മുതിർന്ന കുട്ടികളൊക്കെയും വീടു നോക്കുന്ന കാലം. (പെരുമ്പിലാവ് കഥകൾ)

0
355
perumpilavu-kathakal

രമേഷ് പെരുമ്പിലാവ്

നല്ല മഴ പെയ്യുകയാണ്. ഒരു പാടത്തിന് നടുക്കാണ്. കയ്യിലൊരു കീറിയ കാലന്‍ കുടയുണ്ട്. ചുറ്റും പരന്ന് കിടക്കുന്ന പാടം. മഴയിങ്ങനെ നൂലുപോലെ ഊര്‍ന്ന് വീഴുന്നത് എന്തുരസമുള്ള കാഴ്ചയാണ്.

എട്ടൊമ്പത് മണിക്കൂര്‍ പാറിയും കനത്തും മഴ പെയ്യുമ്പോള്‍ പാടവരമ്പത്ത് നിന്നിട്ടുണ്ടോ. ചുമ്മാതങ്ങ് നില്‍ക്കുകയല്ലാട്ടോ. അതൊരു ജോലിയാണ്. വിതച്ച കണ്ടത്തില്‍ നെല്ല് മുളച്ചുവരുമ്പോള്‍ ആറ്റക്കിളികള്‍ കൊത്തിക്കൊണ്ട് പോകാതിരിക്കാന്‍ കാവല്‍ നില്‍ക്കുന്ന ജോലി. കിളികള്‍ സന്ധ്യയ്ക്ക് ചേക്കേറുംവരെയൊരു ജോലി. ‘ആറ്റയെ നോക്കാന്‍ പോകുന്നു’ എന്നാണ് ഈ ജോലിയുടെ പേര്.

സ്കൂള്‍ കാലത്തെ ചില ജോലികള്‍ ഇങ്ങനെയൊക്കെയാണ്. ശനിയും ഞായറുമാണ് ഈ പണികള്‍ തേടി വരുന്നത്. രണ്ടോ മൂന്നോ രൂപയാണ് കൂലി. ഉച്ചയ്ക്ക് ചോറ് കൊണ്ടുവന്ന് തരും തൂക്കുപാത്രത്തില്‍. ഇടയ്ക്ക് കഴിക്കാന്‍ ഉണ്ണിയപ്പത്തിന്റെ ആകൃതിയുള്ള കടിച്ചാല്‍ പൊട്ടാന്‍ മടിക്കുന്ന റൊട്ടി വാങ്ങി കടലാസില്‍ പൊതിഞ്ഞ് ട്രൗസറിന്റെ പോക്കറ്റിലിട്ടിട്ടുണ്ടാവും. മാളുവേടത്തിയുടെ കടയില്‍ നിന്നും അഞ്ചുപൈസയ്ക്കോ പത്തുപൈസയ്ക്കോ വാങ്ങിക്കുന്നതാണ്.

perumbilavu kathakal

സമപ്രായക്കാരായ ചിലരും കണ്ണെത്താ ദൂരത്തൊക്കെ ഉണ്ടാവും. നാലോ അഞ്ചോ കണ്ടങ്ങളാണ് ഒരാള്‍ക്ക് നോക്കാനുണ്ടാവുക. ആറ്റക്കിളികള്‍ നാല് ദിക്കില്‍ നിന്നും പറന്നുവരും കണ്ടത്തിന്റെ പല ഭാഗത്ത് നിന്നും വേട്ട തുടങ്ങും. വരമ്പിലൂടെ ഒാടണം അവറ്റയെ ഓടിക്കാന്‍. ചിലപ്പോള്‍ കെട്ടിമറിഞ്ഞുവീഴും.

കാലന്‍ കുട കുറച്ച് കഴിയുമ്പോള്‍ മടക്കാനും നീര്‍ത്താനും പറ്റാത്ത പരുവത്തിലൊരിടത്ത് കിടപ്പുണ്ടാവും. മഴ കൊണ്ട് മഴകൊണ്ട്, മഴ പെയ്യുന്നുണ്ടെന്ന് തോന്നലില്ലാതെ പാടവരമ്പിലൂടെ ഒരു മൂല മുതല്‍ മറ്റേ മൂല വരെ ഒാടിയും നടന്നും ഇരുന്നും ഒരു പകല്‍. ഇടയ്ക്ക് കണ്ടത്തിന്റെ മുതലാളിമാര്‍ ഫോറിന്‍ കുടചൂടി വരും പണിക്കാര്‍ കാവലുണ്ടോ, ആറ്റക്കിളികള്‍ വിത്തിന്‍മുള്ള കൊത്തുന്നോ എന്നൊക്കെ അറിയാന്‍.

perumbilavu kathakal

പരീകുട്ടിക്ക, മീനാക്ഷിയേടത്തി, അയ്യര്മാഷ്, നബീസുമ്മ, കുഞ്ഞന്‍ നായര്‍, അരേങ്ങത്തെ അമ്രാള്‍, വിത്തളിയന്‍ അങ്ങനെ ആരേലുമൊക്കെയാണ് ഇടയ്ക്ക് വരുന്ന സന്ദര്‍ശകര്‍. വിത്ത് മുള പൊട്ടി കതിരിലയാവും വരെ കണ്ടത്തിന്റെ ഉടമസ്ഥര്‍ക്ക് ഉള്ളില്‍ ആധിയാണ്. വീട്ടില്‍ ഇരിക്കപ്പൊറുതി കിട്ടില്ല അതാണ് പാടത്തേയ്ക്കുള്ള ഈ വരവ്.

വീട്ടില്‍ നിന്നും മൂന്ന് നാല് വഴികള്‍ വന്ന് ചേരുന്നത് പാടത്തേക്കാണ്. ഒരു തുരുത്തുപോലെ മൂന്ന് ഭാഗവും പാടശേഖരമാണ്. കാളിക്കുട്ടിയുടെ ഇടവഴിയിലൂടെ അയ്യര് മാഷിന്റ പറങ്കിമാവിന്‍ തോട്ടത്തിനരികിലൂടെ കുന്നത്തെ വീടും കുറുപ്പിന്റെ കൊള്ളിപ്പറമ്പും കഴിഞ്ഞാല്‍ പാടത്തിലെത്താനൊരു വഴി.

പടിഞ്ഞാറേ റോഡ് വഴി താഴത്തേയ്ക്ക് അംബ്രല ക്ലബ്ബിന് മുന്നിലൂടെ ഗംഗാധരേട്ടന്റേയും തിയ്യാടിക്കാരുടെ വീടും, ഗോപിയേട്ടന്റെ തറവാടും കഴിഞ്ഞാലുള്ള കല്ലിടവഴി ഇറങ്ങുന്നതും പാടത്തേയ്ക്കാണ്. മറ്റൊരു വഴി മേലേക്കാരുടെ വീടിന് പുറകിലേക്കുള്ള കുത്തനേയുള്ള ഇറക്കമാണ്. അയ്യപ്പന്‍കാവിലെ കുളത്തിനോരത്തുകൂടെയും പാടത്തേക്കിറങ്ങാം.

perumbilavu kathakal

ഇരട്ടക്കുളങ്ങര അമ്പലത്തിന് മുന്നിലുള്ള കുളക്കര മുതല്‍ പെരുമ്പിലാവ് ചന്തവരേയും അറയ്ക്കല്‍ സ്കൂള്‍ വരേയും പതിയാട്ടയുടെ അപ്പുറമുള്ള പള്ളി ഇടവഴിവരേയും നീണ്ടുകിടക്കുന്ന പാടമാണ് അയ്യപ്പന്‍ കാവ് പാടമെന്നും പാലാട്ട പാടമെന്നും ഇരട്ടകുളം പാടമെന്നും അറയ്ക്കല്‍ പാടമെന്നും പലരും പലതായി പറയുന്ന പാടശേഖരം. ഒരുക്കാല്‍ കുന്നില്‍ നിന്നും ഉറവപൊട്ടി, ഇരട്ടക്കുളങ്ങരയിലൂടെ പാലട്ടക്കുളത്തിലൊന്ന് വിശ്രമിച്ച് അറയ്ക്കല്‍ പാടത്തേക്ക് നീണ്ടുപോകുന്നതാണ് ഈ വലിയ തോട്. നിറയെ വെള്ളമുള്ളപ്പോള്‍ തോട് കവച്ച് കടക്കാന്‍ പനകൊണ്ടുള്ള പതിയിടാറുണ്ട്.

ആ തോടിനപ്പുറമാണ് കുഞ്ഞാപ്പുവാശാന്റെ വീട്. ആയതിനാല്‍ തോട് കുഞ്ഞാപ്പാശാന്റെ തോടെന്ന് അറിയപ്പെടുന്നു. മീന്‍ പിടിക്കാന്‍ വീടിന് മുന്നില്‍ രണ്ടുമൂന്ന് കുരുത്തി വെയ്ക്കാറുണ്ട് ആശാന്‍. മൂപ്പരുടെ വീടിന് മുന്നില്‍ തോടിന് വീതി കൂടുതലാണ് പാലാട്ടത്തോട് അവിടെയെത്തുമ്പോള്‍ കുറച്ച് പരന്നൊഴുക്കുകയും പാറ നിറഞ്ഞ പ്രദേശത്ത് നിന്നും തോട് ചെറിയൊരു വെള്ളച്ചാട്ടത്തോടെ രണ്ട്മീറ്റര്‍ താഴോട്ട് കുതിച്ച് വീഴുന്നുണ്ട്. വെള്ളച്ചാട്ടത്തിലാണ് കുരുത്തിയുടെ സ്ഥാനം.

ആ പ്രദേശത്തിന്റെ നോട്ടക്കാരന്‍ ആശാനായതിനാല്‍ മറ്റാര്‍ക്കും അവിടെ ചൂണ്ടയിടാനോ കുരുത്തിവെയ്ക്കാനോ അധികാരമില്ല. സദാസമയം കുഞ്ഞാപ്പു ആശാന്‍ പാടത്ത് കാണും. ആരുടെ പാടത്തിന്റെ വരമ്പ് പൊട്ടിയാലും ആശാനത് ഉടനെ കൈക്കോട്ടുമായി പോയി കെട്ടും.

പാടം നോക്കുന്നതിന് ഉടമസ്ഥരൊരു വിഹിതം കുഞ്ഞാപ്പാശാന് ചായക്കാശായും നെല്ലായും തേങ്ങയായും വൈക്കോലായും കൊടുത്തുപോരും. പാടത്തിനോരത്തുള്ള വേലികള്‍ വീണുകിടക്കുന്നത് ശരിയാക്കുന്നതും കണ്ടത്തില്‍ വീണുകിടക്കുന്ന തേങ്ങയും ഓലമടലും എടുത്തുകൊണ്ടു പോകുന്നതും മൂപ്പരാണ്.

തോടിനടുത്തുള്ള കണ്ടത്തിലാണ് ആറ്റയെ നോക്കുന്നതെങ്കില്‍ ഇടയ്ക്ക് ആശാന്‍ കൈക്കോട്ടുമായി അതുവഴി വരും. ഏതുതരം നെല്ലാണ് വിതച്ചതെന്ന് മുള നോക്കി പറയും അതിന്റെ ഗുണങ്ങള്‍ വിവരിക്കും. മുസ്ല്യാരുടെ അതിരില്‍ നിന്നും താഴെ വീഴുന്ന മാങ്ങ തിന്നാന്‍ തരും ചിലപ്പോള്‍. മൂപ്പര് കാണാതെ മാങ്ങയ്ക്ക് കല്ലെറിഞ്ഞാല്‍ പുളിച്ച ചീത്ത പറയും.

മഴ മാറിയാല്‍ തോട്ടില്‍ അലക്കാനും കുളിക്കാനും പല സംഘങ്ങള്‍ വരും. ചിലര്‍ ആടിനെ നോക്കാനിറങ്ങും പാടത്തിന് നടുക്ക് തുരുത്തുപോലൊരു പാറക്കൂട്ടമുണ്ട് അവിടെ വന്നിരിക്കുന്ന ചേട്ടന്മാരുണ്ട്. ആമയെ പിടിക്കുന്നവരും, ഞൗഞ്ഞി പറക്കുന്നവരും, മീന്‍ പിടിക്കുന്നവരും താറാവിന്‍ പറ്റങ്ങളെ ഒറ്റവരമ്പിലൂടെ പാടം മുറിച്ച് കടത്തുന്നവരും വന്നുപോകും. ആടിന് പുല്ലരിയുന്നവരും അറയ്ക്കലെ പാടത്ത് ബസ്സിറങ്ങി വരുന്നവരും ബസ്സ് കയറാന്‍ പോകുന്നവരും റേഷന്‍ കടയിലേക്കുള്ളവരും വലിയ വരമ്പിലൂടെ കടന്ന് പോകും.

perumbilavu kathakal

ഇടയ്ക്ക് അപ്പുറത്തെ കണ്ടങ്ങള്‍ നോക്കുന്ന ഗോപാലനോ, രാധയോ, രമയോ, അശോകനോ കൂകി വിളിക്കും കുശലം പറയാന്‍ വരും. ആരും കാണില്ലെന്ന് ഉറപ്പുവരുത്തി മറയ്ക്കിരിക്കാന്‍ തോട്ടിന്‍ വക്കത്തേക്കോടും. നീര്‍ക്കോലി തവളയെ പിടിക്കാന്‍ തല നീട്ടുന്നത് കണ്ട് പാമ്പെന്ന് പേടിക്കും. ഞൗഞ്ഞി പെറുക്കി തോര്‍ത്തുമുണ്ടില്‍ പൊതിഞ്ഞുവെക്കും. വീട്ടില്‍ കൊണ്ടുപോയി ചുട്ടുതിന്നാന്‍.

പലതരം കിളികള്‍ പാടത്തങ്ങോളമിങ്ങോളം പറന്ന് നടക്കും. പാടവരമ്പത്ത് കൊക്കുകള്‍ തപസ്സിരിക്കും. ചെറുജീവികളുടെ കരച്ചിലുകളാല്‍ ശബ്ദമുഖരിതമാണെപ്പോഴും പാടം.

വിവിധതരം കാഴ്ചകള്‍ കണ്ടൊരു പകല്‍ തീരുമ്പോള്‍ കണ്ടത്തിന്റെ മുതലാളിമാരോ, കാര്യസ്ഥരോ കൂലിയുമായി വരും. അമ്പലക്കുളത്തിലോ, ആശാന്റെ തോട്ടിലോ മുങ്ങികുളിച്ച് വീട്ടിലേക്ക് മടങ്ങും. നനഞ്ഞ് നനഞ്ഞപ്പോള്‍ കൈവെള്ളയെല്ലാം വിറങ്ങലിച്ച് വെളുത്തിരിക്കും, നനഞ്ഞൊട്ടിയ ശരീരം കുറേശ്ശെ വിറകൊള്ളും. എത്ര നനഞ്ഞാലുമൊരു പനിയോ തുമ്മലോ ജലദോഷമോ വരില്ല.

അച്ഛനും അമ്മയും പണിമാറ്റി വരുമ്പോള്‍ അവരെപ്പോലെ ജോലി ചെയ്ത് കിട്ടുന്ന കൂലിയുമായി വീട്ടില്‍ ചെന്ന് കയറുന്നതൊരു അഭിമാനം തന്നെയായിരുന്നു. ആ കാലഘട്ടത്തില്‍ ജനിച്ചവര്‍ക്ക് മാത്രം കിട്ടിയിരുന്ന ചില സംഭാഗ്യങ്ങള്‍.

ചെറിയൊരു കാറ്റടിച്ചാല്‍ പോലും ജലദോഷവും തുമ്മലും വിട്ടുമാറാതെ നില്‍ക്കുന്നതാണ് വര്‍ത്തമാന ജീവിതം. പാടവും തോടും കുഞ്ഞാപ്പാശാനും പാലാട്ടക്കുളവുമൊക്കെ ഉള്‍പ്പെടുന്ന ആ പ്രദേശമൊക്കെ വീടുകള്‍ മുളച്ചുപൊന്തി പാടത്തെ കവര്‍ന്നെടുത്തു. മനുഷ്യരെല്ലേ കൂടുന്നുള്ളൂ. അവര്‍ക്ക് വസിക്കാന്നുള്ള ഭൂമി വര്‍ദ്ധിക്കുന്നില്ലല്ലോ എന്ന വാദത്തോടെയാണ് പാടമൊക്കെ നികത്തി മനുഷ്യര്‍ കോണ്‍ക്രീറ്റ് കാടുപണിയുന്നത്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827

LEAVE A REPLY

Please enter your comment!
Please enter your name here