സ്ലീവാച്ചൻ എന്ന ‘ആൺ’ബിംബം; ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ ക്വിയർ വായന

0
601
ranjith-thankappan-sleevachan

രൺജിത് തങ്കപ്പൻ

“[e]ven at its best, society’s response to the question of sexuality has been in the form of ‘respecting choice’. Such a response as we have seen, leaves unquestioned heterosexuality as the norm – that is, ‘most of us are heterosexual, but there are others out there who are either lesbian or gay or B, T, or K’. The alphabets proliferate endlessly outside the unchallenged heterosexual space. But if we recognise that this ‘normal’ heterosexuality is painfully constructed and kept in place by a range of cultural, bio-medical and economic controls, precisely in order to sustain existing hierarchies of class and caste and gender, then we would have to accept that all of us are – or have the potential to be – ‘queer”.
~ Nivedita Menon

സമീപകാലത്ത് മലയാള സിനിമയിലെ ഒരു പൊതുതരംഗമായി നിലനിൽക്കുന്ന ശുഭപര്യവസായിയായ സിനിമ എന്ന വിഭാഗത്തിൽ ഒതുങ്ങി നിന്നു കൊണ്ട് നിർമ്മിക്കപ്പെട്ട, ഭേദപ്പെട്ട ഒരു പോപ്പുലർ സിനിമ ആണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ (2019). ഒരേ സമയം പ്രേക്ഷക ഹൃദയം കീഴടക്കുകയും, അതോടൊപ്പം കൈകാര്യം ചെയ്ത, വിവാഹബന്ധത്തിനുള്ളിലെ ബലാത്‌സംഗം (Marital Rape) എന്ന പ്രമേയം വിമർശനാത്മകമായി ചർച്ച ചെയ്യപ്പെടുകയുമുണ്ടായി എന്നത് ചെറിയ കാര്യമല്ല.

രൺജിത് തങ്കപ്പൻ
രൺജിത് തങ്കപ്പൻ

ആസിഫ് അലി അവതരിപ്പിച്ച സ്ലീവാച്ചൻ പ്രേക്ഷകരാലും വിമർശകരാലും ഏറെ പ്രകീർത്തിക്കപ്പെട്ടു. ലൈംഗികതയെ, പ്രത്യേകിച്ചും ആൺ ലൈംഗികതയെ കുറിച്ച് അജ്ഞതയുള്ള, അതുമൂലം ഹിംസാത്മകമായി പ്രവർത്തിക്കുകയും തുടർന്ന് എല്ലാവർക്കു മുന്നിലും പരിഹാസ്യനായും മാറുന്ന ഒരു മലയാളി ആൺ കഥാപാത്രം എന്ന നിലയിലാണ്, ഒരു പക്ഷെ അങ്ങിനെ മാത്രം ആണ് പൊതുവെ സ്ലീവാച്ചൻ എന്ന കഥാപാത്രം വിലയിരുത്തപ്പെട്ടു കണ്ടത്. അതിൽ നിന്നും വേറിട്ടൊരു ക്വിയർ വായനയുടെ സാധ്യത ആണ് ഈ കുറിപ്പിലൂടെ അന്വേഷിക്കുന്നത്.

kettiyolaanu-ente-malakha-01

ജൂഡിത്ത് ബട്ലർ, മിഷേൽ ഫൂക്കോ എന്നീ സൈദ്ധാന്തികർ ലിംഗം (Gender), ലൈംഗികത (Sexuality) എന്നീ വ്യവകലന സംബന്ധിയായ ഏകകങ്ങളെ അവലംബിച്ച് ഉത്പാദിപ്പിച്ച അറിവും, വംശം (Race) എന്നതിനെ മാനദണ്ഡമാക്കി മേല്പറഞ്ഞവയെ ഒരു നവവിചിന്തനത്തിനു വിധേയമാക്കിയ ബെൽ ഹൂക്സ് പോലുള്ള കറുത്ത അമേരിക്കൻ ഫെമിനിസ്റ്റുകളും, ഫ്രോയ്ഡ്, ലകാൻ, ക്രിസ്തേവ എന്നീ സൈക്കോഅനലിറ്റിക് ചിന്തകരുടെ വിഭാവനങ്ങളും അലക്സാണ്ടർ ഡോട്ടിയെപ്പോലുള്ള പുതു തലമുറ ക്വിയർ ചിന്തകരുടെ നിരീക്ഷണങ്ങളും വിശകലനങ്ങളും എല്ലാം ഇത്തരമൊരു ക്വിയർ വായനയ്ക്ക് സഹായകമായിട്ടുണ്ട്. ആശിഷ് നന്തി, സുധീർ കാക്കർ, സഞ്ജയ് ശ്രീവാസ്‌തവ എന്നീ ഇന്ത്യൻ ചിന്തകരും ലൈംഗികതയെയും സൈക്കോ അനലിറ്റിക് വിമർശനത്തെയും കുറിച്ച് പ്രാഥമികമായ അറിവ് നൽകിയിട്ടുണ്ട്.

