ഫോട്ടോസ്റ്റോറീസ്
ഹരിഹരൻ .എസ്
കൊറോണ പടർത്തിയ ഇരുളിനും മുൻപായി തന്നെ ഇവിടെ വെളിച്ചം ഏറെ മങ്ങിയിട്ടുണ്ടായിരുന്നു. രാജ്യത്തെ മുസ്ലിം ജനതയുടെ മനസ്സുകളിൽ ഏറെ ഭീതി പടർത്തിയ പൗരത്വ ഭേദഗതി നിയമം പാർലമെൻറ്റിൽ പാസാക്കിയതിന്റെ പ്രക്ഷുബ്ധത നാടാകെ പടർന്നിരുന്നു. ദില്ലിയിലെ ഷഹീൻ ബാഗിലെ ഇരുപ്പ് സമരം ലോകശ്രദ്ധ നേടുകയും ഇന്ത്യൻ ജനാധിപത്യം ഒരു നാണക്കേടായി മാറാനും തുടങ്ങിയ ആ കാലത്ത് എഴുതിയതാണ് ഉമ്മർ മുഹമ്മദിനെ കുറിച്ചുള്ള ഈ കുറിപ്പ്. പ്രസിദ്ധീകരിക്കാമെന്ന് ഏറ്റിരുന്ന പത്രം കൊറോണയുടെ വരവോടെ നിർത്തിവയ്ക്കപ്പെട്ട ഷഹീൻ ബാഗ് സമരത്തിന്റെ കൂടെ ഇതിന്റെ പ്രസിദ്ധീകരണവും നിർത്തി വച്ചു.
എന്നാൽ പൗരത്വ ഭേദഗതി നിയമം നിർത്തിവയ്ക്കപ്പെടാതെ ഇപ്പോഴും ഒരു നിയമമായിത്തന്നെ രാജ്യത്തുണ്ടെന്ന് മറക്കാതെയിരിക്കാം.
ഇരുണ്ട കാലത്ത് പാട്ടുകളുണ്ടാകുമോ ?
ഉവ്വ് ..
ഇരുണ്ട കാലത്ത് ഇരുളിനെക്കുറിച്ചുള്ള പാട്ടുകളാണ് നാം പാടുക.
ബർതോൾട്ട് ബ്രഹ്ത് പറഞ്ഞതാണ് …
ഇരുണ്ട കാലത്ത് നാം ആ ഇരുളിൽ കഴിയുന്ന മനുഷ്യരെ ഫോട്ടോ എടുത്താൽ ഫോട്ടോഗ്രാഫുകളിലും ആ ഇരുള് പടർന്ന് പിടിക്കുമോ?
ന്യായമായും പിടിക്കേണ്ടതാണ് അല്ലെ?
ഉമ്മർ മുഹമ്മദിനെ ഞാൻ ആദ്യം കാണുന്നത് 1993 ലാണ്. കല്യാണം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം പാലക്കാടുള്ള തൊണ്ടികുളത്തെ ഭാര്യാവീട്ടിൽ വന്ന നേരമാണ്. ഒരു സിനിമ കണ്ടതിന് ശേഷം ഞങ്ങൾ തിരിച്ചുവരുമ്പോഴാണ് ആ തീരെ ചെറിയ പീടികയുടെ മുൻപിൽ ഭാര്യ നിന്നതും ഒരു കുറിയ കറുത്ത മനുഷ്യന്റെ കയ്യിൽ നിന്നും രണ്ട് മുഴം മുല്ലപ്പൂ വാങ്ങിയതും.
“ഉങ്ക പുരുഷനാ ? ഏക വേല പാക്കിറാര് ?”
ഞാൻ തിരുച്ചിയിലാണ് എന്ന് പറഞ്ഞതും അയാളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
“അപ്പിടീങ്കളാ … നാൻ ഇരുന്ത ഊരു താൻ. എനക്ക് അങ്കെയെല്ലാം സ്വന്തക്കാരങ്ക ഇരുക്കാങ്കോ .”
കുശലം പറഞ്ഞ ശേഷം ഞങ്ങൾ നടന്നകന്നു.
ഭാര്യയോട് അയാളുടെ പേര് ഞാൻ അന്വേഷിച്ചു .
“അയ്യോ..പേരൊന്നും എനിക്ക് കൃത്യമായി അറിയില്ല കേട്ടോ.. ഞങ്ങൾ “പൂക്കാരർ ഭായി ” എന്ന് വിളിക്കും. അത്രയേ അറിയുള്ളു.”
ലീവിന് വരുമ്പോഴൊക്കെ ഞാൻ “പൂക്കാരർ ഭായി” യോട് എന്തെങ്കിലും കുശലം ചോദിക്കുക പതിവാക്കി. തെളിഞ്ഞ ചിരിയോടെ ഭായിയും തിരുച്ചിയിലുമൊക്കെയുള്ള അയാളുടെ ബന്ധുക്കളെക്കുറിച്ചൊക്കെ വാചാലനാകും. ഭായി തനിക്ക് വയസ്സ് എഴുപത്തിയൊന്നായി എന്ന് പറഞ്ഞത് അവിശ്വസിക്കാനുള്ള തെളിവ് അയാളുടെ ആരോഗ്യം തന്നെയായിരുന്നു. എങ്ങനെ പോയാലും അയാൾക്ക് ഒരു അമ്പത്തഞ്ചിൽ കൂടുതൽ ആരും പറയില്ല.
സംസാരത്തിനിടയിൽ എപ്പോഴോ ഒരിക്കൽ അയാൾ തന്റെ മുഴുവൻ പേര് വെളിപ്പെടുത്തുകയുണ്ടായി.
ഉമ്മർ മുഹമ്മദ്.
വർഷങ്ങൾ കടന്ന് പോകുമ്പോഴും ഉമ്മർ ഭായിയിൽ വലിയ മാറ്റങ്ങളൊന്നും കാണാനുണ്ടായിരുന്നില്ല. അയാൾ എപ്പോഴുമെന്നപോലെ ഊർജ്ജസ്വലനായി തന്റെ ജോലിയിൽ വ്യാപരിക്കുന്നത് കാണാമായിരുന്നു.
ഇന്ത്യയുടെ രാഷ്ട്രീയം മുൻപില്ലാത്തവിധം മാറിപ്പോകുകയും ഒരെത്തും പിടിയുമില്ലാത്ത ഒരു നിലയില്ലാക്കയത്തിലേയ്ക്ക് രാജ്യം കൂപ്പ് കുത്തുകയും ചെയ്ത് തുടങ്ങിയപ്പോഴാണ് ഉമ്മറിന്റെ ശരിയായ വയസ്സിനെക്കുറിച്ചുള്ള ചിന്ത എന്നെ പെട്ടെന്ന് വലച്ചത്. പൗരത്വത്തെക്കുറിച്ചുള്ള സന്ദേഹങ്ങളും ധിക്കാരം കലർന്ന സംശയനിവൃത്തികളും എത്ര പെട്ടെന്നാണ് നമ്മുടെയിടയിൽ ഇരുൾ പടർത്തിയതെന്ന് ആലോചിച്ചപ്പോൾ തന്നെ ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട അന്നത്തെ എഴുപത്തിയൊന്നുകാരന്റെ ഇന്നത്തെ വയസ്സ് എന്നിൽ സംഭ്രമം ഉണർത്തി.
ഉമ്മറിന് തൊണ്ണൂറ്റിഎട്ട് വയസ്സായിരുന്നു…
കാലഘട്ടത്തിന്റെ അസംബന്ധജടിലമായ കുത്തിവര മൂലം ഏറെ ബുദ്ധിമുട്ടിയേക്കാവുന്ന ഒരു മനുഷ്യനാണ് ഈ ചെറിയ കടയിലിരുന്ന് അരനൂറ്റാണ്ടിലേറെയായി അടുത്തുള്ള രണ്ട് അഗ്രഹാരങ്ങളിലെ ബ്രാഹ്മണ സ്ത്രീകൾക്കും അവർ മുറതെറ്റിക്കാതെ വൈകുന്നേരങ്ങളിൽ തൊഴാൻ പോകാറുള്ള നാല് അമ്പലങ്ങൾക്കും പൂക്കൾ നൽകിവരുന്നത് .
ഉമ്മർ മുഹമ്മദ് എന്ന ഈ “പൂക്കാരൻ ഭായി ” നാളെ പൗരത്വം തെളിയിക്കാനാകാത്തതിനാൽ നൂറ് വയസ്സ് തികയ്ക്കുക ഒരു തടങ്കൽ പാളയത്തിലായിരിക്കുമോ എന്ന ഒരു ഭീതി എന്നിൽ വന്ന് നിറഞ്ഞു. ഭായിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെന്ന ഒരു മോഹവും എനിക്കുണ്ടായി.
സംശയിച്ചായിരുന്നു ഞാൻ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഭായിയോട് ചോദിച്ചത് .
“ആമാം.. അതേപ്പടിയാക്കും? ഇങ്കെ പൊറന്ത് ഒരു നൂറ്റാണ്ടാ ഇങ്കവേ പൊഴച്ച് വാഴ്ന്ത് വരിയും കെട്ടിയാച്ച്. ഇന്നിമേ എന്നവാം പൗരത്വത്ത്ക്ക് രേഖയ്?”
ഉമ്മർ ഭായിയോട് കടന്ന് വന്ന കാലത്തെക്കുറിച്ച് വിശദമായി പറയാമോ എന്ന് ഞാൻ ആരാഞ്ഞു. ഏറെ നേരം സംസാരിച്ചാൽ ശ്വാസം മുട്ട് അനുഭവപ്പെടാറുണ്ടെന്നും തന്റെ ജീവചരിത്രം ഒരു കടലാസ്സിലാക്കി അടുത്ത ദിവസം തരാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ഭായി ഒന്നിന് പിറകെ ഒന്നായി ബീഡി വലിച്ച് കൂട്ടുന്നുണ്ടായിരുന്നു.
“ചിന്ന വയസ്സിലയെ ഇത പഴകിയിട്ടേൻ … ഇന്നമേ ഏതർക്ക് കഷ്ടപ്പെട്ട് നിർത്തണം?”
രണ്ട് ദിവസങ്ങൾക്ക് ശേഷം ഉമ്മർ ഭായിയെ തിരക്കി ഞാൻ കടയിൽ പോകുമ്പോഴും ഒരു ബീഡിയും വലിച്ചിരിക്കുന്നതാണ് കണ്ടത്. ചിരിച്ച് കൊണ്ട് മേശപ്പുറത്തിരുന്ന മടക്കിവച്ച ഒരു നോട്ടീസ് ഭായി എനിക്ക് നീട്ടി.
നോട്ടീസിന്റെ ഒഴിഞ്ഞ മറുപുറത്ത് ഒരല്പം വിറയാർന്ന കൈപ്പടയിൽ ഉമ്മർ മുഹമ്മദ് എന്ന് പേരായ ഇന്ത്യൻ പൗരൻ അയാളുടെ ജീവിതയാത്ര അടയാളപ്പെടുത്തിയിരുന്നു.
“കൊഞ്ചം കൊരൽ കുടുത്ത് പടീങ്കോ … ഇന്നുമെതാവത് വേണംനാൽ കേളുങ്കോ … സൊല്ലി താറേൻ “.
ഞാൻ വായിച്ച് തുടങ്ങി .
“ജനനം 1922.”
കടലാസിൽ നിന്നും കണ്ണുകളുയർത്തി ഞാൻ ഉമ്മർ ഭായിയെ ഒന്ന് നോക്കി.
ഒരു ചിരിയോടെ അയാൾ പറഞ്ഞു.
“രണ്ട് വർഷം കൂടയിരുന്താ നൂറ് തികയും. നാൻ സുമ്മാ സൊല്ലലെ.”
ഉമ്മറിനെ ആറ് വയസ്സുള്ളപ്പോഴാണ് ബാപ്പ ഉമ്മർ ഷെരീഫ് പള്ളിക്കൂടത്തിൽ ചേർക്കുന്നത്. നാലാം തരം വരെ പഠിക്കാനായി. വീട്ടിലെ കടുത്ത ദാരിദ്ര്യം മൂലം 1932ൽ പഠിപ്പ് നിർത്തി ഒരു സോഡാക്കടയിൽ പണിക്ക് കയറി. ദിവസക്കൂലിയായി ഒരണയാണ് കിട്ടിയിരുന്നത്.
