴത്തിൽ വേരിറക്കാൻ ഇതിലും മികച്ചൊരു വഴി വേറെന്ത്? സ്വന്തം മതത്തിലും ജാതിയിലും പെട്ടവരുമായി മാത്രം സമ്പർക്കത്തിലേർപ്പെടുന്ന ആ കുഞ്ഞുങ്ങൾ സ്കൂളുകളിലെത്തുമ്പോൾ മറ്റു മതക്കാരുമായി കൂട്ടുകൂടുമെന്ന് എന്താണുറപ്പ്? അവർക്കിടയിൽ പതിയെ ഒരു വേർതിരിവിന്റെ മതിൽ രൂപപ്പെട്ട് വരും. മാത്രമല്ല, ഉത്തരം കിട്ടാത്ത എത്രയെത്ര ചോദ്യങ്ങൾ അവർക്കുള്ളിൽ സംശയങ്ങൾ തീർക്കും? തീർച്ചയായും അതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കും. മതം മനുഷ്യനെ വേർതിരിക്കുന്ന ഇക്കാലത്ത് ഇത്തരം പ്രീ-സ്കൂൾ സ്ഥാപനങ്ങളിലൂടെയല്ലാതെ മതം നില നിർത്താനാവില്ലെന്ന ആശങ്കയുണ്ടാവാം അവർക്ക്. എന്നിരുന്നാലും തെറ്റും ശരിയും ഇത്തിരിയെങ്കിലും മനസിലാക്കാൻ പറ്റുന്ന ബുദ്ധിയുറയ്ക്കുന്ന പ്രായത്തിൽ പോരെ മത വിദ്യാഭ്യാസം?
കുഞ്ഞിലേ മതം വേരുറപ്പിച്ച തലച്ചോറുമായി സമൂഹത്തിലേക്കിറങ്ങുന്ന ആ കൈകളിൽ നമ്മുടെ നാട് സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുണ്ടോ? മതം അവരുടെ വിവേകത്തെ കീഴ്പെടുത്തിക്കളയില്ല എന്ന് ഉറപ്പിച്ചു പറയാനാകുമോ നിങ്ങൾക്ക്? തിരിച്ചറിയുക, കുട്ടിക്കാലം സന്തോഷത്തിന്റേതാണ്. മനസിനെ കെട്ടഴിച്ച് ആഹ്ലാദത്തിന്റെ ഒരായിരം പൂത്തിരി കത്തിക്കേണ്ട കാലം. കുട്ടികളുടെ മാനസിക ഉല്ലാസങ്ങൾക്കും ശാരീരിക ഉന്നമനങ്ങൾക്കും ഊന്നൽ കൊടുത്തു പ്രവർത്തിക്കുന്ന അങ്കണവാടി പോലുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ കുട്ടികളെ അത്തരത്തിൽ കൈകാര്യം ചെയ്യാനാവൂ.
“അവരുറക്കെ ചിരിക്കട്ടെ. മനുഷ്യരെ പഠിക്കട്ടെ. നന്മ കണ്ട് വളരട്ടെ.”
Nb: ഇതൊരു മത വിരുദ്ധ പോസ്റ്റാക്കി ഒട്ടിക്കാൻ നോക്കണ്ട. 5 വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ മാത്രം ഓർത്താൽ മതി. മത, ജാതി, ലിംഗ, വർണ്ണ ഭേദമന്യേ നിങ്ങൾ കൈ കോർത്തു നടന്ന നിങ്ങളുടെ ആ കളറ് കുട്ടിക്കാലം ഓർത്താൽ മതി.
(ഷംന കൊലക്കോടന്‍റെ ഫേസ്ബുക്ക് പോസ്റ്റ്)