sigmund-freud
Sigmund Freud

ക്വിയർ നിമിഷങ്ങൾ

ക്വിയർ എന്നു കേട്ടാൽ ഉടനെ അപരവത്കരിക്കപ്പെട്ട സ്വവർഗലൈംഗികതയിലേക്ക് കയറുമെടുത്ത് ഓടുന്ന രീതിയാണ് പൊതുവെ അവലംബിച്ചു കണ്ടിട്ടുള്ളത്. തങ്ങളുടേതല്ലാത്ത, തന്നിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നായാണ് ക്വിയർ എന്ന കാറ്റഗറിയെ പൊതുമണ്ഡലം പൊതുവെ വീക്ഷിച്ചു വരുന്നത്. ലൈംഗികതയുടെ വർണ്ണ സ്പെക്ട്രത്തിനുള്ളിലാണ് ഏവരും എന്ന കാഴ്ചപ്പാടിന് ഇനിയും പൊതുമണ്ഡലത്തിൽ സ്വീകാര്യതയും വ്യക്തതയും വന്നു തുടങ്ങുന്നതേയുള്ളൂ. നമ്മുടെ സിനിമാ പഠന മേഖലയും അതിൽ നിന്നും വ്യത്യസ്തം അല്ല. പുതു കാഴ്ചപ്പാടുകളെ ഉൾക്കൊണ്ട് അതിനിയും വളർന്നു വികസിക്കേണ്ടിയിരിക്കുന്നു.

മലയാളം പോലെ ഒരു ചെറിയ ഭാഷാദേശത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം ആണ് പൊതുബോധത്തെ തകർക്കുന്ന, പ്രത്യേകിച്ചും ലൈംഗികതയുടെ വൈവിധ്യമാർന്ന സ്പെക്ട്രം വെളിവാക്കുന്ന വിഷയം കൈകാര്യം ചെയ്യുന്ന പോപ്പുലർ സിനിമകൾ. ഒളിഞ്ഞും തെളിഞ്ഞും, ഇടയ്ക്കൊക്കെ സധീരം ‘മൂത്തോ’ൻ പോലെയും ഒക്കെ അത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ബോളിവുഡ് ഒരു പടികൂടി കടന്ന് പരസ്യമായി ‘ഗേ’, ‘ലെസ്ബിയൻ’ എന്നീ വാക്കുകൾ പ്രയോഗിക്കാൻ പോലും ധൈര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്.

അത്തരം ഒരു ചർച്ചയിൽ നിന്നും മാറി, ഏതൊരു സാംസ്‌കാരിക ഉത്പന്നത്തിലും അതിന്റെ ആന്തരിക ജൈവ ചോദനയായി ക്വിയർ എന്ന കാറ്റഗറി എങ്ങനെ വർത്തിക്കുന്നു, അത് സിനിമ പഠനം പോലെ ഒരു മേഖലയിൽ നവസമീപനവും രീതിശാസ്ത്രവും ആയി എങ്ങനെ ഉപയുക്തമാകുന്നു എന്നു വിശദമാക്കാനാണ് ശ്രമിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ സിനിമയിലെ സ്ലീവാച്ചൻ എന്ന കഥാപാത്രത്തിന്റെ ക്വിയർ വായന അതിലേക്കു നയിക്കും എന്നു കരുതുന്നു.

alexander-doty
Alexander Doty

സിനിമ പോലുള്ള ആധുനിക സാംസ്‌കാരിക ഉത്പന്നങ്ങളുടെ ക്വിയർ വായനയെ കുറിച്ച് അലക്സാണ്ടർ ഡോട്ടി നടത്തിയ ചില നിരീക്ഷണങ്ങളിൽ നിന്നും തുടങ്ങാം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രത്യക്ഷത്തിൽ മൂർത്തമായ സ്വവർഗ്ഗ ലൈംഗികത കൈകാര്യം ചെയ്യുന്ന സിനിമകൾ മാത്രമല്ല ക്വിയർ വായനയുടെ സാധ്യത നൽകുന്നത്. ഏതൊരു സാംസ്‌കാരിക ഉത്പന്നത്തിൽ നിന്നും ക്വിയർ നിമിഷങ്ങൾ (Queer Moments) കണ്ടെത്താനാകും എന്ന് ഡോട്ടി അസന്ദിഗ്ദ്ധം പറയുന്നു. പറയുക മാത്രമല്ല, മനോഹരമായി ലോക ക്ലാസിക് ചലച്ചിത്രങ്ങളുടെ വിമർശനാത്മകമായ ക്വിയർ വായന നടത്തി കാണിച്ചു തരികയും ചെയ്തു.

Credit: Photo by Moviestore/REX/Shutterstock (1622408a) Psycho (On Set) Film and Television

മനോവിശ്ലേഷണത്തോടൊപ്പം സാമൂഹ്യശാസ്ത്രപരവും ചരിത്രപരവുമായ ഉൾക്കാഴ്ചകളും സാഹിത്യ, സാംസ്‌കാരിക തത്വങ്ങളെയും ഉപയോഗപ്പെടുത്തുന്ന വിശാലമായ ഒരു അവലോകന രീതിയാണ് അദ്ദേഹം ഇതിനായി അവലംബിക്കുന്നത്. ഉദാഹരണമായി, ആൽഫ്രഡ്‌ ഹിച്ച്‌കോക്കിന്റെ പ്രസിദ്ധമായ ‘സൈക്കോ’ എന്ന ത്രില്ലർ സിനിമയെ കുറിച്ച് പഠിക്കുമ്പോൾ, സിനിമക്ക് നിദാനമായ റോബർട്ട് ബ്ലോഹിന്റെ ‘സൈക്കോ’ എന്ന അതേ പേരിലുള്ള നോവലും, അത് എഴുതപ്പെട്ട സമൂഹത്തിലും പരാമർശിക്കപ്പെടുന്ന ചരിത്ര സന്ദർഭത്തിലും നിലനിന്ന പൊതു വിശ്വാസങ്ങളെയും ഡോട്ടി നിരീക്ഷിക്കുകയും തന്റെ വിശകലനത്തിന് ഉപയുക്തമാക്കുകയും ചെയ്യുന്നു.

ഹിച്ച്‌കോക്കിന്റെ സൈക്കോ എന്ന സിനിമയ്ക്ക് സമീപകാലത്തിറങ്ങിയ ടോഡ് ഫിലിപ്പിന്റെ ജോക്കറിനോടെന്ന പോലെ തന്നെ ‘കെട്ട്യോളാണ് എന്റെ മാലാഖ’ യിലെ സ്ലീവാച്ചനോടും എനിക്ക് കാണാൻ കഴിയുന്ന മനോവിശ്ലേഷണപരമായ ക്വിയർ സാമ്യത, ഡോട്ടി നടത്തിയ നിരീക്ഷണങ്ങൾ സസൂക്ഷ്മം പഠിച്ചിട്ടുള്ളതിൽ നിന്നും ആർജ്ജിച്ചതാണ്. ജോക്കർ എന്ന സിനിമയെ കുറിച്ച് വിശദമായ ഒരു പഠനം വേറിട്ട് തയ്യാറാക്കുന്നുണ്ട്.

ക്വിയർ സ്ലീവാച്ചൻ

ഹിച്ച്‌കോക്കിന്റെ സിനിമയിലെ മുഖ്യ കഥാപാത്രമായ നോർമൻ ബേറ്റ്സിനെ പോലെ തന്നെ സ്ലീവാച്ചനും അപ്പനില്ല. അമ്മയോടൊപ്പം അച്ചടക്കമുള്ള പയ്യനായിട്ടാണ് അയാളുടെ താമസം. പ്രായപൂർത്തി ആയിട്ടും അമ്മക്കൊപ്പം ഒരേ മുറിയിലാണ് അയാളുടെ ഉറക്കം പോലും. അമ്മയും പെങ്ങന്മാരുമല്ലാതെ അയാൾക്ക് വേറൊരു പെൺലോകം ഇല്ലെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു. കുമ്പസാരം കേൾക്കുന്ന പാതിരിക്കും അയാളെ ഇക്കാര്യത്തിൽ വിശ്വാസമാണ്. കുറച്ചു മദ്യപാനം ഒഴിച്ചാൽ അയാൾക്ക് ഇക്കാലത്തെ പിള്ളേരുടെ മറ്റൊരു കുറ്റവും കുറവും ഇല്ല എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഇല്ല. ‘കുഞ്ഞളിയന്റെ മനസ്സിൽ വേറെന്തോ ഉണ്ട്’ എന്ന്, കല്യാണക്കാര്യം പറയുമ്പോൾ അതിലൊന്നും താല്പര്യം കാണിക്കാതെ എഴുന്നേറ്റു പോകുന്ന സ്ലീവാച്ചനെ നോക്കി, ഇളയ പെങ്ങളുടെ ഭർത്താവ് സൂചിപ്പിക്കുന്നുമുണ്ട്. പെങ്ങളാണ് സ്വന്തം ആങ്ങളയെ പറ്റി അനാവശ്യം പറയരുത് എന്നു പറഞ്ഞത് അതിനു തടയിടുന്നത്.

asifali

ഫ്രോയ്ഡ് ചൂണ്ടിക്കാണിക്കുന്നത് പോലെ അഗമ്യഗമനത്തോളം (Incest) എത്തുന്ന അത്യഗാധവും തീവ്രവുമായ ബന്ധം ആണ് സൈക്കോയിൽ നോർമൻ ബേറ്റ്സും അമ്മയും തമ്മിൽ ഉള്ളത്. സ്വന്തം അമ്മയെ കൊല ചെയ്ത് ആ ശരീരം സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന മനോരോഗിയാണ് ഹിച്ച്‌കോക്കിന്റെ സൈക്കോ. അമ്മയായി വേഷം മാറി, തനിക്കു കാമം തോന്നുന്ന സ്ത്രീകളെ അയാൾ കൊല ചെയ്യുന്നു.

അമ്മയെ അത്യഗാധം സ്നേഹിക്കുന്ന സ്ലീവാച്ചനിലും അമ്മ ഒരു അടിയുറച്ച ബിംബമായി, അയാളുടെ ഒളിഞ്ഞ ലൈംഗികതയുടെ തന്നെ മൂലാധാരമായി വർത്തിക്കുന്നു. അമ്മയിൽ നിന്ന് വേറിട്ട ഒരു കിടപ്പു പോലും അയാൾക്കില്ല. ഈഡിപ്പൽ കോംപ്ലെക്സിന്റെ പ്രത്യക്ഷത്തിലുള്ള പ്രകടനം തന്നെയാണത്. അമ്മയുടെ രോഗാവസ്ഥയാണ് വിവാഹത്തെ കുറിച്ച് അയാളെ ചിന്തിപ്പിക്കുന്നത് തന്നെ. അമ്മയോടുള്ള കടുത്ത ഈഡിപ്പൽ പ്രണയാതുരത തന്നെയാണ് അപ്പന്റെ മരണത്തെ അഥവാ ശൂന്യതയെ സാംസ്‌കാരിക അബോധത്തിലൂടെ കഥയിൽ സൃഷ്ടിക്കുന്നത്. ഇത് അറിഞ്ഞു കൊണ്ട് തന്നെ തിരക്കഥയിൽ വന്നു ചേർന്നതാവണം എന്നില്ല. സാംസ്‌കാരിക അബോധം അത്തരത്തിൽ ഒളിഞ്ഞും തെളിഞ്ഞും വർത്തിക്കുന്നു. എന്നാൽ സിനിമ തുടങ്ങുന്നത് തന്നെ സ്ലീവാച്ചന്റെ അപ്പന്റെ മരണാന്തര ചടങ്ങിൽ നിന്നാണെന്നത് ശ്രദ്ധിക്കണം. ആദ്യന്തം സിനിമയുടെ ഫ്രോയ്ഡിയൻ അന്തർധാരയായി ഈ ശൂന്യത വർത്തിക്കുന്നു.

