കവിത
സുകുമാരൻ ചാലിഗദ്ധ
എൻ്റെ കാവലേ..കാവിലെ കൂവലേ
മുന്തിരി കൂട്ടിലെ മുത്തുകൾ തുള്ളിയോ
ആശിക്കുമാശയ്ക്ക് ആളറിയാം
അത്താഴ കഞ്ഞിക്ക് ഉപ്പെറിയാം…
എല്ലാരും പോണുണ്ടേ
തോളത്ത് കൊച്ചുണ്ടേ
വക്കൻ്റെ വായാടി പമ്പരം കെട്ടിയോ…
പൊട്ടുന്ന പടക്കത്തിൽ
മൊട്ടെല്ലാം പൂവായോ
ആനയും ആൾക്കാരും എന്തെല്ലാം പാടിയോ
ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഓല പീപ്പി
ഒന്നിൻ്റെ മണ്ടയിൽ കുഞ്ഞു പാവ
അച്ഛൻ്റെ നിറമുള്ള പട്ടുടുപ്പ്
അമ്മെൻ്റെ കണ്ണുള്ള കുഞ്ഞുപൊട്ട്
മാമനും മാമിയും കൊറിക്കുന്ന കടലയും
ചേട്ടനും ചേച്ചിക്കും മധുരിക്കും നാരങ്ങ
വല്ല്യപ്പൻ കൊഞ്ചിച്ച കരിവള ചിരിയുമായി
വല്ല്യമ്മ പായയിൽ പാടുന്ന പുള്ളായി
ലാവിൻ്റെ കണ്ണിലും രാവിൻ്റെ മൂക്കിലും
തൊട്ടിട്ടും തൊട്ടിട്ടും ചിരിയല്ലേ കണ്ടുള്ളു
ചെറുതിൻ്റെ കീശയിൽ പേരപ്പൻ കനമിട്ടു
മാമൻ്റെ മോളുടെ കൈയെല്ലാം വളയിട്ടു
കാവിലെ കതിനകൾ ഇടിവെട്ടി മഴ പെയ്ത്
മൂത്തൊരു മാവിൻ്റെ മാങ്ങയ്ക്ക് വളമിട്ടു
പൊരിയുടെ നിറമെന്താ
നിറയാത്ത വയറേതാ
വാങ്ങിച്ചോ വാങ്ങിച്ചോ
തൂക്കത്തിൽ പൊലിയട്ടെയുത്സവരാത്രി
തൂക്കത്തിൽ പൊലിയട്ടെയുത്സവരാത്രി
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല