കവിത
വൈഗ ക്രിസ്റ്റി
നെൻ്റെ രാജ്യമൊന്നും വരികേലെന്ന്
മനസ്സിലായിട്ടാണ്
വീടുവിട്ടിറങ്ങിത്തിരിച്ചത്…
ഇറങ്ങിയതായാലും
ഇറക്കിയതായാലും ഫലമൊന്നാണേ !
മക്കളില്ലാത്ത കൊണ്ട്
കൂട്ടക്കാര് പൊറത്താക്കി
മക്കളൊണ്ടാരുന്നേലവര്
പൊറത്താക്കിയേനേ…
ഫലമൊന്നാണേ !
ആകാശങ്ങൾക്കപ്പുറത്തിരിക്കുന്ന
തമ്പുരാനേ
നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ
നിൻ്റെ രാജ്യം…
മറീങ്കുട്ടി മുന്നേ നിന്നു ചിരിക്കുന്നു
ഒരു മഴനൂലിൻ്റെ
വെത്യാസത്തിൽ
മരണത്തിലേക്കിറങ്ങി പോയവളാണ്…
മറീങ്കുട്ടിയേ
നെനക്കവിടെ
കർത്താവിൻ്റെ രാജ്യത്ത് സുഖവാന്നോ?
നീ പോയത് നന്നായെടിയേ
അന്നന്നു വേണ്ട
ആഹാരത്തിനു വേണ്ടി
നെനക്ക് വെഷമിക്കേണ്ടല്ലോന്ന്
നമ്മക്ക് മക്കളില്ലാത്തോണ്ടാണെന്ന്
നീ വെഷമിക്കേണ്ട പെണ്ണേ
താഴേക്കുഴീലെ കീവറീതിനെത്രെയാ മക്കൾ !
ഒമ്പതോ പത്തോ…
അതിയാനിന്നലെ
പുഴുവരിച്ച് റോഡീക്കെടന്ന് ചത്ത്
കർത്താവിൻ്റെ രാജ്യത്തേക്ക് പോയി
(പ്രാർത്ഥന ചൊല്ലിക്കൊണ്ടിരിക്കുവായിരുന്നെന്ന് മറന്നു )
നിൻ്റെ തിരുവിഷ്ടം
ആകാശത്തിലേപ്പോലെ …
അല്ലേലും നെനക്ക്
മറീങ്കുട്ടിയോടായിരുന്നു ഇഷ്ടം
നിൻ്റെ ഇഷ്ടം പോലെ നടക്കട്ട്
ഞങ്ങളുടെ കടക്കാരോട്
ഞങ്ങൾ …
കർത്താവേ !
നീയല്ലേ എന്നോടേറ്റം തെറ്റു ചെയ്തെ ?
എന്നെ ഒറ്റയ്ക്കാക്കിയില്ലേ ?
എൻ്റെ ആഹാരമെന്തിയേ ?
എന്നാലും നീ കൊണ്ടുപോയ എൻ്റെ
മറീങ്കുട്ടിക്കുവേണ്ടിയും…
എൻ്റെ,
ആഹാരത്തിൽ
നീ കലർത്തിയ കണ്ണീരിന് വേണ്ടിയും,
നീ തരാത്ത എൻ്റെ മക്കൾക്ക് വേണ്ടിയും ,
ഞാൻ നെന്നോട് ക്ഷമിക്കുന്നു ,
ഞാൻ നെനക്ക് സ്തോത്രം ചെയ്യുന്നു
അതുപോലെ ,
നീ എന്നോടും ക്ഷമിക്കുക…
എന്തായാലും ,
നെൻ്റെ രാജ്യമൊന്നും ഇങ്ങോട്ട്
വരാമ്പോണില്ല
ഞാനങ്ങോട്ട് വരുവാ
തളളിപ്പൊറത്താക്കല്ലേ
കർത്താവേ…
കർത്താവിൻ്റെ മാലാഖമാരേ…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല