പകൽരാത്രികൾ

0
277

കവിത
പ്രതിഭ പണിക്കർ

പകൽനാഴികകളോരോന്നായി മറിച്ചുപോകുമ്പോഴാണ്
മഷിപടർന്നൊരിരുണ്ട താൾ
മുന്നിൽവന്നുനിൽക്കുക. 
നക്ഷത്രങ്ങളില്ലാത്ത നിശാവാനിനേക്കാൾ
കനത്ത ഒന്ന്. 

രേഖപ്പെടുത്തപ്പെട്ടതിന്റെ കാലയോർമ്മ
ജീർണ്ണിച്ച നിയമങ്ങൾ
പടിപടി നടപ്പിലാവലാണ് പിന്നെ. 
സ്വപ്നബാക്കികളുടെ
അരിപ്പയിലെടുത്തുസൂക്ഷിച്ച
നേർത്ത ശാന്തതയെ തനിക്കൊപ്പമെടുത്ത്
നിർദ്ദയനായ നിലാവ്‌‌
അപ്രത്യക്ഷനായിരിക്കും. 
മൗനത്തിന്റെ പിടിയിലുടഞ്ഞ്‌
ഓർത്തെടുത്തുവച്ച ശിഷ്ടഗീതികൾ
അരഞ്ഞുതീരും.  
ചുവരകങ്ങളിൽ തൂങ്ങിനിന്ന് പെയ്യും
നാട്ടുനട്ടുച്ചവഴിയിലേതിനേക്കാൾ
നിശബ്ദമായ കറുംവെയിൽ. 

തെളിഞ്ഞുനിൽക്കുന്നത്‌
ഒരു ജലപാതത്തിലും
കഴുകിയകറ്റാനാവാത്ത
അഴുക്കുമണ്ണടരുകൾ;
മാറിനിറയുന്ന വീഞ്ഞുനദികൾക്കൊപ്പം
കുടിച്ചുതീർത്തുകളയാനും തോന്നിയ്ക്കാത്ത
ആധിച്ചുമട്‌;
അത്യന്തമായ ആധിപത്യം. 

വെറുതെ ഈ കവാടം കടക്കുകയെന്നുമാത്രം. 
നഗരമതിന്റെ വാതിലുകൾ
കൊട്ടിയടയ്ക്കുന്നുണ്ട്‌.

വാടകയിടങ്ങൾ
മാറിമാറിക്കയറിയിറങ്ങുന്നെങ്കിലും
വിടുതലില്ലാവിധം
വിരലടയാളം പതിപ്പിച്ചുപോയിട്ടുള്ള
പ്രാക്തനമായ കരാർ
പുതുക്കിയെഴുതപ്പെടുന്നില്ല. 

നിബന്ധനകൾ
ഹൃദിസ്ഥമായിട്ടില്ലാത്ത
കണിശമായ ആജീവനാന്ത-
ഉടമ്പടിയിൽ
തുടർനില ചെയ്തൊഴുക്കിൽ
ജലപ്പരപ്പിലൊരു മെഴുകുതുള്ളി. 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here