ഈ കൂലികൊണ്ട് വീട്ടിലെ കാര്യങ്ങൾക്ക് വലിയ മെച്ചമൊന്നുമുണ്ടായില്ല. അധികം താമസിയാതെ കുറച്ചുകൂടി കൂലി തരാമെന്ന് പറഞ്ഞ ഒരാളുടെ മീൻകടയിൽ ഉമ്മർ പണിക്ക് ചേർന്നു. അവിടെ ഏകദേശം രണ്ട് വർഷക്കാലം ജോലിചെയ്തു. അപ്പോഴാണ് കോയമ്പത്തൂരിലുള്ള വലിയ പൂമാർക്കറ്റിൽ ധാരാളം ജോലിയൊഴിവുണ്ടെന്നും ഭേദപ്പെട്ട കൂലികിട്ടുമെന്നും കേട്ടത്. മറ്റൊന്നും ആലോചിക്കാതെ ഉമ്മർ കോയമ്പത്തൂർക്ക് പോകുകയും അവിടെ ഒരു പൂക്കടയിൽ പണിക്ക് കയറുകയും ചെയ്തു. മൂന്നുനാല് വർഷങ്ങൾ കഴിഞ്ഞപ്പോൾ അതേ കടയുടമയുടെ ചിറ്റൂരുള്ള പൂക്കടയിലേയ്ക്ക് മാറ്റം കിട്ടി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലമായി. വറുതിയും പട്ടിണിയും കൊണ്ട് നാട് വലഞ്ഞ ദിവസങ്ങളായിരുന്നു അവയെന്ന് ഭായി എന്നെ ഓർമ്മിപ്പിച്ചു.
“കഞ്ചി കൂട കിടയ്ക്കാത്ത നാളുകൾ .. തെരിയുമാ.. കിണത്തുലേന്തും പൈപ്പിലേന്തും കിടയ്ക്കറ തണ്ണി മട്ടും താൻ പല നാളും കുടിച്ചിരിക്കേൻ. അന്ത അടിപൈപ്പ എന്നമാ അടിച്ചാ താൻ ഒരു കൊടം തണ്ണി കെടയ്ക്കും ന്ന തെരിയുമാ …?”
1942 ആകുമ്പോഴേയ്ക്കും ഉമ്മർ മലബാറിലെയും കൊച്ചിരാജ്യത്തിലെയും പല സ്ഥലങ്ങളിലും പൂക്കളെത്തിക്കാനായുള്ള യാത്രകൾ തുടങ്ങി. ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഒരു ധൈര്യത്തിന് തമിഴ്‌നാട്ടിൽ ഒന്ന് പയറ്റി നോക്കാമെന്ന് കരുതിയത്.
“കൊഞ്ച മാസം തമിഴ് തണ്ണി കുടിച്ചത് മിച്ചം. ഒന്നും ഉരുപ്പടിയാകലേ അങ്കെയും. നാൻ തിരുമ്പി ഇങ്കയേ വന്ത് ശേർന്തേൻ .”
1944 കാലമാകുമ്പോഴേക്കും യുദ്ധം ഉച്ചഘട്ടത്തിലായി. ഉമ്മർ വീണ്ടും തന്റെ പഴയ തൊഴിലിലേർപ്പെട്ടു. പലഭാഗങ്ങളിലേയ്ക്കും പൂ എത്തിച്ച് കൊടുത്തെങ്കിലും വ്യാപാരം മെച്ചപ്പെടാത്തത് കൊണ്ട് അത് വീണ്ടും നിർത്തേണ്ടി വന്നു.
ലോകമഹായുദ്ധം അവസാനിക്കുകയും രാജ്യത്തിന് ഉടനെ സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രത്യാശ ആളുകളുടെയുള്ളിൽ വളരുകയും ചെയ്ത ആ കാലത്താണ് ഉമ്മർ വീണ്ടും തമിഴ്‌നാട്ടിലേക്ക് പോകാൻ തീരുമാനിക്കുന്നത്.
ചോദിക്കുന്നത് ഉചിതമാണോ എന്ന് സംശയമുള്ള ഒരു ചോദ്യം ഞാൻ ഉമ്മറോട് ഏതായാലും ചോദിച്ചു.
“ശരി… ഇന്ത തെരുവിലെയെല്ലാം നമ്മ നാടോട് സ്വതന്ത്ര പോരാട്ടം എതാവത് നടന്തിരുക്കാ ?”
“അതെന്ന നീങ്ക അപ്പടി കേക്കറേങ്ക ? ഇങ്കയെല്ലാരുമേ അന്നക്കിയെല്ലാം കാംഗ്രസ്സ് പാർട്ടി താൻ. ഇങ്ക തെരുവില കൂട മേടയ്പ്പേച്ചെല്ലാം നടന്തിരുക്കേ. ഒരു വിഷയം തെരിയുമാ.. ? എനക്കപ്പോ ഒരു പതിനഞ്ച് വയസ്സിരുക്കും. ജോർജ്ജ് ആറാമൻ ചക്രവർത്തി ഇൻഡിയാവുക്ക് വറതാക തകവൽ വന്തതും ഇങ്കെ ഒരു ഗലാട്ട ആയിപ്പോച്ച്. ഇങ്കെ അവര്ക്ക് എതിരാക കരിങ്കൊടി പിടിച്ച് ടൗണിലെ ഒരു പെരിയ ജാഥ നടന്തതിലെ നാനും കലർന്ത് വിട്ടേൻ. പോലീസ് വന്ത് അടിയോ അടി … എപ്പടിയെല്ലാമോ എന്തവഴിയാലയെല്ലാമോ ഓടി നാൻ വീട് വന്ത് ശേർന്തുട്ടേൻ. അവരപ്പറം നമ്മ നാട്ടുക്ക് വരവേയില്ലേ… ഭയന്ത് പോയിട്ടാർ പോലയിരുക്ക്.”
ഉമ്മർ ഒരു ബീഡിയ്ക്ക് തീ കൊടുത്തു. ഒന്ന് ചങ്ങാത്തം കൂട്ടാനായി ഒരു ബീഡി വാങ്ങി ഞാനും വലിച്ചു.
“സൊല്ല പോനാ അപ്പൊ നാനും ഒരു സ്വതന്ത്രപോരാട്ട ത്യാഗി താനേ?”
ഉമ്മർ ഒന്ന് കുലുങ്ങി ചിരിച്ചു.
നേരം ഇരുട്ടി കഴിഞ്ഞിരുന്നു. ഭായിയ്ക്ക് കടയടയ്ക്കാനുള്ള നേരമായി.
“ഭായി… നാളെ രാവിലെ ഞാൻ നിങ്ങളുടെ വീട്ടിൽ വരട്ടെ? നിങ്ങൾ രാവിലെ വീട്ടിൽ നിന്നുമിറങ്ങി കടയിലേക്ക് നടന്ന് വരുന്ന ഫോട്ടോകളെടുക്കാനാണ്.”
“നാൻ കാലയിലെ 6.30 മണിക്ക് കളംബിടുവേൻ . അതുക്കുള്ള വരുവേങ്കളാ ?”
വരാമെന്ന് ഏറ്റ് ഞാൻ ഭായിയെ പിരിഞ്ഞു.
പിറ്റേന്ന് രാവിലെ ആറര മണിയ്ക്ക് തെരുവിലെ പള്ളിയ്ക്ക് സമീപമുള്ള ഭായിയുടെ വീട്ടിൽ എത്തുമ്പോൾ പുറത്ത് ഒരു കസേരയിൽ ഭായി പതിയായി ധരിക്കാറുള്ള വെള്ള ഷർട്ടും മുണ്ടും തലക്കെട്ടുമണിഞ്ഞ് ഇരിപ്പുണ്ടായിരുന്നു. സമീപമുള്ള ഒരു ടാപ്പിൽ നിന്ന് ഒരു സ്ത്രീ കുടങ്ങളിൽ വെള്ളം പിടിക്കുന്ന ജോലിയിൽ വ്യാപൃതയായി നിന്നു.
“വന്തുട്ടേങ്കളാ ? ഇത് എൻ പേത്തിയാക്കും .”
വെള്ളം പിടിച്ചുകൊണ്ടിരുന്ന സ്ത്രീയെ ചൂണ്ടി ഭായി പറഞ്ഞു.
“താത്ത റൊമ്പ നേരമാ റെഡിയായി ഒങ്കള്ക്കാക കാത്തിരിക്കാര് .”
ഭായി എഴുന്നേറ്റു.
“ശരി .. പോഹലാമാ ?”
“ഭായി .. നീങ്ക മുന്നാടി നടാവുങ്കോ .”
രണ്ട് വർഷങ്ങൾ കഴിഞ്ഞാൽ നൂറ് തികയുന്ന ആ മനുഷ്യന്റെ കുലുങ്ങാത്ത ആ നടത്തം അത്ഭുതത്തോടെ ഞാൻ ക്ഷണനേരം നോക്കി നിന്നു.
ഫോട്ടോ എടുത്തുകൊണ്ട് ഞാനും കുറച്ച് പുറകിലായി നടന്നു.
പുതുപ്പള്ളിത്തെരുവ് ഉണർന്ന് തുടങ്ങിയിരുന്നു. ഭായി തെരുവോരത്തുള്ള ഒരു ചായക്കടയിൽ കയറി.
“വാങ്കോ… ടീ സാപ്പിട്ട് പോഹലാം .”
ആളുകൾ ഭായിയെയും എന്നെയും കൗതുകത്തോടെ നോക്കി.
“ഫോട്ടോഗ്രാഫറാക്കും … എന്ന പടം പിടിക്ക വന്തിരുക്കാര് .”
ചായയുടെ കാശ് താൻ തന്നെ കൊടുക്കുമെന്നും പറഞ്ഞ് ഭായി പണം നീട്ടി.
കടയിലെത്തിയപ്പോൾ അവിടെ ഞങ്ങളെ കാത്ത് രണ്ടുപേർ നിൽപ്പുണ്ടായിരുന്നു.
“എൻ മൂത്ത മഹളും അവ പേരക്കുട്ടിയും.”
ഭായി അവരെ പരിചയപ്പെടുത്തിക്കൊണ്ട് കട തുറന്നു.
പലകകൾ ഓരോന്നായി മാറ്റി ഭായി തന്റെ കട തുറന്നു.
“എങ്കള മൂന്നുപേരെയും ഒരു ഫോട്ടോ ഏടുങ്കളേൻ ”
അതിന് ശേഷം അവർ രണ്ടുപേരെയും യാത്രയാക്കിയ ശേഷം ഉമ്മറിക്ക വീണ്ടും സംസാരിച്ച് തുടങ്ങി.
“ലോകമഹായുദ്ധമെല്ലാം മുടിഞ്ചത്. വരുമയും പട്ടിണിയും മിച്ചം നിൻഡ്രപോത് നാൻ മറുപടിയും തമിഴ്‌നാട്ടുക്ക് പോക മുടിവെടുത്തേൻ. സ്വാതന്ത്രത്ത്ക്ക് ഒരു വർഷം മുന്നാടി സേലത്തുക്ക് പോയി വേല കിടയ്ക്കുമാന്ന് പാത്തേൻ . പട്ടിണി കിടന്തത് മിച്ചം. കയ്യില ഒരണ കൂടെയില്ലെ. അപ്പടിയെ തിരുച്ചിയ്ക്ക് വഴികേട്ടിണ്ടേ നടന്തേൻ . അയ്യോ… നടന്താലാ മുടിയും ..!!! നൂറ്റി ഇരുപത്തഞ്ച് കിലോമീറ്റർ. പശി താങ്കമുടിയാമ പൈപ്പ് തണ്ണിയ കുടിത്തും പിച്ചയെടുത്തും എപ്പടിയോ ഉയിരോട അങ്കെ എത്തിശേർന്തേൻ. അങ്കെ പെരിയ പൂമാർക്കറ്റിലെ വേല ശെയ്യുമ്പോത് താൻ നമ്മ നാട്ടുക്ക് സ്വാതന്ത്രം കിടച്ചുത്. നീ ഇങ്കവേ പൊഴയ്ക്ക പോറയാ ഇല്ലെ പാക്കിസ്ഥാനുക്ക് പോകപ്പോറയാ എൻട്ര കേൾവി എനക്ക് പുരിയവെയില്ലേ. നാൻ പൊറന്തത് ഇങ്കെ താനേ അയ്യാ … ഇങ്കവേ താനേ നാൻ വാഴണം. എനക്ക് അപ്പടി താൻ ഉള്ളെ പട്ടുത്. നാൻ തിരുമ്പി ഇങ്കെ പാലക്കാട്ടുക്കെ വന്തേൻ. രാജ്യത്തിലെ ഒരേ കലവരം നടന്ത് കൊണ്ടിരുന്തത് . അപ്പാവും നാനും ഒരേ മുടിവ് താൻ എടുത്തോം. ഇത് താൻ എങ്ക നാട്. നാങ്ക ഇത വിട്ട് എങ്കേയും പോക മാട്ടോം, അതുക്ക് അപ്പ്രം ഇതുവരേയ്ക്കും യാരുമേ എങ്കളെ ഇന്ത ഊരവിട്ട് പോക ശൊന്നതില്ലേ. ഇപ്പൊ ഇന്ത തൊണ്ണൂറ്റിയെട്ടാവത് വയസ്സില ഇന്ത ഊര് കുടിമകൻ താൻ എന്ടറ് എപ്പടിയാ നിരൂപിക്കറത് ? നാനെല്ലാം പിറക്കുമ്പോത്തും നികാഹ് ശെയ്യുമ്പോതും സർട്ടിഫിക്കറ്റെല്ലാം കെടയാത്. ഇപ്പോത് കൊണ്ട് വായാ എൻട്ര് ഉത്തരവ് പോട്ടാ നാൻ എങ്ക താൻ പോകണം ? വേണ്ട എൻട്ര് വെച്ച പാക്കിസ്ഥാനുക്കാ ?”
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഇതാണ് തന്റെ രാജ്യമെന്നും ഇവിടെയുള്ളവരൊക്കെ തന്റെ സഹോദരങ്ങളാണെന്നുമുള്ള തിരിച്ചറിവോടെ എഴുപത്തിമൂന്ന് വർഷങ്ങൾ ഇവിടെ ജീവിച്ച ഒരു തൊണ്ണൂറ്റിയെട്ടുകാരനോടാണ് അയാൾ ഒരു മുസൽമാനായിപ്പോയത് കൊണ്ട് മാത്രം നാം ഇന്ന് അയാളുടെ പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നത്.
നാണമാകുന്നില്ലേ നമുക്ക്?
ഒരു നിമിഷം ഞാൻ എന്റെ കുടുംബവൃക്ഷത്തിന്റെ ശിഖരങ്ങളിലൂടെ ഒന്ന് പിടിച്ച് കയറി.
സ്വാതന്ത്ര്യസമരം എന്ന് അറിയാതെ ഉച്ചരിച്ച് പോയ ഒരാളെ മരുന്നിന് പോലും കണ്ടെത്താനായില്ല എനിക്ക്.
പക്ഷെ ഞാനൊരു ഹിന്ദു കുടുംബത്തിൽ ജനിച്ചത് കൊണ്ട് അതൊന്നും കാര്യമാവുകയില്ലെന്നും മരിക്കുവോളം ഞാൻ ഇവിടെ ഒരു പൗരനായി തന്നെ ജീവിക്കുമെന്നും എനിക്ക് നന്നായി അറിയാം.
ഉമ്മർ മുഹമ്മദ് ഒരു മുസൽമാനായിട്ടാണ് ജനിച്ചതും ജീവിക്കുന്നതും. അയാൾക്ക് പൗരത്വം തെളിയിച്ചേ തീരൂ…
ഇന്ത്യയിൽ നിന്നും ഹിന്ദുസ്ഥാനിലേയ്ക്കുള്ള രാജ്യത്തിന്റെ മാറ്റവഴിയിലെ സുപ്രധാനമായ ഒരു മൈൽകുറ്റിയായ ഇതിനെ ഇളക്കാൻ വഴിയറിയാതെ ഉമ്മർ മുഹമ്മദിനെ പോലെയുള്ള ദശലക്ഷക്കണക്കിന് മുസ്ലിങ്ങൾ വിഹ്വലതയോടെ വിതുമ്പുന്ന ഒരു രാജ്യമായിരിക്കുന്നു നമ്മുടേത്.
“തിരുമ്പി നാൽപ്പത്തിഎട്ടില പോട്ട കടയാക്കുമിത് സാർ. ഇപ്പോതും ഇത് ഓട താനേ ശെയ്യുത് ? ആരുക്കുമെ തൊന്തരവില്ലാമേ… ഇന്ത രണ്ട് ഗ്രാമത്തിലെയുള്ള പെൺകളെല്ലാമെ ഇത്തനയും വർഷമാക എൻക്കിട്ടെ താനേ പൂ വാങ്കറാങ്ക ? ഇങ്കയുള്ള മൂന്ന് കോവിലുക്കും നമ്മ കട താൻ സപ്ലൈ.. ”
കാലമെങ്ങനെയൊക്കെയാണ് നമ്മുടെയിടയിൽ സമാധാനത്തോടെ അന്തസ്സുറ്റ ഒരു തൊഴിലും ചെയ്ത് ജീവിക്കുന്ന ചിലരുടെ ജീവിതങ്ങൾ മാറ്റിയെഴുതിയത്..!!
വകതിരിവില്ലാത്ത ഒരു കൂട്ടം മതഭ്രാന്തന്മാർ സ്നേഹത്തോടും ഒരുമയോടും ജീവിച്ച് പോന്ന ഒരു സമൂഹത്തിലേയ്ക്ക് നാശത്തിന്റെ വിത്തുകളും പാകി രക്തത്തിന്റെ പച്ച മണം പേറുന്ന കൊടുങ്കാറ്റ് കൊയ്യാനായി വരമ്പത്ത് കാത്ത് കെട്ടി നിൽക്കുന്ന ഒരു കെട്ടകാലത്താണല്ലോ ഉമ്മറിക്ക നിങ്ങളുടെ നൂറാം പിറന്നാൾ ഒരുപക്ഷെ ആഘോഷിക്കപ്പെടുക…!!
