തെയ്യം പെയ്യും വടക്ക്

0
999
athmaonline-photostories

പ്രജുൽ പ്രഭാകർ

തെയ്യം വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്‌ഠാനമാണ്. ഭക്തിക്കും വിശ്വാസത്തിനുമൊപ്പം ഒരു ജനതതിയുടെ നിലനില്പിനും പ്രതിരോധത്തിനും കാരണമായ അനുഷ്‌ഠാനമായതുകൊണ്ടാണ് തെയ്യം ഇവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ ഒരവിഭാജ്യഭാഗമായിത്തീർന്നത്.അതിൽ അവരുടെ ജീവിതത്തിലെ സന്ദിഗ്ദ്ധഘട്ടങ്ങളിൽ മൂർദ്ധാവിൽ തലോടി സാന്ത്വനമരുളുന്ന അമ്മമാരുണ്ട് ; അവരുടെ കൃഷിയിടങ്ങളേയും കൃഷിയേയും സംരക്ഷിക്കുന്ന ഭഗവതിമാരുണ്ട് ; പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിൽ മാതൃകയായ ധീരന്മാരുണ്ട് ; രാജാക്കന്മാരെപ്പോലും ബുദ്ധികൊണ്ടും ശക്തികൊണ്ടും തോല്പിച്ച ഗുരുക്കന്മാരുണ്ട് ; വരേണ്യതയുടെ ക്രൂരതയിൽ ഇരയാക്കപ്പെട്ട് ദൈവത്വം നേടിയവരുണ്ട്.

കാർഷിക സംസ്കൃതിയുടെ ഏറ്റവും ശക്തവും ഭദ്രവുമായ അടയാളപ്പെടുത്തലുകളിൽ ഒന്നാണ് തെയ്യം. അതുകൊണ്ടാണ് തെയ്യം ചടങ്ങുകളിലെല്ലാം കൃഷിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ കാണുന്നത്.

പൊതുവെ, തുലാപ്പത്തിന് ( പത്താമുദയം )തുടങ്ങി ഇടവപ്പാതിയോടെ അവസാനിക്കുന്നതാണ് ഒരു തെയ്യക്കാലം.വടക്കൻ കേരളത്തിലെ ഗ്രാമങ്ങളും ഇടവഴികളും കാൽച്ചിലമ്പുകളുടെ താളങ്ങളാലും കോത്തിരിയുടെ പ്രകാശത്താലും മഞ്ഞൾപ്പൊടിയുടെ ഗന്ധത്താലും വിസ്മയം തീർത്ത് നാട്ടുകാർക്ക് ‘ഏറിയോരു ഗുണം വരാനായി ‘ അവരുടെ പരദേവതമാർ നേരിൽ പ്രത്യക്ഷപ്പെടുന്ന കാലമാണത്.

athmaonline-photostory-01

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് അരയി കാർത്തിക ചാമുണ്ഡി ക്ഷേത്രത്തിലെ കാർത്തിക ചാമുണ്ഡിയും കാലിച്ചോനും ഗുളികനും ഒരുമിച്ചുള്ള തോണിയാത്ര തെയ്യക്കാലത്തെ ഒരപൂർവ്വ കാഴ്ചയാണ്. കൃഷി സംരക്ഷിക്കുകയെന്ന നിയോഗം ഏറ്റെടുത്ത ദേവിയാണ് പുലയ സമുദായത്തിന്റെ ആരാധനാമൂർത്തിയായ കാർത്തിക ചാമുണ്ഡി. കന്നുകാലികളെ പരിപാലിക്കലാണ് കാലിച്ചോൻ ദൈവത്തിന്റെ ചുമതല. തെയ്യക്കാലത്തിന്റെ തുടക്കത്തിൽ, തുലാപ്പത്തിനാണ് ഈ മനോഹരമായ ദൃശ്യം നമുക്ക് അനുഭവവേദ്യമാവുക.

