കവിത
യഹിയാ മുഹമ്മദ്
ഒരു ഒഴിവുദിവസം ചുമ്മാ
അലക്കാനിറങ്ങിയപ്പോൾ
അടുത്ത വീട്ടിലെ ജമീലത്ത ചോദിച്ചു
മുഹമ്മദേ ഇതൊക്കെ ചെയ്യാൻ
നിനക്കൊരു പെണ്ണുകെട്ടിക്കൂടെ?
ചോദ്യം തികച്ചും ന്യായമാണ്.
രണ്ട് ദിവസം മുമ്പ് മാതു ഏടത്തിയും ശൈമേച്ചിയും
എന്റെ വിവാഹ പ്രായത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയിരുന്നു.
അടുക്കളയിൽ കരി കൊണ്ട് കോലം വരയാനും മുറ്റമടിച്ച് നടുവൊടിയാനും
അലക്കു കല്ലിൽ നുരയും പതയുമായ് തേയാനും
ഉമ്മയ്ക്കൊപ്പം ഒരു കൂട്ടാവുമല്ലോ!
വിവാഹം ഉമ്മയോട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല പുണ്യകർമ്മം തന്നെ.
ഞാൻ വിവാഹിതനായി!
വൈവാഹിക ജീവിതം തട്ടലോ മുട്ടലോ ഇല്ലാതെ
മാതൃകാപരവും സന്തോഷപൂരിതവുമായി മുന്നോട്ടു നീങ്ങി.
അതിലേറെ സന്തോഷത്തിലും ആനന്ദത്തിലുമാണ് ഉമ്മ
അവൾ നന്നായി മത്തി മുളകിടും.
പുട്ടും കടലയും വെക്കും.
ബീഫു വരട്ടിയതോ,
വായിൽ കപ്പലോടും.!
അലക്കാനും തൂത്തുവാരാനും അവൾക്കൊരു പ്രത്യേക നൈപുണ്യമുണ്ട്
ഇപ്പോൾ കാണുന്നവരൊക്കെ ഞങ്ങളോട് ചോദിക്കും
വല്ല വിശേഷവും!
കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സുഖമെന്നു പറയും.
വർഷങ്ങൾ കഴിയുന്തോറും ഈ ചോദ്യം അസഹനീയമായി
വിവാഹം കഴിച്ചാൽ മക്കളാവണമെന്നും
ആ നാട്ടുനടപ്പ് തെറ്റിച്ചാൽ നാട്ടുകാർ ചോദ്യം ചെയ്യുമെന്നുമായപ്പോൾ
ഞങ്ങൾ പൊതു ഇടങ്ങളിൽ പോവാതെയായി
വീട്ടിലിപ്പോൾ രണ്ടാംകെട്ടിന്റെ ആലോചനയാണ്
സുമുഖനായ മുസ്ലിം യുവാവ്
രണ്ടാം കെട്ടിന് വധുവിനെ തേടുന്നു
വീട്ടിൽ മെരുകുന്ന
അത്യന്തം പ്രസവശേഷിയുള്ള യുവതികളിൽ നിന്നും വിവാഹാഭ്യർത്ഥന ക്ഷണിക്കുന്നു.
…