വെള്ളയടിച്ച കുഴിമാടങ്ങളോടും അധികാര ദുര്‍നയങ്ങളോടും കലഹിച്ച ഒരാൾ.

2
1259

പ്രസാദ് കാക്കശ്ശേരി

”എഴുത്തോ നിന്റെ കഴുത്തോ, ഏറെ കൂറേതിനോട്” എന്ന് എം.ഗോവിന്ദൻ ചോദിക്കുന്നതിന് മുൻപെ നിസ്സംശയം എഴുത്തിൽ, വാക്കിൽ നട്ടെല്ല് നിവർത്തി കരുത്തോടെ നിന്ന എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. നിർഭയമായ എഴുത്തിന്റെ സൗന്ദര്യം അറിയാൻ പൊൻകുന്നം വർക്കിയുടെ രചനകൾ വായിക്കണം. സാമൂഹ്യ പ്രതിബദ്ധത ഒരു ഭാരമല്ലെന്നും കാലനീതിയാണെന്നും അപ്പോൾ ബോധ്യപ്പെടും. അമർഷത്തിന്റെ കനലുകൾ വാക്കുകളായി തിളങ്ങുന്നതും നീറി നീറിപ്പിടിക്കന്നതും ആണെന്ന് രചനകൾ പുനർവായിക്കുമ്പോൾ ബോധ്യപ്പെടും. പൗരോഹിത്യ ധിക്കാരങ്ങൾ, മതകേന്ദ്രിത ആത്മീയ വിപണികളുടെ ധാർഷ്ട്യം . ജാതീയവും സാമ്പത്തികവുമായ വിഭജനക്രമങ്ങൾ, അദൃശ്യനായ ശത്രുവിന്റെ ചൂഷണ തന്ത്രങ്ങൾ ഏറുന്ന ഇക്കാലത്ത് എഴുത്തിന് പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഉൾത്തെളിച്ചം വേണമെന്ന് ഒരിയ്ക്കൽ കൂടി ഓർമ്മപ്പെടുത്തും പൊൻകുന്നം വർക്കിയുടെ കഥകളും നാടകങ്ങളും. നവോത്ഥാന കഥാകാരന്മാരെപ്പോലെ വിശാലവും സ്പർശനക്ഷമവുമായ അനുഭവ ലോകം തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന മൂലധനം .ജീവിതത്തിൽ അനുഭവിച്ച ദാരിദ്ര്യം, അടിച്ചമർത്തൽ, വിവേചനം എന്നിവയുടെ കയ്പുനീരാണ് ദുരധികാര കേന്ദ്രങ്ങളുടെ മുഖത്തേക്കുള്ള കാർക്കിച്ച് തുപ്പലായി പരിണമിച്ചത്. നിശ്ശബ്ദനാകാനല്ല, ചോദ്യം ചെയ്യാനാണ് ഉൾക്കരുത്തുള്ള ആ രചനകൾ പ്രേരിപ്പിച്ചത് .

ponkunnam-varkki-subesh-padmanabhan
വര- സുബേഷ് പത്മനാഭൻ

”സ്നേഹിതാ, ഞാൻ കഥാകാരനാകുകയല്ല, എന്നെ കഥാകാരനാക്കുകയാണ് ചെയ്തത് ” ‘ഞാൻ കഥാകാരനായ കഥ’യിൽ പൊൻകുന്നം വർക്കി പറയുന്നുണ്ട്-“വ്യവസ്ഥിതി നിറഞ്ഞ ജീവിതത്തിനു വേണ്ടി സന്ധിയില്ലാത്ത സമരം നടത്തുന്ന മർദ്ദിതരുടെ അനുഭവങ്ങളിലും ദിവസങ്ങളിലും ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതി കണ്ടെത്തി. തുല്യ ദൂഃഖിതനായ ഞാൻ അവരുടെ വിശ്വസ്ത സ്നേഹിതനായി പറ്റിച്ചേർന്നു. ഞാനും എന്റെ പാവപ്പെട്ട കുടും ബവും കുടിക്കേണ്ടി വന്ന കയ്പുനീര്‍; പരിഹാസത്തിന്റെയും മർദ്ദനത്തിന്റെയും അവമാനത്തിന്റെയും പട്ടിണിയുടെയും പാനപാത്രങ്ങളിൽ നിന്ന് ഞാൻ കുടിക്കേണ്ടി വന്ന കയ്പുനീരിന്റെ പ്രതികാര നടപടികൾക്ക് കഥ എന്റെ നേർക്ക് ഒരു രാജ വീഥി തുറന്ന് കാണിച്ചു. തുല്ല്യ ദുഃഖിതരോട് ചേർന്ന് ഞാൻ ഞങ്ങളുടെ ശബ്ദവും രൂപവും പ്രകാശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ നിങ്ങളിൽ ചിലർ എന്നെ ഒരു കഥാകാരനായി അംഗീകരിച്ചു. ഇത്ര മാത്രം. ”( ഞാൻ കഥാകാരനായ കഥ )

29-ാം വയസ്സിൽ ‘തിരുമുൽക്കാഴ്ച ‘എന്ന ഗദ്യ കവിതയുമായാണ് പൊൻകുന്നം വർക്കി സാഹിത്യത്തിൽ ഇടപെടുന്നത്. കഥയെഴുതിയതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. മാപ്പെഴുതിക്കൊടുത്താൽ ജയിൽ മോചിതനാക്കാം എന്ന അധികാര കല്പനയ്ക്ക് മുന്നിൽ പൊൻകുന്നം വർക്കി പറഞ്ഞത് അതിന് വർക്കി വേറെ ജനിക്കണം എന്നായിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ പ്രതീകാത്മകമായി കലഹിക്കുകയായിരുന്നു ‘മോഡൽ ‘എന്ന ചെറുകഥ. ‘മന്ത്രിക്കെട്ട് ‘എന്ന കഥയിലും പ്രതീകാത്മകവും അന്യാപ ദേശ പ്രധാനവുമായ ചില സാരങ്ങൾ മുനവെച്ച് നിവർത്തി. ഫാസിസ്റ്റ് ഭരണ നയങ്ങളിൽ രാജ്യദ്രോഹിയാകാൻ വിധിക്കപ്പെട്ട കലാകാരന്മാരെ നാം കാണുന്നു സമകാലത്ത്. അവരെ ചന്ദ്രനിലേക്ക് നാടു കടത്തണമെന്നും ആട്ടിപ്പായിക്കണമെന്നും വധിക്കണമെന്നും ഉള്ള തിട്ടൂരങ്ങൾ ഉണ്ടാകുന്നു. രാജ്യദ്രോഹി/ ദേശസ്നേഹി എന്ന വിഭജനമതിൽ ചില ഇംഗിതങ്ങൾ കൊണ്ട് സ്വേച്ഛയാ ഭരണകൂടം കല്പിച്ചുയർത്തുന്നു. ഇക്കാലത്തും എഴുത്തു കാരന്റെ /കലാകാരന്റെ ഇടപെടല്‍ എപ്രകാരമായിരിക്കണം എന്ന പാഠപുസ്തകം കൂടിയാണ് നിര്‍ ഭയമായ പൊൻകുന്നം വർക്കിയുടെ എഴുത്തും കരുത്തും.

prasad-kakkassery-01
പ്രസാദ് കാക്കശ്ശേരി

വിദേശത്ത് നിന്ന് പഠിച്ച തയ്യൽ രീതികൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ഫ്രാൻസിസ് എന്ന തയ്യൽക്കാരനാണ് മോഡൽ എന്ന കഥയിലെ കഥാപാത്രം. ഉത്സവ ദിനത്തിൽ ഷർട്ടിടണമെന്ന ആഗ്രഹവുമായി തയ്യൽ ശാലയിൽ തുണി കൊടുത്ത് ഷർട്ട് തയ്പിക്കാനെത്തുകയാണ് പാപ്പൻ. ഷർട്ട് വാങ്ങാനെത്തിയ പാപ്പന് കിട്ടുന്നത് കൈക്ക് വേണ്ടത്ര നീളമില്ലാത്ത കഴുത്തിൽ ചില കുരുക്കുകളുള്ള ഷർട്ടാണ്. ഒന്നിട്ട് നോക്ക് എന്ന് തയ്യൽക്കാരൻ പറയുമ്പോൾ ”ഇതെനിക്കാവശ്യമില്ല, താൻ തന്നെ എടുത്തു കൊള്ളു… ഇതിട്ടാൽ എനിക്ക് ശ്വാസം മുട്ടും” എന്നാണ്പാപ്പന്‍ പറയുന്നത് . നല്ല വില കൊടുത്ത് വൃത്തികേട് വാങ്ങാൻ പാപ്പൻ തയ്യാറാവുന്നില്ല.” ഈ മോഡൽ നിശ്ചയിക്കുന്നത് ആരാണ്? നിങ്ങളോ ഞാനോ ? ”പാപ്പന്റെ ചോദ്യത്തിൽ ഫ്രാൻസി സിൻറെ തയ്യൽക്കട നടുങ്ങിപ്പോയി എന്നാണ് കഥാകൃത്ത് പറയുന്നത്. ഞാൻ തന്നെയാണ് തന്റെ ഷർട്ടിന്റെ മാതൃക നിശ്ചയിക്കേണ്ടത് എന്ന പാപ്പന്റെ നിലപാട് ഒട്ടേറെ രാഷ്ട്രീയ ധ്വനികൾ ഉള്ളടക്കി. തയ്യൽ കടയിൽ കയറി തനിക്ക് പാകമാകുന്ന മോഡൽ തെരഞ്ഞെടുക്കുന്ന പാപ്പനെ അവതരിപ്പിച്ച് കൊണ്ട് സമരോത്സുകമായ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുക കൂടി ചെയ്തു കഥാകൃത്ത്.

‘മന്ത്രിക്കെട്ട്’ എന്ന കഥയിൽ ചതുരംഗ വിദ്വാനായ അഞ്ചാം കളത്തിൽ കിട്ടുപ്പിള്ളയാശാനെ അതരിപ്പിച്ചിരിക്കുന്നു. കാവിദ്യയും മുക്കാത്ത ട്ടിപ്പും ഉള്ള ആശാനെ ജനങ്ങൾക്കറിയാം. ചതുരംഗമാണ് അയാളുടെ ലഹരി. കുടുംബം നോക്കാതെ എന്നാൽ കുടുംബാംഗങ്ങളെ മുഴുവന്‍ ചൊൽപ്പടിക്ക് നിർത്തി ചതുരംഗപ്പലകയുമായി അമർന്നിരിക്കുന്ന കിട്ടുപ്പിള്ള മറ്റൊരു അധികാര ഭാവമാണ്. വലിയ ചതുരംഗ വിദ്വാനായി ഭാവിക്കുന്ന അയാൾ കഥാന്ത്യത്തിൽ പ്രതിയോഗിയുമായി കളിച്ച് പരാജയപ്പെടുകയാണ്. ആള്‍ക്കരുക്കൾ കൊണ്ട് ആശാനെ അടിയറവ് പറയിക്കുന്ന സമർത്ഥനായ പ്രതിയോഗി .രാജാവും മന്ത്രിയും ആന, കുതിരകളൊന്നുമല്ല പ്രജകളാണ് ഏറവും വലിയ കരുത്തെന്ന് ബോധ്യപ്പെടുത്തി ജനാധിപത്യ ബോധത്തിന്റെ പാഠവും പൊരുളും എഴുതിച്ചേർത്തു ‘മന്ത്രിക്കെട്ട്’ എന്ന കഥയിലൂടെ പൊൻകുന്നം വർക്കി .അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കഥയാണ്’ശബ്ദിക്കുന്ന കലപ്പ ‘.മലയോര കർഷകന്റെ ദാരിദ്ര്യവും കാർഷിക വ്യവസ്ഥയുടെ തകർച്ചയും അനാചാരങ്ങൾ ഏല്‍പ്പിക്കുന്ന സംഘര്‍ഷവും വൈകാരികത ചോരാതെ പറഞ്ഞ് വെക്കുന്ന കഥയാണ് ശബ്ദിക്കുന്ന കലപ്പ .കണ്ണൻ എന്ന കാളയും ഔസേപ്പ് എന്ന കർഷകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ തെളിമയിൽ രൂപപ്പെടുന്ന സങ്കട വൃത്തം ഒരു കാലഘട്ടത്തെ കൂടി പ്രതിഫലിപ്പിക്കുന്നു .കലപ്പയിൽ ചുക്കിലി കെട്ടിയ ഇട ത്തിലിരുന്ന് ചില ക്കുന്ന പല്ലി എക്കാലത്തേയും മികച്ച കഥാ ബിംബമായി നേരുകളുടെ സാരം ഉൾച്ചേർക്കും .