athmaonline-prajul-prabhakar-01

നൃത്തം, സംഗീതം, ചിത്രം, ശില്പം തുടങ്ങിയ എല്ലാ കലകളും സമന്വയിക്കുന്ന അനുഷ്‌ഠാനമാണ് തെയ്യം.ഓരോ തെയ്യത്തിന്റേയും ഭാവം പ്രകാശിതമാകുന്നത് അതിന്റെ മുഖത്തെഴുത്തിലൂടെയാണ്.
വിപരീതമായി ഇരുന്ന് കുരുത്തോലയുടെ ഈർക്കിൽ ബ്രഷാക്കി മുഖത്ത് രചിക്കുന്ന സങ്കീർണവും സൂക്ഷ്മവുമായ ഈ പ്രക്രിയ നിർവ്വഹിക്കുന്ന കലാകാരന്മാരെ എങ്ങനെ അഭിനന്ദിച്ചാലാണ് മതിയാവുക !

athmaonline-prajul-prabhakar-02

തെയ്യമെന്ന അനുഷ്‌ഠാനത്തിൽ തെയ്യത്തോളം തന്നെ പ്രധാനപ്പെട്ടതാണ് ദേവീ ദേവന്മാരുടെ പ്രതിപുരുഷന്മാരായ വെളിച്ചപ്പാടന്മാർ. തെയ്യത്തോടൊപ്പം ഉറഞ്ഞാടുന്ന അവർ നമ്മുടെ ഗ്രാമങ്ങളുടെ നിഷ്കളങ്കതയുടേയും ലാളിത്യത്തിന്റെയും പ്രതീകങ്ങളാണ് . ഒരായുസ്സ് മുഴുവൻ വ്രതവും പ്രത്യേക ജീവിതരീതിയുമായി അനുഷ്‌ഠാനത്തിനുവേണ്ടി മാറ്റിവച്ചവരാണിവർ.

athmaonline-prajul-prabhakar-03

തെയ്യപ്രപഞ്ചത്തിലെ വൈവിദ്ധ്യമാർന്ന തെയ്യങ്ങളിലെ അപൂർവ്വമായ ഒന്നാണ് കണ്ടനാർ കേളൻ. കൃഷിക്കായി കാടുവെട്ടി തീയിട്ടപ്പോൾ നാലുഭാഗത്തുനിന്നും ആളിപ്പടർന്ന തീയിൽപ്പെട്ട് മൃത്യു വരിച്ച കേളൻ വയനാട്ടുകുലവന്റെ സ്പർശനത്താൽ ദൈവക്കരുവായി മാറിയെന്നാണ് ഐതിഹ്യം.തെയ്യക്കാവുകളിൽ ആളിപ്പടരുന്ന തീയിലൂടെ നടക്കുന്ന ഈ തെയ്യം നമ്മിൽ ഒരേ സമയം അത്ഭുതവും ഭയവും ജനിപ്പിക്കും.

athmaonline-prajul-prabhakar-06

മാർണഗുളികൻ : പരമശിവൻ കാലനെ നിഗ്രഹിച്ചപ്പോൾ സംഹാര പ്രക്രിയ നിലച്ചുപോയതിനാൽ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ പരമശിവന്റെ പെരുവിരലിൽ നിന്നു പൊടിച്ചുണ്ടായ ദേവനാണ് ഗുളികൻ എന്നാണ് സങ്കല്പം. നൂറിലധികം ഗുളികന്മാർ ഉണ്ടെന്നാണ് വിശ്വാസം. അതിൽ തുളുനാട്ടിൽ നിന്നു വന്ന ഗുളികനാണത്രേ മാർണഗുളികൻ. കോപ്പാളസമുദായക്കാർ കെട്ടുന്ന തെയ്യമാണിത്.

athmaonline-prajul-prabhakar-05

കതിവനൂർവീരൻ : സമാനതകളില്ലാത്ത വീരഗാഥയാണ് മാങ്ങാട്ട് മന്ദപ്പൻ എന്ന കതിവനൂർവീരന്റേത്.
യുവാവായ മന്ദപ്പൻ അച്ഛനോട് വഴക്കിട്ടാണ് കണ്ണൂരിലെ മാങ്ങാട്ടുനിന്ന് കുടകിലെ കതിവനൂരുള്ള അമ്മാവനെ തേടിച്ചെന്നത്‌.അവിടെ താമസിച്ച് സ്നേഹനിധിയായ അമ്മാവന്റെ തണലിൽ ജീവിതം കരുപ്പിടിപ്പിക്കുകയും ഇഷ്ടപ്പെട്ട പെൺകുട്ടി, ചെമ്മരത്തി,യെ വിവാഹം കഴിക്കുകയും ചെയ്തു . എണ്ണവ്യാപാരത്തിനിടയിൽ ഒരു രാത്രി വീട്ടിൽ എത്താതിരുന്ന മന്ദപ്പനെ സംശയിച്ച ചെമ്മരത്തി ശാപവാക്കുകളാൽ കുത്തിനോവിച്ചു.വ്രണിതഹൃദയനായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മുത്താർമുടി കുടകരുടെ പടപ്പുറപ്പാട്.അതു കേട്ട് പടയ്ക്കു പുറപ്പെട്ട, ആയോധനവീരനായ, മന്ദപ്പൻ ആ യുദ്ധത്തിൽ വീരമൃത്യു വരിച്ച് ദൈവക്കരുവായി മാറി.വിവരമറിഞ്ഞ ചെമ്മരത്തി ഭർത്താവിന്റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്തു. ദൈവമായി മാറിയ കതിവനൂർ വീരൻ തന്റെ ഭക്തന്മാർക്ക് അനുഗ്രഹമേകാൻ
കുടകിൽ നിന്ന് മലനാട്ടിൽ വന്നുവെന്നാണ് ഐതിഹ്യം.

കമ്മാടത്ത് ഭഗവതി അഥവാ ദണ്ഡിയങ്ങാനത്ത് ഭഗവതി : ദണ്ഡിയങ്ങാനം കാവിൽ ഉയിർക്കൊണ്ടതുകൊണ്ട് ദണ്ഡിയങ്ങാനത്ത് ഭഗവതിയെന്നും കമ്മാടത്ത് ഇല്ലത്ത് ആദ്യമായി സ്ഥാനം നേടിയതുകൊണ്ട് കമ്മാടത്ത് ഭഗവതിയെന്നും അറിയപ്പെടുന്ന ചാമുണ്ഡിയാണിത്. മനോഹരമായ രൂപങ്ങൾ വരച്ച കവുങ്ങിൻ പാള കൊണ്ട് അലങ്കരിച്ച വലിയ മുടിയാണ് ഈ തെയ്യത്തിന്റെ സവിശേഷത.

athmaonline-prajul-prabhakar-10

മഡിയൻ കൂലോം കലശം : ഇടവപ്പാതിയോടടുത്ത് സ്വരൂപാധിപതിയായ ദേവിയുടെ സന്നിധിയിലെ കലശത്തോടെയാണ് അതതു പ്രദേശങ്ങളിലെ തെയ്യങ്ങൾ പര്യവസാനിക്കുന്നത്. കളരിവാതുക്കലും മാടായിക്കാവിലും മന്നംപുറത്തുകാവിലും മഡിയൻകൂലോത്തും കലശം നടന്നുകഴിഞ്ഞാൽ വടക്കൻകേരളത്തിൽ (പഴയ കുറുമ്പ്രനാടിനും കടത്തനാടിനും വടക്ക് )തെയ്യങ്ങൾ പാടില്ല എന്നാണ് നിയമം.

