കവിത
സ്മിത ശൈലേഷ്
മറന്നു പോയ മനുഷ്യരൊക്കെയും
മനസിലിരുന്നു വേവുന്നു
മറന്നിട്ടും
ഇടയ്‌ക്കൊക്കെ
എനിക്ക്
നിങ്ങളെ
വിരഹിക്കുന്നുണ്ടെന്ന്
ഓർമ്മയുടെ
ഉൾകാടെരിയുന്നു..
പ്രാണന്റെ അടിവേരിൽ
വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്..
ജീവനിങ്ങനെ
ജീവിതമായിരിക്കുന്നത്
നീയുള്ളത് കൊണ്ടാണെന്ന്
ആവർത്തിച്ചുരുവിട്ട
മനുഷ്യരെ കുറിച്ചാണ്..
അവരിറങ്ങി പോയ
വിടവുകളെ കുറിച്ചാണ്
സ്നേഹമുരഞ്ഞു നീറിയ
മുറിവുകളെ കുറിച്ചാണ്..
ഒരിറ്റു വെട്ടമില്ലാത്ത
അവസാനിക്കാത്ത
ഇടനാഴിയിലൂടെ
ശ്വാസമില്ലാതെ ഇഴഞ്ഞു
നീങ്ങിയ ദിനരാത്രങ്ങളെ
കുറിച്ചാണ്..
എന്നെയോർമ്മിക്കുന്നൊരു
ഹൃദയത്തിന്റെ ഇരമ്പൽ
കേൾക്കുന്നുണ്ടോയെന്നു
ഹൃദയം ധ്യാനഭരിതമാവുകയും
ഒരു തുമ്പിച്ചിറകൊച്ച പോലുമില്ലാത്ത
നിശ്ശബ്ദതയുടെ
ഏകാന്തതയുടെ
അമ്പുകൊണ്ട്
ചോര വാർന്നു
പലകുറി മരിക്കുകയും
ചെയ്ത
നിരാശയുടെ നാളുകളെ കുറിച്ചാണ്..
മുറിഞ്ഞു മുറിഞ്ഞു
മുറിവിലൊക്കെ വന്നു
കവിത നിറയുകയും
മുറിപ്പാടുകളിലൊക്കെയും
കവിത പൊറ്റ കെട്ടുകയും
ചെയ്ത ഒറ്റവഴികളെ കുറിച്ചാണ്
ഒറ്റയാൾക്ക് വേണ്ടിയും
കാത്തിരിക്കുന്നില്ലെന്ന
ഒറ്റയാവലിലേക്ക്
ഹൃദയം ചുരുണ്ടു
കൂടിയ ജാഗ്രതയെ കുറിച്ചാണ്
സ്നേഹനിരാസങ്ങളുടെ
ഉപ്പ് വേനലിൽ
വറ്റിയുണങ്ങിപോയ
ഹൃദയത്തെ കുറിച്ച് തന്നെയാണ്
ഒരു വാക്കും മിണ്ടാതെ
നിങ്ങളിറങ്ങി പോയതിൽ പിന്നെയാണ്
സ്നേഹമെന്ന വാഗ്ദാനത്തിന് ചുറ്റും
ഹൃദയം ഒരു രക്ഷാ കവചമണിഞ്ഞു
ജാഗരൂകമാവാൻ
തുടങ്ങിയത്
ഏറ്റവുമേറ്റവും സ്നേഹിച്ചിരിക്കുമ്പോൾ
അടർത്തി മാറ്റുമ്പോൾ
മരിച്ചു പോവുമെന്നിരിക്കെ പോലും
അവസാനിച്ചു പോകുന്ന
അനിശ്ചിതത്വത്തിന്റെ
പേരാണ് സ്നേഹമെന്ന
ചുരുക്കെഴുത്തായി
ജീവിതത്തെ മാറ്റിയെഴുതിയത്
നിങ്ങളിറങ്ങി പോയതിൽ പിന്നെയാണ്
അനുഭവിക്കുന്ന നിമിഷത്തിൽ
മാത്രം അനുവദിക്കുന്ന
സ്വപ്നത്തിന്റെ
പേരാണ് സ്നേഹമെന്നു
ജീവന്റെ
വീണ്ട ചുമരിൽ
ചോര കൊണ്ട്
ദുർബലമായി
എഴുതി വെച്ചത്
സ്നേഹമെന്നതിനെ
ഭയമെന്നു തിരുത്തി
വായിക്കാൻ തുടങ്ങിയത്
ഒറ്റക്കൊരാൾകൂട്ടമാവാനും
ഒറ്റയാവലിനെ സ്വാതന്ത്ര്യമെന്നു
വിളിക്കാനും പഠിച്ച
പുതിയ ലോകത്തിന്റെ
വേര് പൊടിഞ്ഞത്
നിങ്ങളിറങ്ങിപോയ
മുറിവിൽ നിന്ന് തന്നെയാണ്
ഇപ്പോഴിപ്പോൾ
എല്ലാ പ്രത്യാശകളെയും
ജീവന്റെ
ഈ ഒറ്റ നിമിഷത്തിലേക്കു
ചുരുക്കിയെഴുതുന്നു
ഏറ്റവും നിർവ്വികാരമായി
ഒറ്റയാവുന്നു..
ആനന്ദമാവുന്നു
സ്വസ്ഥമാവുന്നു..
എങ്കിലും
ഇടക്കെപ്പോഴൊക്കെയോ
മറന്നു പോയ മനുഷ്യരെ..
എനിക്ക് നിങ്ങളെ വിരഹിക്കുന്നുണ്ട്
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല