കഥ
അമൽ വി
1.
മണി എട്ടര കഴിഞ്ഞു, അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ തട്ടുന്ന ശബ്ദം മാത്രം ഉയർന്നു കേൾക്കുന്നു.
കാലിൽ സോക്സ് വലിച്ചു കയറ്റുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അവന്റെ മുഖത്തായിരുന്നു.
എന്നെ എപ്പൊഴും പിൻതുടരുന്ന കണ്ണുകളുള്ള മുഖം.
‘ടോമി’ എന്നവന് പേരിടുമ്പോൾ ഏകദേശം ഒന്നര വയസ്സു കാണും. ഇപ്പൊ കണ്ടാ മൂന്നു തോന്നിക്കും.ഞാനില്ലാത്ത രാത്രികളിൽ എനിക്കും കൂടെ വേണ്ടി അവൻ അത്താഴം കഴിക്കും. ഷൂ ഇട്ട് കഴിഞ്ഞിട്ടും സുഖകരമല്ലാത്ത നടത്തം ആണ് സമ്മാനിച്ചത്. ഫോണിൽ ആറ് മിസ്ഡ് കോൾ കിടപ്പുണ്ടെന്ന് അറിയാമായിരുന്നിട്ടും അത് ഇനി ശബ്ദിക്കില്ല എന്ന് ഉറപ്പ് വരുത്തി റൂമിൽ നിന്നിറങ്ങി. പതിവ് പോലെ അടച്ച വാതിൽ വീണ്ടും തുറന്ന് ഐ ഡി കാർഡും കൈക്കലാക്കി. നേരത്തെ അടച്ചതിലും ശബ്ദത്തിൽ വാതിലടച്ച് പുറത്തേക്ക്… വാലാട്ടി കൊണ്ട് ലക്ഷ്യമില്ലാതെ ടോമി എനിക്ക് ചുറ്റും.
2
‘രോഹൻ നീ ഇന്നെങ്കിലും വല്ലതും കഴിച്ചിട്ട് പോവൂ’ ഈ പറച്ചിൽ വല്ലാതെ പഴകി പോയെന്ന മട്ടിൽ ‘ഓഫീസിൽ നിന്ന് കഴിച്ചോളാം’ എന്ന് പറയുമ്പോൾ, കുറെ നാളായി ഓഫീസിനുള്ളിൽ മുഴങ്ങി കേൾക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ സ്വരഭേതമില്ലാത്ത മുദ്രാവാക്യം പോലായി മാറുന്നുണ്ട്.
ഡ്രൈവിങ്ങിനിടെ രോഹൻ സ്ഥിരമായി കാണാറുള്ള പലതും അവിടെ ഉണ്ടോ എന്ന് നോക്കും. പലതും നിരാശയാണ് തലേന്ന് കണ്ട പലതും അടുത്ത ദിവസം കാണാൻ കഴിയില്ല. വൃത്തിയാക്കുന്നവരും,കുറെ സ്തൂപങ്ങളും,വ്യായമത്തിനിറങ്ങുന്നവരും, പിന്നെ റിയ കയറുന്ന ബസ് സ്റ്റോപ്പിനും മാറ്റം ഇല്ല.
രോഹൻ യാത്രയിലെ പ്രകൃതിയെ ഉൾപ്പെടുത്തില്ല. അവയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് പോലും കഴിഞ്ഞിട്ടില്ല. എന്തിന് കഴിഞ്ഞ ശിശിരത്തിൽ വഴികളൊക്കെ മഞ്ഞ പുതച്ച് കിടക്കുകയായിരുന്നല്ലോ, ആ ശിശിരത്തിൽ തന്നെ അതില്ലാതായതിന്റെ പ്രതിഷേധം രോഹനിപ്പൊഴും ഉണ്ട്.
രാവിലെയുള്ള യാത്രയിൽ ആദ്യപകുതി സമയം ഒറ്റയ്ക്കായിരിക്കും വണ്ടിയിൽ, ഇനി അഞ്ച് മിനുട്ട് അകലെ കാറിനുള്ളിലെ സ്പീക്കറിൽ നിന്ന് വരുന്ന ശബ്ദത്തിൻ്റെ വശ്യത ഒരുവൾ കുറയ്ക്കും. ഇതിനോടകം രോഹൻ കറുത്തതും ചുവന്നതുമായ പൗരത്വം വിളിച്ചോതുന്ന അക്ഷരങ്ങൾ നിറഞ്ഞ മതിലുകൾ പിന്നിട്ടിരുന്നു.
