ഹാരിസ് ടി. എം
ഞാൻ ഹാരിസ് ടി. എം. 32 വര്‍ഷമായി യാത്ര ചെയ്യുന്നു. ഇന്ത്യയില്‍ അവിടെയുമിടെയും; പിന്നെ പുറത്തുള്ള ചില പട്ടണങ്ങളിലും നഗരങ്ങളിലും. ഫോട്ടോഗ്രഫി ഒരു പ്രധാന കാര്യമായി കാണാതിരുന്ന ആദ്യകാല സഞ്ചാരവേളകളില്‍ കൂട്ടുകാരില്‍നിന്നു കടം വാങ്ങിയ ഓട്ടോ ഫോക്കസ് ക്യാമറകളിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. 2008ല്‍, ജമ്മു- കഷ്മിര്‍- ലഡാക്ക് യാത്രയ്ക്കുവേണ്ടിയാണ് സോണിയുടെ ഒരു ഡിജിറ്റല്‍ ‘പോയിന്‍റ് ആന്‍ഡ് ഷൂട്ട്’ ക്യാമറ സ്വന്തമാക്കുന്നത്. കണ്ണുംപൂട്ടി പടമെടുക്കാന്‍ പറ്റിയ, മികച്ച റിസള്‍ട്ട് നല്‍കുന്ന, തുടക്കക്കാര്‍ക്കു യോജിച്ച ഒന്നായിരുന്നു സോണി സൈബര്‍ ഷോട്ട്.
2014ല്‍, ദില്ലി, ആഗ്ര, അമൃത്‌സര്‍, മണികരണ്‍, മനാലി യാത്രയ്ക്കു മുമ്പായി ഒരു ഡിജിറ്റല്‍ SLR വാങ്ങി- Canon 600D. ‘സിംഗ്ള്‍ ലെന്‍സ് റിഫ്ലെക്സ്’ ക്യാമറകളില്‍ ചിത്രങ്ങള്‍ എടുക്കാനുള്ള പ്രാവീണ്യമില്ലാതെത്തന്നെ, ആ കറക്കത്തിനിടയില്‍ ചറപറ ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു. തിരിച്ചുവന്നു നോക്കുമ്പോള്‍, വളരെക്കുറച്ചു മാത്രമേ ശരിക്കും ‘ക്ലിക്കാ’യിരുന്നുള്ളൂ. തുടര്‍ന്നാണ് ലൈറ്റ് സോഴ്സിന്‍റെ [Lightsource] ഫോട്ടോഗ്രഫി പഠനക്ലാസുകളില്‍ ചേരുന്നത്.
യാത്ര ചെയ്യുന്ന അവസരങ്ങളില്‍ മാത്രം ക്യാമറ കയ്യിലെടുക്കുന്ന എന്നെപ്പോലെ ഒരാള്‍ക്ക്, ഇടയ്ക്കിടെ ‘ഗിയറു’കള്‍ മാറ്റുന്നത് വലിയ സാഹസം തന്നെയാണ്. എങ്കിലും, അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍, 2019ല്‍, ഞാനും മിറര്‍ലെസ്സ് ക്യാമറയിലേക്ക് കൂടുമാറി. അതില്‍പ്പിന്നെ പല പല യാത്രകള്‍- നാട്ടിനകത്തും രാജ്യാന്തര തലത്തിലും. 2022ല്‍ നേപ്പാളിലേക്കും, ഉത്തര യൂറോപ്പിലെ ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, നോര്‍വ്വെ, സ്വീഡന്‍, എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ നോര്‍ഡിക്- ബാള്‍ട്ടിക് ദേശങ്ങളിലേക്കും സഞ്ചരിക്കാന്‍ അവസരമുണ്ടായി.
പ്രകൃതീ മനോഹാരിതയും മനുഷ്യരുമാണ് പലപ്പോഴും ചിത്രങ്ങള്‍ക്ക് വിഷയമാവാറുള്ളത്. കഴിഞ്ഞ വര്‍ഷവും എന്‍റെ ‘സോണി ആല്‍ഫ 6300’
പകര്‍ത്തിയത് അവ തന്നെയാണ്.
പ്രൊഫൈല്‍: മുപ്പതു വര്‍ഷം കോഴിക്കോട് സര്‍വകലാശാലയ്ക്കു വേണ്ടി ജോലി ചെയ്തു. 2019ല്‍ ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ചു. ഇതുവരെയായി, ഏഷ്യയിലെയും യൂറോപ്പിലെയും, 24 രാജ്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 2021ല്‍, ഇന്ത്യന്‍ യാത്രകളുടെ ഒരു പുസ്തകം, ‘ചിനാര്‍തടങ്ങളും ദേവദാരുമരങ്ങളും’, പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസാധകര്‍: സുജിലീ പബ്ലിക്കേഷന്‍സ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല