വാക്കിനാല്‍ അഗ്നി കടഞ്ഞെടുത്തൊരാള്‍

0
867

നിധിന്‍.വി.എന്‍

കഥാകാരന്‍, നാടകകൃത്ത്‌, നോവലിസ്റ്റ്‌, അദ്ധ്യാപകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, സ്വാതന്ത്ര്യ സമരസേനാനി, തിരക്കഥാകൃത്ത്‌, സാമൂഹിക പരിഷ്‌കര്‍ത്താവ്‌, വാഗ്മി, നാടക-ചലച്ചിത്ര പ്രവര്‍ത്തകന്‍ തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു പൊന്‍കുന്നം വര്‍ക്കി. സ്വന്തം ചുറ്റുപാടുകളേയും മനുഷ്യ ജീവിതാവസ്ഥകളെയും വളരെ സൂക്ഷ്‌മമായി നോക്കി കണ്ട എഴുത്തുകാരനായിരുന്നു അദ്ദേഹം.

“അന്തോണീ നീയും അച്ഛാനായോടാ, പളങ്കോടന്‍” എന്നീ കഥകള്‍, ക്രിസ്‌ത്യന്‍ പൗരോഹിത്യത്തിനെതിരെ ക്രൂരമായ വിമര്‍ശനം അഴിച്ചുവിട്ട കഥകളാണ്‌. ഈ കഥയുടെ പിറവി പുരോഹിത വര്‍ഗ്ഗത്തിന്റെ ശക്തമായ എതിര്‍പ്പിനു കാരണമായി. 1943-ല്‍ “ഹൃദയനാദം” എന്ന സമാഹാരത്തിന്റെ മുഖവുരയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു. “മര്‍ദ്ദനം, ചൂഷണം, വഞ്ചന, സ്‌നേഹാഭാസം എന്നിതുകളില്‍ നിസഹായനായി കഴിയുന്ന സഹജാതരുടെ ആര്‍ത്തനാദം കേള്‍ക്കുമ്പോള്‍ എന്റെ മനുഷ്യത്വം പരവശമായി തീരുന്നു. ആ വേദന കണ്ട്‌ ഞാന്‍ തളരുന്നു. ആ അനീതി കണ്ടു ഞാന്‍ ഞെട്ടുന്നു” ഈ വിധത്തില്‍ അധ്വാനിക്കുന്ന മനുഷ്യര്‍ക്കു വേണ്ടിയാണ്‌ അദ്ദേഹം തൂലിക ചലിപ്പിച്ചത്‌.

“ദുഃഖിതരോട് ചേര്‍ന്നുനിന്ന് ഞാന്‍ നിങ്ങളുടെ ശബ്ദവും രൂപവും പ്രകാശിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്നെ ഒരു കഥാകാരനായി അംഗീകരിച്ചു” ഞാന്‍ കഥാകാരനായ കഥ എന്ന പുസ്തകത്തിലെ അദ്ദേഹത്തിന്റെ വരികളാണിത്. പൗരോഹിത്യ ജീര്‍ണതയ്ക്ക് എതിരെ ജീവിതാവസാനം വരെ നിര്‍ഭയനായി പോരാടാന്‍ വര്‍ക്കിയെ പ്രേരിപ്പിച്ചത് ക്രിസ്തുവിന്റെ ആദര്‍ശങ്ങളിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു. താന്‍ ഉള്‍പ്പെട്ട സഭയെയും പൗരോഹിത്യത്തെയും അന്ധമായി എതിര്‍ക്കുകയല്ല; യഥാസ്ഥിതിക പൗരോഹിത്യത്തെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ നല്ല ഉദാഹരണമാണ് “അള്‍ത്താരയിലെ’ നന്മയുടെ പ്രതീകമായ ഫാ. മാന്തോപ്പില്‍. ദൈവത്തെ വിളിക്കാന്‍ എനിക്ക് ഇടനിലക്കാരന്റെ ആവശ്യമില്ല എന്നാവര്‍ത്തിച്ച പൊന്‍കുന്നം വര്‍ക്കി പെരുഞ്ചേരി വീട്ടുമുറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്നതും ഈ നിലപാടുകൊണ്ടുതന്നെ.

“എന്നെ എന്റെ പുരയിടത്തില്‍ സംസ്കരിക്കണം. കാശുകൊടുത്തും പള്ളിയില്‍വച്ചും സംസ്കാരം വേണ്ട” എന്ന് പറയാന്‍ ആര്‍ജവം കാട്ടിയ എഴുത്തുകാരനാണ്‌ അദ്ദേഹം. യൗവനകാലഘട്ടത്തില്‍ പുരോഗമനപരമായി ചിന്തിക്കുകയും, വാര്‍ദ്ധക്യ കാലത്ത് മതങ്ങളുമായി പതുക്കെ അടുക്കുകയും ചെയ്യുന്ന കപടബോധമായിരുന്നില്ല വര്‍ക്കിക്ക് തന്റെ നിലപാടുകള്‍.

