ദാമോദരോഫോബിയ

0
646

കഥ

വിജിഷ വിജയൻ

പീഡോഫീലിയയും ലഹരിഉപയോഗവും എന്ന വിഷയത്തിൽ ഒരു കുറിപ്പ് വായിച്ചോണ്ടിരിക്കുമ്പോഴാണ് കുടുംബശ്രീയിലേക്ക് അമ്മ ഒരു കുഞ്ഞിപ്പുസ്തകോം, രണ്ടു കിലോ കരക്കമ്പിയും കൊണ്ട് പോണത് കണ്ടത്.. ബുക്കിൽ പൈസ ചേർത്ത് തിരിച്ച് വരാൻ അഞ്ചുമിനിറ്റേ വേണ്ടുവെങ്കിലും രണ്ടു മണിക്കൂറെങ്കിലും ചുരുങ്ങിയത് വേണം അവർക്കെല്ലാർക്കും പരിസരം പരതി പരാതിക്കെട്ടുകൾ ചിക്കിയെടുക്കാനും, പ്രതിവിധികൾ ചേർത്തുകെട്ടാനും.

കുടുംബശ്രീ പുസ്തകത്തിന് നീലക്കളറാണെന്നെനിക്കറിയാം. കാരണം പലകുറി മടിച്ചീടമ്മ ഭൂലോകമടിച്ചി എന്നെ കാശടയ്ക്കാൻ സോപ്പിട്ടു വിട്ടിട്ടുണ്ട്. സോപ്പിൽ വീഴുന്ന അമ്മേടെ ഒറ്റമോളും ഞാനായതോണ്ട് പതപ്പിക്കുന്ന രീതി ആ വീട്ടിൽ സ്ഥിരതയോടെ നടക്കുമായിരുന്നു. കടലമിട്ടായി, എള്ളുണ്ട, ജെംസ്, കിറ്റ്കാറ്റ്, വിവിധ തരം അച്ചാറുകൾ, ക്യാബേജ് ഉപ്പേരി, ചെമ്മീൻ പൊരിച്ചത്, ചെറുപയർ പായസം, എരുന്ത്‌ തോട് കറി… ഇതൊക്കെയായിരുന്നു പതപ്പിക്കാനെടുക്കുന്ന വസ്തുക്കൾ.. പണം കാണിച്ച് അമ്മ മോഹിപ്പിക്കാറേ ഇല്ല. അതുകൊണ്ട് തന്നെ അതൊരു മോഹവസ്തുവായി ഇന്നും തോന്നാറില്ല.

ഡിഗ്രി സെക്കന്റ്‌ ഇയറിൽ പഠിക്കുന്ന സമയം, അത്യാവശ്യത്തിന് കൂട്ടുകാരോ, പറയാൻ തക്ക പ്രണയമോ ഇല്ലാത്തത് എന്റെ ജീവിതത്തിലെ വലിയ പുളിച്ചു തികട്ടലായി പിന്നീട് അനുഭവപ്പെട്ടിട്ടുണ്ട്. സാമാന്യതയിലും വളരെ താഴെയായിരുന്നു എന്റെ പ്രായോഗിക ബുദ്ധിയുടെ അവസ്‌ഥ. കീറ്റ്സിനേം, ഷെല്ലിയെം പറഞ്ഞു പ്രണയാർദ്രമായി അധ്യാപകർ ക്ലാസെടുക്കുമ്പോൾ അവരുടെയൊക്കെ വായിൽനോക്കി എഴുന്നേറ്റു പോയി തീർത്തിരുന്നു ദിവസങ്ങളോരോന്നും. ബ്രൗണിങാണ് എന്നെ അതിശയിപ്പിക്കാറുള്ളത്.വാക്കു കൊണ്ടും പ്രണയം കൊണ്ടും..



ഇടയ്ക്കൊക്കെ എന്റെ ചെറിയ സുഹൃത് വലയത്തിനുള്ളിൽ ആണുങ്ങൾ ചർച്ചയ്ക്ക് വരാറുണ്ട്. ആണുങ്ങളുടെ പാന്റ്, അവരുടെ ആകാരഭംഗി, മുടി വെട്ടുന്ന രീതി.. മുടിയില്ലാത്ത ആണുങ്ങളെ അവർക്കാർക്കും ഇഷ്ടമല്ലായിരുന്നു. അച്ഛന്റെ കഷണ്ടിത്തല കണ്ടു പതിഞ്ഞതിനാൽ മുടിയില്ലാത്ത ആണുങ്ങൾ എന്നിലൊരു ഇഷ്ടക്കേടും വരുത്തിയില്ല.

പെണ്ണുങ്ങൾ വാ തോരാതെ പുരുഷകഥകൾ മെനയും. ഞാനൊന്നും മിണ്ടാറില്ല. എനിക്കന്നൊക്കെ വളരെ ഇഷ്ടമായിരുന്നു പാന്റ് തിരുമ്പാനും, തല മസ്സാജ് ചെയ്യാനുമൊക്കെ

“അമ്മാ, അച്ഛന് പാന്റ് ഇട്ടൂടെ? എന്നും ഈ വെള്ളമുണ്ട് മാത്രം ”

പരിഭവിക്കുമ്പോ അമ്മ പറയും. “ഓ അനക്ക് തിരുമ്പാൻ നാളെ മുതൽ പാന്റ് ഇടീക്കാം, നീയൊക്കെ രണ്ടൂസം തിരുമ്പും, പറച്ചില് വല്ല്യ പറച്ചിലാ ”

സത്യം പറഞ്ഞാ എനിക്ക് ആണുങ്ങളുടെ ഡ്രസ്സ്‌ തിരുമ്പാൻ ഇഷ്ടമായിരുന്നു. വീട്ടിലെ പെൺപടകളുടെ ചണ്ടികുണ്ടാരങ്ങൾക്കിടയിൽ തിങ്ങി വിയർത്തിരുന്നു പലപ്പോഴും
അച്ഛന്റെ മുണ്ടും ഷർട്ടും. അതിലും രസം മറ്റൊന്നാണ്. എന്നും രാവിലെ അച്ഛന്റെ ജട്ടി കാണാതാവും. അതിന്റെ വിവിധതരം ഐറ്റംസ് വാങ്ങാനുള്ള ത്വര മൂപ്പർക്ക് ഇല്ലാത്തോണ്ട് രണ്ടോ മൂന്നോ എണ്ണം സ്ഥിരമായി അച്ഛനെ സഹിച്ചു. മഴ ദിവസങ്ങളിലാണ് കള്ളുകുടിക്കാത്ത അച്ഛൻ ഒരു കുടിയനെപ്പോലെ അമ്മയോട് വഴക്കിടുന്നത്. വിഷയം ജട്ടിപ്രശ്നം.

“ഒറ്റ ദിവസോം ഒണങ്ങൂല എന്റേതിനി ഞാൻ തിരുമ്പിക്കോളാം”എന്ന് തുടങ്ങി ഉച്ചഭാഷിണിയിലെന്നപോലെ വീടലയ്ക്കും.. ഞങ്ങൾ മക്കൾ കേൾക്കാഭാവം നടിയ്ക്കും. കാരണം അമ്മേം അച്ഛനും വഴക്കിടുന്നതാണ് ഞങ്ങൾക്ക് പെരുത്തിഷ്ടം. അപ്പൊ രണ്ടാൾക്കും ഞങ്ങളോട് വല്ല്യ ഇഷ്ടമാവും. പ്രകടമാവുമ്പോഴാണല്ലോ ഇഷ്ടത്തിന് കരുത്തേറുന്നത്..
രണ്ടാളും പ്രകടനം തുടങ്ങും. അച്ഛൻ ചായയ്ക്കും ചോറിനും എന്തിന് ഒരു ഗ്ലാസ്‌ വെള്ളത്തിനുപോലും ഞങ്ങളെ വിളിക്കും.. ബസ്സിന്‌ കൊടുക്കാനുള്ള രണ്ടുരൂപ അൻപത് രൂപയാകുന്നതും അച്ഛനമ്മവഴക്കുദിനങ്ങളിലാണ്.

അമ്മയാണേൽ തകർത്തു പണിയെടുക്കും.. അച്ഛനാണെന്നാലോചിച്ച് അലക്കുകല്ലിനെ ഒരു പരുവമാക്കും, കുറ്റിച്ചൂലിനുള്ളിൽ വിജയമുഖത്ത് പരാജയത്തിന്റെ കോറലേൽപ്പിക്കും.. അപ്പവും അടയും ചോറും മീനും അച്ഛൻ വിദ്വേഷങ്ങളിൽ ചൂടോടെ വേവും. എന്നും ഇവര് പിണങ്ങിയിരുന്നെങ്കിൽ എന്ന് ഞങ്ങൾ വൃഥാ പ്രാർഥിക്കും.

അന്നൊക്കെ അമ്മ ചിലപ്പോൾ ഞങ്ങളുടെ റൂമിൽ കിടക്കാൻ വരും, അച്ഛൻ ആവശ്യത്തിലേറെ ബേക്കറി കൊണ്ടുവരും.. ഡിവോഴ്സ് ആയ അച്ഛനമ്മമാരുടെ മക്കൾക്കൊക്കെ നല്ല സുഖമാവും എന്നായിരുന്നു കുറേ കാലം എന്റെ ചിന്ത..

അച്ഛൻ തിരിച്ച് ഗൾഫിലേക്ക് പറക്കുമ്പോഴാണ് വിരഹവേദനയാൽ പിടയ്ക്കുന്ന അമ്മേടെ ഭാര്യാഹൃദയം ഞങ്ങൾ കാണാറുള്ളത്. വീടിന് കുറച്ചു ദിവസം ശ്മശാനമൂകതയായിരിക്കും..



അതിനിടയ്ക്കാണ് അമ്മ കുടുംബശ്രീ സെക്രട്ടറി ആയത്. “തർക്കുത്തരം പറഞ്ഞു പിടിച്ചു നിൽക്കാൻ വീട്ടിൽ പോലും കഴിയാത്ത ഇങ്ങള് സെക്രട്ടറിയോ” എന്നും പറഞ്ഞ് ഞങ്ങളൊരുപാട് കളിയാക്കി. ഒരു ബുധനാഴ്ചയാണെന്നു തോന്നുന്നു ‘ദി ലാസ്റ്റ് ഡെച്ചിസ്’ പഠിച്ച അന്ന്. ആണുങ്ങൾക്കെന്തുമാവാലോ എന്ന് റേച്ചൽ കമന്റ് പറഞ്ഞത്.. സുമയ്യയും അതിനോട് പിന്താങ്ങി.

ചുമ്മാ മിണ്ടാണ്ടിരിക്കണ്ടല്ലോന്ന് കരുതി ഞാനും, കമന്റിന്മേൽ ലൈക്കടി അന്നില്ലാത്തോണ്ട് കമന്റ്‌ പാസാക്കി.
” അതെന്താ ആണുങ്ങൾക്ക് കൊമ്പുണ്ടോ? ”
“ആ ടീ കൊമ്പുണ്ട്, ഇജ്ജ് കണ്ടിട്ടില്ലാ ”
ശ്രീജിത ചിരി തുടങ്ങി.
എനിക്ക് കാര്യം മനസ്സിലായില്ലാന്നു മാത്രല്ല, രാത്രി റിയയോട് മെസ്സേജ് അയച്ച് ചോദിച്ചു,
“ഞാനങ്ങനെ പറഞ്ഞപ്പോ എന്തിനാടീ ഓലൊക്കെ ചിരിച്ചേ? ”
റിയ ഒരു വിശാലമനസ്കയും, എല്ലാം തുറന്നടിച്ച് പറയുന്നോളും ആയതോണ്ട് മറുപടി വൈകിപ്പിച്ചില്ല. “അത് വിജീ ആണുങ്ങളുടെ സെക്സ് അവയവം നമ്മുടെ പോലെയല്ല അതാ നീ അങ്ങനെ പറഞ്ഞപ്പോ അവര് ചിരിച്ചേ, ഇതിൽ കൂടുതൽ പറയാൻ എനിക്ക് കഴിയില്ല, ചെറിയ ആൺകുട്ടികളുടെ ട്രൗസർ പൊക്കി നോക്ക് തല്ലു കിട്ടിയാൽ വാങ്ങിപ്പോര് ”
“അയ്യേ.. പോടീ ”

ഞാൻ പിന്നൊന്നും അയച്ചില്ല. പിറ്റേന്നാണ്‌ ദേവകി ഏട്ടത്തി പുതിയ കിസയുമായി വരുന്നത് ദാമോദരേട്ടൻ ഇന്നലെ കുടിച്ച് പൂസായി വന്ന് തെറിവിളിയും, ശാന്തിചേച്ചിയെ അടിയുമൊക്കെ ആയിരുന്നെന്ന്. സത്യം പറഞ്ഞാ പീഡോഫീലിയ എന്ന് വായിക്കുമ്പോ തെളിഞ്ഞു കണ്ടൊരു രൂപവും ദാമോദരേട്ടനായിരുന്നു. ലഹരിമൂത്ത് മൂപ്പര് പറയുന്ന പുലയാടിപ്പാട്ടുകളും…

അതിലും വലിയ രസം കള്ള് കേറിയാൽ പിന്നെ മൂപ്പരുടെ ദേഹത്ത് ഡ്രസ്സ്‌ നിൽക്കാത്തതാണ്.. എല്ലാം അഴിച്ചെറിഞ്ഞയാൾ ഭൂജാതനായ അതേ പരുവത്തിൽ നിലത്തു കിടന്നുരുളും. ശാന്തി ചേച്ചി പെട്ടീം പായാരവും കൊട്ടേലാക്കി നിരവധി തവണ നാടുവിട്ടെങ്കിലും പത്തിലും, എട്ടിലും, അഞ്ചിലും, നാലിലും, രണ്ടിലും, എൽ കെ ജി യിലും പഠിക്കുന്ന കൊച്ചുങ്ങളെ ഓർത്തും, കള്ളു കേറാത്തപ്പോ ഉള്ള മൂപ്പരുടെ ശൃംഗാരത്തിൽ പരിലാളിതയായും ദാമോദരേട്ടനെ അകമഴിഞ്ഞങ്ങട് പ്രേമിച്ചു. ഇടക്ക് ഏതൊക്കെയോ കുട്ടികളുടെ നെഞ്ചിൽ തോണ്ടിയെന്നോ മറ്റോ നാട്ടുപാട്ട് ഉണ്ടായെങ്കിലും ശാന്തിചേച്ചി നിശബ്ദമായി അയാൾക്കൊപ്പം നിന്നു.



ഇതിനിടയ്ക്കൊരു ശനിയാഴ്ച കോളേജിൽ നിന്നും ഞങ്ങൾ സിനിമ കാണാൻ പോകാൻ ഉറപ്പിച്ചു.. വീട്ടിൽ പറഞ്ഞാൽ എന്നെ വിടില്ല എന്നുറപ്പാണ്. അച്ഛൻ നാട്ടിലില്ലാതെ പെൺമക്കളെ വളർത്തുക അന്ന് അമ്മയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു. പതിനെട്ടിന്റേ തന്റേടം എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു. ഞാൻ വീട്ടിൽ പറഞ്ഞില്ല.
പക്ഷേ ഒരു പൊട്ടത്തരം ചെയ്തു.. അന്ന് കോളേജിലേക്ക് സാരിയുടുക്കാമെന്ന് വച്ചു. അച്ഛൻ ഗൾഫിൽ നിന്നയച്ച ഫോട്ടോ എടുക്കുന്ന ഫോണും ബാഗിലിട്ടു. മതിയല്ലോ പൂരം !

“എന്താടീ ഇന്നൊരു പുതുമാതിരി? ”
അമ്മയ്ക്ക് സംശയം.
“ഏയ് ഇന്ന് ഞങ്ങൾക്ക് ഫോട്ടോ എടുക്കാനാ ”

സംശയദൃഷ്ട്യാ ആകെയൊന്നുഴിഞ്ഞുകൊണ്ട് തുടർന്നു. “നീ പോയി ശാന്തി ചേച്ചിയുടെ കുടുംബശ്രീ കാശ് വാങ്ങി വാ ന്നട്ട് പോകാം കോളേജിൽ
“ഓക്കേ മമ്മീ എന്നു പറയാതെ പറഞ്ഞു ഓടി. സന്തോഷത്തുള്ളൽ.. സിനിമയ്ക്ക് പോവാലോ!