athmaonline-prajul-prabhakar-11

പാലോട്ട് ദൈവവും അങ്കക്കാരനും : മഹാവിഷ്ണുവിന്റെ മത്സ്യാവതാരത്തിന്റെ തെയ്യക്കോലമാണ് പാലോട്ട് ദൈവമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാലോട്ടുകാവുകളിൽ വിഷു അനുബന്ധിച്ചാണ് കളിയാട്ടങ്ങൾ നടക്കാറുള്ളത്. (നീലേശ്വരം തട്ടാച്ചേരി വടയന്തൂർ കഴകം പാലോട്ട് കാവ് വിഷുവിളക്കിനിറങ്ങിയ പാലോട്ട് ദൈവമാണ് ഫോട്ടോയിൽ )

athmaonline-prajul-prabhakar-12

ആടി – വേടൻ : പഞ്ഞമാസമായ കർക്കടകത്തിൽ ജനങ്ങളുടെ ആധിയും വ്യാധിയും മാറ്റി ഐശ്വര്യമേകാൻ വീടുകൾ തോറും കയറിയിറങ്ങി അനുഗ്രഹം ചൊരിയുന്ന കുഞ്ഞു തെയ്യങ്ങളാണ് ആടിയും വേടനും. വേടൻ പരമശിവനും ആടി ശ്രീപാർവ്വതിയുമാണെന്നാണ് സങ്കൽപം.കുട്ടികളാണ് സാധാരണയായി ഇത് കെട്ടാറുള്ളത്. മലയസമുദായക്കാർ കെട്ടുന്ന വേടനാണ് ആദ്യമിറങ്ങുക(ഫോട്ടോയിലുള്ളത് ). അത് കഴിഞ്ഞുള്ള ദിവസങ്ങളിലാണ് വണ്ണാൻ സമുദായക്കാർ കെട്ടുന്ന ആടി ഇറങ്ങുക. പഴയങ്ങാടി – പയ്യന്നൂർ ഭാഗങ്ങളിൽ ഇന്നും കാണുന്ന ഈ കർക്കടക കാഴ്ച്ച വിരളമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇരുപത്തിരണ്ടു വർഷത്തിനു ശേഷം 2020 ഫെബ്രുവരി 4 മുതൽ 11 വരെ തിയ്യതികളിൽ നടന്ന നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തിന്റെ ചില ദൃശ്യങ്ങൾ :

athmaonline-prajul-prabhakar-13

അന്തിത്തോറ്റം എഴുന്നള്ളത്ത് : നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം, പെരുങ്കളിയാട്ടനാളിലെ അന്തിത്തോറ്റം എഴുന്നള്ളത്ത്. പെരുങ്കളിയാട്ടങ്ങളിൽ പ്രധാനദേവതയുടെ രണ്ടുപ്രധാന തോറ്റങ്ങളാണ് ഉച്ചത്തോറ്റവും അന്തിത്തോറ്റവും. ഇത് കളിയാട്ടത്തിൽ വളരെ പ്രാധാന്യമുള്ള ചടങ്ങാണ്.

athmaonline-prajul-prabhakar-14

വീരകാളി : നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പെരുങ്കളിയാട്ടം

athmaonline-prajul-prabhakar-15

പാടാർക്കുളങ്ങര ഭഗവതി: നീലേശ്വരത്തിനടുത്ത പാടാർകുളങ്ങര കാവിൽ സ്വയംഭൂവായി അവതരിച്ച സൗമ്യസ്വരൂപിണിയായ ദേവിയാണ് പാടാർകുളങ്ങര ഭഗവതി.

athmaonline-prajul-prabhakar-16

22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പെരുങ്കളിയാട്ടത്തിന്റെ അവസാന നാളിൽ വടയന്തൂർ ഭഗവതിയുടേയും പടക്കത്തി ഭഗവതിയുടേയും ക്ഷേത്രപാലകന്റേയും തിരുമുടി നിവർന്നപ്പോൾ.

തയ്യാറാക്കിയത് മധു കിഴക്കയിൽ

prajul-prabhakar
പ്രജുൽ പ്രഭാകർ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here