കവിത
നിസാം കിഴിശ്ശേരി
കൊന്ത്രമ്പല്ലുകളെ മുട്ടി
നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.
ചുമ്മാതല്ല,
കൊന്ത്രമ്പല്ലനൊരു കാമുകൻ
റോഡരികെ നിർത്തിയ ബൈക്കിൻ്റെ
കണ്ണാടിയിൽ നോക്കി
*കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന് വായിക്കുക പോലും ചെയ്ത്,
മനോഹരീ.. എൻ്റെ ഉന്തമ്പല്ലീ.. എന്ന്
കൊന്ത്രമ്പല്ലുകാരിയായ കാമുകിയെ
ഓർത്ത് ഓർത്ത് പാടുന്നത്.
ഇതേ സമയം ഉന്തമ്പല്ലി,
ഇരുട്ട് തിക്കുന്ന മുറിയിൽ
തൻ്റെ കണ്ണാടിക്ക് മുന്നിൽ നിന്ന്
ദൃശ്യമേലും വിദൂരത്തായ അയാളെ
മനോഹരാ.. എൻ്റെ ഉന്തമ്പല്ലാ..
എന്ന് മുടി കോതുന്നുവെങ്കിൽ
അതാണ് അവരുടെ ബെസ്റ്റ് ടൈം.
പതുപ്പൻ മെത്തയിൽ കാര്യങ്ങളിങ്ങനെ
മലർന്നു കിടപ്പാണെങ്കിലും,
പ്രേമത്തിന്റെ കാര്യത്തിൽ
ആ കമിതാക്കളോടെനിക്ക്
സഹതാപം ഉണ്ട്.
നിങ്ങള് കരുതും പോലെ ഇതല്ല,
ഇതല്ല നിങ്ങളുടെ ബെസ്റ്റ് ടൈം എന്ന്
അവരോട് പറയണമെന്നു പോലുമുണ്ട്.
മതി, നിർത്ത്
നിങ്ങളെ വായ്നോട്ടമെന്ന് ദേഷ്യപ്പെട്ട്
രണ്ട് കണ്ണാടികളും
എറിഞ്ഞുടയ്ക്കണമെന്നും
അതുവഴി,
ഒരാഴ്ച്ച കഴിഞ്ഞും അവർ കാണാത്ത,
കാണണമെന്ന് പോലും കരുതാത്ത
വയലിലെ ആ കൂറ്റൻ ബോർഡും,
‘പല്ലിൽ കമ്പിയിടാൻ ഇതാണ് ബെസ്റ്റ് ടൈം’ എന്ന അതിലെ തലവാചകവും
ഈ കൊന്ത്രം പല്ലുകളെ കാണിക്കാതെങ്ങനാ..
ഒരു സ്വസ്ഥവുമില്ല.
പക്ഷേ,
എങ്ങാനും കണ്ണാടി ഉടച്ചാൽ
കണ്ണാടിയിലെ വസ്തുക്കൾ
ദൃശ്യമാകുന്നതിനേക്കാൾ അടുത്താണെന്ന് വായിക്കാൻ പറ്റാഞ്ഞ്
ആ കാമുകൻ വേദനിക്കുമോ?
ദൃശ്യമേലും വിദൂരത്തായ അയാളെ
കാണാൻ കഴിയാത്തതിൽ സങ്കടപ്പെട്ട് കാമുകി
എൻ്റെ തന്തക്ക് വിളിക്കുമോ?
തുടങ്ങി ഈ വക പേടികളാൽ
ഒരു ദന്ത ഡോക്ടർ ആയിട്ടും കൂടി
ഈ കവിത ഇവിടെ ഉപേക്ഷിക്കുകയേ
എനിക്ക് നിവൃത്തിയുള്ളൂ..
*OBJECTS IN MIRROR ARE CLOSER THAN THEY APPEAR
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല