പൂവച്ചൽ ഖാദർ : കരളിൽ വിരിഞ്ഞപൂക്കൾ ഗാനങ്ങളാക്കിയ പ്രതിഭാധനൻ

0
693
athmaonline-poovachal-khader-madhu-kizhakkayil

മധു കിഴക്കയിൽ

മലയാളസിനിമയുടെ പഴയകാല പ്രതിനിധികളിൽ അവശേഷിക്കുന്നവരിൽ ഒരാൾ കൂടി വിടവാങ്ങി. പ്രശസ്ത സിനിമാഗാനരചയിതാവ് പൂവച്ചൽ ഖാദറാണ് 2021 ജൂൺ 22 ന് കോവിഡിനു കീഴടങ്ങി നമ്മളോട് വിടപറഞ്ഞത്. രണ്ടര പതിറ്റാണ്ട് മലയാള സിനിമാഗാനരംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം ആയിരത്തിൽ അധികം ഗാനങ്ങൾ സംഭാവന നല്കിയിട്ടുണ്ട്. നാട്യങ്ങളിലാത്ത, സൗമ്യശീലനായ ഈ കവി എല്ലാവർക്കും പ്രിയങ്കരനായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്ന ഗ്രാമത്തിൽ 1948 ഡിസംബർ 25 ന് ഒരു ക്രിസ്മസ് നാളിലായിരുന്നു അബ്ദുൾഖാദറിന്റെ ജനനം. വാപ്പ അബൂബക്കർ പിള്ള. ഉമ്മ റാബിയത്തുൾ അദബിയാ ബീവി.

കുട്ടിക്കാലം മുതൽ കവിത ഇഷ്ടമായിരുന്നു ഖാദറിന്. സർക്കാർ ജോലിയിൽ പ്രവേശിച്ച് കോഴിക്കോടേക്ക് സ്ഥലം മാറിവന്നതാണ് അദ്ദേഹത്തിന്റെ ഗാനരചനാജീവിതത്തിൽ നിർണായകമായത്. സാഹിത്യ – സംഗീത രംഗത്തെ സൗഹൃദക്കൂട്ടായ്മകൾക്ക് പേരുകേട്ട കോഴിക്കോടൻ ചങ്ങാത്തങ്ങളാണ് അദ്ദേഹത്തെ സിനിമയുമായി അടുപ്പിച്ചത്. പ്രത്യേകിച്ച്, പ്രശസ്ത സംവിധായകൻ ഐ. വി. ശശി യുമായുള്ള ബന്ധം.

മലയാള സിനിമയിലെ വയലാർ – പി. ഭാസ്കരൻ യുഗത്തിന്റെ അവസാന കാലത്താണ് പൂവച്ചൽ ഖാദർ, ബിച്ചു തിരുമല തുടങ്ങിയ ഗാനരചയിതാക്കൾ ഈ രംഗത്തേക്ക് കടന്നുവന്നത്.ശ്രീകുമാരൻ തമ്പിയും യൂസഫലി കേച്ചേരിയും മുൻ തലമുറയിലെ പാരമ്പര്യം ഉൾക്കൊണ്ട് ഒറ്റയാന്മാരായി അപ്പോഴും ഈ രംഗത്ത് നിലനിന്നു. എൺപതുകളിലും തൊണ്ണൂറുകളിലുമുണ്ടായ നമ്മുടെ സിനിമയുടെ മൂല്യത്തകർച്ച അക്കാലത്തെ സിനിമാ ഗാനങ്ങളേയും ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വയലാറും ഭാസ്‌കരൻ മാഷും ആവിഷ്കരിച്ച തരത്തിൽ ഗൗരവമുള്ള കഥാപാത്രങ്ങളോ കഥാസന്ദർഭങ്ങളോ പൂവച്ചൽ ഖാദറിനും മറ്റു സമകാലികർക്കും കിട്ടിയിരുന്നില്ല.ഒറ്റപ്പെട്ടവ ഒഴിച്ചാൽ പൊതുവെ മലയാള സിനിമയുടെ “പൈങ്കിളി “കാലഘട്ടമായിരുന്നു അത്.വയലാറിന്റെ കാവ്യാത്മകമായ പദങ്ങൾക്കോ മനോഹരമായ ബിംബങ്ങൾക്കോ ഭാസ്കരൻ മാഷിന്റെ ലളിതവും ഇളനീരിന്റെ മധുരമുള്ള പദസന്നിവേശങ്ങൾക്കോ അക്കാലത്ത് പ്രസക്തി ണ്ടായിരുന്നില്ല.മനുഷ്യന്റെ ലോലവികാരങ്ങളെ നേരെ അവതരിപ്പിക്കുന്ന രീതി ആയിരുന്നു അന്ന് .സിനിമയുടെ പ്രമേയങ്ങളും താത്കാലികങ്ങൾ ആയിരുന്നു. അതിനാൽ അത്തരം സിനിമകളെപ്പോലെ തന്നെ അവയിലെ പാട്ടുകളും ആ കാലഘട്ടത്തോടെ അവസാനിച്ചു. ഇങ്ങനെയൊക്കെ ആയിട്ടും അവയിൽ ചിലതെങ്കിലും ഇന്നും നിലനില്ക്കുന്നുവെങ്കിൽ അത് അവയുടെ സംഗീതസംവിധായകരോടൊപ്പം ഗാനരചയിതാക്കളുടെ കൂടി കഴിവാണെന്ന് അംഗീകരിക്കാതിരിക്കാൻ കഴിയില്ല .

മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും ഗായികാഗായകന്മാർക്കൊപ്പവും പ്രവർത്തിക്കുവാൻ പൂവച്ചൽ ഖാദറിന് അവസരം ലഭിച്ചിട്ടുണ്ട്. എങ്കിലും ജോൺസൺ രവീന്ദ്രൻ,രഘുകുമാർ, എന്നിവരിൽ നിന്നാണ് അദ്ദേഹത്തിന്റെ ‘മാസ്റ്റർപീസു’കൾ കൂടുതലും സൃഷ്ടിക്കപ്പെട്ടത്.

അദ്ദേഹത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ, എം. എസ്. ബാബുരാജ് സംഗീതം നല്കിയ, “ചുഴിയി “ലെ ജാനകിയമ്മ പാടിയ “ഹൃദയത്തിൽ നിറയുന്ന ” എന്നഗാനം ശ്രദ്ധിക്കപ്പെട്ടു. ആദ്യം രചന നിർവ്വഹിച്ച, പീറ്റർ, റൂബിൻ സംഗീതം കൊടുത്ത “കാറ്റു വിതച്ചവനി “ലെ യേശുദാസ് പാടിയ “മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു “എന്ന ഗാനവും ഒരു പാട്ടു മാത്രം പാടി മലയാളഗാനരംഗത്തു നിന്ന് അപ്രത്യക്ഷയായ മേരി ഷൈല പാടി അനശ്വരമാക്കിയ ” നീയെന്റെ പ്രാർത്ഥന കേട്ടു “എന്ന ഭക്തിഗാനവും ഹിറ്റായിരുന്നു.

എന്നാൽ പൂവച്ചൽ ഖാദറിന് വഴിത്തിരിവായത് 1975 ൽ ഐ. വി. ശശി സംവിധാനം ചെയ്ത് എ. ടി. ഉമ്മർ ചിട്ടപ്പെടുത്തിയ “ഉത്സവം “എന്ന സിനിമയിലെ ഗാനങ്ങളായിരുന്നു. അവയിൽ “സ്വയവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം “, “ആദ്യസമാഗമ ലജ്ജയിൽ ” എന്നിവ സംഗീതപ്രേമികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന പാട്ടുകളാണ്.എ. ടി. ഉമ്മർ ഈണം നല്കിയ അദ്ദേഹത്തിന്റെ മറ്റു ശ്രദ്ധേയഗാനങ്ങൾ 1981ൽ പുറത്തിറങ്ങിയ “ഇതാ ഒരു ധിക്കാരി “എന്ന സിനിമയിലെ യേശുദാസും ജാനകിയമ്മയും ചേർന്നു പാടിയ “എന്റെ ജന്മം നീയെടുത്തു “, 1984 ൽ ഇറങ്ങിയ “ആഗ്രഹ”ത്തിലെ യേശുദാസ് പാടിയ “ഭൂപാളം പാടാത്ത ഗായകൻ ഞാൻ “, യേശുദാസും ജാനകിയമ്മയും പാടിയ “ആഗ്രഹം ഒരേയൊരാഗ്രഹം ” എന്നിവയാണ്.

പൂവ്വച്ചൽ ഖാദറിന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ഗാനമാണ് “തകര”യിലെ(1979) എസ്. ജാനകി പാടിയ “മൗനമേ നിറയും മൗനമേ ” എന്ന ഗാനം. അതേ സിനിമയിലെ യേശുദാസ് പാടിയ “കുടയോളം ഭൂമി കുടത്തോളം കുളിര്” എന്ന ഗാനവും ഏറെ പ്രശസ്തി നേടി. എം. ജി. രാധാകൃഷ്ണൻ ആയിരുന്നു ഇവയുടെ ശില്പി. അദ്ദേഹം ഈണം നല്കിയ പൂവച്ചലിന്റെ മറ്റൊരു സൂപ്പർ ഹിറ്റ്‌ ഗാനമാണ് 1980ൽ റിലീസ് ചെയ്ത “ചാമര”ത്തിൽ ജാനകിയമ്മക്ക് അവാർഡ് നേടിക്കൊടുത്ത “നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ “എന്ന ഗാനം.ജാനകിയമ്മയുടെ ഏറ്റവും മികച്ച മലയാളഗാനങ്ങളുടെ പട്ടികയിൽ ഒരു ഗാനം തീർച്ചയായും ഇതായിരിക്കും.

“ദേവരാഗങ്ങളു”ടെ പിന്മുറക്കാരനായി, മലയാളസിനിമാഗാനങ്ങളുടെ ഭാവാത്മകലോകം വികസിതമാക്കിയ ജോൺസൺ മാഷും പൂവച്ചലും ചേർന്നപ്പോൾ ഒരു പിടി അവിസ്മരണീയ ഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 1982 ലെ “ഫുട്ബോൾ ” എന്ന സിനിമയിലെ യേശുദാസ് പാടിയ “ഇതളില്ലാതൊരു പുഷ്പം “, “പാളങ്ങളി”ലെ വാണിജയറാമിന്റെ ഏറ്റവും നല്ല പാട്ടുകളിൽ ഒന്നായ “ഏതോ ജന്മകല്പനയിൽ “, 1984 ലെ “ഇവിടെ തുടങ്ങുന്നു ” എന്ന സിനിമയിലെ “താനാരോ തന്നാരോ “, “സന്ദർഭ “ത്തിലെ “പണ്ടൊരു കാട്ടിലൊരാൺ സിംഹം “, 1985 ൽ ഇറങ്ങിയ “ഒരു കുടക്കീഴിലെ ” യേശുദാസ് പാടിയ “അനുരാഗിണീ ഇതാ എൻ “, 1989 ലെ “ദശരഥം ” എന്ന ചിത്രത്തിൽ ചിത്രയും എം. ജി. ശ്രീകുമാറും പാടിയ “മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ “തുടങ്ങിയവ അവയിൽ ചിലതാണ്.

ഇളയരാജയും പൂവച്ചൽ ഖാദറും ചേർന്നപ്പോഴുണ്ടായ നല്ല ഗാനങ്ങളിൽ ഒന്നാണ് 1983 ലെ “ആ രാത്രി “യിൽ എസ്. ജാനകി പാടിയ “കിളിയേ കിളിയേ മണി മണി മേഘതോപ്പിൽ ” എന്ന ഗാനം.

പൂവച്ചലിന്റെ വരികൾക്ക് എം. കെ. അർജുനൻ മാഷ് ഈണം നൽകിയപ്പോൾ കുറേ നല്ല പാട്ടുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. 1979 ൽ ഇറങ്ങിയ “തുറമുഖത്തിലെ ” “രാവിനിന്നൊരു പെണ്ണിന്റെ നാണം ” 1982 ൽ “കയം ” എന്ന സിനിമയിൽ എസ്. ജാനകി പാടിയ “കായൽ കരയിൽ തനിച്ചു ചെന്നതു കാണാൻ “, “നാഗമഠത്തു തമ്പുരാട്ടി “യിലെ “ഏതൊരു കർമ്മവും നിർമ്മലമായാൽ “, 1985 ലെ “അമ്പട ഞാനേ ” യിലെ “വാചാലമാകും മൗനം ” എന്നിവയാണവയിൽ പ്രധാനപ്പെട്ടവ.

എൺപതുകളിലെയും തൊണ്ണൂറുകളിലെയും “സ്റ്റീരിയോ ടൈപ്പ്” വാണിജ്യസിനിമകളുടെ കുത്തൊഴുക്കിൽ പലതും അതിജീവിച്ചത് അവയിലെ പാട്ടുകൾ കൊണ്ടായിരുന്നു. അതിൽ പ്രധാന പങ്കുവഹിച്ച സംഗീതസംവിധായകനായിരുന്നു രവീന്ദ്രൻ. അന്നുവരെ നമ്മൾ കേൾക്കാതിരുന്ന ഒരു നാദപ്രപഞ്ചം മലയാളഗാനങ്ങളിൽ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.അക്കാലത്തെ ‘രവീന്ദ്രസംഗീത’ത്തിലെ ചില സൂപ്പർ ഹിറ്റുകളുടെ വരികൾ പൂവച്ചൽ ഖാദറിന്റേതായിരുന്നു.
1979 ൽ ഇറങ്ങിയ “ചൂള” യിലെ യേശുദാസും ജാനകിയും ചേർന്നു പാടിയ “സിന്ദൂരസന്ധ്യക്ക്‌ മൗനം മന്ദാര കാടിനു മൗനം “, 1980 ലെ “ഒരു വർഷം ഒരു മാസം ” എന്ന സിനിമയിലെ “കൂടു വെടിയും ദേഹി അകലും “, 1982 ലെ “വിധിച്ചതും കൊതിച്ചതും ” സിനിമയിലെ “ഓളം മാറ്റി പോയ്‌ മുളം തോണി “, 1983ലെ ” ബെൽറ്റ് മത്തായി “യിൽ യേശുദാസ് പാടിയ “രാജീവം വിടരും നിൻ മിഴികൾ “, “മഴനിലാവി “ലെ “ഋതുമതിയായി തെളിമാനം “, ജാനകിയമ്മയുടെ “രാവിൽ രാഗനിലാവിൽ “,
“ആട്ടക്കലാശ”ത്തിലെ “തെങ്ങും ഹൃദയം “, “മലരും കിളിയും ഒരു കുടുംബം “, 1985 ലെ “തമ്മിൽ തമ്മിൽ ” എന്ന സിനിമയിലെ “ഹൃദയം ഒരു വീണയായി “, “നിശയുടെ ചിറകിൽ “, “ഇത്തിരി നാണം പെണ്ണിൻ കവിളിൽ “, “കദനം ഒരു സാഗരം ” എന്നിവ മലയാളഗാന സമ്പാദ്യത്തിലെ അമൂല്യ നിധികളാണ്.

പൂവച്ചലും ശ്യാമും ചേർന്ന് നിരവധി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചില ഗാനങ്ങളാണ് 1979 ലെ
“ഒറ്റപ്പെട്ടവരി”ലെ “ഇതിലെ ഏകനായ് അലയും ഗായകാ “, 1985 ൽ ഇറങ്ങിയ “നിറക്കൂട്ടി”ലെ “പൂമാനമേ ഒരു രാഗമേഘം താ ” മുതലായവ.

1979 ൽ റിലീസ് ചെയ്ത ” കായലും കയറും ” എന്ന സിനിമ പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവിന് മലയാള സിനിമയിൽ സ്ഥിരപ്രതിഷ്‌ഠ നേടിക്കൊടുത്ത ഒന്നായിരുന്നു.സംഗീതത്തിലെ മഹാപ്രതിഭകളിൽ ഒരാളായ കെ. വി. മഹാദേവൻ സംഗീതസംവിധാനം നിർവ്വഹിച്ച അതിലെ എല്ലാ ഗാനങ്ങളും അവിസ്മരണീയങ്ങളായി മാറി. “ചിത്തിരത്തോണിയിൽ അക്കരെ പോകാൻ “, “ശരറാന്തൽ തിരി താഴും “എന്നിവ ഇന്നും ഹിറ്റ്‌ തന്നെ.

