കവിത
സുരേഷ് നാരായണൻ
കറാച്ചി ട്രിബ്യൂൺ
ആഗസ്റ്റ് 15 ,1947
സ്വാതന്ത്ര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാർത്തകൾക്കിടയിൽ
തികച്ചും അപ്രധാനം എന്നു തോന്നിക്കുന്ന ഒരു വാർത്ത
അന്നത്തെ പത്രത്തിന്റെ ഒരു മൂലയിൽ തലകുനിച്ചിരുന്നിരുന്നു.
ടൗണിൽ
‘ലാസ്റ്റ് സപ്പർ’ എന്ന പേരിൽ
പേരറിയാത്ത ഒരു താടിക്കാരൻ
ഒരു ഹോട്ടൽ ആരംഭിച്ചതിനെപ്പറ്റി
അതിന്റെ അടുക്കളയിൽ നിന്നുയർന്ന പുക
പതിയെപ്പതിയെ
നഗരനാസികകളെ
വിറപ്പിച്ചു തുടങ്ങിയ സമയത്താണ്
ഏതാനും ചുങ്കക്കാർ
അവിടെ കയറിയതും
ആ താടിക്കാരൻ അവരെ നിഷ്ക്കരുണം
അടിച്ചു പുറത്താക്കിയതും.
ഹോട്ടലിന്റെ പ്രതാപ കാലത്തിന്റെ
അവസാന ദിനമായിരുന്നിരിക്കണം അന്ന്.
പിറ്റേദിവസം തന്നെ
നഗര രാജവീഥിയിലൂടെ
അയാളുടെ കാലുകൾ വലിച്ചിഴയ്ക്കപ്പെടുകയും
നഗരചത്ത്വരത്തിൽ സ്ഥിതി ചെയ്തിരുന്ന
സമാധാനപ്രാവിന്റെ പ്രതിമച്ചിറകുകളിലേക്ക്
അയാളുടെ രക്തത്തുള്ളികൾ തെറിക്കുകയും ചെയ്തു.
അയാൾ കൊല്ലപ്പെട്ടുവോ ,
പിന്നീട് ഉയിർത്തെഴുന്നേറ്റുവോ എന്നൊക്കെ അറിയണമെന്നുണ്ട്…
പക്ഷേ ,
എങ്ങനെ?
ആ പത്രം ഇന്നില്ല ;ആ പ്രതിമയും.
നഗരത്തിനോട് ചോദിക്കാമെന്ന് വച്ചാലോ,
ആട്ടിപ്പായിച്ചുകൊണ്ടേയിരിക്കുന്നു
അതിൻറെ വസൂരിക്കലകൾ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല