പൂച്ച

0
1055
Poocha-story-jiju-antony 1200

കഥ

ജിജു ആന്റണി

1.

ക്രിസ് മസ് പൂട്ട്ന് മുമ്പ്ത്തെ അവസാൻത്തെ ദെവ്സം. എല്ലാസോമ്പോലെ ഞാനും മൂക്ക്ള പാഞ്ചീം ഉസ്കൂൾ ബെല്ലട്ച്ച് തീര്ണേനും മൊമ്പ് ബേഗ്ട്ത്ത് പറപറന്ന് ഗേറ്റ് കടന്ന്. അന്നാളി 5ണ് ന്റെ നമ്പ്‌റ്. പാഞ്ചീന്റെ 3. അന്ന് ശരിക്ക്ന് 4 മണ്ക്ക് ആനോണ്ടി ഗേറ്റ്ലെത്തി. ഒര് 2 മിൻട്ട് മതി, ഇരിഞ്ഞാൽക്കൊട സൈഡിൽക്ക് പോണ മാഷമ്മാരും ടീച്ചറമ്മാരൊക്കെ അയില് കേറും. ആനോണ്ടിക്കാർക്ക് വേണ്ടാന്ന്ച്ചാ ന്ത്ട്ടാ ചെയ്യ! ആ ബെസിന്റെ നമ്പറ് 5321ണ്. അത് കാൺനേണ് ഞങ്ങടെ ഈ പർക്കല്. ബെസെത്തീതും അവന്റെ കൈവെള്ളേല് ഞാൻ ആഞ്ഞൊര് കീറൊട്ത്ത്. അവന് നല്ലോണം പൊകഞ്ഞ്. അപ്പെ എനിക്ക് നല്ല സന്തോഷായി. അവന് കൊർച്ച് സമാദാനോം, ആനോണ്ടീന്റെ വകേലെ അട്യാ കഴിഞ്ഞേന്റെ. പിന്നെ 3 ന്റെ വകുപ്പ്ല് ന്റെ കൈവെള്ളേല് അവന്റെ പെട. അപ്പെ എൻക്ക് സമാദാനോം അവന് സന്തോഷോം. അങ്ങ്നെ എടക്ക് ഓരോ വണ്ടി വരുമ്പ് ളും അങ്ങടുങ്ങിടും സന്തോഷോം സമാദാനോം കൊട്ത്ത് ഞങ്ങളങ്ങ്നെ ആടിപ്പാടി ഞങ്ങക്ക് എടവഴിക്ക് തിരിയായാൻള്ള ശൗര്യാരുണ്യാൾന്റെ കുരിശടി എത്തീപ്പെ, 2579 നമ്പറ്ള്ള കെ.കെ.മേനൻ വന്ന്. എല്ലാ ദെവസോമ്പോലെ. എന്ക്ക് മാത്രം സന്തോഷം, 3 ഇല്ലല്ലാ. കെ കെ മേൻന്റെ ഇഞ്ചന്റെ ഒച്ച നല്ല രസണ്. അന്നാളി ലേലാന്റ് ബെസ് അത് മാത്രള്ളു. ബാക്ക്യൊക്കെ ടാറ്റണ്. ഉസ്കൂൾ പൂട്ട്ന് മാപ്രാൺത്ത് അമ്മേടെ വീട്ട്ല് നിക്കാൻ പോയപ്പെ മണ്ടിക്കേറ്റ്ത്ത് ലേലാൻറിന്റെ വലീടെ ഒച്ച ഇപ്പളും ഓർമ്മണ്ട്. അദൊര് സംഭവ്ട്ടാ. അവന്ട്ട് പൊട്ടിച്ച് തിരിയുമ്പളണ് പേർഷ്യേല് ജോലിഎയ്ണ പാറപ്പൊർത്തെ ഓസേപ്പേട്ട്ന്റെ 5552 നമ്പ്രൊള്ള വെള്ള അമ്പാസ്ഡറ് മിന്നിച്ച് വര്ണ കണ്ടെ. അത് കാണാത്തെമാദിരി,നിർത്തിയേക്ക്ണ ബെസിൽക്ക് നോക്കി മൂക്ക്ള വൽച്ചു കേറ്റി നിക്ക്ണ പാഞ്ചീനോട് നീട്ടറാ കയ്യിന്ന് പറഞ്ഞ് തിരിഞ്ഞപ്പെ, തംബിച്ച് നിക്ക്ണ അവൻ പത്ക്കനെ പറഞ്ഞ്. പൂച്ച. അമ്പാസഡർനെ അയിന്റെ വഴിക്ക് വിട്ട്‌, ന്നെത്തന്നെ നോക്കി ബെസീന്ന് എർങ്ങിവരുന്നാൾനെ നോക്കീപ്പെ, ഞാൻ നിന്ന നിപ്പില് വെൾത്ത്. പൂച്ചാന്ന് പറഞ്ഞാ പൂച്ചർക്കി…ന്ന്ച്ചാ പൂച്ചക്കണ്ണൻ വർക്കി. ന്റെ വെല്ലിപ്പൻ. ജയിലീന്ന് വര്ണ വഴീണ്‌. പോയ്ത് ഒരാള്നെ കൊന്നിട്ട്, ന്റപ്പനെ. ഞാനൊരോട്ടം വെച്ച് കൊട്ത്ത്. തിര്ഞ്ഞ് നോക്കാണ്ട്.

പ്രാണൻ പിടിച്ചോണ്ടുള്ളാ ഓട്ടത്തിന്റെടേല് വീട്ന് രണ്ട് വളവ് മൊമ്പ്ള്ള തെക്കെട്ത്തെ അമ്മുട്ട്യമ്മേടെ വേലിക്കെ നിക്ക്ണ കശ്മാവീന്ന് വഴീല്ക്ക് അപ്പെ വീണ കശ്മാങ്ങേം കശ്നണ്ടീം കണ്ട്താ, നിന്നില്ല്യ. പേടിച്ച്ട്ടാ. ഞങ്ങ്ടെ നാട്ടിൽക്ക്യ് തന്നെ നടാടൊള്ള കൊലപ്പുള്ള്യാ…പിന്നെ പേടിക്ക്യാണ്ടിരിക്കോ, അതും ന്നെത്തന്നെ അങ്ങ്നെ നോക്ക്യപ്പോ. വീട്ടിക്കേറി, വൈന്നേരത്തെ ചാളക്കൂട്ടാത്ത്ന് തേങ്ങ അരച്ചോണ്ടിര്ന്ന അമ്മേനോട് സങ്കതി പറഞ്ഞ്. അണപ്പിന്റെടേല് പർഞ്ഞത് പകുതീം പൊർത്തോട്ട് വന്ന്ല്ല. അമ്മക്ക് ന്നാലും കാര്യം പിടിട്ടി. അരപ്പ് അമ്മീലന്നിട്ട് അപ്പത്തന്നെ കൈയഴുകി അമ്മ മുന്ന്ലേം പിന്ന്ലേം എറേത്തെക്ക്ള്ള വാതിലട്ച്ച് സാഷേട്ടു. ന്നട്ട് എന്നേമ്പിടിച്ച് പ്രാർത്തന എത്തിക്കണ മുറീലിര്ന്ന് കണ്ണട്ച്ച് മിണ്ടാണ്ടിര്ന്ന്. ചെൽപ്പോ മൻസ്സില് പ്രാർത്തിക്കാർന്നേര്ക്കും. ഒച്ചേല്ലാണ്ട് പ്രാർത്തിച്ചാ ദൈവത്ത്ന് കേക്കാമ്പറ്റാവോ? ആ…ഞാനപ്പെ വഴീല് കണ്ടാ ചൊവന്ന് തുട്ത്ത കശ്മാങ്ങേന്റ കാര്യം ആലോജിച്ച്. ആ കശ്നണ്ടീം കൂട്ട്യാ എട്ത്ത് വെച്ചേക്ക്ണതും കൂട്ടി ഒര് സേമിയ ഐസ്പ്രൂട്ട് വാങ്ങിക്ക്യാർന്നു. അത്പ്പോ പാഞ്ചിക്ക് കിട്ടീട്ട്ണ്ടാവും. എട്ത്തിട്ട് പോന്നാ മത്യാർന്നു. അവൻ ഞങ്ങടെ പടിഞ്ഞാറ്യേലാ. കാര്യം ഞങ്ങ കൂട്ട്ണെങ്കിലും അവന്റെ മൂക്ക്ള ഒല് പ്പ് നിക്കിഷ്ടല്ല. എടവഴീലെ അവസാൻത്തെ വീട്ട്ലെ തോമാസാഷാണ് ഞങ്ങടെ മാഷ്. ആള് പാഞ്ചിക്ക്ട്ട പേരണ് മൂക്ക്ള. മിക്ക്യോരേം എരട്ട പേർട്ട് വിളിക്ക്ണ മാഷ് എന്നിതുവരെ തലേക്കല്ലാന്ന് മാത്രേ വിളിച്ച്ട്ടൊള്ളു. അത് പിന്നെ ചോദ്യം ചോതിക്കുമ്പെ മിഴ്ച്ച് നിക്ക്ണ എല്ലാർക്കുള്ള പേരണ്. മാഷ്ന്റെ വീട്ട്ലെ പ്രാർത്തന എത്തിക്കണ മുറീല് ഒരു സൊർണകുരിശ്ണ്ട്. അമ്പിന്നന്ന് പ്രദഷിണത്തിന്റൂടെ പോയ്പ്പെ ജനാലേലോടെ കണ്ട്താ. ഞങ്ങടെ വീട്ട്ല് മരക്കുരിശേള്ളു. അതാരിക്കും അമ്മേടെ പ്രാർത്തനേന്നും ദൈവം കേക്കാത്തെ. വല്യതായ് ജോലിട്ടീട്ട് വേണം ഒരു സൊർണകുരിശ് വാങ്ങ്ക്കാൻ. പിന്നെ ഞങ്ങടോടെ ഒരു തിരുഹ്യദ്യത്ത്ന്റെ പടോണ്ട്. അതിൽത്തെ കർത്താവ്ണ്ടല്ലാ ഞാൻ മുറീല് എവ്ടെ നെന്നാലും ന്നെ നോക്ക്ണമായിരി തോന്നും. ന്തുട്ട് മാജിക്കണാവോ. മാപ്രാൺത്തെ അമ്മാമ്മ പറഞ്ഞ്ത് കർത്താവിന് ന്നോട് കൊറേ ഇഷ്ടണ്ടായിട്ട്ന്നാ. ആപ്പറഞ്ഞ്ത് നൊണ. അങ്ങന്യാർന്നെങ്കെ ഞങ്ങക്ക് ഈ ഗദി വരാർന്നോ? അപ്പെ മുന്നിൽത്തെ എറേത്തെ വാതിൽല് മുട്ട് കേട്ട്. ഞാൻ അമ്മേനെ മുറുക്കിപ്പിടിച്ച്. പിന്നെ മുട്ട്ന്റെ ഒച്ച കൂടി, എടി മേര്യേന്നൊരു വിളീം. പൂച്ചണ്. അമ്മ ന്നെ കൈയോണ്ട് വട്ടം കെട്ടിപ്പിട്ച്ച് പേടിക്ക്ണ്ടാന്ന് പത്ക്കനെ പറഞ്ഞ്. ന്നാലും എൻക്ക് നല്ല പേടി വന്ന്. മുട്ടും വിളീം നിന്ന്, കൊർച്ച് നേരത്ത്ക്ക് ഒന്നും കേട്ട്ല്ല. അമ്മ പിടി വിട്ട്. അപ്പഴ്ണ്ട് പിന്നിൽത്തെ എറേത്തെ വാതിൽന്ന് പിന്നേം മുട്ട്. വിളീം. ഞാനമ്മേനെ കെട്ടിപ്പിടിച്ച്. കൊറേ നേരം അങ്ങ്നെ പോയി.

athmaonline-the-arteria-jiju-antony-subesh-illustration-padmanabhan
ഇല്ലസ്ട്രേഷൻ : സുബേഷ് പത്മനാഭൻ

2.

ക്രിസ്മസ് പൂട്ട്ന്റെടേല് ഒരുസം. അമ്മ താഴ്ത്തെ കണ്ടത്ത്ല് പശുക്ടാവിന് പുല്ലരിയാമ്പോയിര്ക്കാണ്. ഞാനാണ്ങ്കി ന്തുട്ട് ചെയ്യാനാ? പ്ലാവ്ന്റെ കൊമ്പൊടിച്ച് ആട്ട്മ്മുട്ടന്റട്ത്ത് പോയി കൊമ്പ് പൊക്കീം താത്തീം അവനെ കള്പ്പിച്ചും കൊദിപ്പിച്ചും തിന്നാങ്കൊടുത്ത്. പാവം. അവന് രണ്ടൂസങ്കൂട്യല്ലേ തിന്നാമ്പറ്റൂ. ക്രിസ്മസിന് സായ് വിന് വെട്ടാങ്കൊടുക്കും. ഞാനിത് വെരെയ്ക്കും ആട്ടെർച്ചി തിന്നിട്ട്ല്ല. അച്ചന്റെ മേടേല് കൊച്ചേട്ടന് എല്ലാ ഞാറാഴ്ചേം ആട്ടെർച്ചി കിട്ടൂത്രേ. അവന്റെ ബാഗ്യം. ഞാമ്പിന്നെ ന്റെ കുഞ്ഞി ചോപ്പ ഡബർ പന്തെട്ത്ത് ഓടിന്റെ മോളിൽക്ക് എർഞ്ഞ് ക്യേച്ച് പിട്ച്ച് കളിക്കാന്തൊടങ്ങി. അതിന്റെ രസന്താന്നുച്ചാ, ഓടിന്റെ ഒരോ ഇടുക്ക്ലും പന്ത് തട്ടിപ്പൊന്തി അങ്കടുങ്കിടും പോയി അവ്സാനം താഴെത്തുമ്പോ എങ്കടാ വീഴാന്ന് പറയാമ്പറ്റുല്ല. അപ്പളാണ് എന്റെ ഡൈവട്ച്ച്ട്ട്ള്ള ക്യേച്ച് പിട്ത്തം. വേൾഡ് കപ്പിന്റെടക്ക് അമ്മുട്ട്യമ്മേടെ വീട്ന്റെ ജനാലപ്പൊറത്ത്ന്ന് ഞാൻ പാഞ്ചീന്റുടെ ഇന്ത്യടെ ക്യേപ്ടൻ ക്യേച്ച് പിടിച്ചത് കണ്ടപ്പെ കൂടീതാ ഈ ജൊരം. അകത്തിർന്ന് കളി കാൺണ അമ്മുട്ട്യമ്മേടെ മോൻ ദേവൻ ക്യേച്ച് പിടിച്ചാള്ടെ പേര് പറഞ്ഞാർന്നു. മറന്നാ പോയ്. തൊട്ട് പടിഞ്ഞ്യാറേലാണെങ്ക്ലും പാഞ്ചി ഇങ്കട് കളിക്കാൻ വര്ല്ല. എന്നോട് അവരോട്ക്ക് പോണ്ടാന്നും അവരോട്ന്ന് ഒന്നും തിന്ന്ണ്ടാന്നും അമ്മ പറഞ്ഞിട്ട്ണ്ട്. അവര് മാർക്കക്കാരാത്രേ. ന്ന്ച്ചാ ജാതീല് കൊള്ളുല്ല, പെലേര് മാമ്മോദ്സ മുങ്ങ്യോര്. പാഞ്ചീടപ്പന് പള്ളീല് കുഴ്വെട്ടാ പണി, അവന്റപ്പാപ്പനും അതന്യാർന്നു. ഇനിപ്പേ പാഞ്ചിക്ക്ണോ അവന്റെ ചേട്ടന്ണോ ആ ബാഗ്യം കിട്ടാമ്പോണേ. ആ….താണ ജാത്യാലും പാഞ്ചി ന്റെത്ര കർത്തട്ട്ല്ലാട്ടാ. അത് ന്താന്നങ്ങനെന്നാലോജ്ച്ച്ട്ട് നെക്കൊരു പിടീം കിട്ടൺല്ലാ.