ജോൺസൺ, രവീന്ദ്രൻ എന്നിവരെ പോലെ പൂവച്ചലിന്റെ ഗാനമനസ്സ് തിരിച്ചറിഞ്ഞ സംഗീതസംവിധായകനായിരുന്നു രഘുകുമാർ. അവർ ഒരുമിച്ചപ്പോൾ മലയാള ഗാനാസ്വാദകർക്ക് ഒരു ഗാനവസന്തം തന്നെ ലഭിച്ചു. 1982 ലെ “ധീര “യിലെ “മെല്ലെ നീ മെല്ലെ വരൂ “, 1983 ലെ “പൊൻതൂവലി”ലെ “കണ്ണാ ഗുരുവായൂരപ്പാ “, “പ്രിയതേ മിഴിനീരിലെൻ “, 1986 ലെ “താളവട്ട”ത്തിലെ “പൊൻവീണേ “, “കളഭം ചാർത്തും “, “കൂട്ടിൽ നിന്നും മേട്ടിൽ വന്ന “തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികൾ തലമുറഭേദമന്യേ മൂളുന്ന പാട്ടുകളാണ്.

ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ “കല്യാണനാളിലെ സമ്മാനം “(“മാനവധർമ്മം “-1979), കെ. രാഘവൻ മാഷ് ഈണം നല്കിയ “അഹദോന്റെ തിരുനാമം “(“പതിന്നാലാം രാവ് “-1979),
എം. എസ്. വി. സംഗീതം നല്കിയ “ചലനം ജ്വലനം “(“അയ്യർ ദ
ഗ്രേറ്റ്‌ “-1990), ഗംഗൈ അമരൻ ഈണം നല്കിയ അന്യഭാഷാ ചിത്രമായ “പ്രേമാഭിഷേക”ത്തിനു വേണ്ടി മൂലഭാഷയിലെ ഭാവം ഒട്ടും ചോർന്നു പോകാതെ രചിച്ച “നീലവാന ചോലയിൽ “, “വന്ദനം “, “ദേവീ ശ്രീദേവീ “, “മഴക്കാലമേഘം ഒന്ന് “തുടങ്ങിയ ഗാനങ്ങളിലെല്ലാം പൂവച്ചലിന്റെ ഗാനരചനാവൈഭവത്തിന്റെ തിളങ്ങുന്ന ഉദാഹരണങ്ങളാണ്.

ആയിരത്തിൽ അധികം ഗാനങ്ങൾ രചിച്ച സർഗ്ഗധനനായ ഒരു എഴുത്തുകാരന്റെ ഓർമയിൽ വന്ന ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് ഈ കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിട്ടുപോയവ പ്രിയവായനക്കാർ കൂട്ടിച്ചേർക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഏതൊരു സർഗ്ഗപ്രക്രിയയും അത് സൃഷ്ടിക്കപ്പെട്ട കാലത്തിന്റെ അടിസ്ഥാനത്തിൽ കൂടി വേണം വിലയിരുത്താൻ. അത്തരം ഒരു വിശകലനം നടത്തുമ്പോഴാണ് കാലവും സമൂഹവും വേണ്ട രീതിയിൽ ഉപയോഗിക്കാതെ പോയ സർഗ്ഗധനരിൽ ഒരാളായിരുന്നു പൂവച്ചൽ ഖാദർ എന്ന് നമുക്ക് മനസ്സിലാവുക.പക്ഷെ, അദ്ദേഹത്തിലെ പ്രതിഭ ആ പരിമിതിയെ അതിജീവിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു . ഇനി വരുന്ന നാളുകളിലും “ഇതിലെ പോകും കാറ്റിലും ഇവിടെ വിരിയും മലരിലും കുളിരായ്, നിറമായ് ” അദ്ദേഹത്തിന്റെ ഗാനസമ്പത്ത് ഒഴുകി കൊണ്ടേയിരിക്കും, നിറഞ്ഞ മൗനമായി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here