കവിത
1. വേനൽത്തടാകം
ചിറകുണ്ടായിട്ടു തന്നെയാണ്
വേനലിൽ അതു പറന്നു പോയത്.
അദൃശ്യമായ പറക്കലിന്റെ ആധിയിൽ
അവിടെ ഒരു കിളിക്കൂട് അത്
ബാക്കി വെച്ചിരിക്കുന്നു
പൊഴിഞ്ഞ തൂവലുകളും
ചൂടും ചൂരും
ഓർമ്മകളുടെ മീൻമുള്ളുകളും
കൂട്ടിൽ
അതിനെ ഓർത്ത് കിടക്കുന്നു
അതിൽ നിന്ന്
അതിന്റ ഓർമ്മയുടെ
അവസാനത്തെ ചലനം
കൊത്തിയെടുക്കുന്നു ,
ഒരു കൊറ്റി
എത്ര വിദഗ്ധമായാണ്
തടാകം അതിന്റെ ചിറകുകൾ
ഒളിപ്പിച്ചത്!
2. തുഴഞ്ഞു പോകൽ
നടന്നു പോകവേ
ഞാൻ പുഴയായി!
പെയ്തതെന്തെന്നോ
ഉറവുകളേതെന്നോ അറിയില്ല
ജലം നിറഞ്ഞ്
ഒഴുകിക്കൊണ്ടിരുന്നു
ഒരാളതിൽ ഇറങ്ങുവാൻ വന്നു
മുങ്ങുമെന്ന് മൂന്നുവട്ടം പറഞ്ഞു
അയാൾ കേട്ടില്ല
അയാൾ മുങ്ങുകയും
മീനാവുകയും ചെയ്തു
ഞാൻ നടന്നു
ഉള്ളിലെവിടെയോ അയാളുണ്ട്
എന്റെ ആഴങ്ങളിൽ
പുരാതനമായ ഒരു വികാരത്തിലിരുന്ന്
തുഴഞ്ഞു പോകുന്നു
ഇപ്പോൾ
ഒരാഗ്രഹം ബാക്കിയുണ്ട്
എന്നെങ്കിലും അയാളൊരു പുഴയാവുമ്പോൾ
അതിലൊരു മീനാവണം.
3. വാക്കുകളുടെ ഫോസിലുകൾ
എന്റെ ഗ്രാമമിപ്പോൾ
മറ്റൊരു ഭാഷ സംസാരിക്കുന്നു
ചന്തയിൽ
ഹോട്ടലിൽ
നഴ്സറിയിൽ
സ്കൂളിൽ …
ഞങ്ങളിന്നലെ
നഗരം കാണാൻ പോയി
മ്യൂസിയത്തിൽ
വാക്കുകളുടെ ഫോസിലുകൾകണ്ടു..
പണ്ട്
ഫ്ലാറ്റുകൾക്കും മുമ്പ്
അവ ജീവിച്ച പരിതസ്ഥിതിയെ കുറിച്ച്
ഗൈഡ് പറഞ്ഞു തന്നു
ഒരു വാക്കിൽ കയറി
മറ്റൊരു കാലത്തിലേക്ക് സഞ്ചരിച്ചു
മറ്റൊന്നിൽ കയറി
ഓർമ്മയുടെ അറ്റത്തേക്കും
എന്റെ ഗ്രാമമിപ്പോൾ
എന്റെ ഗ്രാമമല്ല
അതെന്നെ പ്ലാസ്റ്റിക് കവറിലാക്കി
ചുരുട്ടി പുറത്തേക്ക്
വലിച്ചെറിഞ്ഞിരിക്കുന്നു.
4. താപസൻ
ആറു ചുംബനം കഴിഞ്ഞ്
അവൾ വിശ്രമിച്ചു,
ദൈവത്തെ പോലെ.
അയാൾ പ്രാർത്ഥന തുടങ്ങി
ഭജനയും ധ്യാനവും തുടങ്ങി
അനന്തരം അയാൾ
തപസ്സു ചെയ്തു,
ഒരു വല്മീകം അയാളെ
കെട്ടിപ്പിടിച്ചു.
മറ്റൊന്നുമറിയാതെ
അയാൾ അതിനുള്ളിൽ ജീവിച്ചു.
5. ലൈറ്റ് ഹൗസ്
ഉപേക്ഷിക്കപ്പെട്ട ലൈറ്റ് ഹൗസിനെ
ഇടയ്ക്ക് വന്നു നോക്കുന്നു,
അമ്പിളി.
വെളിച്ചമിറ്റിക്കുന്നു ചുണ്ടിൽ
ദാഹജലം പോലെ,
കഴിഞ്ഞു പോയ രണ്ടു നാളുകൾ
രണ്ടു വൃത്തങ്ങളായതണിയുന്നു
കണ്ണട പോലെ.
കാഴ്ചയില്ലെങ്കിലും
രാത്രിക്കടലിൽ
അതിനു പരിചയമുള്ള
ചില തുളളികളുണ്ട് .
ഈപ്പഴും തുളുമ്പുന്നവ.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.