3.
പതിവ് പോലെ ബസ് സ്റ്റോപ്പിൽ തിരക്കാണ്. അതിനെ മറികടന്ന് കാർ നിർത്തി. “ടക് ടക് ” ഗ്ലാസിൽ മുട്ടി
കാറിനു പുറത്ത് നിന്നുകൊണ്ട് തന്നെ ഉള്ളിലെ സ്വരചേർച്ച നഷ്പെടുത്തിയെന്ന് രോഹൻ തോന്നി.
റിയ ഉള്ളിൽ കയറി,പറഞ്ഞു തുടങ്ങാൻ ഇട കൊടുക്കാതെ രോഹൻ തുടങ്ങി ‘മിസ്ഡ് കോൾ കാണാത്തത് കൊണ്ടാണ്, കണ്ടത് ഇറങ്ങുമ്പോഴാണ് പിന്നെ ഇങ്ങടാണല്ലോ വരുന്നത് ‘ മറുപടി ഒന്നും കിട്ടിയില്ല.
കാറിൽ വശ്യമായ സംഗീതം ആർക്കും വേണ്ടാത്ത ഒന്നായ് അലഞ്ഞു തിരിയുന്നു. ‘സോറി’ രോഹൻ പറഞ്ഞു മുഴുവിപ്പിക്കുമ്പൊഴേക്കും വേണ്ടെന്ന സ്വരം അവിടെ അങ്ങിങ്ങായി തട്ടി തെറിച്ചു. ചുറ്റുമുള്ള സംഗീതം ലക്ഷ്യസ്ഥാനം കണ്ടെത്തി. അപ്പൊഴേക്കും അതിന്റെ വശ്യത കുറഞ്ഞു തുടങ്ങി.
‘ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണ്?’ റിയ ഭാവവ്യത്യാസമില്ലാതെ ചോദിച്ചു. അത് കേട്ടപ്പോൾ പണ്ടെങ്ങോ ഒരു നീണ്ട പിണക്കത്തിന് കാരണമായ ഒരു ചോദ്യം രോഹനോർമ വന്നു തർക്കത്തിൽ സ്ത്രീയും വിശ്വാസവും ഫാസിസവും കൂട്ടുകാരും കലയും ഒക്കെ ഉൾപ്പെട്ടിരുന്നു ഒടുക്കം അടിയന്തരാവസ്ഥ കീഴടക്കിയ പോലുള്ള രണ്ട് മനസ്സുകൾ, അങ്ങനെ പത്ത് ദിവസം കടന്നു പോയെങ്കിലും, മുമ്പുള്ള മനസ്സ് തിരികെ കിട്ടിയതാണ് രണ്ടു പേർക്കും.
‘എന്താ ഇന്ന്?’ ശബ്ദം താഴ്ത്തി രോഹൻ ചോദിച്ചു. കാർ നിയന്ത്രണമില്ലാതെ നിർത്തി. അടിപിടി കൂടി കടന്നു പോവുന്ന തെരുവ് പട്ടികൾ അവിടെ വാഹനങ്ങൾക്കിടയിൽ ഒരു സമ്മർദ്ദം സൃഷ്ടിച്ചു.വീണ്ടും നീങ്ങി തുടങ്ങി, റിയ ഒന്നും മിണ്ടിയില്ല, സംഗീതം സ്വസ്ഥമായി ഊർന്നിറങ്ങി.
ഓഫീസിൽ പോർച്ചിൽ കാർ എത്തിയതും കണ്ട് എന്തിനെയോ ലക്ഷ്യമാക്കി റിയ ഓടി അകന്നു, രോഹൻ അവിടെ നിശബ്ദമായിരുന്നു. പാർക്ക് ചെയ്തിറങ്ങി പി.എ പുറത്ത് നിൽപ്പുണ്ട്. ‘ഗുഡ് മോണിംഗ് സർ, ഇന്നാണ് 7th, വി ഹാവ് റ്റു അറ്റൻഡ് ബോർഡ് മീറ്റിംഗ്’ രോഹൻ ചോദിച്ചു ‘ഇന്നാണോ ഏഴ്!!!’ മുഖം വിളറി തുടങ്ങിയിരുന്നു.
എല്ലാം ക്യാൻസൽ ചെയ്തേക്കൂ എന്നും പറഞ്ഞ് രോഹൻ തന്റെ റൂമിൽ കയറി.
4.
റൂമിൽ ആകെ ഫോണിൽ നമ്പർ ഡയൽ ചെയ്യുന്ന ശബ്ദം പരക്കുന്നു. അവസാനം ആ ദിവസത്തിന്റെ പരിഗണനയിൽ അവരുടെ താളം വീണ്ടും കിട്ടുന്നു. അടുത്ത കോൾ നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലിലേക്ക്,
അവർക്കിടയിൽ ഉള്ള വെളിച്ചത്തെ ആസ്വദിച്ച് അടുത്ത വർഷങ്ങളിലേക്ക് വെളിച്ചം നൽകി, പോയ വർഷത്തെ ഓർക്കാൻ തീരുമാനമെടുത്ത സംഗീതം രോഹന്റെ മനസ്സിൽ. സ്ഥലം മാറ്റം കിട്ടി ആദ്യമായി ഓഫീസിലേക്ക്, പുതിയ കാഴ്ചകൾ,പുതിയ വഴികൾ, തന്നെ സ്വീകരിക്കാനെന്നോണം
മഞ്ഞ പുതച്ചിരിക്കുന്നു.
പെട്ടെന്ന് ഒരു കൈകൾ നീളുകയാണ്. തന്റെ കാഴ്ചയെയും ചിന്തയെയും അവസാനിപ്പിച്ച്ബ്രേക്കിൽ ചവിട്ടാൻ അടിച്ചേൽപ്പിക്കണ പോലുള്ള ഒന്നാണെന്ന് രോഹന് തോന്നി. നിർത്തിയപ്പോൾ ഒരു പട്ടിക്കുഞ്ഞ്! ഒന്നും പറയാതെ അതിനേം എടുത്ത് മുൻ സീറ്റിൽ കയറിയിരുന്ന് തനിക്ക് പോകേണ്ട ഓഫീസിന്റ പേര് പറഞ്ഞ് വണ്ടി എടുക്കാൻ പറഞ്ഞപ്പോൾ ഉള്ളിൽ ഉണ്ടായ രോഷം അടക്കി വണ്ടിയെടുത്തു. കാർ നിശബ്ദമായിരുന്നു. ഓഫീസിൽ എത്തി മുന്നോട്ട് നോക്കി വണ്ടി ഓടിക്കത്തതിന്റെ ശിക്ഷയാണെന്ന് പറഞ്ഞ് നടന്നു പോയവളുടെ മനസ്സിലെ നന്മ ഇഷ്ടപ്പെട്ടു. പുറത്ത് രോഹനെയും കാത്ത് സ്വീകരണങ്ങൾ ഉണ്ടായിരുന്നു.
ഡിസൈനിംഗ് ഹെഡ് കാണാൻ വന്നിരിക്കുന്നു എന്ന് പി.എ വന്ന് പറയുമ്പോൾ ജനവാതിലിനിടയിലൂടെ തണുത്ത കാറ്റിൻ്റെ സംഗീതം കേൾക്കാമായിരുന്നു. ദാ അവൾ എന്നെ കണ്ട് തരിച്ച് അടുക്കലേക്ക് വരുന്നു. സോറി പറയണ്ട എന്ന് ആദ്യമേ രോഹൻ പറഞ്ഞു. മുഖത്ത് ചിരി സമ്മാനിച്ചു.പേരുകൾ കൈ മാറി. മനസ്സിൽ തോന്നിയ രോഷം മുഴുവൻ ഇറങ്ങി പോയി. ക്യാബിൻ വിട്ട് അവൾ ഇറങ്ങുമ്പോൾ പട്ടി കുഞ്ഞിനെ തനിക്ക് സമ്മാനിക്കാൻ അവൾ തയ്യാറായിരുന്നു. ടോമിയെന്ന് വിളിക്കാൻ റിയ ആവശ്യപ്പെട്ടു. സമ്മതം മൂളി. വൈകീട്ട് തിരക്കിൽ പെട്ട റിയയെ കണ്ടപ്പോൾ കൂടെ വരാൻ ആവശ്യപ്പെട്ടു. കാറിൽ അവർക്കിടയിൽ ടോമി. നിശ്ശബ്ദത കൂടി വന്നു ടോമി മാത്രം അതിനെ നശിപ്പിച്ചു കൊണ്ടേ ഇരുന്നു. രാവിലെയും വൈകുന്നേങ്ങളിലും ഉള്ള യാത്രകളിൽ രോഹൻ പതിവ് കാഴ്ചകൾ കണ്ടു, ഓർത്തെടുത്തു. മാറ്റങ്ങൾ ശ്രദ്ധിച്ചു. മഞ്ഞപുത്തച്ച് കിടന്ന വഴികൾ. റിയയും.
