PHOTO STORIES
സുബീഷ് യുവ
ഫോട്ടോഗ്രാഫിയോട് ഇഷ്ടം തോന്നിയ കാലത്തേക്കാളേറെ പഴക്കമുണ്ട് കെ.ജെ വിൻസെന്റിന്റെ ജല്ലികെട്ട് പടത്തിനോടുള്ള ഇഷ്ട്ടം. കൈതണ്ടയിൽ കാള കൊമ്പ് തുളച്ച് കയറിയ കൗമാരക്കാരന്റെ പടം – ജല്ലികെട്ടും അതിന്റെ ഭീകരതയും നമ്മുടെ മനസ്സിനെ അത്രയേറെ ഭീതിയിലാഴ്ത്തും. ഫോട്ടോഗ്രാഫിയോട് പ്രണയം മൂത്ത് ഒരു പാട് യാത്രകൾ നടത്തിയെങ്കിലും വേറിട്ട അനുഭവം നൽകിയ യാത്രയായിരുന്നു കഴിഞ്ഞ ജനുവരിയിൽ ജല്ലികെട്ടിന്റെ പടമെടുക്കാനായി മധുരയിലേക്കുള്ള യാത്ര.
പ്രിയ സുഹൃത്ത് വിനോദ് അത്തോളിയും കൂടെ പ്രസാദ് സ്നേഹയും, സത്രാജിത്തും ഞങ്ങൾ മുൻകൂട്ടി നിശ്ചയിക്കാതെ പെട്ടെന്നുള്ള ഒരു യാത്ര. വൈകുന്നേരം 8 മണിക്ക് പുറപ്പെട്ട ഞങ്ങൾ അടുത്ത ദിവസം പുലർച്ചെ 6 മണിക്ക് മധുര എത്തി, അടുത്ത് കണ്ട പെട്രോൾ പമ്പിൽ പ്രഭാത കലാപരിപാടികളൊക്കെ കഴിഞ്ഞ് ഗൂഗിൾ ചേച്ചിയുടെ സഹായത്തോടെ നേരെ പാലമേടിനു പിടിച്ചു.
പാലമേടിനോടടുക്കുമ്പോൾ തന്നെ ജല്ലിക്കെട്ടിനോടുള്ള തമിഴ് ജനതയ്ക്കുള്ള ആവേശം എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാകും. സുന്ദരൻമാരായി അണിയിച്ചൊരുക്കിയ വലിയ ജല്ലിക്കെട്ട് കാളകൂറ്റൻമാരെ മൂന്നും നാലും പേർ ചേർന്ന് കഴുത്തിൽ വലിയ കയറിട്ട് നടന്ന് നീങ്ങുന്നു, വലിയ ലോറികളിലായി കാണാൻ വരുന്നവരുടെ തിരക്ക് വേറെ. വണ്ടി നിർത്തി കുറച്ച് ദൂരം നടന്ന് ജല്ലികെട്ട് നടക്കുന്ന ഗാലറിയുടെ അടുത്തെത്തിയപ്പോഴാണ് അതിന്റെ ഏഴകലത്ത് എത്താൻ പറ്റില്ലെന്ന് മനസ്സിലായത്. ദൂരെ നിന്നും കാളയെ തുറന്ന് വിടുന്ന സ്ഥലം കാണാനായി ഗാലറിയിൽ കയറാൻ ഒരാൾക്ക് 500/- രൂപ വെച്ച് 2000 കൊടുത്തു ഒരു പടം പോലും കിട്ടാതെ അവിടെ നിന്നും നിരാശയോടെ താഴെ ഇറങ്ങി.
3 മണി വരെ പച്ച വെള്ളം കുടിക്കാതെ ഗാലറിക്ക് ചുറ്റും നടന്നു അതിനിടയിൽ ഞങ്ങൾ നാലും നാലു വഴിയിലായ് പിരിഞ്ഞിരുന്നു പടമെടുത്തില്ലെങ്കിലും ഒന്നു കാണാൻ കഴിഞ്ഞെങ്കില്ലെന്ന് ഒരു പാടാഗ്രഹിച്ചു. ഒടുവിൽ വിനോദേട്ടന്റെയും നാട്ടുകാരായ ചില നല്ല മനസ്സുകളുടേയും സഹായത്തോടെ ഗാലറിക്ക് മുന്നിലുള്ള ബാരികേടിൽ കയറി പറ്റാനായി, പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിനുപയോഗിക്കുന്നത്. മൽസരത്തിന് തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്. പലപ്പോഴും കാളയ്‌ക്ക് മയക്കു മരുന്നും മദ്യവും നൽകി ലഹരി പിടിപ്പിച്ച ശേഷമാണ് ജല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്.
ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്. കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊമ്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്പ്പെടുത്താൻ. പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ. പലപ്പോഴും ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്. നൂറുകണക്കിന് കാളകളെയാണ് തുറന്ന് വിടുന്നത് ആദ്യം ജല്ലികെട്ട് കൺനിറയെ കണ്ടു ഓരോ കാളകളും പുറത്തേക്കിറങ്ങുമ്പോഴാണ് ഓരോ തമിഴന്നും ജല്ലിക്കെട്ടിന് എത്രത്തോളം ആവേശത്തിലാണ് എന്നറിയുന്നത്.
ജല്ലികെട്ട് ഒരു ജനതയുടെ ആവേശമാണ് ഒരുപാട് മരണങ്ങളും. അപകടം സംഭവിച്ച് ഒത്തിരി ആളുകൾ ജീവനുള്ള ശവങ്ങളായ് കിടക്കുന്നുണ്ടെങ്കിലും മാട്ടു പൊങ്കലിൽ നടക്കുന്ന ഈ ഉത്സവം തമിഴ് ജനതയ്ക്ക് ഒഴിച്ച് നിർത്താൻ പറ്റാത്തതാണ്. ജല്ലികെട്ട് ഒരു ഫോട്ടോയിലോ വിഡിയോയിeല്ലാ എഴുത്തിലോ, പറഞ്ഞറിയിക്കാനോ അനുഭവിക്കുവാനോ കഴിയില്ല അതിന് നമ്മൾ അവരിലൊരാളായി ആ ഗാലറിയിൽ ഉണ്ടാവുക തന്നെ വേണം, അതിശക്തൻമാരായ കാളകൂറ്റൻമാരുടെ കുത്തും ചവിട്ടും എത്രയേറെ കൊണ്ടാലും അത് വകവെയ്ക്കാതെ വീണ്ടും അടുത്ത കാളയെ പിടിച്ചു നിർത്താനായ് കാളയെ ചാടിപിടിക്കുന്ന ഒരു. പറ്റം ചെറുപ്പക്കാർ, കാളയെ നിശ്ചിത സമയം പിടിച്ചു നിർത്താൻ കഴിഞ്ഞാൽ പിടിക്കുന്നയാൾക്കും പിടികൊടുക്കാതെ ഓടുന്ന കാളയ്ക്കും സമ്മാനങ്ങൾ നൽകുന്നു. കൂടാതെ ഏറ്റവും കൂടുതൽ കാളകളെ ഒറ്റയ്ക്ക് പിടിച്ചു നിർത്തുന്ന ആളാണ് ആ വർഷത്തെ വിജയി. ഭ്രാന്ത് പിടിച്ചോടി ആയിരങ്ങളുടെ ഇടയിലേക്കോടി വരുന്ന കാളകളെ പിടിച്ച് ഉടമസ്ഥനു നൽകാനുള്ള ആവേശം അതും വല്ലാത്തൊരനുഭവമാണ്. ഫോട്ടോ എടുക്കുന്നതിലുപരി കാണുക എന്നത് തന്നെയായിരുന്നു ലക്ഷ്യം അതിനിടയിൽ കിട്ടിയ കുറച്ച് പടങ്ങൾ മാത്രം.
കോടതി വിധിയെ തോൽപ്പിച്ചു കളഞ്ഞ തമിഴ് മക്കളുടെ ആവേശം….. അതൊരിക്കലെങ്കിലും നേരിട്ടനുഭവിക്കുക തന്നെ വേണം…. രണ്ടാമത്തെ ദിവസം അളകനല്ലൂർ ജല്ലികെട്ടിന്ന് പോയെങ്കിലും പടം പിടുത്തത്തിൽ നിരാശ മാത്രമായിരുന്നു, അടുത്ത വർഷവും വരണമെന്ന ആഗ്രഹത്തോടെ ഞങ്ങൾ തിരിച്ചു പോന്നു.
Subeesh yuva
Instagram.com/subeeshyuva_photography
facebook.com/subeeshyuva_photography
…
പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 9048906827