എന്നാൽ ക്വിയർ വായന മറ്റൊരു സാധ്യത മുന്നോട്ടു വയ്ക്കുന്നുണ്ട്. ഗൃഹനാഥൻ എന്നത് പിതൃദായക ഹെറ്ററോ ആണത്തത്തിന്റെ (Patriarchal Hetero-Masculinity) ആധാര ശിലയാണ്. കുടുംബത്തിന്റെ നെടുംതൂൺ. അത് ആദ്യമേ തന്നെ ഇല്ലാതാക്കുന്നതിലൂടെ അധീശ ആണത്ത ബിംബത്തെ തന്നെ തിരസ്കരിക്കുകയും ആ സ്ഥാനത്ത് അമ്മ എന്ന സ്ത്രൈണ ബിംബത്തെ കുടുംബത്തിന്റെ നെടുംതൂണായി പ്രതിഷ്ഠിക്കുകയും ആണ്. ഇത് അപൂർണമായ ഒരു കുടുംബമായേ പൊതുവിൽ സമൂഹം വീക്ഷിക്കുകയുള്ളൂ. എന്നാൽ ഈ അപൂർണത ഒരു ക്വിയർ സാധ്യതയാണ് പ്രദാനം ചെയ്യുന്നത്. നിലനിൽക്കുന്ന ഹെറ്ററോ ആണത്തത്തെ വെല്ലുവിളിക്കുകയും കുടുംബം എന്ന സങ്കൽപ്പത്തിന്റെ കേന്ദ്ര സ്ഥാനത്തു നിന്നും അതിനെ മാറ്റിക്കൊണ്ട് പിതൃദായക അധികാര ഘടനയെ തകിടംമറിക്കുകയും ചെയ്യുക എന്ന സാധ്യത. അത്തരമൊരു ഇടമാണ് സ്ലീവാച്ചനെ ക്വിയർ ആയി വായിച്ചെടുക്കാൻ സഹായകമാവുന്നത്.

അമ്മയോടൊട്ടി നിൽക്കുന്ന, ഒട്ടും ആണത്തമില്ലാത്ത പയ്യന്മാർ എന്ന പൊതു ധാരണകളെ സ്ലീവാച്ചൻ മറികടക്കാൻ ശ്രമിക്കുന്നത്, കുടിച്ചു വാളുവെയ്ക്കുന്ന നാടൻ ആണത്തത്തെ സ്വയം എടുത്തണിയാൻ നോക്കിക്കൊണ്ടാണ്. ഏകാന്തതയുടെ പാറപ്പുറം തേടിയുള്ള സ്ലീവാച്ചന്റെ ഒറ്റപ്പെടലുകൾ, ഒരു ക്ലോസറ്റിനുള്ളിൽ സ്വന്തം കർത്തൃത്വവും ലൈംഗികതയും ഒളിപ്പിച്ചു ജീവിക്കാൻ വിധിക്കപ്പെട്ട ക്വിയർ വ്യക്തിത്വങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ക്രിസ്തേവ ചൂണ്ടിക്കാണിക്കുന്നത് പോലെ അത് ഒരു നിന്ദിതാവസ്ഥ (Abjection) യിലേക്കാണ് ഒരു വ്യക്തിയെ കൊണ്ട് ചെന്നെത്തിക്കുക. പാറപ്പുറത്തെ ഏകാന്തതയിലും കളിമുറിയിലെ ഒളിച്ചിരിക്കലും ഒക്കെയായി സ്ലീവാച്ചനും ആ നിന്ദിതാവസ്ഥയിൽ വെന്തുരുകുന്നു.

സ്ലീവാച്ചന്റെ ഹെറ്ററോ ആണത്ത ലൈംഗികതയിലുള്ള പോരായ്മ/അറിവില്ലായ്മ ആണ് അയാളെ പരിഹാസ്യ കഥാപാത്രവും മറ്റുള്ളവരുടെ മുന്നിൽ വികല (Abnormal) വ്യക്തിത്വത്തിന് ഉടമയും ആക്കി മാറ്റുന്നത്. ക്വിയർ വ്യക്തികളെ പീഢിപ്പിക്കുന്നതിൽ ആധുനിക മെഡിക്കൽ സയൻസിനും മനഃശാസ്ത്രത്തിനും ഉള്ള പങ്ക് ക്വിയർ പഠനങ്ങളിലൂടെ വെളിവായിട്ടുള്ളതാണ്. മതവും മെഡിക്കൽ സയൻസും പൊതു സമൂഹവും അവരവരുടെ ലിംഗപരമായ ഹിംസയിലൂടെ സങ്കല്പിച്ചെടുക്കുന്ന സൈക്കോ വില്ലൻ കഥാപാത്രങ്ങൾ ആയി അവർ സമൂഹമധ്യേ അപഹസിക്കപ്പെടുന്നു. സ്ലീവാച്ചനും സമാനമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