“ഇങ്കെ പൊറന്ത് വാഴ്ന്തേൻ… മുനിസിപ്പാലിറ്റിയ്ക്ക് എല്ലാ വർഷവും വരികെട്ടിനേൻ … എത്തനയോ ആയിരക്കണക്കാന ആളുകള്ക്ക് പൂ വിത്തേൻ.. ശിവനും ശാസ്താവും വെങ്കടാചലപതിയും ഇന്ത കട പൂ താൻ ചൂടീർക്കാങ്ക … അവങ്കൾക്കൊന്നും ഇവളവ് വർഷമാ ഇല്ലാത്ത ഒരു കുറയാ എനക്ക് ഇപ്പോത് വന്തത് ?”
ഉമ്മർ ഇക്കയുടെ നോട്ടം പകച്ച് പോയിരുന്നു.
നേരം ഉച്ചയായിരുന്നു. രാവിലെ കണ്ട പയ്യൻ ഉമ്മർ ഭായിക്കുള്ള ചോറുമായി വന്നു.
“നീ സാപ്പിട്ടായാ ?”
“ഓ.. അപ്പോതെ സാപ്പിട്ടേൻ ”
ഉമ്മർ ഭായിയുടെ ഉത്സാഹമെല്ലാം എവിടെയോ പോയി മറഞ്ഞിരുന്നു. ആ ഉച്ച വേളയിലെ തിളയ്ക്കുന്ന വെയിലിന്റെ വെളിച്ചത്തിലും അദ്ദേഹത്തിന്റ കണ്ണുകൾ ഇരുളിന്റെ കയങ്ങളിൽ മുങ്ങിയിരുന്നു. അവയിൽ ഒരിറ്റ് വെളിച്ചം പോലും എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
യാത്ര പറഞ്ഞ് ഞാൻ കടയിൽ നിന്നും പുറത്തിറങ്ങി. ഒരല്പ ദൂരം നടന്ന ശേഷം തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കണ്ടത് കടയുടെയുള്ളിൽ നിന്നും തല വെളിയിലേയ്ക്ക് നീട്ടി എന്നെ ഉറ്റുനോക്കി നിൽക്കുന്ന ഉമ്മർ ഭായിയെയാണ്.
ഭായി എന്നെ നോക്കി കൈ വീശി.
ഞാൻ തിരികെയും.
നമ്മളിൽ നിന്നും അകന്ന് പോകുന്ന ഒരു കാലഘട്ടത്തിന്റെ യാത്രാമൊഴിയായിരുന്നു അത്.
നട്ടുച്ചയ്ക്ക് കണ്ണുകളിൽ ഇരുട്ടുമായി നിൽക്കുന്ന ഒരു തോൽവിയടഞ്ഞ മനുഷ്യന്റെ കറുപ്പിലും വെളുപ്പിലുമുള്ള ഒരു ആക്കൈവൽ പ്രിന്റ് പോലെയായിരുന്നു ഉമ്മർ ഭായിയും ആ കൊച്ച് പൂക്കടയും ചേർന്ന ഫ്രെയിം എനിക്ക് അനുഭവപ്പെട്ടത്.
…
ഹരിഹരൻ എസ്
ഫോട്ടോഗ്രാഫറും എഴുത്തുകാരനുമാണ് .
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിക് പ്രിന്റുകൾ ഗാലറികളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട് .
ഇന്ത്യയിലും വിദേശത്തുമുള്ള പ്രസിദ്ധീകരണങ്ങളിൽ ഫോട്ടോഗ്രാഫുകളും അനുബന്ധ എഴുത്തും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ ഫൈൻ ആർട്ട് ഫോട്ടോഗ്രാഫിയിലും ഫോട്ടോ ആർട്ടിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
പാലക്കാട് നഗരത്തിലുള്ള തൊണ്ടികുളത്താണ് താമസം.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
നമ്മൾ അരികു പറ്റി പോകുന്നവർ എന്ന് കരുതുന്ന മനുഷ്യരിലും കഥയുണ്ട് …
ജീവിതവഴികൾ താളം തെറ്റിക്കുന്നവരോട് കലഹിച്ചും, കലഹിക്കാതെ പോരടിച്ചും നിൽക്കുന്ന കഥ.
കഥയെക്കാൾ തീഷ്ണമായ ജീവിതം.
അത് കണ്ടെത്തി വാക്കിലും ദൃശ്യത്തിലും സത്യസന്ധത ഒട്ടും ചോരാതെ അവതരിപ്പിച്ച സുഹൃത്തിനു നന്ദി.
Very good quality photos and story.