ശാന്തിചേച്ചീടെ ഇടയ്ക്കൊക്കെ ശാന്തികേടുള്ള അശാന്തി ഭവനത്തിലേക്ക് ഓടി.. ദാമോദരേട്ടൻ കോലായിൽ സിഗരറ്റ് പുക ഊതി അകത്തേക്കും പുറത്തേയ്ക്കും വലിച്ച് ശ്വാസകോശം സ്പോഞ്ച് പോലെയാണോ എന്നു പരിശോധിക്കുന്നുണ്ട്.

“ശാന്തി ചേച്ചി ഉണ്ടോ ചേട്ടാ?”
“സാരിയുടുത്ത് സുന്ദരി ആയല്ലോ വിജിഷേ, കാര്യം അന്റെ അനിയത്തി അന്നേക്കാൾ വെളുത്തിട്ടാണേലും പിന്നേം ഒന്നൂടെ നോക്കാനുള്ള എന്തോ ഒരു ഭംഗി അനക്ക് ണ്ട് ട്ടാ ”

എനിക്കരിശം വന്നു. ഞാനയാളെ തുറിച്ചു നോക്കി.
“കേറിപ്പോര് ശാന്തി ചേച്ചി അകത്തുണ്ട് ”
എന്നു പറഞ്ഞതും മുണ്ട് ഒരൊറ്റ പൊക്കൽ..
അതെ, ആണുങ്ങൾക്ക് കൊമ്പുണ്ട്. എനിക്ക് ബോധ്യപ്പെട്ടു. ഞാൻ വീട്ടിലേക്കോടി. പേടിച്ച് വിറച്ചു.കയ്യും കാലും ഫ്രീസറിൽ നിന്നും എടുത്ത പോലെ..



ആണിന്റെ നഗ്നതയ്ക്ക് മുൻപിൽ വെന്ത് വിയർത്തൊരു നാട്ടുമ്പുറത്തുകാരിയ്ക്ക് മുൻപിൽ ആകാശം കീഴ്മേൽ മറിയും പോലെ തോന്നി.

” എന്താടീ ” തെല്ലും മയമില്ലാതെ അമ്മ ചൂടായി. കാര്യം ബോധിപ്പിച്ചു കഴിഞ്ഞപ്പോൾ ആര് ആരെയാ അരുതാത്തത് കാണിച്ചേ എന്നെനിക്ക് സംശയമായി. അതാണല്ലോ നടപ്പ്.
മക്കളുടെ ഭാഷ അമ്മമാർക്ക് മനസ്സിലാകുന്ന കാലഘട്ടത്തിൽ വളരാൻ ഞാൻ കൊതിച്ചു..

റിയ യ്ക്ക് മെസ്സേജ് അങ്ങട് കാച്ചി.
“എടീ ദാമോദരേട്ടന്റേ അത് ഞാൻ കണ്ടെടോ ”
“അതോ, എന്ത്‌? ”
“നീ പറഞ്ഞ കൊമ്പ്”
“വച്ചിട്ട് പോടീ പുല്ലേ ഓളോരു കൊമ്പ് ”

എനിക്കാകെ എന്തോ ആയി.

എന്നാലും അയാളെന്നോട് അങ്ങനെ ചെയ്യാൻ പാടുണ്ടോ? കല്യാണം പോലും കഴിക്കാത്തൊരു പെൺകുട്ടിയോട്. ഒപ്പം ഒരു നടുക്കം . അമ്മ അതിനെക്കുറിച്ച് പിന്നൊന്നും ചോദിച്ചില്ല. കുടുംബശ്രീയ്ക്ക് വേണ്ടി എന്നെ സോപ്പിട്ടില്ല. അമ്മയറിയാതെ സിനിമ കാണാൻ പോവാൻ വല്ലാത്ത പേടി തോന്നി. ഞാനന്ന് വയറുവേദനയെന്ന് ലീവ് വിളിച്ചു പറഞ്ഞു. ആ വേദനയ്ക്ക് മാത്രം രണ്ടാമതൊരു ചോദ്യമില്ലല്ലോ.

അച്ഛന് മാസം തോറും വിശേഷങ്ങൾ കത്തായി എഴുതുന്ന പതിവുണ്ടായിരുന്നു. എഴുതി..”അച്ഛാ ദാമോദരേട്ടൻ മുണ്ട് പൊക്കി കാണിച്ചു. കാണാൻ പാടില്ലാത്തത് ഞാൻ കണ്ടു.”

ഏതൊരു അച്ഛന്റെയും ജാള്യതയിൽ അച്ഛൻ തിരിച്ചെഴുതി. “അച്ഛന്റെ മോള് പഠിച്ച് മിടുക്കിയാവണം. അതൊന്നും കാര്യമാക്കണ്ട. ഇനി ദാമോദരേട്ടന്റേ വീട്ടിൽ പോവരുത് ട്ടാ. ആൽക്കഹോൾ അകത്ത് ചെന്നാൽ ആൾക്കാരുടെ രൂപം മാറും ”

അച്ഛനറിയില്ലല്ലോ കാണാത്തത് ആദ്യമായി കണ്ട ഒരു പെൺകുട്ടിയുടെ ആത്മവ്യഥ. കള്ള് കുടിക്കാത്തപ്പോൾ സാധുവായും, കുടിക്കുമ്പോൾ മറ്റുള്ളവർക്കൊരു പരാദമായും ദാമോദരേട്ടൻ വിലസി. പുറത്തു പറഞ്ഞാൽ ശാന്തി ചേച്ചിയുടെ ജീവിതം വീണ്ടും നരകമാവില്ലേ എന്നോർത്തു ഞാനെന്റെ നാവിനെ തളർത്തി..

എത്രയെത്ര കുട്ടികൾ ഇരകളാകുന്നു. നാവ് ഉയരാൻ വെമ്പൽ കൊള്ളാറുണ്ട്. പീഡോഫീലിയ വായിച്ചു മടക്കുമ്പോഴും ആദ്യമായി കണ്ട കാണാക്കാഴ്ചയായിരുന്നു മനസ്സിൽ..

“ഓരോ പുരുഷനിലും അവസരം പാർത്തിരിക്കുന്ന ഒരു തെമ്മാടി വസിക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ മരപ്പാലത്തിലൂടെ നടക്കുന്ന ഓരോ സ്ത്രീയുടെയും കാൽക്കീഴിൽ നിന്ന് സുരക്ഷിതത്വത്തിന്റെ മരപ്പലക വലിക്കപ്പെടുന്നു” എന്ന് സൗമിനി ടീച്ചറിലൂടെ അഷിതാമ്മ പറഞ്ഞതോർത്തു.

അയാൾക്ക് മാപ്പ് കൊടുക്കാൻ പതിനെട്ടാം വയസ്സിന് കഴിഞ്ഞില്ല. വെറുപ്പ് കൂടെപ്പിറപ്പായി കൊണ്ടുനടക്കാൻ ആശയില്ലാത്തതിനാൽ ഒരു പകൽനഗ്നസ്വപ്നമായി അത് ചിരിച്ച് തള്ളി.. ജീവിതത്തിലെ ഇത്തരം സാഹചര്യങ്ങൾക്ക് നൽകാൻ സദാ ഒരു രാജിക്കത്ത് സൂക്ഷിക്കുന്നത് നല്ലതാണെന്ന് എനിക്കും തോന്നി.

പക്ഷേ ദാമോദരേട്ടന്റേ മുണ്ടുപൊക്കിയ ആദ്യപാഠത്തിന് ശേഷം മുണ്ടുടുക്കുന്നോരെ കാണുമ്പോ ഒരു ഉൾഭയം തോന്നാറുണ്ട്. എങ്ങാനും പൊക്കിയാൽ കാണാമെന്ന ത്രാണി ഇന്നേക്ക് സ്വായത്തമാക്കിയോ എന്നറിയില്ല..



LEAVE A REPLY

Please enter your comment!
Please enter your name here