ആ നേരത്ത്ണ് എളമ്പച്ച സ്കൂട്ടറ്ല് അച്ചന്റെ പെറകിലിര്ന്ന് കൊച്ചേട്ട്ൻ
വീട്ടിൽക്ക് വന്നെ. അവൻ സ്കൂട്ടറ്ന്ന് എർങ്ങി അച്ചൻ വണ്ടി സ്റ്റാൻഡിൽക്ക് ഇടുമ്പ്ള്ക്കും ഞാനോടി, അമ്മേനെ വിളിക്കാൻ. ഓട്ണേണ്ടെടേല് ഇരുമ്പമ്പുളിമരത്തിന്റപ്പർത്ത് വച്ച് ഒരു വേരേത്തട്ടി സുകായിട്ടങ്കട് വീണു. എൺറ്റു നോക്കുമ്പേ മുട്ട് പൊട്ടി കൊറേശെ ചോര വരൺണ്ട്. വേദനെടുക്കൺണ്ടെങ്കിലും അച്ചനല്ലേ വന്നേന്ന് വിജാരിച്ച് പിന്നേം ഓടി പർമ്പിന്റെ അറ്റത്ത്ന്ന് അമ്മേനോട് വിളിച്ചൂവി കാര്യം പറഞ്ഞ്. അമ്മ അര്ഞ്ഞ പുല്ലൊക്കെ അവ്ടെത്തന്നിട്ട് പെട്ടെന്ന്നെ പോന്ന്. ഞാന്നോക്കുമ്പെ കൊൽച്ച് നിക്കണ ഞാലിപ്പൂവൻ വാഴേടെ കൊട്പ്പൻ വിർഞ്ഞ് നിക്കണ്. പിന്നളത്ത്ക്ക് വച്ചാ തേനപ്പടി വാവല് കൊണ്ടോം. ചാടിച്ചാടി എതൾപ്പടർത്തി തേനീമ്പിക്കുടിമ്പൾക്കും മുട്ടുമ്മല് നല്ല വേദ്ന. വടക്കേക്കാര്ടെ വേലിക്ക് നിക്കണ വേനപ്പച്ചേടെ എലേട്ത്ത് തിര്മ്മി അത് മുട്ടുമ്മല് പൊത്തീപ്പെ ന്ത്ട്ടാ നീറ്റം. അപ്പഴ്ണ്ട്റാ, മറ്റേ പുള്ളി…പൂച്ച…വെല്ലിപ്പനല്ലാട്ടാ…അവര്ടെ വീട്ടിൽത്തെ കണ്ടൻ…പമ്മിപ്പമ്മി പോണ്. ഈ പൂച്ചളൊക്കെ ഇങ്ങന്യേണ്. ആരുമറ്യാണ്ട് ങ്ങനെ വരും, പോവും…. എലീനെ പിട്ക്കാനും പാല് കുട്ക്കാനും. ഞാനൊര് കല്ലെട്ത്ത് വീക്കി. കണ്ടൻ തിരിഞ്ഞ്ന്ന് എന്നൊര് നോട്ടം. വെല്ലിപ്പനെ ഓർമ്മന്ന്…നീറ്ണ കാലും വൽച്ച് ഞാൻ വീട്ടിൽക്ക് വിട്ട്.

അവിടെത്ത്യപ്പളല്ലേ പൂരം! ഞാങ്കാണാണ്ട് അമ്മ എട്ത്ത് വച്ചാർന്ന അച്ചപ്പോം കൊഴലപ്പോം അച്ചനും കൊച്ചേട്ടനുങ്കൂടി മുന്നിൽത്തെ എറേത്തിരുന്ന് ചായേങ്കൂട്ടി അടിക്ക്ണ്. അമ്മ ഇത്രേം വേഗം ചായ വെച്ചാ? അച്ചൻ ഒര് കൊഴലപ്പെട്ത്ത് ന്നാടാന്ന് പറഞ്ഞ് ന്റെ നേർക്കെ നീട്ടി. ഞാനമ്മേനെ നോക്ക്യപ്പേ കണ്ണട്യ്ക്കണ കണ്ടട്ട് ഞാൻ വെള്ളറക്കി വേണ്ടാന്ന് തല്യാട്ടി. മാപ്രാൺത്തെ മേഴ്സി മേമേനെ വയറ് കാണാൻ വന്നപ്പെ മേമെടെ കെട്ട്യോന്റെ വീട്ടീന്ന്‌ കൊണ്ട്ന്നേന്റെ ഓഹരി അമ്മാമ്മ കൊണ്ടന്നതണ്. കൊണ്ടന്നന്ന് ഒരച്ചപ്പോം ഒര് കൊഴലപ്പോം അമ്മ തന്ന്. ന്ത്ട്ടാ രുചി! ഇന്യൊള്ളത് വിരുന്നാര് വരുമ്പെ കൊടുക്കാനാന്നുമ്പറഞ്ഞ് മാറ്റി വച്ച്. അച്ചന് കൊടുക്കൺത് ശരി. കൊച്ചേട്ടനെന്ത്ട്ട് വിരുന്നാരൻ? അവനാകെ തട്ച്ച് കൊഴുത്തട്ട്ണ്ട്. കവ്ളൊക്കെ ചീർത്തിരിക്ക്ണ്. അച്ചന്റെ കൂട്യല്ലെ. നല്ലോണം തിന്നാനും കുട്ക്കാനും കിട്ടൺണ്ടാവും. അപ്പൻ മരിക്ക്മ്പേ ഈയച്ചൻ ഞങ്ങടെ പള്ളീലെ വെല്ലിച്ചനാർന്നു. വെല്യേട്ടൻ അന്ന് പത്തീ തോറ്റ് നിക്ക്ണ കാലം. ആള്നെ സെമിനാര്ലാക്കാന്നും ഏഴീ പടിക്കണ കൊച്ചേട്ട്നെ ഞങ്ങടെ പള്ളീലെ മേടേല് അച്ചന്റെ സഹായാക്കി നിർത്തി പടിപ്പിക്കാന്നും പറഞ്ഞപ്പെ അമ്മ സമ്മയ്ച്ചു. വെല്യേട്ട്ന് സെമിനാര്ല് വെല്യ കഷ്ടപ്പാട്ണ്ന്നാ തോന്ന്ണെ. കൊല്ലത്ത്ലൊര്ക്കെ വെരുമ്പേ എപ്പ്ളും ഷീണിച്ചിരിക്ക്ണ കാണാ. കൊറേ അച്ചമ്മാരൊള്ള സലല്ലേ…നല്ല പണി കിട്ടണ് ണ്ടാവും…വീട്ടീന്ന് പോയി ഒര് കൊല്ലം കഴിഞ്ഞപ്പെ കൊച്ചേട്ട്ൻ അച്ചൻറൂടെ സലം മാറിപ്പോയി. മാപ്രാണത്തിന്റപ്പർത്തുള്ള എടവകേണ്. പർപ്പുക്കരാണ്ന്നാ തോന്ന്ണെ. ഇന്ന് ഞങ്ങടെ എടവകേല് ആരാണ്ട് മരിച്ചപ്പെ കാണാൻ വന്നതാത്രേ. ക്രിസ്മസിന് വിടാൻ പറ്റാത്തോണ്ട് അമ്മേനെ കാണ്ക്കാൻ കൂട്ടീതാണ്ന്ന് കൊച്ചേട്ട്നെ. അത് കേട്ടപ്പ്ളാ ഓർത്തെ…രണ്ടൊല്ലം മൊമ്പ് വീട്ടീന്ന് കൊണ്ടോയേപ്പിന്നെ ഒരു ദേസമ്പോലും അവൻ വീട്ട്ല് നിന്നിട്ട്ല്ല. ഇങ്കട് വന്നേടാന്ന് പറഞ്ഞ് അച്ചൻ വിളിച്ചപ്പെ ഒരച്ചപ്പോ ഒര് കൊഴലപ്പോ കിട്ട്യാലോന്ന് വിജാർച്ച് ഞാൻ അട്ത്ത്ക്ക് ചെന്നു. കൊച്ചേട്ട്ൻ എണ്റ്റ് ചായ്പ്പിൽക്ക് പോയി. എടത്ത് കൈയോണ്ട് ന്നെ വട്ടം പിട്ച്ച് ഇവനിപ്പെ എത്രാങ്കളാസിലാന്ന് ചോയ്ച്ച് അച്ചൻ വലത്തേങ്കയ്യില് ഒര് കൊഴലപ്പെടുത്ത് കട്ച്ച് തിന്നാന്തൊട്ങ്ങി. തിന്നണ ഒച്ച്യോണ്ട് അമ്മ ന്ത്ട്ടാ പറഞ്ഞേന്ന് ഞാങ്കേട്ട്ല്ല. ഞാനച്ചന്റെ വാസനേനെപറ്റി ആലോജിക്കാർന്നു. വൈനിന്റെ വാസന്യായർക്ക്യോ? കൊച്ചേട്ട്ന്റെ ബാഗ്യം. വൈനും കുട്ക്കാം, ഓസ്തീന്തിന്നാം. അച്ചൻ കൊടുക്കാര്ക്കും. ഇല്ലെങ്കി വേണ്ടാ, കട്ടെട്ക്കാലോ! കൊച്ചേട്ട്ൻ അടുത്തൊല്ലം സെമിനാരീ പോവ്മ്പേ ന്നെ അച്ചൻ കൊണ്ടോവാന്ന് പറഞ്ഞ് കേട്ടപ്പ്ളണ് എന്ക്ക് ബോധം വന്നെ. അത് പറഞ്ഞപ്പെ അച്ചൻ എന്ന്യൊന്ന് ഇറ്ക്കി. അതെൻക്ക് ദേഷ്യം വന്നു. ഞാൻ കൊതറി ചായ്പിൽക്ക് പോയി. അച്ചനെന്താണ്ടൊക്കെ പറുപറൂന്ന് അമ്മേനോട് പറയൺണ്ട്.. ചായ്പില് നോക്കുമ്പള്ല്ലേ അതിശ്യം! ജനാൽക്കെ പൊറത്തോട്ട് നോക്കി നിക്ക്ണ കൊച്ചേട്ട്ൻ കരയണ്. വെറ്തേ കരയല്ല. രണ്ട് കണ്ണീന്നും കണ്ണീര് കുടു കുടാന്ന് ഒഴുകണ്. ഞാഞ്ചോദിച്ചിട്ട് ഒന്നുമ്പറഞ്ഞില്ല. വീട്ട്ല് നിക്കാൻ പറ്റാത്തേന്റെ വെഷ്മാവും.

3.

വെല്യേട്ട്നും കൊച്ചേട്ട്നും അമ്മവീട്ടാര്ടെ ചായേന്നണ് മാപ്രാൺത്തെ അമ്മാമ്മ പറയണെ. ശര്യാരിക്കും. ഞാനപ്പന്റെം വെല്ലിപ്പന്റെംമാദ് രി നല്ലോണം കറ്ത്ത്ട്ട്ല്ലെ. വെല്യേട്ടനും കൊച്ചേട്ട്നും അമ്മേടെ നെറാ. കറ്പ്പന്നെ. ന്നാലും അത്രയ്ക്കങ്ക്ടില്ല. പഷേ അമ്മാമ പറയാ, അമ്മേം ചേട്ടമ്മാരും വെൾത്ത്ട്ടാണെന്ന്. അല്ലെങ്ക്ലും ഇച്ചിരി കർപ്പങ്ക്ട് കൊർഞ്ഞാല് ആളോള്ടെ വിജാരം അവരങ്ക്ട് വെൾത്ത് അമിതാബെച്ചനായ്ന്നാ. വെല്ലിമ്മക്കുണ്ട് ഈ പവറ്, അവര്ടെ മക്ക്ടെ കാര്യം പറേമ്പെ. വെല്ലിമ്മാന്ന്ച്ചാ മ്മടെ പൂച്ചേന്റെ ബാര്യ. ഞങ്ങ്ടെ തൊട്ട് തെക്കേൽണ് അവര്ട വീട്. ഞങ്ങ തർവാട്ടില്. പണ്ടൊറ്റപ്പറമ്പാർന്നു. ബാഗം വെച്ചപ്പെ വെല്ലിപ്പൻ വേറെ വീട് പണ്തു. വാർക്ക്യാട്ടാ. അവ്ടെ മൂന്ന് പെമ്മക്കള്. റോസി. ലിസി. ജെസി. മൂന്നാടേം കല്യാണൊക്കെ പണ്ടേ കഴിഞ്ഞ്. വെല്ലിപ്പൻ എൻറപ്പനേലും കൊറേ മൂത്ത്താ. വെല്ലിപ്പനണ് ഏറ്റോം മൂത്തെ. പിന്നെ പത്ത് പെങ്ങമ്മാര്. അതിനുന്താഴെ അപ്പൻ. മൊത്തം പന്ത്രണ്ടെണ്ണേ! ഇവ്ട്ത്തെ അമ്മാമക്ക് ഇതന്യാർന്നു പണീന്നാ തോന്ന്ണെ. ഈ പത്ത് കുരിപ്പോൾടെ പേരോർക്കാൻ നോക്ക്യാ എപ്പ്ളായാലും ഒന്ന് രണ്ട്ണ്ണം കിട്ട്ല്ല. അമ്മേനോട് ചോദ്ച്ച് പെരുക്കപ്പട്ട്ക പടിക്ക്ണമാദിരി ബുക്കിലെഴ്തി പടിക്ക്ണം. രൊറ്റണം ഈ വഴിക്ക് കടക്ക്ണില്ല. അമ്മ പറയ്ണമായിരി കിട്ടാനുള്തൊക്കെ കിട്ടീലോ. പിന്നെന്തുട്ടിന്ണ്? അപ്പൻ മരിച്ചുമ്പോയി, പൂച്ച അവർക്ക്ട്ടൊന്നും കൊടുക്കൂല്ല്യ. വെല്ലിപ്പന് മാത്രങ്ങെന്യാവോ പൂച്ചക്കണ്ണ് കിട്ടീത്? ബാക്കി പയിനൊന്നെണ്ണത്ത്നും, ഇവട്ത്തെ അപ്പാപ്പനും അമ്മാമ്മയ്ക്കുണ്ടാർന്നില്ല. അന്നാ, വെലിപ്പന്റെ വീട്ട്ലെ മൂന്ന് ചേച്ച്യാർക്കുണ്ട്. അവരെ പൂച്ചക്കണ്ണീന്ന് ആൾക്കാര് വിളിക്കൺണ്ടാവോ ? അങ്ങ്നെ വിളിക്കാന്തോന്നൂലാട്ടാ. പളുങ്ക്മാദിരില്ല് അവര്ടെ കണ്ണിരിക്കണ്ത്. മൂന്നാക്കും ന്നെ ഭയ്ങ്കര ഇഷ്ടട്ടാ. അന്നാലും റോസേച്ചീന്യാണ് എന്ക്ക് കൂടോല് കാര്യം. ഞാങ്കുഞ്ഞായിര്ന്നപ്പെ ഞങ്ങടെ പിന്നിൽത്തെ എറേത്തിന്റെ തിണ്ണേന്ന് ഞങ്ങ രണ്ടാളുങ്കൂടി മിറ്റത്തക്ക് വീണ കതേം പറഞ്ഞ് എപ്പളും ചിറ്ക്കും. അന്ന് പൊട്ടിയേന്റെ പാട് ന്റെ എട്ത്തെ പുരികത്തുമ്മല് ഇപ്പളുണ്ട്. അവര്ടെ വീട്ട്ലെ പ്ലേറ്റും പിഞ്ഞാണോം ഓടിന്റണ്. ഞങ്ങടോടെ കവിടിം സ്റ്റീലൊള്ള്. ചേച്ച്യാര് വന്നട്ട്ണ്ട്ങ്കെ ഞാഞ്ചെന്നാ ന്ക്ക് ഓട്ടുമ്പാത്രത്തിലണ് അവര് ചോറു തരാ. അതൊര് ഗമേണ്. ങ്ങനെ കഴിഞ്ഞ കൂട്ടരന്റെ ശൗരാരുണ്യാളാ!

അന്ന് താഴ്ത്ത് വെല്ലിപ്പന്റെ കണ്ടത്ത്ല് പുഞ്ചക്ക് ഒഴണ ദേസാർന്ന്. പാഞ്ചീടപ്പനാണ് ഒഴവാരൻ. എല്ലാര്ടേം കണ്ടത്തില് ഒഴണത് അവന്റപ്പൻ തന്നെണ്. കുഴ്വെട്ട് കിട്ട്ണെങ്കെ ആര്ങ്കിലും ചാവ്ണ്ടെ? ന്ത്ട്ടാ അവര്ടെ രണ്ട് പോത്തുട്ടമ്മാര്ടെ ഒര് ശോര്യം. കൊയ്ത്ത് കഴിയ്മ്പെ അവറ്റങ്ങളെ കണ്ടത്തില് കൊണ്ടന്ന് കെട്ടും. സ്കൂൾ പൂട്ട്നത് പാഞ്ചീടെ പണ്യാ. ഒര് റാവശ്യം വെറ്തെ ഞാനൊന്ന് അയറ്റങ്ങൾടെ കയറ്ല് പിടിച്ച് വൽച്ച് നോക്കി. ന്നെക്കൊണ്ട് കൂട്ട്യാ കൂട്ല്ലട്ടാ. പാഞ്ചീണ്ട് ഒഴവിൻറന്ന് കണ്ടത്തില്. ഞങ്ങ രണ്ടാളും ഒഴണേന്റ പിന്നാലെ വെറ്തെ അർമ്മാദിച്ച് ഓടി നട്ക്കാണ്. ചാറ്റല് മഴേണ്ട്. ഞങ്ങ്ടെ വടക്കേലെ തിറുതിക്കുട്ട്യേച്ചി തൂമ്പക്ക് വരമ്പ് വെയ്ക്കണ പൂച്ചേന്റെ പിന്നാലെ വരമ്പ്ത്ത് ചെളി വാരിത്തേച്ച് മിന്ക്കണ പണീല്. സാദാരണ വെല്ലിമ്മേണ്ടാവും. ഇത്തോണ ചിക്കമ്പോക്സ് പണി പറ്റിച്ച്. വെല്യേട്ട്നും കൊച്ചേട്ട്നും ചാലും വരമ്പ്ത്തിരുന്ന് മണ്ണെര്യട്ട് ചൂണ്ടൺണ്ട്. അപ്പളാണ് അപ്പനങ്ക്ട് വന്നത്. ലോറീലെ പണ്യായ്ട്ട് ഒരാഴ്ച മൊമ്പ് മദ്രാശിക്ക് പോയ്താ. എപ്പളണാവോ വന്നേ? എന്താണ്ടൊക്കെ അങ്കടുങ്കിടുമ്പറഞ്ഞ് അപ്പനും പൂച്ചേം ഉന്തും തള്ളായി. പോത്തുങ്ങടെ പിന്നാലോടണ ഞാനും പാഞ്ചീം ആദ്യദങ്ങ്ട് കാര്യാക്കീല. അപ്പാന്ന് വിളിച്ച് ചേട്ടമ്മാരോട്ണ കണ്ടപ്പ്ളണ് ഞാനങ്ക്ട് നോക്ക്യേ. അപ്പനും പൂച്ചേം കണ്ടത്തിൽക്ക് മർഞ്ഞ് വീഴ്ണ കണ്ട്‌. തിറുതിക്കുട്ട്യേച്ചി അതിന്റെടേല് അവർനെ മാറ്റാന് എന്താണ്ടൊക്കെ കാട്ടിക്കൂട്ടൺണ്ട്. പോത്തുങ്ങളെ വിട്ട് പാഞ്ചീടപ്പൻ ഓടിപ്പെ ഞങ്ങളും പിന്നാലോടി. അതിന്റെടേല് ഞാൻ വഴ് തി മൊകടച്ച് വെള്ളത്തില് വീണ്. മൊകം തൊടച്ച് എണ്റ്റ് നിന്നപ്പെ ചേട്ടമ്മാര് രണ്ടും വെല്യവായില് നെലോളിക്കാണ്. ഞാനട്ത്ത്ക്ക് ചെന്ന് നോക്കുമ്പെ തലേം കാലും രണ്ട് കണ്ടത്ത്ലായ്ട്ട് വരമ്പ്മ്മെ നടൂം വെച്ച് അപ്പൻ വയറ്റ്ത്ത്ന്ന് ചോരൊൽച്ച് കെടക്കണ്. പാഞ്ചീടപ്പനും ചേട്ടമ്മാരും കൂടി അപ്പന്റട്ത്തക്ക് ചെല്ലാമ്പോയപ്പെ കാച്ചിക്കളേംന്ന്മ്പറഞ്ഞ് പൂച്ച ഒക്കെത്തിനെം ഓടിച്ച്. എല്ലാരും പേടിച്ച് മോളിൽത്തെ പറമ്പിൽക്ക് കേറി. അപ്പനേം ചോരക്കറേള്ള പിച്ചാത്തീലും നോക്കി ഞാനവട്ത്തന്നെ നിന്നു. പൂച്ച എന്നൊട്ന്നും പർഞ്ഞില്ല, പഷേ പൂച്ചക്കണ്ണും വെച്ചെന്നെ തുറുപ്പിച്ച് നോക്ക്യോണ്ടിർന്നു. വല്യൊര് ഇടി വെട്ടി. പെര്മഴ പെയ്യാന്തൊടങ്ങി.

4.

അപ്പനും പൂച്ചേം തമ്മി പണ്ടും അടി നടന്നൺണ്ടത്രേ. തിറുതിക്കുട്ട്യേച്ചി പറേണ കതേണ്. കതാന്ന് പറഞ്ഞാ ശരിക്ക്നും നടന്ന്ത്. പഷേ അമ്മ പറേം, തിറുതിക്കുട്ടി ആള് ശര്യല്ലാ, പറേണതൊന്നും വിശ്വസിക്കാമ്പാടൂലാന്ന്. അത് ശര്യാട്ടാ… ഇന്നാളൊര്ക്കേ അമ്മേം വെല്ലിമ്മേങ്കൂടി കൊരട്ടിമുത്തീടെ പെരുന്നാള്ന് പൂവാൻ വിളിച്ചപ്പെ പനീന്നുമ്പറഞ്ഞ് പൊത്ച്ചുമൂടി കെടന്നാർന്നാളാ… അന്നുച്ചച്ചോറുണ്ട് ഞാൻ തെക്കേല് പൂച്ചേടെ പറമ്പ്ന്റെ എറമ്പ് ലെ മൂവാണ്ടമ്മാവ്ന്റെ മോളില് പച്ച മാങ്ങേം കട്ച്ചിരിക്കുമ്പേ അവ്ടത്തെ പണ്യായധങ്ങള് വെക്ക്ണ ചാരപ്പൊരേന്ന് തിറുതിക്കുട്ട്യേച്ചി പൂച്ചേന്റൂടെ പോണ്. പന്യാണെങ്കി പണിക്ക് വരാമ്പറ്റോ? ചെൽപ്പേ, അപ്പനണ് കുത്താൻ വന്നേന്ന് സാഷി പറഞ്ഞ് പൂച്ചേടെ ശിഷ രണ്ട് കൊല്ലാക്കി ചുരുക്ക്യേന്റെ ദേഷ്യാവും അമ്മയ്ക്ക്… തിറുതിക്കുട്ട്യേച്ച്യോട്. ഒര് അടയ്ക്കാരത്തുമ്മേന്ന് അട്ത്തേൽക്ക് കൊരങ്ങമ്മാര്ടെമാദിരി ചാട്ണ വട്ക്കേലെ എർപ്പേലേട്ടന്റെ മൂത്ത പെങ്ങള്ണ്. അനീത്തിമാര്ക്കടെമാദിരി കെട്ടിച്ച് വിട്ട്താ. പഷേ, കെട്ട്യോനുപേഷിച്ച്. പാഞ്ചി പറണത് അവര് മച്യാന്നാ. അതെന്ത്ട്ടാ സാദനംന്ന് ഞാനമ്മേനോട് ചോദിച്ച്. അപ്പപ്പറയണ് ഞാൻ വൽതാവുമ്പെ മനസ്സിലാവുന്ന്. അതിപ്പെ മനസ്സിലായാലെന്ത്ട്ട് കൊഴപ്പാണ്? ഈ വല്യോര്ടെ ഒരോ വർത്താനങ്ങ്ളെ! കത പർഞ്ഞില്ലല്ലാ? എന്നെ പെറ്റ സമയത്തെണ് . അതാരണം എനിക്കോർമ്മേല്ല. കണ്ടത്തീന്ന് പുഞ്ച കൊയ്ത് വീട്ട്ലെ മിറ്റത്ത് കറ്റമെതീടെ ദെവ്സം. തിറുതിക്കുട്ട്യേച്ചീം പാഞ്ചീടമ്മേം മെതിക്കാര്. എന്റമ്മേം മെതിക്കണ്ട്താ, പഷേ പെറ്റ്‌ കെട്ക്ക്ണ സമയല്ലേ! അമ്പത്താറിന്റന്ന് എന്നേം അമ്മെനെം കൊണ്ട് അപ്പൻ മാപ്രാൺത്ത്ന്ന് വന്നപ്പെ മിറ്റത്ത് മെതീണ്ട്. പ്രാർത്തന എത്തിക്കണ മുറീല് പായേട്ട് എന്നെ കെട്ത്തി. അന്ന് ഇവ്ടത്തെ അമ്മാമ മരിച്ചട്ട്ല്ലാട്ടാ. അമ്മ അപ്പിത്തുണ്യോള് കഴാൻ കുളിപ്പൊരേല് പോയ്പ്പെ നെലത്ത് കെടന്ന് കരയണ ന്നോട് അമ്മാമ്മേടെ പൂച്ചക്കണ്ണനെന്ത്നാ കരേണേന്ന് അമ്മാമ കൊഞ്ചിച്ചൂന്നാ പറേണെ. അപ്പനതും കേട്ട് ഒരു പിച്ചാത്തീടുത്ത് ചാടിത്തുള്ളി പോയി. എന്ക്ക് പൂച്ചക്കണ്ണുണ്ടോന്ന് ഒര്ക്കെ ഞാൻ മാപ്രാൺത്തമ്മാമ്മോട് ചോതിച്ച്. നീയോരോന്നും പറഞ്ഞ് ഇണ്ടാക്കിക്കോടാന്നുമ്പ്റ്ഞ്ഞ് അമ്മാമ്മ എന്ക്കിട്ടൊരാട്ട് .

അപ്പനാ പോക്ക് പോയ്ത് അമ്മുട്ട്യമ്മേടെ പറമ്പിൽക്യാ. നോക്ക്യാ നോട്ടെത്താത്ത പറമ്പ്ന്റെ മുഴോൻ കാര്യങ്ങള് നോക്കൺതും പൂച്ചേണ്. പിച്ചാത്തീം നീട്ടിപ്പിട്ച്ച് വര്ണ അപ്പനെക്കണ്ടപ്പെ, എന്തറാന്ന് ചോതിച്ച് മറോടി കേക്കാൻ നിക്കാണ്ട് ഓടീപ്പെ, മൂടാണ്ട് കാട് പിട്ച്ച് കെട്ക്കണ പൊട്ടക്കെന്റിൽക്ക് പൂച്ച വീണ്. അപ്പനതാരോണ്ടും പറയാണ്ട് വീട്ടിൽക്ക് വന്ന് അന്നന്നെ ലോറിപ്പണ്യായ്ട്ട് കൊടകിൽക്ക് പോയി. അന്ന് രാത്രി പൂച്ചേനെ കാണാണ്ട് തിർതിക്കുട്ട്യേച്ചി പർഞ്ഞ വെവരങ്കേട്ട് വെല്ലിമ്മ കെടന്ന് ബെഹളം വെച്ചപ്പെ നാട്ടാര് മുഴ്വോൻ ചൂട്ടും കത്തിച്ചന്നേഷിക്കാനെർങ്ങി. നേരം വെളുത്ത് തൊടങ്ങ്യപ്പളാണ് പൊട്ടക്കെന്റീന്ന് ഒച്ച എട്ക്കണേട്ട് പാഞ്ചീടപ്പൻ എല്ലാരേം വിളിച്ച് കാൺച്ചത്. പട്ടടർന്ന് തെങ്ങുമ്മേന്ന് വീണ് മര്ച്ച തെങ്ങേറ്റക്കാരൻ കുര്യാപ്പൻ ചേട്ടന്റെ വീട്ടിൽത്തെ ഏണി കൊണ്ടന്ന് പാഞ്ചീടപ്പൻ പൂച്ചേനെ രഷിക്കാൻ കെന്റിലെറങ്ങി. വീണപ്പൊള്ള അല്ലറ ചില്ലറ പരിക്കണ്ടാല്ലാണ്ട് പൂച്ചക്ക് വേറെ കൊഴപ്പൊന്നൂല്യാർന്നു. ആദ്യം പൂച്ചേനെ കേറ്റീട്ട് പിന്നെ പാഞ്ചീടപ്പനും കേറിപ്പോന്ന്. വെഷൊള്ള ജാതി പാമ്പൊണ്ടാർന്നൂത്രേ അദില്. ഇതാണ് കത. പിന്നേ, പാഞ്ചീടപ്പൻ അന്നാര്നോടും പറയാണ്ട്ര്ന്ന ഒര് രെഹ്സ്യം അവന്റമ്മോട് പറേണ കേട്ട് അവനെന്നോട് ഇന്നാള് പറഞ്ഞ്. അന്നാ പൊട്ടക്കെന്റില് ഒര് മന്ഷന്റെ അസ്തികൂടണ്ടാർന്നൂന്ന്. ഒര് കൈയില്ലാത്ത ഒരാക്ക്ടെ!

5.

അമ്മുട്ട്യമ്മേടെ കാര്യം പറഞ്ഞപ്പ്ളാണ്… ഇത്ത്റ നല്ല സ്റ്രീനെ വേറെ കണ്ട്ട്ടല്ല. ന്നോട്ന്തര് സ്നേഹാന്നാ! എന്റമ്മെടെമാദിര്യല്ല. കാല്ത്ത് തന്നെ കുള്ച്ച് സെറ്റ് മുണ്ടൊക്കിട്ട് മുടീറൻ കെട്ടി നിക്കും. ചെൽപ്പെ ഉസ്കൂളീ പോണേന് മൊമ്പെ മോര് വാങ്ങ്ക്കാൻ അമ്മ ന്നെ അവരോട്ക്ക് വിടും. ന്നെക്കാണ്മ്പേ നല്ലോണം ചിറിച്ച് വിശേഷോക്കെ ചോതിക്കും. ഞാനവട്ത്തെ പിന്നിൽത്തെ മിറ്റത്തിക്കാ പൂവാ. അവ്ടെ തിണ്ണേല് തൂക്കാത്രം വെച്ചട്ട് ന്നോട് മാറിനിക്കാമ്പറയും. അന്നട്ട് വെണ്ണ കടഞ്ഞ് മാറ്റ്യ മോര് മങ്കൊടത്തില് വെച്ചേക്കണ്ത് കൊണ്ടന്ന് ന്റെ തൂക്കാത്രത്തിൽക്ക് ഒഴിച്ചരും. അന്നട്ടവര് നീങ്ങി നിക്കുമ്പെ ഞാനതെട്ക്കും. മാർക്കക്കാരായ്തോണ്ട് പാഞ്ചീനേം വീട്ടാരേം ആ മിറ്റത്ത്ക്ക് കേറ്റ്ല്ല. തിരോണത്തിന്റന്ന് എല്ലാക്കൊല്ലോം ഞാഞ്ചെല്ലുമ്പേ കായ വർത്തതും ശറക്കര വർട്ടീം പുഴുങ്ങ്യ നേന്ത്രപ്പഴോം പിന്നെ പായസോന്തരും. അതാലോജിക്കമ്പത്തന്നെ വായേല് കപ്പലോട്ടാന്ള്ള വെള്ളണ്ട്. അവര് നായമ്മാരാ. ന്ത് ട്ടാ അവര്ടൊര് നെറം. രൊറ്റ മോനെള്ളു. ഇരിങ്ങാലക്കൊട ഇംഗ്ലീഷീട്യത്തി പടിക്ക്യാണ് ദേവൻ. അവ്നും അതെ നെറം തന്ന്യാ. പിന്നെ വെള്ളാരങ്കല്ല്മാദിര്ത്തെ കണ്ണും. പൂച്ചക്കണ്ണ് മാദിരി. വൽതാവുമ്പെ സിൽമാ നടനാവേരിക്കും. ദേവൻ ഇരിങ്ങാൽക്കൊടേല് ഓസ്റ്റലില് നിന്നട്ടാ പടിക്കണെ. അവര്ടെ ഉസ്കൂളില് പാൻറും ചെക്ക് കള്ളി ഷർട്ടും യൂണിപ്പോറം ഇട്ണം. പിന്നെ കറ്ത്ത ഷൂസും കഴുത്തി കെട്ട്ണ ഡൈയും. ശാസം മുട്ട്ല്ലാവോ? ഞങ്ങക്കടെ ഉസ്കൂളി ചെലരൊക്കെ യൂണിപ്പോറം ഇടും. മെറൂണും ക്രീമും. വല്തായാ മൊണ്ട്ടുക്കണം. ഒരിക്കെ ദേവന്റെ ഒര് പാൻറ് അമ്മുട്ടിമ്മ്യ എന്ക്ക് തന്നത് ഗാന്തിജയന്തീടെ സേവനവാരത്തിന്റന്ന് അമ്മ പറഞ്ഞപ്പെ ഞാനിട്ട്. അന്ന് പിള്ളേരൊക്കെ കൂടി പതിനൊന്നെന്ന് പറഞ്ഞ് കളിയാക്ക്യേപിന്നെ ആ സാദനം ഞാൻ തൊട്ടട്ട്ല്ല.

അമ്മുട്ട്യമ്മേടെ പറമ്പിലെ മുഴുക്കൻ കാര്യോം നോക്കണ്ത് പൂച്ചേണ്. ഒരു കാര്യസ്തന്റെമാദിരി. പറമ്പ് ലെ പണ്ക്ക് തിറുതിക്കുട്ട്യേച്ചീങ്കൂടും. രണ്ടാക്കും അമ്മുക്കുട്ട്യമ്മ ഭഷണൊക്കെ കൊട്ക്കും. വീട്ടിനുള്ളിൽക്ക് അവരെ കട്ത്തുല്ല, മാപ്ലാരല്ലേ. വീട്ടിലെ പണ്യൊക്കെ അവരന്നെ ചെയ്യും. വർക്കി മാപ്ലേനെ, പൂച്ചേനെ അവരങ്ങ്ന്യാ വിളിക്കണെ, അവർക്ക് വെല്യ കാര്യാ. അവര്ടെ ബർത്താവിനും അങ്ങന്യാർന്നത്രേ. കേക്കേ മേൻന്ന് വിൾക്കണ കൃഷ്ണങ്കുട്ടി മേൻന്. ഇവട്ത്തെ ലേലാന്റ് ബസ് അവര്ടെ കുടുമ്മക്കാരാട്യാവോ? ആ…ഞാനിതെ വെരെ ആള്നെ കണ്ട്ട്ടില്ല. എങ്ങ്നെ കാണാനാ? ഞാൻ ജനിക്ക്ണേനും മൊമ്പെ ആള് നെ കാണാണ്ടായില്ലെ! കഷി കൊറെ കൊല്ലം പട്ടാളത്ത്ലാർന്നു. റിട്ടേറ് ചെയ്ത് വന്നേപ്പ്ന്നെ ആള് എന്നും രാത്രി ഇങ്കട് വരും. നേരം പൊലർച്ചക്ക് തന്നെ ആള്ടെ വീട്ടിൽക്ക് പോവും. ഇവ്ട്ത്തെ നായമ്മാരുടെ വീട്ട്ലൊക്കെ അങ്ങന്യാ. പെണ്ണുങ്ങക്കാ പവറ്. ഇയാള് പഷേ മേൻനല്ലേ? മുന്ത്യ ജാതി. പൂച്ചക്ക് റമ്മൊക്കെ കൊടുക്കാർന്നൂന്ന് വെല്യേട്ട്ൻ പറഞ്ഞ് കേട്ട്ട്ട്ണ്ട്. പൂച്ചേടെ ചാരപ്പൊരേല് കാലിക്കുപ്പി കൊറേ കണ്ട്ട്ടന്ന്. ബയങ്കര വാടേണ്ന്നും പറഞ്ഞ്. കുതിരക്ക് കൊട്ക്കണ സാദനല്ലേ! പിന്നൊരു ദെവ്സം ഇവ്ടെ രാത്രി ഒറങ്ങി പൊലർച്ചക്ക് എഴ്ന്നേറ്റ് പോയതാത്രേ ദേവന്റച്ചൻ. പിന്നാരും കണ്ട്ട്ടില്ല ഇതൊരെ. വെല്യേട്ട്ൻ പറഞ്ഞ കതേണ്.

ഇന്നാളൊരൂസം തോമാസാഷ് ക്ലാസ്സ്പരീഷണ്ടന്ന് പറഞ്ഞന്ന് എന്ക്ക് പനി പിടിച്ച്. ന്ന്ച്ചാ പനിയാന്നുമ്പറഞ്ഞ് ഞാൻ മൂടിപ്പൊത്ച്ച് കെടന്ന് ഉസ്കൂളീ പോയില്ല. അമ്മ കണ്ടത്തില് പുല്ലരിയാമ്പോയപ്പെ ഞാനെൻറ്റ് കശ്നണ്ടി എണ്യോക്കി. ഒമ്പ്തെണ്ണം. ഒര്ണ്ണം കൂടിക്കിട്ട്യാ സേമിയ വാങ്ങ്ക്യാ. ഞാനമ്മുട്ട്യമ്മേടെ പറമ്പിന്റവട്ക്ക് ഓടി. വഴീന്നൊന്നും കിട്ടീല്ല്യ. കാല്ത്ത് പാഞ്ചി കൊണ്ടോയ്ട്ട്ണ്ടാവും. പിന്നൊര് കശ്മാവ് നിക്കണ്ത് അവര്ടെ വീട്ന്റെ പിന്ന്ലെ തൊഴുത്തിന്റടുത്ത്ണ്. പമ്മിപ്പമ്മി ഒച്ചേണ്ടാക്കാണ്ട് ഒരണ്ടിടുക്കാൻ ഞാൻ കുനിയുമ്പളണ് വീടിന്റകത്ത് അപ്പൂപ്പന്താടിടെ കളറൊള്ള വെള്ളത്തല കണ്ടെ. പൂച്ച. വെള്ളത്തലേടൂടെ ഷർട്ടിടാണ്ടെ കരീട്ടി പോല് ത്തൊള്ള നെഞ്ചും കണ്ട്…ഞാമ്പേടിച്ചോടി. കട്ടെട്ക്കാൻ ചെന്നതല്ലെ. എന്നെ കണ്ടട്ട്ണ്ടാവോ? അമ്മുട്ട്യമ്മ അറിഞ്ഞാ…ശ്ശോ…പിന്നെ വീട്ടീക്കേറീട്ട്ണ് ശാസം വീണ്ത്. മൂടിപ്പൊത്ച്ച് പിന്നേം കേറിക്കെട്ന്നു. ന്നാലും അത് പൂച്ച തന്ന്യാർന്നോ? മാപ്ലാരെ വീട്ടീക്കേറ്റാത്ത സലല്ലേ? അതേന്നെ…ആളന്നെ. മാപ്രാൺത്തമ്മാമ്മക്കല്ലാണ്ട് ഇത്രേം വെള്ളത്തല ഞാനീ ജമ്മത്ത് കണ്ട്ട്ട്ല്ല. ഞാങ്കക്കാഞ്ചെന്നത് പൂച്ച പറഞ്ഞ് കൊട്ത്തട്ട്ല്ലാന്നാ തോന്ന്ണെ. പിന്നത്തെ ഞാറാഴ്ച ടിവീല് കളി കാണാൻ ജനാൽക്കെ നിക്കുമ്പെ അമ്മുട്ട്യമ്മന്നോട് കൊറേ വർത്താനം പറഞ്ഞ്. പഴേ ഫോട്ടങ്ങള് കാണിച്ച്. ദേവന്റെം അവര്ടെ ബർത്താവിന്റെം. എന്ത്ട്ടാ കൃഷ്ണങ്കുട്ടിമേൻന്റെ പൊക്കം! ഞാനാദ്യായ്ട്ടാ കാൺണേ. ഒരാറ് ആറരടിണ്ട്. പട്ടാള യൂണിപ്പോറത്ത്ലുള്ള ഫോട്ടത്തിനെന്താ പവറ്. എടത്തെ തോളില് കൈമറ്ച്ച് ഒര് ഷോളുന്തുണിട്ട്ണ്ട്. ചൈനേന്റെ കൂടെള്ള യുദത്തില് കൈ പോയതാത്രെ!

6.

കൊല്ലപ്പരീഷക്ക് മുമ്പ്ളള അവസാൻത്തെ ദെവ്സത്തെ അവസാൻത്തെ പിര്യേഡണ്. തോമാസാഷ് പരീഷേഴതണേപ്പറ്റി ന്ത്ട്ടണ്ടൊക്കെ ഇര്ന്ന് പറേൺണ്ട്‌. പറേണ കേട്ടാ ന്താണ്ട് കളക്ടറ് പരീഷടെമാദിരിണ്ട്. മാഷ്ക്ക്ണ്ട്ട്ടാ ഞങ്ങള് പിള്ളേര്ട്ട എരട്ട പേര്, ഡിസ്കോ തോമാസ്ന്ന്. നടക്ക്മ്പെ ഡാൻസ് കളിക്കണമാദിര്യായ്ട്ടാ. ഞാൻ ബെല്ലടിക്ക്മ്പെ ഓടാനായ്ട്ട് ബേഗൊക്കെ റെഡ്യായിട്ടിരിക്കാണ്. അവസാൻത്തെ ബഞ്ചില് വാതിൽനട്ത്തിരിക്കണ പാഞ്ചീനോട്, ബേഗെടുത്തിരിക്കാൻ അതിന് മൊമ്പില്ര്ക്കണ ഞാൻ തിരിഞ്ഞട്ട് പറഞ്ഞപ്പെ, ഒര് ചോക്കഷണം തലേൽക്കെറിഞ്ഞ് മാഷ് എന്നോടെന്താണ്ട് ചോതിച്ച്. തലേന്തിരുമ്മി എൺറ്റ്ന്ന് മിഴിച്ച് നോക്ക്യപ്പെ, എന്തറാ പൂച്ചക്കണ്ണാ തുറിപ്പിച്ച് നോക്കണെന്ന് മാഷിങ്ങട്. പിള്ളേരെല്ലാനുങ്കൂടി ഒര് കൂട്ടച്ചിരി. അപ്പള്ക്കം ബെല്ലടിച്ചോണ്ട് ഞാൻ രഷപ്പെട്ട്. ഞാനും പാഞ്ചീം പതിവുമ്പോലെ ബേഗെടുത്ത് ഗേറ്റിൽക്ക് പറന്ന്. മാഷമ്മാരും ടീച്ചറമ്മാരും ങ്ങാനും കേറ്യാലോന്ന് വിചാരിച്ച്ട്ടാവും ആനോണ്ടി ഇന്ന് ഇത്തിരി നേര്ത്തെ പോയി. ന്നാലും ഗ്രൗണ്ട്ന്റെ മൂലക്ക്ള്ള വളവ് തിരിഞ്ഞ് പോണത് ഞങ്ങ ഒര് മിന്നായമ്പോലെ കണ്ട്. പാഞ്ചി കൈയീട്ടി. ഞാൻ ഒരു പെട. അവന് പൊകഞ്ഞ്. ഇന്യെന്റെ ഊഴണ്. അവൻ പെടച്ചപ്പെ എനിക്ക് പൊന്നീച്ച പറന്ന്. പണ്ടാറക്കാൽന് ഓരോ ദെവ്സം കൂടുമ്പളും ബെലം കൂടിവെരാണ്. അവര്ടെ വീട്ട്ല് എല്ലാ ഞാറാഴ്ചേം പണ്ടം വെക്കും. അതാവും ഇത്രെം ഉശിര്. ഉസ്കൂളിന്റെ പടി എറങ്ങുമ്പ്ളാണ് പാഞ്ചി പിന്നീന്നൊര് വിളി. പൂച്ചേന്ന്. എന്ക്ക് സങ്ക്ടായി. ഡിസ്കോ മാഷ് വിളിച്ചപ്പെ ആനോണ്ടീടെ ജൊരത്തിലാർന്ന കാര്ണം വെഷ്മം വന്ന്ല്ല. ഇത്പ്പോ…ഞാൻ തിരിഞ്ഞ്ന്ന് അവ്നെ തുർപ്പിച്ച് നോക്കി. അവനപ്പെ പിന്നേം അതന്നെ വിളി. പൂച്ചേ…പൂച്ചേന്ന്…എന്ക്ക് കണ്ണിലിരിട്ട് കേറ്ണമാദിരി തോന്നി. അല്ലെങ്ക്ലും പാഞ്ചി ഒരു ശവ്യാണ്. മാർക്കം കൂടീതല്ലെ. എങ്ങ്ന്യാ ആവാണ്ടിരിക്ക്യാ? ഞാനവ്നെ കൂട്ടാണ്ട് അവട്ന്ന് വീട് വെരെ ഓടി. നിർത്താണ്ട്. ഓട്ടത്തിന്റെടേല് മൂന്നാല് വണ്ടി പോയീന്നാ തോന്നണെ. ഞാൻ നമ്പറ്ന്നും നോക്കീല്യാ. ന്ത്ട്ടൂനാ. ഇനി പാഞ്ചീടൂടെ ഒര് കൂട്ടൂല്ല. അമ്മുക്കുട്ട്യമ്മേടെ പറമ്പിന്റവ്ടെ എടവഴീല് കൊറേ കശ്മാങ്ങ വീണെട്ക്കണ കണ്ട്‌. അവ്ടേം നിന്നില്ല. ശര്ക്കനും നെലോളിക്കാൻ വരൺണ്ട്. വീട്ന്റെ പടി കടന്ന്പ്പേ വീട്ടീന്ന് ഒരാള് പടിക്കൽക്ക് വരണ കണ്ട് ഞാൻ നിന്ന്. കണ്ണില് മുഴുക്ക്നും വെള്ളം നെറ്ഞ്ഞിര്ന്ന്ട്ടും എൻക്കാളെ വേഗം മൻസിലായി. പൂച്ച. വെല്ലിപ്പനെന്തണാവോ ഞങ്ങടെ വീട്ടില്. ക്രിസ്മസ് പൂട്ട്നെടയ്ക്ക് ജയിലീന്ന് വരണ വഴ്ക്ക് കേറ്യേപ്പിന്നെ ഇപ്പളാ. ന്നെ നോക്കിനോക്കി കട്ന്നപ്പെ ചിരിക്ക്ണമാദിരി തോന്നി. എന്ക്ക് അന്നാലും പേടി തന്ന്യാ വന്നെ. ഞാനക്‌ത്ത് കേറി ബേഗ് വച്ച് അമ്മേനെ നോക്ക്യപ്പേ കാണാന്ല്ല. കുളിപ്പെരേന്ന് വെള്ളം വീഴ്ണ ഒച്ച കേട്ട്. എല്ലാസോം രാത്രി കുളിക്ക്ണ അമ്മെന്താണാവോ ഈ നേർത്ത് ഒര് കുളി. പാതീമ്പൊറത്ത് തെളപ്പിച്ച് വെച്ചേക്ക്ണ കട്ടനെട്ത്ത് കുട്ച്ച് ഞാൻ പറ്മ്പിന്റെ താഴ്ത്ത് കണ്ടത്തിനപ്പ്റത്ത് ചാലുംവരമ്പീ പോയ്രുന്ന്. ചാൽല് നെറച്ച് ചണ്ടി നെറഞ്ഞ് കെടക്കാണ്. ഞാൻ വരമ്പത്തിര്ന്ന് കാല് വെള്ളത്തിൽക്കിട്ട് ചണ്ടി തള്ളി എന്റെ മൊകത്തിന്റെ നെഴല് കാണാൻ പറ്റോന്ന് നോക്കി, പൂച്ചക്കണ്ണ്ണ്ടോന്നറ്യാൻ. കണ്ണ് കലങ്ങിട്ടണാ, അദേ വെള്ളം കലങ്ങിട്ടണാന്ന്റിഞ്ഞൂടാ, ഒന്നുങ്കട് കാണാൻ പറ്റീല്യാ. അപ്പഴണ്ട് രണ്ട് പള്ളാത്തിള് വെള്ളത്ത്ന്റെ മോളിൽക്ക് ചാടി, പിന്നെ ഊളീട്ട്. എന്ക്ക് രസന്തോന്നി. കൊർച്ച് നേരം നോക്കീർന്നപ്പോ അവറ്റയ്ക്ക് അതന്നെ കളി. ചെല്പ്പോ കൂട്ടാരാവും. എന്നേം പാഞ്ചീനേമ്പോലെ. പരീഷ കഴിഞ്ഞ്ട്ട് ചൂണ്ടിട്ണം. സന്ധ്യായ്പ്പെ എൺറ്റ് ഞാൻ വീട്ടിൽക്ക് നടന്ന്. അമ്മ അന്വേഷിക്കൺണ്ടാവും. കണ്ടത്തീന്ന് പറമ്പിൽക്ക് കേറീപ്പെ ദേ കണ്ടൻ പൂച്ച. പമ്മി പമ്മി നിക്കാണ്. വെല്ല എലീനേം നോട്ടട്ട്ണ്ടാവും. ഞങ്ങടെപറമ്പിൽ ന്താ കണ്ടന് കാര്യന്ന് വിജാര്ച്ച് എറിയാൻ ഒര് കല്ലട്ക്കാൻ കുനിഞ്ഞൊള്ളു. കണ്ടൻ തിരിഞ്ഞ് എന്നെ തുർപ്പിച്ച് നോക്കണ്. ഈ പണ്ടാരത്തിനെന്തുട്ടാ പിന്ന്ല് കണ്ണ്ണ്ടാ? ഞാൻ എറിയണ്ടാന്ന് വെച്ച് അദിനെ അവടെവിട്ട്. കൊറച്ച് നടന്ന് തിരിഞ്ഞ് നോക്ക്യപ്പെ കണ്ടൻ അവടെത്തന്നെ അതേ നിപ്പ്. ന്നെത്തന്നെ നോക്ക്യോണ്ട്. തെന്തൊരു മാരണപ്പാ. ഞാൻ ഒച്ചേണ്ടാക്കാണ്ട് പമ്മിപ്പമ്മി പിന്നിൽത്തെ എറേത്തൂടെ വീട്ടീക്കേറി. അമ്മ കയ്യോടെ പിടിച്ച്. നീ എവടെ ചാവാമ്പോയി കെടക്കാർന്നൂന്ന് ഒര് മെക്കട്ടേറ്റം. ഞാനൊന്നുമ്പറയാണ്ട് പ്രാർത്തന എത്തിക്കണ മുറീ പോയി അവ്ടെ കത്തിച്ച് വെച്ചേക്ക്ണ വെളക്ക് ട്ത്ത് ചായ്പ്പിൽക്ക് നടന്ന്. തമ്പ് രാൻറട്ത്തെ വെളക്കും കൊണ്ട് നീയെങ്ങട്ടാന്ന് അമ്മ. ഞാൻ കേക്കാത്തമായിരി നടന്നപ്പെ അട്ത്തത്. ടാ, നീയിന്ന് ഉസ്കൂളീന്ന് നേർത്തെ വന്നാ? തള്ളക്കിതെന്താന്നാലോജ്ച്ച് ഞാൻ നോക്ക്യപ്പേ അമ്മക്കെന്താ ഒരു പതർല്? ഞാൻ ചായ്‌പീക്കേറി വാതിലട്ച്ച്, മൂലക്കിരക്കണ ട്രങ്കുമ്പെട്ടി ജനാലേന്റെ താഴത്തക്ക് വൽച്ച് വെച്ച്. അന്ന്ട്ട് അത് മ്മല് കേറി ജനാലേന്റെ മോളില് തൂക്കിയിട്ടിരിക്ക്ണ പൊട്ട്യ കണ്ണാട്യെട്ത്ത് ട്രങ്കുമ്മലിരുന്ന്. കണ്ണാടി അപ്പിടി പൂപ്പലായ് പിടിച്ചിരിക്ക്യാണ്. ശരിക്കും കാണാമ്പറ്റാവോ? വെളക്കെട്ത്ത് പൊക്കി കണ്ണാടി മൊകത്തോട് ചേർത്തുമ്പിടിച്ച് ഞാൻ സൂഷിച്ച് നോക്കി. പൂപ്പലായ്ക്കെടേലൂടെ ന്നെത്തന്നെ തുർപ്പിച്ച് നോക്കണ തെളങ്ങണ രണ്ട് വട്ടങ്ങള് കണ്ട് ഞാൻ കൊറേ നേരം തംബിച്ചിരുന്ന്. ശര്യാട്ടാ….പൂച്ചക്കണ്ണ്!

ജിജു ആന്റണി

മുംബയ്, ബാംഗ്ളൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ‘ഏലി ഏലി ലമാ സബക്തനി’ എന്ന മറാത്തി സിനിമയുടെ സംവിധായകനാണ്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here