കൈവശമുള്ള ഏതൊക്കെ പുസ്തകങ്ങളാണ് കത്തിച്ച് കളയേണ്ടി വരുക എന്നതാണ് ഇപ്പോഴത്തെ ആശങ്ക!!!

1
261

രമേശ് പെരുന്പിലാവ്

നിങ്ങളെന്തിന് ‘യുദ്ധവും സമാധാനവും’ വീട്ടില്‍ വച്ചു? വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതിയുടെ വിചിത്ര ചോദ്യം.

ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാതമായ നോവലിനെപ്പറ്റിത്തന്നെയാണ് ചോദ്യം.

നിങ്ങള്‍ എന്തിന് യുദ്ധവും സമാധാനവും വീട്ടില്‍ വച്ചു എന്നാണ് ഭീമ കോറിഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതിയുടെ വിചിത്രമായ ചോദ്യം. ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാതമായ നോവലിനെപ്പറ്റിത്തന്നെയാണ് ചോദ്യം. ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ബോംബെ ഹൈക്കോടതി ഈ ചോദ്യം ചോദിച്ചത്.

ഭരണകൂടത്തിനെതിരായത് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായത് എന്ന് പറഞ്ഞാണ് ചില പുസ്തകങ്ങളേയും സിഡികളേയും കുറിച്ച് ഗോണ്‍സാല്‍വസിനോട് ചോദിച്ചത്. മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങള്‍, കബീര്‍ കലാ മഞ്ചിന്റെ രാജ്യദാമന്‍ വിരോധി, ടോള്‍സ്‌റ്റോയിയുടെ യുദ്ധവും സമാധാനവും ഇതെല്ലാം രാജ്യത്തിനെതിരാണ് എന്ന പറഞ്ഞ ബോംബെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിലെ ജസ്റ്റിസ് സാരംഗ് കോട്‌വാള്‍ എന്തുകൊണ്ട് ഇത്തരം പുസ്തകങ്ങളുടെ സിഡികളും കൈവശം വയ്ക്കുന്നത് എന്നാണ് ചോദിച്ചത്. രാജ്യദ്രോഹപരം എന്ന് ആരോപിച്ച് പിടിച്ചെടുത്ത സിഡികളിലൊന്ന് ആനന്ദ് പട് വര്‍ദ്ധന്റെ പ്രശസ്തമായ ‘ജയ് ഭീം കോമ്രേഡ്’ എന്ന ഡോക്യുമെന്ററിയുടേതാണ്.

ഈ പുസ്തകങ്ങളുടേയും സിഡികളുടേയും സ്വഭാവം കാണുമ്പോള്‍ നിങ്ങളൊരു നിരോധിത സംഘടനയിലെ അംഗമാണ് എന്നാണ് മനസിലാകുന്നത്. അതേസമയം ഏതെങ്കിലും പുസ്തകം കൈവശം വച്ചതുകൊണ്ട് ആരും ഭീകരരാകില്ല എന്ന് ദേശായ് മറുപടി നല്‍കി. വാദം കേള്‍ക്കല്‍ നാളെയും തുടരും. ഒരു വര്‍ഷം മുമ്പ് മുംബയ് അന്ധേരിയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത വെര്‍ണന്‍ ഗോണ്‍സാല്‍വസിനെതിരെ ഒരു തെളിവ് പോലും കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല എന്ന് മിഹിര്‍ ദേശായ് ചൂണ്ടിക്കാട്ടി.

2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമ കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു തുടങ്ങിയവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ജനുവരി ദലിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാരുടെ അക്രമവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇവരടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ആസൂത്രണത്തില്‍ പങ്കളികളായി എന്ന ആരോപണം വരെ ഇവര്‍ക്കെതിരെ ഉയര്‍ത്തിയിരുന്നു.

അതേസമയം ഗോണ്‍സാല്‍വസ് കുറ്റം ചെയ്തു എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായി നിരീക്ഷിച്ച ജഡ്ജി, അതേസമയം എന്തുകൊണ്ട് ഇത്തരം പുസ്തകങ്ങളും സിഡികളും ലഘുലേഖകളും മറ്റും കൈവശം വച്ചും എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടു. തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഗോണ്‍സാല്‍വസിനെതിരായ വാദങ്ങള്‍ അവഗണിക്കേണ്ടി വരുമെന്നും കോടതി പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്‍കി.

ലോക പ്രശസ്ത റഷ്യൻ എഴുത്തുകാരനും ചിന്തകനും ആയ ടോൾസ്റ്റോയിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് യുദ്ധവും സമാധാനവും (War and Peace).പതിനെട്ടു വര്‍ഷം എടുത്ത് എഴുതിയ നോവൽ ആണ്. എന്നിട്ടും ഏഴു തവണ മാറ്റി എഴുതി.

നെപ്പോളിയൻ ബോണപ്പാർട്ട് റഷ്യ അക്രമിച്ചപോഴുണ്ടായ റഷ്യയിലെ യുദ്ധ സന്നഹങ്ങളുടെയും ഈ യുദ്ധത്തിൽ പോരാടിയ പടയളികളുടെയും അവരുടെ കുടുംബങ്ങങ്ങളുടെയും അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെയും കഷ്ടത നിറഞ്ഞ ജീവിതങ്ങളുടെ ഹൃദയ ഭേദകമായ കഥയാണ് യുദ്ധവും സമാധാനവും. കഥ നടക്കുന്ന 1805-1820 കാലഘട്ടത്തിലെ റഷ്യൻ ജനതയുടെ മൊത്തം വികാര വിചാരങ്ങൾ നോവലിൽ പ്രതിഫലിക്കുന്നു.

അഞ്ചു കുടുംബങ്ങളിലെ അംഗങ്ങളെ കേന്ദ്രമാക്കിയാണ് കഥയുടെ തുടക്കം. ബോൾസ്കോൺസ്കി, ബെസുബോവ്, റോസ്തോവ്, കുറാഗിൻ, ദ്രുബെത്സ്കോയ്‌ ഇവയാണ് ആ കുടുംബങ്ങൾ.കഥാനായകൻ പിയറിയെയും നായികാ നതാഷയെയും അതീവ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. അവർ അനേകം അഗ്നി പരീക്ഷകളെ നേരിടുന്നു. ഒടുവിൽ വിശുദ്ധിയുടെ പര്യായങ്ങളായി അംഗീകരിക്കപ്പെട്ട അവരെ വായനക്കാരുടെ മുന്നിൽ നിർത്തിക്കൊണ്ട് ടോൾസ്റ്റോയ് നോവൽ അവസാനിപ്പിക്കുന്നു. കഥാപാത്രങ്ങളെയും അവർ ഉൾപെടുന്ന സംഭവങ്ങളെയും അത്ഭുതകരമായ ഭാവനയോടെ കഥാകാരൻ ചിത്രീകരിച്ചിരിക്കുന്നു.നോവലിന്റെ കൈയെഴുത്ത് പ്രതി തയ്യാറാക്കാൻ ഭാര്യ സോഫി ആൻഡ്രീവ്ന പ്രഭ്വിയും അദ്ദേഹത്തെ വളരെയധികം സഹായിച്ചു. അങ്ങനെ റഷ്യയുടെ ചരിത്രത്തിലെ ഐതിഹസികമായ ഒരു സമരകഥ ജീവൻ തുടിക്കുന്ന ഭാഷയിൽ അദ്ദേഹം പുതിയ തലമുറക്ക്‌ പകർന്നു കൊടുത്തു. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നോവലുകൾ എടുത്താൽ അതിൽ ഒന്ന് യുദ്ധവും സമാധാനവും ആയിരിക്കും.

അത്തരമൊരു പുസ്തകം പോലും വായിക്കാനോ കൈയ്യില്‍ വെക്കാനോ കഴിയാത്തവിധം എന്റെ നാട് മാറിയോ…..?

1 COMMENT

  1. മേലെ പറഞ്ഞ രൂപത്തിലുള്ള ആവശ്യമില്ലാത്ത പുസ്തകങ്ങളൊന്നും ഇനി ഇന്ത്യയില്‍ വേണ്ട. പകരം മുടിയാട്ടം എന്ന കലാ രൂപത്തെ കുറിച്ചോ കൊടുങ്ങല്ലൂര്‍ ഭരണി പാട്ടിന്റെ മഹത്വത്തെ കുറിച്ച് ഉള്ള കൃതികളോ വീട്ടില്‍ സൂക്ഷിക്കുക. ചെറുമക്കളി അഭ്യസിപ്പിക്കുന്നത് വീട്ടില്‍ വെച്ചോ ക്ലബ്ബ്, വായനശാല തുടങ്ങിയ പൊതു സ്ഥലത്ത് വെച്ചോ ആകാം. ചാണകത്തില്‍ നിന്ന് ഐസ് ക്രീം, ലേഹ്യം, ഗോമൂത്ര സംബന്ധിയായ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച പുസ്തുകങ്ങള്‍, രാമായണത്തിലെ പുഷ്പക വിമാനത്തിന്റെ എയിറോ ഡൈനാമിക്സ് വിവരിക്കുന്ന പുസ്ത്കം, ഗ്രഹാന്തര യാത്രകള്‍ക്കായി ആയിരകണക്കിന് വര്‍ഷം മുമ്പ് ഭാരതീയര്‍ ഉപയോഗിച്ച വിമാനം നിര്‍മ്മിക്കുന്ന വിദ്യ, ഗണപതിയുടെ തല ഒട്ടിച്ച് ചേര്‍ത്ത പ്ലാസ്ടിക് സര്‍ജറി വിവരിക്കുന്ന ആധുനിക മെഡിക്കല്‍ പുസ്തകം ഇങ്ങിനെ സര്‍ക്കാര്‍ ഇറക്കുന്ന ലിസ്ടിലുള്ള പുസ്തകങ്ങളേ ഭാരതീയര്‍ വായിക്കാവൂ. . .

LEAVE A REPLY

Please enter your comment!
Please enter your name here