സ്വപ്നഹേതു – പുസ്തക പരിചയം രണ്ടാമൂഴം

0
769
bookreview-sreesha-mohandas-randamoozham-wordpress

ശ്രീഷ മോഹൻദാസ്

“ ഇന്ന് ഞാൻ സ്വപ്നം കണ്ടത് എന്താന്ന് അറിയോ അമ്മേ?
യുദ്ധം..”

ഒരു സ്വപ്ന വിവരണം അവിടെ തുടങ്ങുകയാണ്. സ്വതവേ സ്കൂൾ ഉള്ളപ്പോൾ നേരത്തെ എഴുന്നേൽകേണ്ടതിനാലോ എന്തോ സ്വപ്നം കാണാനോ കണ്ടത് ഓർത്തെടുക്കാനോ ഒന്നും സമയം കിട്ടാറില്ല. ഇതിപ്പോ അവധിക്കാലത്തു സൂര്യൻ ഉച്ചിയിൽ എത്തിയാലും ഉറങ്ങാം എന്നത് കൊണ്ട് തന്നെ പല വർണ്ണ വൈവിധ്യ സ്വപ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട്.

എന്നാലും ഈ യുദ്ധം എവിടുന്നു കേറി വന്നു? അവൾ സ്വതവേ വായിക്കുന്ന ഫെയറി ടൈൽസിലോ, പുതുതായി ഭ്രമം തോന്നിയ ഷെർലോക്ക് ഹോംസിലോ യുദ്ധത്തിന്റെ ഒരു ലാഞ്ചന പോലും കണ്ടതായി ഓർക്കുന്നില്ല. ഇനി ഇപ്പോ വാർത്തയിൽ ഇന്ത്യ ചൈന അതിർത്തി പ്രശ്നം കണ്ടിരിക്കുമോ? എന്തായാലും സ്വപ്നം കേൾക്കുക തന്നെ..

യുദ്ധം നടക്കുന്നത് മറ്റെങ്ങുമല്ല , സ്കൂളിലാണ്… അതും നാലാം തരത്തിലെ രണ്ടു ഡിവിഷനുകൾ തമ്മിൽ.. 4C യും 4D യും ..

നമ്മുടെ സ്വപ്നനായിക 4C യിലാണ്. അപ്പോളല്ലേ അറിയുന്നത് , അത് യഥാർത്ഥ യുദ്ധം ആയിരുന്നില്ല; വെറും ട്രയൽ വാർ…

പിന്നെ, തേരിനും ആനയ്ക്കും പകരം നല്ല അസ്സൽ ഹെർക്കുലീസ് സൈക്കിൾ.. അതും 3 ചക്രം ഉള്ളത്..

കയ്യിൽ ആണെങ്കിലോ വാളും പരിചയുമൊന്നും അല്ല , മൂർച്ച കൂട്ടി മിനുക്കിയെടുത്ത ഒന്നാന്തരം കത്രികയും , സ്കെയിലും പിന്നെ കോമ്പസ്സും..

സ്കൂൾ അങ്കണത്തിലെ നാഴികകൾ നീണ്ടു നിന്ന ആ ഘോരയുദ്ധം അവസാനിച്ചപ്പോളോ , സുകൃതവശാൽ ആർക്കും അംഗഭംഗങ്ങൾ ഒന്നും ഉണ്ടായില്ലത്രെ. അടുത്തുള്ള സ്വിമ്മിങ് പൂളിൽ കുളിച്ചു ക്ഷീണം അകറ്റി തിരിച്ചു ക്ലാസ്സിൽ കേറിയ അവരോടു അതാ മാഷിന്റെ ചോദ്യശരം.. “how was the war?”

“എന്നാലും അമ്മ അതിനു ഉത്തരം പറയാൻ പോലും സമ്മതിച്ചില്ലല്ലോ, എന്തിനാ എന്നെ ഇത്രേം നേരത്തേ വിളിച്ചേ?” ഉച്ചയൂണിന്റെ സമയത്തു പ്രാതൽ കഴിക്കുന്നവൾ അരികു മൊരിഞ്ഞു മൂർച്ച വച്ച ദോശയുമേന്തി എന്റെ നേരെ ചാടി.

കഥയുടെ പോക്കു കണ്ടപ്പോളല്ലേ സ്വപ്നത്തിന്റെ ഉറവിടം കണ്ടെത്താനായത്. അത് മറ്റൊന്നും അല്ല… രണ്ടാമൂഴം…

സെൻസർ കത്രിക കൊണ്ട് വെട്ടി വികൃതമാക്കി കേൾപ്പിച്ച എം.ടി യുടെ രണ്ടാമൂഴം തന്നെ സ്വപ്നഹേതു…

…….

രണ്ടാമൂഴം എന്ന കൃതി തുറന്നിട്ട ഒരു വാതായനമാണ്.
കണ്ടാൽ തീരാത്ത കാഴ്ചകളുടെയും, കേട്ടാൽ തീരാത്ത അർത്ഥങ്ങളുടെയും നിലക്കാത്ത ഒരു ലോകത്തേക്ക് തുറന്നിട്ട ഒരു വാതായനം.
ജീവിതയാത്രയിലെ വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും കഥയാണത്.
വ്യത്യസ്ത അനുപാതത്തിലെങ്കിലും ഓരോ മനുഷ്യരും അനുഭവിക്കേണ്ടുന്ന ഉയർച്ച താഴ്ചകളും , അഹങ്കാര അപമാനങ്ങളും ആണ് ഇതിന്റെ തന്തു.

പാണ്ഡവരിൽ രണ്ടാമനായ ഭീമസേനന്റെ കണ്ണുകളിലൂടെയാണ് ഈ കഥ മുന്നോട്ടു പോകുന്നത്.
പാണ്ഡുവിന്റെ മരണശേഷം ശതശൃംഗത്തിൽ നിന്ന് ഹസ്തിനപുരത്തേക്കു പുറപ്പെട്ട ഒരു അഞ്ചു വയസ്സുകാരൻ ഉണ്ണിയിൽ നിന്ന് ; മഹാപ്രസ്ഥാനത്തിലേക്കുള്ള അവസാന യാത്ര വരെ ഭീമന് നേരിടേണ്ടി വരുന്ന ജീവിതപ്രതിസന്ധികൾ ആണ് ഇതിന്റെ പ്രമേയം.

രണ്ടാമൂഴത്തിലെ ഭീമസേനൻ ജിതേന്ദ്രിയനല്ല , പൂർണ്ണനുമല്ല.
മാനുഷികമായ ദൗർബല്യങ്ങളും ശക്തികളുമെല്ലാം ഉള്ള ഒരാദിമ പ്രതിരൂപം.
വായുവിന്റെ വേഗതയും കാട്ടാളന്റെ കരുത്തും ആവാഹിച്ചവൻ…
ശക്തനും ധീരനുമെങ്കിലും അവഗണനയുടെ കയ്പുരസം വേണ്ടുവോളം നുകർന്നവൻ…
ശക്തി, ചിലപ്പോൾ അനുഗ്രഹവും മറ്റു ചിലപ്പോൾ ശാപവുമാകുന്നവൻ…
സ്വന്തമായുള്ളതിനേക്കാൾ പങ്കുവയ്ക്കപ്പെട്ട സ്ത്രീയിൽ അത്യാസക്തനാകുന്നവൻ…
വൃകോദരനെന്നും മന്ദനെന്നും അവഹേളിക്കപെട്ടവൻ…
അവഹേളിച്ചവർ തന്നെ ഒളിഞ്ഞും തെളിഞ്ഞും ആ ശക്തിയെ പുകഴ്ത്തുകയും ഭയപ്പെടുകയും ചെയ്തിരുന്നു.
മല്ലയുദ്ധങ്ങളിലെന്നും ഹരം കണ്ടെത്തിയവൻ…
ജരാസന്ധൻ , ബകൻ , ഹിഡുംബൻ…
ഒരു വ്യായാമം കഴിഞ്ഞ ലാഘവത്തോടെ വധങ്ങൾ…

കുലത്തിന്റെയും , ആകാരത്തിന്റെയും പേരിൽ തഴയപ്പെട്ട ഹിഡുംബിയും, പുത്രൻ ഘടോൽക്കചനും ഭീമന്റെ ഏകാന്ത വ്യഥകളാണ്.
വീര്യവും വിധേയത്വവും കാമവും ക്രോധവും സ്നേഹവും വാത്സല്യവുമെല്ലാം ഇഴചേർത്തുകോർത്തെടുത്ത ഒരു മനോഹരമാല്യം തന്നെ ഭീമസേനൻ.

ദ്രൗപദി – കൃഷ്ണ വർണ്ണമുള്ളവൾ…
വിയർപ്പിനു പോലും താമരപൂവിന്റെ ഗന്ധമൊഴുകുന്നവൾ…
രണത്തിന്റെയും നിണത്തിന്റെയും വർണ്ണനയിൽ ഉന്മത്തയാകുന്നവൾ…
അഴിഞ്ഞു വീണ കേശഭാരത്തിൽ പകയുടെ കനൽ എരിക്കുന്നവൾ…
പുത്രദുഃഖത്തിന്റെ നെരിപ്പോടിൽ രാജപത്‌നീ സിംഹാസനത്തിലേറിയവൾ…

മഹാബലനായ ഭീമൻ ദുർബലനാകുന്നത് ഈ നിത്യയവനിയുടെ മുന്നിൽ മാത്രം.
ശൈലാഞ്ചലം വെട്ടിയൊരുക്കിയതും, സൗഗന്ധികം തേടി പോയി കുന്ത മുനകൾക്കിടയിൽ ഉറങ്ങിയതും കീചക വധവുമെല്ലാം പാഞ്ചാലീ പ്രണയത്തിനായി മാത്രം.

കുന്തിദേവി – ദീർഘമൗനങ്ങളിലെല്ലാം നിഗൂഢരഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച പാണ്ഡവമാതാവ്…
സർവംസഹയും ദുരന്തത്തിന്റെ നിഴൽ വിടാതെ പിന്തുടരുന്നവളുമായ കുന്തിയെ മാത്രമല്ല നമുക്കിവിടെ കാണാനാവുന്നത്. യാദവകുലത്തിന്റെ നിഷ്കളങ്കതയ്ക്കപ്പുറം ക്ഷത്രിയരുടെ രജോഗുണങ്ങൾ മുന്നിട്ടു നിന്നിരുന്നു പൃഥയായിരുന്ന കുന്തിഭോജന്റെ ഈ ദത്തുപുത്രിയിൽ.
പിറക്കമുറ്റാത്ത അഞ്ചു മക്കളെയും കൊണ്ട് ഭർത്താവിന്റെയും സപത്നിയുടെയും ചിതക്കരികിൽ നിന്ന് ഹസ്തിനപുരത്തു എത്തിയ നിമിഷം മുതൽ കുന്തി കാണിച്ച ആത്മധൈര്യവും ധിഷണാശക്തിയും പ്രശംസിനീയം തന്നെ.
പാണ്ഡവരുടെ ശക്തി സ്ത്രോതസ്സ് അവരുടെ മാതാവ് തന്നെയായിരുന്നു.
പുത്രബലവൃദ്ധിക്കായി ദ്രൗപദിയെ തുല്യമായി പങ്കുവച്ചതും, അരക്കില്ലത്തിന്റെ ചതി കണ്ടെത്തിയതും, ഇടറി നിന്ന മക്കളിലെ ആശങ്കയകറ്റി യുദ്ധസന്നദ്ധർ ആക്കിയതുമെല്ലാം കുന്തിയുടെ തന്ത്രങ്ങൾ തന്നെ.
സദാചാരത്തിന്റെ കൂരമ്പുകൾ കൊണ്ട് എത്രമേൽ മുറിവേല്പിച്ചാലും ; സ്വന്തം ഇച്ഛാശക്തി കൊണ്ടും, അചഞ്ചലമായ മനോബലം കൊണ്ടും വിയോഗങ്ങളെ അതിജീവിച്ചു നിയോഗം സ്വീകരിച്ച ആ സ്ത്രീരത്‌നത്തിനെന്നും സ്ഥാനം മകുടത്തിന്റേയും മുകളിൽ തന്നെ.

യുദ്ധം… സ്ത്രീയെ പണയം വച്ച രാജാവും , പണയം സ്വീകരിച്ച രാജാവും തമ്മിലുള്ള യുദ്ധം…ഇതിലെവിടെയാണ് നീതി ? എവിടെയാണ് ധർമ്മം ?
ഇവിടെ സ്ത്രീ വെറും പണയപണ്ടമോ അതോ പാഥേയപൊതിയോ?
ധർമ്മശാസ്ത്രത്തിലും നീതിബോധത്തിലും അഗാധ പാണ്ഡിത്യമുണ്ടായിട്ടും തന്റെ ബലഹീനത കൊണ്ട് സർവ്വവും നഷ്ടപ്പെടുത്തിയ യുധിഷ്ഠിരൻ. അവസാനം വിധവപെണ്ണിന്റെ സ്ത്രീധനം പോലെ കൈവന്ന രാജ്യത്തിൽ വിരക്തി തോന്നിയിട്ടും സിംഹാസനസ്ഥനായവൻ.
യുദ്ധം ജയിച്ചവനുള്ളതാണ് സിംഹാസനമെങ്കിൽ അതിനർഹൻ ഭീമൻ മാത്രം…
കൗരവരുടെ രക്തം ആ യോദ്ധാവിന്റെ ഗദയിലാണ്.
ദ്രോണാചാര്യരുടെ പ്രിയശിഷ്യൻ ഇന്ദ്രസമൻ, വില്ലാളിവീരൻ അർജ്ജുനനേക്കാൾ; സൂര്യോജ്വലതേജസ്സോടെ ഈ യുദ്ധക്കളത്തിൽ വിളങ്ങി നിൽക്കുന്നത് പാണ്ഡവരുടെ അജ്ഞാത സഹജൻ കർണ്ണൻ തന്നെ.
കൊടിയ അപമാന ഭാരവും, ദുഷ്ട സംസർഗവും കൊണ്ട് എരിഞ്ഞടങ്ങിയ ദിഗ്വിജയിയായ ആ പോരാളി പാണ്ഡവഹൃത്തിൽ മാത്രമല്ല എല്ലാ മാനസങ്ങളിലും നൊമ്പരത്തിന്റെ കനലെരിക്കുന്നു.