വിവാഹം ഉറപ്പിച്ചിട്ടും സ്ലീവാച്ചനു ഒരു സന്തോഷവും തോന്നുന്നില്ല. തന്റെ വ്യക്തിത്വ വികസനത്തിന് വിഘാതമായി നിൽക്കുന്ന, അംഗീകൃത അധീശത്വ സ്വഭാവം ആർജ്ജിച്ചതുമായ ഹെറ്ററോ ലൈംഗികത ആണ് സ്ലീവാച്ചന്റെ ഉറക്കം കെടുത്തുന്നത്. അയാൾക്ക് അത് പറഞ്ഞു ഫലിപ്പിക്കാനാവുന്നില്ല. തന്നെ ഇഷ്ടപ്പെടുന്ന, മനസ്സിലാക്കുന്ന പാതിരിയോട് കെട്ടുകുമ്പസാരത്തിനിടയിൽ അയാൾ അത് മറ്റൊരു തരത്തിൽ പറയാൻ ശ്രമിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഭാര്യ റിൻസിയോടും ‘എന്നെ പറ്റി വേറെ എന്തേലും തോന്നിയാർന്നോ’ എന്നും സ്ലീവാച്ചൻ ആരായുന്നുണ്ട്. ‘ഇച്ചായൻ ഓക്കെ ആണോ?’ എന്ന് അവളും സങ്കടത്തോടെ ചോദിക്കുന്നുണ്ട്.

കല്യാണം കഴിഞ്ഞിട്ട് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല എന്ന് അയാൾ തുറന്നു പറയുന്നുണ്ട്. ആദ്യരാത്രി ഒരു പെണ്ണിനോട് എങ്ങിനെയാണ് ബന്ധപ്പെടേണ്ടതെന്ന് അറിയില്ല എന്നു തന്നെയാണ് അയാൾ വ്യക്തമാക്കുന്നത്. എതിർ ലിംഗത്തോടുള്ള ലൈംഗികമായ ആകർഷണവും ബന്ധപ്പെടലും അല്ല തന്റെ ലൈംഗികത എന്നാണ് സ്ലീവാച്ചൻ ഇതിലൂടെ പറയാതെ പറയുന്നത്. എന്നാൽ അവരവർക്കു ഇഷ്ടമുള്ളത് മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്ന പാതിരിമാരും വീട്ടുകാരും, എന്തിനു അവരുടെ ഭൗതിക വ്യാവഹാരിക ലോകത്തെ എങ്ങിനെ നേരിടണം എന്നറിയാത്ത സ്ലീവാച്ചനു പോലും അത് ഉറച്ചു പറയാനാകുന്നില്ല. ‘ബൈബിൾ വായിക്കൂ, എല്ലാം ശെരിയാകും’ എന്നാണ് പാതിരിയും അയാളെ ഉപദേശിക്കുന്നത്.

ഭാര്യയുമായി ഇടപെടേണ്ടി വരുന്ന സന്ദർഭങ്ങളിൽ നിന്നും ഓടി ഒളിച്ചു കൊണ്ടാണ് സ്ലീവാച്ചൻ ഹെറ്ററോ ലൈംഗികതയിൽ നിന്നും രക്ഷപെടാൻ പരിശ്രമിക്കുന്നത്. ആദ്യരാത്രി കുടിച്ചു ലക്കുകെട്ട് ഉറങ്ങിയും, ഹണിമൂണിനിടയിൽ കള്ളപ്പനി അഭിനയിച്ചും, പോസ്റ്റർ ഒട്ടിക്കാൻ പോയും അയാൾ ആദ്യമൊക്കെ രക്ഷപ്പടുന്നു. ഇത് അയാളുടെ പരിമിതിയും ആണത്തത്തിന്റെ കുറവും ആയാണ് സിനിമയിലൂടെ വ്യാഖാനിക്കപ്പെടുന്നത്. എന്നാൽ അധികം നാൾ പിടിച്ചു നില്ക്കാൻ അയാൾക്കാവുന്നില്ല. ഹെറ്ററോ വിവാഹബന്ധത്തിലൂടെ മാത്രമുള്ള ലൈംഗികതയാണ് സമൂഹം പരിപോഷിപ്പിക്കുന്നതെന്നും അത് എത്രമാത്രം ഹിംസാത്മകം ആണെന്നും മിഷേല്‍ ഫൂക്കോ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ക്വിയർ വ്യക്തിത്വങ്ങൾ സാമ്പ്രദായികമായ ഹെറ്ററോ വിവാഹബന്ധങ്ങളിൽ കുടുങ്ങി പീഡിപ്പിക്കപ്പെടുന്നത് നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. അറിയാതെ തന്നെ സ്ലീവാച്ചനും അതേ ഹെറ്ററോ ഹിംസയുടെ ഇരയാവുകയാണ്. അതാകട്ടെ, അയാളെ മറ്റൊരു ഹെറ്ററോ ഹിംസയുടെ കർതൃത്വത്തിലേക്കാണ് തള്ളി വിടുന്നത്. ആണത്ത പൊതു ബോധത്തിന്റെ സംപൂർത്തീകരണത്തിലൂടെ തന്റെ ഒളിഞ്ഞിരിക്കുന്ന ക്വിയർ വ്യക്തിത്വം നൽകുന്ന ശൂന്യതയെ അഥവാ ഇല്ലായ്മയെ (Lack) അതിജീവിക്കാനും അതിലൂടെ ഹെറ്ററോ പിതൃദായക കുടുംബത്തിനുള്ളിലെ തന്റെ മുഖ്യ സ്ഥാനം ഊട്ടി ഉറപ്പിക്കാനും ആണ് അയാൾ വൃഥാ ശ്രമിക്കുന്നത്.