5.
പുറത്തെങ്ങും സമരങ്ങളാണ്. മതിലുകളിൽ നിറങ്ങൾ മാറുന്നു. ചെറിയ ചെറിയ സമര പന്തലുകൾ! രോഹന്റെ മനസ്സിന്റെ ഭാരം കൂടിയിരിക്കുന്നു. അന്ന് റിയയ്ക്ക് മുന്നേ അവിടെ എത്തി കാത്തിരുന്നു. ചുറ്റും മുദ്രാവാക്യങ്ങൾ, കാക്കിയണിഞ്ഞവർ.
റിയ പതിവിലും സന്തോഷത്തിൽ ആണ്. കാർ പതിവിലും പതിയെ നീങ്ങുന്നു. പാട്ടിന്റെ വശ്യത കുറയുന്നു.
പെട്ടെന്ന് കാറിൽ വശ്യമായ സംഗീതം ആർക്കും വേണ്ടാത്ത ഒന്നായ് അലഞ്ഞു തിരിയുന്നു, ലക്ഷ്യ സ്ഥാനം എത്താതാവുന്നു.
ഭാരമൊഴിഞ്ഞ മനസ്സും ഭീതി നിറഞ്ഞ അന്തരീക്ഷവും. അന്ന് ക്യാബിനിൽ ഇരിക്കുമ്പോൾ തിരമാല ഇരമ്പുന്നപോലെ മെസ്സേജ് മുഴങ്ങി. റിയ:”എന്ത് കൊണ്ട് ഇത്രയും വൈകി? ഓരോ ദിവസവും ഞാൻ ജീവിക്കുന്നതെന്ന് എന്നെ തൊന്നിപ്പിച്ചത് നമ്മുടെ യാത്രകളായിരുന്നു. കാർ വിട്ടിറങ്ങി വരുമ്പോൾ ഓരോ തവണയും ഒരു ചുംബനത്തിന്റെ സംഗീതം നമ്മൾ ഇതുവരെയും മറന്നിരുന്നു.’
വൈകീട്ട് കാറിൽ യാത്ര തുടങ്ങുമ്പോൾ ചുറ്റിലും നിശബ്ദം. മുദ്രാവാക്യങ്ങളില്ല! പുറത്തെങ്ങും ഒരേ വെളിച്ചം.
കാറിനുള്ളിൽ അവൾ ഇറങ്ങുന്നത് വരെ ഒരേ വശ്യത! ഒരേ സ്വരം!! കാർ നിന്നു.
വശ്യത നഷ്ടപെട്ട സംഗീതം അലഞ്ഞു തിരിയുന്നു. പരിചിതമല്ലാത്ത പുതിയ രാഗം അവിടെ ജനിക്കുന്നു.
6.
ഡോർ തുറന്നവൾ അകത്ത് വരുന്നു. രോഹൻ തന്റെ വിരലിനെ പുണർന്ന ലോഹാവരണം അവളിലേക്ക് നീട്ടുന്നു. നെറ്റിയിൽ ചുംബിക്കുന്നു. കാറിൽ റിയയുടെ സംഗീതം,രോഹന്റെയും. അവർ പരസ്പരം നോക്കി വരും ഋതുക്കളിലേക്ക് വെളിച്ചം പകർത്തുന്നു.
മനസ്സിലെ മഞ്ഞ പുതച്ച വഴിയിലൂടെ അവർ ഇപ്പോളും യാത്ര തുടരുന്നു… വീട്ടിൽ എന്നും അമ്മയോടൊപ്പം ടോമിയും രോഹനെ കാത്തിരുന്നു…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.