1911 ജൂലൈ 1-ന് ആലപ്പുഴ ജില്ലയിലെ എടത്വായിലാണ്‌ വര്‍ക്കി ജനിച്ചത്. മൂന്നാമത്തെ വയസ്സില്‍ അപ്പന്‍ മരിച്ചത്തോടെ കോട്ടയം പൊന്‍കുന്നത്തെ അമ്മവീട്ടിലേക്ക് താമസം മാറി. മലയാളത്തില്‍ ഹയര്‍, വിദ്വാന്‍ ബിരുദങ്ങള്‍ പാസായ ശേഷം അദ്ധ്യാപകനായി. 1939- ല്‍ “തിരുമുല്‍ക്കാഴ്ച” എന്ന ഗദ്യകവിതയുമായാണ് വര്‍ക്കിയുടെ സാഹിത്യ രംഗപ്രവേശം. പ്രഥമ കൃതിക്ക് തന്നെ മദ്രാസ്‌ സര്‍വകലാശാലയുടെ സമ്മാനം ലഭിച്ചു.


പുരോഗമന ആശയങ്ങള്‍ മുന്നോട്ടുവച്ച എഴുത്തുകാരില്‍ തകഴി, കേശവദേവ്‌, വൈക്കം മുഹമ്മദ്‌ബഷീര്‍, പൊന്‍കുന്നം വര്‍ക്കി എന്നിവര്‍ നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയാണ്‌. സമാനാശയമുള്ള എഴുത്തുകാര്‍ ആദ്യമായി 1937-ല്‍ തൃശൂരില്‍ ഒത്തുകൂടി ജീവല്‍സാഹിത്യ സംഘടന രൂപവത്‌കരിച്ചു. തുടര്‍ന്ന്‌ 1944 ല്‍ ഷൊര്‍ണ്ണൂരില്‍ സാഹിത്യകാരന്മാര്‍ സംഘടിച്ച്‌ സംഘടനയുടെ പേര്‌ പുരോഗമന സാഹിത്യ സംഘം എന്നാക്കി. കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഇവരുടെ പിന്നിലണി നിരന്നു. സമൂഹത്തിന്റെ പൂരോഗതിയും മാറ്റവുമായിരിക്കണം കലയുടെ ലക്ഷ്യം, കല കലയ്‌ക്കുവേണ്ടിയല്ലന്നും ജീവിതത്തിനു വേണ്ടിയാണെന്നും അവര്‍വാദിച്ചു. ഈ പ്രസ്ഥാനത്തില്‍പ്രവര്‍ത്തിച്ച ഒരാളായിരുന്നു വര്‍ക്കിയും.

രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും വീരകഥകള്‍ മാത്രം കേട്ട ഒരു സമൂഹത്തെ കര്‍ഷകരുടെ ദുരിതങ്ങള്‍ പകര്‍ന്നു നല്‍കാന്‍, വേദനകൊണ്ട് പൊള്ളിക്കാന്‍ വര്‍ക്കിക്ക് കഴിഞ്ഞു. മലയാളികളുടെ മനസ്സില്‍ ശബ്ദം നിലയ്ക്കാത്ത കലപ്പയിരുന്നു ശബ്ദിക്കുന്നു. മനുഷ്യത്വത്തിനേറ്റ മുറിവുകള്‍ക്ക് നേരെ വര്‍ക്കിയുടെ തൂലിക ചലിച്ചു. മലയാളത്തിലെ ധിക്കാരിയായ ഈ എഴുത്തുകാരന്‍ വാഗഗ്നി കൊണ്ട് പരിവര്‍ത്തനത്തിന്റെ പാത തെളിയിച്ചു. 2004 ജൂലൈ രണ്ടിന്‌ പാമ്പാടിയിലെ പെരുഞ്ചേരില്‍ വീട്ടില്‍ താമസിക്കുമ്പോള്‍ നമ്മെ വിട്ടു പിരിഞ്ഞ അദ്ദേഹം ഉയര്‍ത്തിയ കൊടുങ്കാറ്റ്‌ സാംസ്‌കാരിക ഫാസിസത്തിനെതിരെ പോരാടാന്‍ ഊര്‍ജ്ജം തന്നുകൊണ്ടേയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here