ക്വിയർ ആണത്തം

ആണത്തം എന്നത് ഹെറ്ററോ ആണത്തം ആയ അധീശ വ്യവഹാരമായാണ് സമൂഹത്തിൽ എന്ന പോലെ തന്നെ സിനിമയിലും പൊതുവെ പ്രതിനിധാനം ചെയ്യപ്പെടുന്നത്. എതിർ ലിംഗത്തിനു മേലെയുള്ള പ്രണയവും കാമവും ലിംഗപരമായ ഹിംസയും ആയി അനുഭവപ്പെടുന്ന ഹെറ്ററോ ആണത്തം ഒരു പ്രതിനിധാനം ആയോ, വിശകലന ഏകകം എന്ന നിലയിലോ മാത്രം വെള്ളിത്തിരയിൽ മിന്നിമറയുന്ന ഒന്നായി കാണാനാകില്ല. അത് സിനിമ എന്ന വ്യവസായത്തിന്റെ തന്നെ സാംസ്‌കാരിക അടിത്തറയായി വർത്തിക്കുന്ന, മുതലാളിത്ത സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള സാമ്പത്തിക, സാംസ്‌കാരിക ലിംഗാധിപത്യ ശക്തിയാണ്. അതുകൊണ്ടു തന്നെ സിനിമയിൽ അത് സൂപ്പർ സ്റ്റാർ രൂപം ആർജ്ജിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. അതിലൂടെ സിനിമ എന്ന വ്യവസായം അതിന്റെ പോപ്പുലർ ആഴങ്ങളും മുതലാളിത്ത മൂല്യങ്ങളുടെ വ്യാപ്തിയും ഊട്ടിയുറപ്പിക്കുന്നു. ആണത്ത ആഘോഷം ഒരർത്ഥത്തിൽ സിനിമയുടെ നിലനിൽപ്പും മുതലാളിത്ത ആവശ്യകതയും ആയി വർത്തിക്കുന്നു. അത് കൊണ്ടാകണം ആണത്തം വിട്ടൊരു കളിയും സിനിമയിലെ ഡ്രീം ഫാക്ടറികളായ ഹോളിവുഡിനും ബോളിവുഡിനും ഇല്ല. ഇതിൽ നിന്നും വേറിട്ട വെള്ളിത്തിരയിലെ കഥനങ്ങൾക്ക് പൊതുവെ താരപരിവേഷം ആർജ്ജിക്കുക അസാധ്യമാണ്.

മലയാളം പോലെയൊരു കൊച്ചു ഭാഷാമുതലാളിത്ത ദേശത്തും, സിനിമയുടെ സഞ്ചാരപഥം ഏറെക്കുറെ ഇതേ ആണത്ത പാതയാണ് പിന്തുടരുന്നത്. നരസിംഹാവതാര മൂർത്തിയായും കോട്ടയം കുഞ്ഞച്ചനും വല്യേട്ടനും ഇന്ദുചൂഡനും മന്നാഡിയാറും ഒക്കെയായി അത് മലയാള സിനിമയുടെ ആണത്ത ആണിക്കല്ലായി നിലകൊള്ളുന്നു. ഒറ്റ തന്തയ്ക്കു പിറന്ന, സ്ത്രീകളെ കായികമായും ഭാഷാപ്രയോഗങ്ങളിലൂടെയും അടിച്ചിരുത്തി കയ്യടി വാങ്ങുന്ന വീരനായകന്മാർ ആണവർ. മലയാള സിനിമാ നൊസ്റ്റാൾജിയയിലൂടെ അവർ ഇന്നും പ്രേക്ഷക മനസ്സ് കീഴടക്കി ജീവിക്കുന്നു.

ഇതിൽ വ്യത്യസ്തത പുലർത്തുന്ന മൃദു ആണത്തങ്ങൾ കോമാളികളും സഹ അപഹാസ്യ കഥാപാത്രങ്ങളായും വർത്തിക്കുന്നു. ഹോമോസോഷ്യൽ ബന്ധങ്ങളുടെ ഉച്ചനീചത്വത്തിൽ അവർ തളച്ചിടപ്പെടുന്നു. അതല്ല അവർ കേന്ദ്രനായക കഥാപാത്രങ്ങൾ ആണെങ്കിൽ സിനിമ ഒന്നടങ്കം പരിശ്രമിച്ച് അവരെ ഹെറ്ററോ ആണത്തത്തിന്റെ കുടുംബ നന്മയിലേക്ക് തിരിച്ചു കൊണ്ടു വന്നു ആണാക്കി മാറ്റി എടുക്കുന്നു. അടൂരിന്റെ കൊടിയേറ്റത്തിലെ ഭാരത് ഗോപി അവതരിപ്പിച്ച വിഡ്ഢിയായ നായകനിലും, ശ്രീനിവാസന്റെ ‘ചിന്താവിഷ്ഠയായ ശ്യാമളയിലും’ ഒക്കെ നമ്മെ ചിരിപ്പിക്കുന്ന ഇത്തരം കഥാപാത്രങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ആണത്തം തെളിയിക്കുന്ന രാധയിലാണ് കടുത്ത വിമർശനം നേരിട്ട ലാൽ ജോസിന്റെ ‘ചാന്തുപൊട്ട്’ എന്ന സിനിമ അവസാനിക്കുന്നതും എന്നോർക്കുക.

