പ്രേമഗീതം

0
233
anagha-thekkedath-wp

കഥ

അനഘ തെക്കേടത്ത്

കാഴ്ചയില്‍ അരരസികനായ ഡ്രൈവറാണ് പാട്ടു പാടുന്നത്. ചെവി കൂര്‍പ്പിച്ചെങ്കിലും വരികളെല്ലാം അവ്യക്തമാണ്. ചുണ്ടില്‍ ഒരു ചെറു മന്ദഹാസത്തോടെ വീണ്ടും അവള്‍ പുറം കാഴ്ചകളിലേക്ക് ഊളിയിട്ടു. രണ്ട് മണിക്കൂറോളമുണ്ട് ഇനിയും യാത്ര. ലക്ഷ്യസ്ഥാനത്തേക്ക് എത്തും തോറും തന്റെ ഹൃദയമിടിപ്പ് ദ്രുതഗതിയിലാവുന്നത് അവള്‍ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ഇല്ല …. ഒരിക്കലും മനസ്സാന്നിധ്യം കൈവിടില്ല. ഒന്നിനും വേണ്ടിയുമല്ല ഈ യാത്ര. ചില തുറന്നു പറച്ചിലുകള്ക്ക് വേണ്ടി മാത്രമാണ്. മറുപടിയെ കുറിച്ച് ചിന്തിക്കുന്നില്ല, അതെന്തായാലും.

അതേയ് .. ഇറങ്ങേണ്ടവർക്കിറങ്ങാം, ഇരുപത് മിനിറ്റ് കഴിഞ്ഞേ ബസ് എടുക്കുകയുള്ളൂ.
ചിന്തകളെ കീറിമുറിച്ച് കണ്ടക്ടറുടെ വാക്കുകള്‍ അവളുടെ ചെവിയിലേക്ക് വീണു .ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങി. ചുണ്ടില്‍ ഇപ്പോഴും ആ പാട്ടുണ്ട്. ആ വരികള്‍ ഇപ്പോള്‍ അവള്‍ക്ക് വ്യക്തമാണ്. നെഞ്ചില്‍ തീ മഴ പെയ്യുന്ന പോലെ. കണ്ണില്‍ പെയ്തിറങ്ങാന്‍ വെമ്പി ഒരു കാര്‍ മേഘം ഉരുണ്ടു കൂടി. അവളുടെ ചുണ്ടുകള്‍ പതിയെ ആ വരികളെ ആവര്‍ത്തിച്ചു.

മോളെ… വെള്ളം വേണോ, എങ്ങോട്ടാ യാത്ര .ഡ്രൈവറാണ്. അയാളുടെ കണ്ണുകളില്‍ വാത്സല്യം തിളങ്ങി. വേണ്ട ചേട്ടാ. ഞാനിവിടെ ഒരു ഇന്റര്‍വ്യൂന് വന്നാ.. പലയാവര്‍ത്തി ഉരുവിടേണ്ടി വന്ന അര്‍ധസത്യം ഒരിക്കല്‍ കൂടി അവള്‍ മൊഴിഞ്ഞു. ചേട്ടന്‍ പാട്ടൊക്കെ പാടുമില്ലേ..ഒരു പുഞ്ചിരിയോടെ അവള്‍ അന്വേഷിച്ചു. ചിരിയായിരുന്നു മറുപടി, ഇതെന്റെ‌ ഭാര്യയുടെ ഇഷ്ടഗാനാ.. ഇത് പാടിയല്ലേ ഞാന്‍ അവളെ വളച്ചേ… അയാള്‍ വീണ്ടും ചിരിച്ചു തുടങ്ങി. റൊമാന്‌റിക് ജോടി ആണില്ലേ, അവളുടെ ചോദ്യത്തിനും ചിരി തന്നെയായിരുന്നു മറുപടി. വീട്ടിലാരൊക്കെയുണ്ട്.. അവള്‍ വീണ്ടും കുശലാന്വേഷണത്തില്‍ മുഴുകി.

അയാളുടെ ചിരി പതിയെ മങ്ങി. ആ വിഷാദഛായ അവളിലേക്കും പടര്‍ന്നു. ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രെ ഉള്ളൂ മോളെ. അവള്‍ക്കാണെങ്കില്‍ ഇപ്പോ വയ്യാ. ഓപ്പറേഷനാ അടുത്തയാഴ്ച. പൈസ ഒപ്പിക്കാനുള്ള ഓട്ടമായിരുന്നു. ഇപ്പോഴാ ഒത്തുവന്നേ. അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു.
ബസില്‍ അപ്പോഴേക്കും യാത്രക്കാരൊക്കെ വന്നു കഴിഞ്ഞിരുന്നു. പോകാല്ലേ ചേട്ടാ.. കണ്ടക്ടര്‍ ബെല്‍ മുഴക്കി.

മലമ്പാതയിലൂടെയാണ് യാത്ര. വളഞ്ഞു പുളഞ്ഞ വഴികള്‍, വെയില്‍ വീണു തുടങ്ങിയെങ്കിലും തണുപ്പുണ്ട്. ജനാലയോട് പറ്റി ചേര്‍ന്നിരുന്ന് .അവള്‍ ഓര്‍മകളിലേക്ക് ഊളിയിട്ടു.
എട്ടാം ക്ലാസുകാരിയുടെ മുന്നില്‍ അവിചാരിതമായി ഈറനോടെ ചുണ്ടില്‍ മൂളിപ്പാട്ടുമായി വന്ന പതിനേഴുകാരനെ അവള്‍ ഓര്‍ത്തെടുത്തു. ആകര്‍ഷണത്തിനൊപ്പം ഒന്നുമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു പഠിപ്പിച്ചെങ്കിലും എത്ര തവണ കാണാന്‍ കൊതിച്ചു. നേരില്‍ കാണുമ്പോഴൊക്കെ ദേഹമാകെ വിറച്ചു കയറി , ധൈര്യമെല്ലാം ചോര്‍ന്ന് പോയി. ചെറിയമ്മ എപ്പോഴും പറയുന്ന വല്യേട്ടന്റെ‌ മകന്‍ അതിനു മുന്‍പേ മനസ്സില്‍ കയറികൂടിയിരുന്നോ.

അറിയില്ല, വീട്ടുകാര്‍ കല്യാണം ആലോചിക്കട്ടേയെന്ന് ചോദിച്ചപ്പോ ആദ്യം മനസ്സിലേക്ക് വന്ന മുഖം അയാളുടേതായിരുന്നു. മറുപടി എന്തായാലും സാരമില്ല, പക്ഷേ തുറന്ന് പറയണമെന്ന് തോന്നി. അല്ലെങ്കില്‍ താനൊരു ഭീരുവായി പോവുമെന്ന് തോന്നി. അവള്‍ ഫോണ്‍ തുറന്നു ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി. മ്യൂസിക് ഫോള്‍ഡറില്‍ അവശേഷിച്ച ഒരേ ഒരു പാട്ട് ആസ്വദിച്ച് കണ്ണടച്ചു കിടന്നു. ഇനി മൂന്ന് സ്റ്റോപ്പുകള്‍ മാത്രം. അവളിലേക്ക് കാരണമില്ലാതെ സന്തോഷം വന്നു നിറഞ്ഞു. രണ്ട് ദിവസത്തെ സമയം ഉണ്ട്. മറ്റന്നാളാണ് ഇന്റര്‍വ്യൂ.അവള്‍ മനസ്സില്‍ കണക്കു കൂട്ടി.

ബെന്നിച്ചേട്ടാ.. ഫോണ്‍ കുറേ നേരമായല്ലോ അടിയുന്നു, ചേച്ചി ആണോ, കണ്ടക്ടര്‍ ഡ്രൈവറോട് അന്വേഷിച്ചു. ആടാ..വീട്ടിലെ നമ്പറാ.. അടുത്ത സ്റ്റോപ്പ് നിര്‍ത്തിയിട്ട് എടുക്കാം.
പഴയ പാട്ട് അയാളുടെ ചുണ്ടില്‍ തത്തിക്കളിച്ചു.
എന്നതാടി ഉവ്വേ… ഞാന്‍ വണ്ടിയിലാണല്ലോടീ.. ഇപ്പഴാ ഒന്നു സൈഡാക്കിയേ.. ബെന്നിച്ചേട്ടന്‍ മറുതലക്കല്‍ നിന്ന് കേട്ടത് ചേച്ചിയുടെ ശബ്ദമല്ലായിരുന്നു. കണ്ടക്ടര്‍ നീട്ടി ബെല്ലടിച്ചപ്പോള്‍ ബസ് വീണ്ടും മുന്നോട്ട് നീങ്ങി. അയാളുടെ കണ്ണ് നിറഞ്ഞൊഴുകി. അയാള്‍ ഉറക്കെ പാട്ടുപാടി കൊണ്ടിരുന്നു. ബെന്നിച്ചേട്ടാ …എന്നു വിളിച്ച് കണ്ടക്ടര്‍ മുന്നിലേക്കെത്തുമ്പോഴേക്കും ബസ് ഒന്നു കുലുങ്ങിയിരുന്നു. ബെന്നിചേട്ടാ.. കണ്ടക്ടര്‍ സര്‍വ്വശക്തിയുമെടുത്ത് അലറുകയായിരുന്നു.
നിറങ്ങള്‍ ചാലിച്ച് ഭാര്യയും ഭര്‍ത്താവും ഒരേ ദിവസം മരിച്ച വാര്‍ത്ത എല്ലാ ചാനലുകളിലും ആവര്‍ത്തിക്കപ്പെട്ടു.

മരിച്ചവരുടെ കൂട്ടത്തിലെ അവളുടെ ഫോട്ടോ അയാളുടെ കണ്ണുകളിലേക്ക് ഇരുട്ടുപായിച്ചു. പതിനേഴുകാരന്റെ‌ ചുണ്ടിലെ ആ പാട്ടുമായി അവന്റെ‌ ഫോണ്‍ നിലവിളിച്ചു. ഗൗരി… ഗൗരി അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

LEAVE A REPLY

Please enter your comment!
Please enter your name here