”കൃസ്ത്യാനിക്കെങ്ങനെയാ മൂപ്പിന്നെ പെലക്കള്ളി പെങ്ങളാകുന്നത്?” ജാതി തീണ്ടിയ കാലത്തോട് കയർത്ത് പ്രേതഭാഷണം നാടകം.

0
414

ജാതി മനുഷ്യന്റെ മനസ്സുകളിൽ നിന്ന് പടിയിറങ്ങിപോകാത്ത വർത്തമാനകാല യാഥാർഥ്യങ്ങളെ മുൻനിർത്തി, പുരോഗമനനാട്യം പേറുന്ന സമൂഹത്തോട് തീക്ഷ്ണമായ ചോദ്യങ്ങളുയർത്തുകയാണ് പ്രേതഭാഷണം നാടകം. ഇന്നലെ പൂക്കോട് സമാപിച്ച കേരള വെറ്റിനറി സർവകലാശാല ഇന്റർ കോളേജിയേറ്റ് ആർട്സ് ഫെസ്റ്റ് ‘യുഗ 19’ ന്റെ നാടകമത്സരത്തിൽ തൃശൂർ മണ്ണുത്തി വെറ്റിനറി കോളേജ് അരങ്ങിലെത്തിച്ച പ്രേതഭാഷണം നാടകം ഒന്നാംസ്ഥാനം കരസ്ഥമാക്കി.

പ്രശസ്ത ദളിത് എഴുത്തുകാരൻ സി അയ്യപ്പൻറെ പ്രേതഭാഷണം കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരം സംവിധാനം ചെയ്തത് വിജേഷ്-കബനി ദമ്പതിമാരാണ്. നാടകത്തിൽ ദേവി എന്ന കഥാപാത്രം തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ശ്രീലക്ഷ്മി മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രണയത്തിൽ പോലും ജാതിരൂഢമൂലമാവുമ്പോൾ ക്രിസ്ത്യാനിയെ പ്രേമിച്ചതിനു പഴികേൾക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന ദേവി എന്ന ദളിത് യുവതിയുടെ ആത്മവേദനയാണ് നാടകം അവതരിപ്പിക്കുന്നത്. “കൃസ്ത്യാനിക്കെങ്ങനെയാ മൂപ്പിന്നെ പെലക്കള്ളി പെങ്ങളാകുന്നത്” എന്ന ദേവിയുടെ വേദനയും സമൂഹത്തോടുള്ള ക്രോധവും നിറഞ്ഞ ചോദ്യത്തിലൂടെ സ്വന്തം വീടിനും ജീവിതത്തിനുമപ്പുറത്ത് മാത്രം ജാതിവിരുദ്ധ ഗീർവാണങ്ങൾ മുഴക്കുന്ന പുരോഗമന മുഖംമൂടികളെ വലിച്ചു കീറുകയാണ് നാടകം. സാമൂഹ്യപ്രസക്തമായ പ്രമേയങ്ങൾ കൊണ്ടും മികച്ച അവതരണം കൊണ്ടും മുൻപും ഏറെ ശ്രദ്ധ നേടിയവയാണ് വിജേഷിന്റെയും കബനിയുടെയും നാടകങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here