ക്രൈസ്തവ സഭയും പൗരോഹിത്യവും മതാധികാരമായി മനുഷ്യനെ ഇറുക്കിക്കളയുമ്പോൾ ഞരുങ്ങാതെ, സമരസപ്പെടാതെ കലഹിക്കുകയാണ് പൊൻകുന്നം വർക്കിയുടെ ചില കഥകൾ . ‘അന്തോണീ നീയും അച്ഛനായോടാ ? ‘എന്ന കഥയെഴുതിയതിന്റെ പേരിൽ മാനേജ്മെന്റ് സ്കൂളിലെ ജോലി നഷ്ടപ്പെട്ടുകഥാകൃത്തിന്. ഫാദർ പാളേങ്കോടൻ മുഖ്യകഥാപാത്രമാകുന്ന ‘പാളേങ്കാേടൻ ‘എന്ന കഥയിൽ ക്രൈസ്തവ മൂല്യങ്ങളെ നിഷേധിച്ച്, ‘വെള്ളയടിച്ച കുഴിമാട’മായി ചമഞ്ഞു കിടക്കുന്ന പാളേങ്കോടനെ കാണാം. അയാളുടെ കൈയിൽ ആയുധമുണ്ട്. ജനങ്ങളെ കബളിപ്പിക്കുന്ന ആത്മീയ നാട്യമുണ്ട്.ബാല പീഡനത്തിന്റെയും അവിഹിത ബന്ധത്തിന്റെയും കറയുണ്ട്. പള്ളി മുറ്റത്തെ ക്രിസ്തുവിന്റെ തലക്കലുള്ള കാന്തവും കാൽ കീഴിലെ ഫാദർ പാളേങ്കോടനും ചേർന്നാണ് സഭയെ രക്ഷിച്ച് നിർത്തുന്നതെന്ന ‘തലതെറിച്ച ചിരി’ അവതരിപ്പിച്ചാണ് കഥ അവസാനിപ്പിക്കന്നത്. മകന്പനി വന്നിട്ടും ചികിത്സിക്കാതെ ബൈബിളുമായി ഇരുന്ന് പ്രാർത്ഥിക്കുന്ന ഉപദേശി ‘ബൈബിൾ ‘എന്ന കഥയിലുണ്ട്. രോഗം തന്നത് യഹോവയാണ് അദ്ദേഹത്തിനത് എടുത്തു കളയാനും ശക്തിയുണ്ട് എന്നതാണ് ഉപദേശിയുടെ മതo. ആത്മീയ വിപണിയും നാട്യവും ജനാധിപത്യക്രമത്തെ കീഴ്പെടുത്തി കോർപ്പറേറ്റ് അധോലോകമായി പരിണമിക്കുന്നതിന്റെ രാഷ്ട്രീയം അവതരിപ്പിച്ച ക്രാന്തദർശിയായ എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി.

2 COMMENTS

  1. പൊൻകുന്നം വർക്കി ഒരു വിപ്ലവകാരി എന്ന് കോവിലൻ പറഞ്ഞിട്ടുണ്ട്.സാഹിത്യകാരന്മാരുമായി പരിചയം ഇല്ലാതിരുന്ന അക്കാലത്ത് വർക്കി ഒരു നെക്സലൈറ്റ് ആണെന്നു തന്നെ ഞാൻ ധരിച്ചു വച്ചു.അന്തോണീ നീയും അച്ഛനായോടാ എന്ന കഥ വായിച്ചപ്പോൾ കോവിലൻ പറഞ്ഞതിന്റെ പൊരുളറിഞ്ഞു.പ്രസാദ് കാക്കശ്ശേരിയുടെ വരികളും ശക്തം.ദീപ്തമായ സ്മരണയ്ക്ക് നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here