കവിത
ദിവാകരൻ വിഷ്ണുമംഗലം
അരയിൽ നൽ കുരുത്തോല, കരത്തിൽ കത്തിയും മാടി-
ക്കോലുമായി കാലദേശപ്പൊരുളായിട്ടുറയുന്നു.
പൊട്ടനിവൻ, എട്ടു പൊരുൾ തിരിച്ചറിഞ്ഞു ചിരിക്കുന്നു
പിന്നരങ്ങിൽ താളത്തിൽ തോറ്റംപാട്ടുയരുന്നു.
പൊട്ടനിതാ, കെട്ടകാലം പൊട്ടിയാട്ടിത്തെളിക്കുന്നു.
ചൂട്ടുകെട്ടി വീശിയെത്തി വെട്ടമായിച്ചിരിക്കുന്നു.
മാടിക്കോൽ ചുഴറ്റുന്നു, ഇടയ്ക്കെല്ലാം ഞെട്ടുന്നു.
ഫലിതോക്തിപ്രമാണങ്ങൾ തരം നോക്കി തൊടുക്കുന്നു.
ജഞാനിതന്നജ്ഞാനവഴിയിൽ നേരുമാർഗ്ഗം തിരിക്കുന്നു.
വഴിതിരിയാൻ ചെന്നവനോടെതിർ ചോദ്യം തൊടുക്കുന്നു.
“നാങ്കളെക്കൊത്ത്യാലും ഒന്നല്ലേ നിറം ചോര,
നിങ്ങളെക്കൊത്ത്യാലും ഒന്നല്ലേ നിറം ചോര ?
പിന്നെന്തിനായിതെങ്ങൾ വഴിതിരിയേണ്ടതിപ്പോൾ ? ”
ചോദ്യങ്ങളുത്തരമായ് അദ്വൈതക്കനലായി
ഛേദിക്കുന്നജ്ഞതതന്നന്ധകാരം ജ്ഞാനഹൃത്തിൽ
ഒന്നൊന്നായ് ഭിന്നമായ്ക്കാണുന്ന രൂപമെല്ലാം
ഒന്നാണെന്നേകസത്യബോധമെങ്ങും തെളിക്കുന്നു.
സമഭാവപ്പെരുമാളിൻ പ്രപഞ്ചസംവിധാനത്തിൻ
ധ്വനിയല്ലോ പൊട്ടനാളും കവിതയായിപ്പിറക്കുന്നു !
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.