വേണ്ടിടത്തും വേണ്ടാത്തിടത്തും മൗനം ദീക്ഷിച്ച പിതാമഹനും , മുൻവിധിയോടെ മാത്രം ശിഷ്യരെ അഭ്യസിപ്പിച്ച ആചാര്യനും , അന്ധനും സ്വാർത്ഥനുമായ രാജാവുമെല്ലാം വർത്തമാന കാലത്തിന്റെ കൂടി ദുരന്ത പ്രതീകങ്ങൾ ആണ്.

ഈ യുദ്ധക്കളത്തിൽ മൃത്യു കാലൻ അല്ല ; കഴുകന്മാരുടെ ചിറകടികൾക്കും, കുറുനരികളുടെ ഓരിയിടലുകൾക്കും മദ്ധ്യേ അലഞ്ഞു നടക്കുന്ന ചെമ്പഴുക്ക നിറമുള്ള സുന്ദരിയായ കന്യക – മൃത്യു.
അവളുടെ പൊട്ടിച്ചിരികൾ അവസാനിച്ചപ്പോൾ ബാക്കിയായത് കണ്ണീരുണങ്ങാത്ത വിധവകളും , കങ്കാളങ്ങളെ സ്വപ്നം കണ്ടു ഉറക്കം നഷ്ടപ്പെട്ടവരും മാത്രം.

ആത്മീയതയും ആസ്വാദനവും രണ്ടായിക്കാണാൻ തയ്യാറുള്ളവർക്കു “രണ്ടാമൂഴം” അതിതീക്ഷ്ണമായൊരു കുടുംബകഥയാണ്.

കൊട്ടിഘോഷിക്കപ്പെടുന്നതിനപ്പുറം പരുക്കൻ സത്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാവും പല ജീവിതങ്ങളിലും.
പാർത്ഥന്റെയും, പാർത്ഥസാരഥിയുടെയും പക്ഷത്തു നിന്ന് കേട്ടതിലും വളരെ വ്യത്യസ്തവും വിചിത്രവുമാകുന്നു ഈ ജീവിതയാത്ര..
ഇതിഹാസത്തിലെ അമാനുഷികതയെ, മാനുഷിക രീതിയിൽ പുനർ വ്യാഖ്യാനിച്ചു കൊണ്ട് ; യോദ്ധാവും വിജയിയുമായിട്ടും എന്നും രണ്ടാമൂഴക്കാരൻ ആവേണ്ടി വന്ന ഭീമന്റെ മനോവ്യാപാരത്തിലൂടെയുള്ള ഒരു സഞ്ചാരം…

എഴുതപ്പെട്ട്‌ 35 വത്സരങ്ങൾ പിന്നിട്ടിട്ടും , പുതുജീവൻ തുടിക്കുന്ന ഈ സൃഷ്ടി കാലചക്രങ്ങളെ അതിജീവിക്കും എന്നത് തീർച്ചയാണ്.

…….

അത്ഭുത വിളക്കിനെയും മാന്ത്രിക വടിയേയും സ്നേഹിക്കുന്ന, കൃഷ്ണനെ അമരനായി മാത്രം കാണാൻ ഇഷ്ടപ്പെടുന്ന, ഒരു ഒൻപതു വയസ്സുകാരിയിൽ ഈ കൃതി ആശയ രൂപീകരണമോ അർത്ഥ വ്യാഖ്യാനമോ അല്ല, മറിച്ചു ഒരേ വിഷയത്തെ തന്നെ വ്യത്യസ്ത വീക്ഷണ കോണിലൂടെ എങ്ങനെ നോക്കിക്കാണാം എന്ന പ്രായോഗിക പരിജ്ഞാനമെങ്കിലും വളരാൻ ഉപകരിക്കട്ടെ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Download Android App.

LEAVE A REPLY

Please enter your comment!
Please enter your name here