ആണത്തഹിംസ കൈകാര്യം ചെയ്യുമ്പോഴെല്ലാം അത് കീഴാള/ഗ്രാമീണ പരിസരങ്ങളിലേക്കു ഒതുങ്ങുന്നതു കാണാം. കൊട്ടിഘോഷിക്കപ്പെട്ട ഫെമിനിസ്റ്റ് സിനിമകൾ മുതൽ (ഉദാഹരണം: ഹിന്ദി ചലച്ചിത്രം ‘പാർച്ച്ഡ്’) കുമ്പളങ്ങി നെറ്റ്‌സ് സിനിമയിലെ ഷമ്മി പോലുള്ള കഥാപാത്രങ്ങളും സ്ലീവാച്ചനിലേക്കുള്ള ആണത്ത സ്റ്റീരിയോടൈപ്പിന്റെ ഓരോ കഥാപാത്ര പടവുകളാണ്. ഒരു കൊച്ചു മുതലാളിയാകുമ്പോഴും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള, കാമുകിയോ പ്രണയമോ ഇല്ലാത്ത, തന്റെ ലൈംഗികതയും ആണത്തവും പൊതുബോധ ആഘോഷപ്പൊലിമയിലേക്കു ദാനം ചെയ്യാനില്ലാത്ത ഒരു നാട്ടിൻപുറത്തുകാരൻ മാത്രമായി ഒതുങ്ങുന്ന, വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള പെൺകുട്ടികളുടെ മനം കവരാൻ സാധ്യതയില്ലാത്ത വെറുമൊരു നാടൻ പരിഹാസ്യ കഥാപാത്രം. ഹൈറേഞ്ചിന്റെ സാമൂഹ്യ സാഹചര്യം അതിനു മാറ്റേകുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ടി’ൽ മൃഗസമാനമായി ചിത്രീകരിക്കപ്പെട്ട പച്ച മനുഷ്യരുടെ ഒരു പ്രതിനിധി കൂടിയല്ലേ ‘അപരിഷ്കൃതനായ’ സ്ലീവാച്ചൻ!

എന്നിട്ടും സുന്ദരിയും വിദ്യാസമ്പന്നയും ആയ റിൻസി എന്തിനു സ്ലീവാച്ചനെ ഇഷ്ടപ്പെടണം? അവൾ ക്വിയർ ആണോ? റിൻസിയുടെ കഥ പൂർണ്ണമായി നമുക്കറിയില്ല. അവൾ സ്ലീവാച്ചനിൽ വന്നു ചേരുന്നതിന്റെ ഒരു വശം മാത്രമേ നമുക്ക് കാണാൻ സാധിക്കുന്നുള്ളൂ. ബാംഗ്ലൂർ പോലെ ഒരു നഗരത്തിൽ പഠിച്ചു വളർന്ന റിൻസി, പത്താം ക്ലാസ്സു വരെ മാത്രം വിദ്യാഭ്യാസമുള്ള, തന്റെ മൃദുല ഭാവങ്ങളെ (അത് സ്ത്രൈണം എന്നും വായിച്ചെടുക്കാം) പൊതു സ്ഥലത്തു പ്രദർശിപ്പിച്ച് അപഹാസ്യനാകുന്ന, സദാചാര പുരുഷനായി നടിക്കുന്ന, ഒരു നാടൻ മനുഷ്യനെ എന്തു കൊണ്ടായിരിക്കാം ഇഷ്ടപ്പെട്ടത്? മനുഷ്യ ബന്ധങ്ങൾ സങ്കീർണമാണ്, എന്നിരുന്നാലും ചില സൂചനകൾ സിനിമ നൽകുന്നില്ലേ?

സ്ലീവാച്ചന്റെ മൃദു സ്വഭാവം തന്നെയാണ് റിൻസിയെ ആകർഷിക്കുന്നത്. അത് അവൾ കണ്ടു പരിചയിച്ച നഗര കേന്ദ്രീകൃതമായി വികസിച്ച ആധുനിക പുരുഷന്റെ കോർപ്പറേറ്റ് ആണത്തത്തോടുള്ള നിഷേധവും നിരാസവും കൂടിയാണ്. ഒരു പക്ഷെ അത് അവളുടെ ദുരന്തസമാനമായ ഭൂതകാലത്തിലേക്ക് നീട്ടിയ കണ്ണാടിയാണ്. അത് വേറൊരു സിനിമ തന്നെയാണ്. തന്നെ പെണ്ണ് കാണാൻ വന്ന ആണത്തം വഴിഞ്ഞൊഴുകുന്ന ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രത്തെ അവൾ നിരസിക്കുകയാണ്. തന്റെ അമ്മയോട് സ്നേഹപൂർവ്വം പെരുമാറുന്ന സ്ലീവാച്ചനെയാണ് ആദ്യ കാഴ്ച്ചയിൽ തന്നെ അവൾ ഇഷ്ടപ്പെടുന്നത്. ഹെറ്ററോ ആണത്ത ഹിംസകളാൽ നിർമ്മിതമായ ഈ ലോകത്ത്, അൽപ്പം മനുഷ്യപ്പറ്റു കാണിക്കുന്ന പുരുഷൻ ഒരു പെണ്ണിന് എന്നും ആശ്വാസമാണ്. ഹെറ്ററോ ആണത്തത്തിന്റെ നിരാസമായി അത് റിൻസിയിലൂടെ പ്രകടിപ്പിക്കപ്പെടുന്നു.

എന്നാൽ അതെ ഹെറ്ററോ ആണത്ത ഹിംസയാണ് വിവാഹം എന്ന പിതൃദായക സമ്പ്രദായത്തിലൂടെ റിൻസിയെ കാത്തിരുന്നത്. ഇവിടെ സ്ലീവാച്ചനും റിൻസിയും നിലനിൽക്കുന്ന ഈ അധീശത്വ ഹെറ്ററോ ലൈംഗികസമ്പ്രദായത്തിനുള്ളിൽ പെട്ടുഴറുന്നവരായി മാറുകയും. പരസ്പരം ഹിംസാത്മകമായി ഇടപെടുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നു. റിൻസിയുടെ മേലുള്ള ഭീകരമായ ലൈംഗികഹിംസ ശാരീരികമായി വെളിവാകുന്നുണ്ടെങ്കിൽ, സ്ലീവാച്ചനിൽ അത് ആന്തരികമായ പ്രഹരവും നിന്ദയും ആണ് ഉത്പാദിപ്പിക്കുന്നത്.

ശുഭപര്യവസായി ആയി ആണ് സിനിമ അവസാനിക്കുന്നത്. ഒരു ഹെറ്ററോ ലൈംഗികതയ്ക്കുള്ളിലെ സദാചാരപരതയിലേക്ക് കുടുംബം എന്ന പിതൃദായക സ്ഥാപനത്തിനുള്ളിലെ ഹിംസാത്മകമായ ഭാവിയിലേക്കാണ് സ്ലീവാച്ചനും റിൻസിയും തിരിച്ചിറങ്ങുന്നത്. അതിനു മുൻകൈ എടുക്കുന്നത് റിൻസി ആണ്. ഹെറ്ററോ ലൈംഗികതയിൽ അഭിരമിക്കുമ്പോഴും അത് ഉത്പ്പാദിപ്പിക്കുന്ന ആണത്ത ഹിംസ സഹിക്കാവുന്നതിലും അപ്പുറമാണ്. ഏതൊരു പെണ്ണിനും എന്ന പോലെ അത് റിൻസിയും സ്വാനുഭവത്തിലൂടെ മനസ്സിലാക്കുന്നുണ്ട്.

സ്ലീവാച്ചനിലെ ഒളിഞ്ഞിരിക്കുന്ന ക്വിയർ ആണിലാണ് റിൻസി തന്റെ സുരക്ഷിതമായ ഭാവിയും ലൈംഗികതയും കണ്ടെത്തുന്നത്. അത് കൊണ്ടാണ് താൻ ആഗ്രഹിച്ച ലൈംഗികത ഒരു വലിയ ലൈംഗിക പീഢനം ആയി അനുഭവിച്ചിട്ടും, റിൻസി സ്ലീവാച്ചനെ വിടാതെ മുറുകെ പിടിക്കുന്നത്. സ്ലീവാച്ചനു പുറത്തുള്ള ഹെറ്ററോ ആണത്ത ലോകം അതിലേറെ അതിഭീകരവും ഹിംസാത്മകവും ആണെന്ന് ഒരു സ്ത്രീ എന്ന നിലയിൽ റിൻസി തിരിച്ചറിയുന്നു.

അധീശ സ്വഭാവമാർജ്ജിച്ചിട്ടുള്ള ഹെറ്ററോ ലൈംഗികതയും ആണത്ത/പെണ്ണത്ത വിഭാവനങ്ങളും, പ്രത്യേകിച്ചും ആണത്തത്തെ കുറിച്ച് നിലവിലുള്ള ധാരണകളും പൊളിച്ചെഴുതുന്ന പുതിയ ചിന്താധാരയായി ക്വിയർ ഇടം മാറിക്കഴിഞ്ഞിരിക്കുന്നു. സ്ലീവാച്ചന്റെ ക്വിയർ വായനക്ക് ശ്രമിക്കുന്നതിലൂടെ അത്തരമൊരു ഇടത്തെ പരിചയപ്പെടുത്തുകയും അതിനു സാംസ്കാരിക/മാധ്യമ/സിനിമ പഠനത്തിനുള്ള സ്ഥാനവും ഓർമ്മപ്പെടുത്തുകയുമാണ് ഉദ്ദേശിച്ചത്. കൂടുതൽ ആഴത്തിലുള്ള വിശകലങ്ങൾ അത് സാധ്യമാക്കുന്നു.

സ്ലീവാച്ചനിലൂടെ മലയാളി ആണത്തത്തിന്റെ, സാംസ്‌കാരിക ഭൂമികയിലുള്ള അതിന്റെ പഠനത്തിന്റെ മറ്റൊരു സാധ്യത കൂടി വെളിവാകുന്നു. അതുകൊണ്ടു തന്നെ, സിനിമ ശുഭപര്യവസായി ആകുമ്പോഴും അത്ര സുഖദമല്ല ഒരു വായനയും. അത് സങ്കീർണമായ ഒരു ലോകത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പ് മാത്രം ആണ്. സിനിമയിലെ സ്ലീവാച്ചനെ പോലെ അത്ര നിഷ്കളങ്കം അല്ല, മറിച്ച് സങ്കീർണ്ണമാണ് അയാളിലെ ഒളിഞ്ഞിരിക്കുന്ന ക്വിയർ ആണത്തവും ലൈംഗികതയും എന്നൊരു തിരിച്ചറിവ് ഉണ്ടാക്കുക എന്ന ഇടപെടൽ കൂടിയാണത്. പ്രിയ വായനക്കാരാ, ഇനിയിപ്പോൾ ഇതൊക്കെ വായിച്ചിട്ട് തൊലി ചൊറിയുന്ന കടുത്ത സദാചാരവാദിയാണ് താങ്കൾ എങ്കിൽ, സിനിമയിൽ സ്ലീവാച്ചന്റെ അളിയൻ പറയുന്നത് പോലെ, ‘ഇതൊരു ഊഹമായി’ കരുതിയാൽ മതി. ഇന്നത്തെ കാലത്ത് ഒന്നു വെറുതെ ഊഹിക്കാനും പറ്റില്ലേ?!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here