ഫര്‍സീന്‍ അലി. പി. വി
മണ്ഡലത്തിന്‍റെ ജനകീയ ഉത്സവത്തിന്ന് പേരാമ്പ്രയിൽ ഉജ്ജ്വല തുടക്കം. അറിവിന്‍റെയും കലയുടെയും സാംസ്കാരികാഘോഷങ്ങളാണിനി. മണ്ഡലത്തിന്റെ വികസന സാംസ്കാരിക ചരിത്രത്തിൽ സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന ഏഴ് ഉത്സവ രാപ്പകലുകൾ.
പതിനായിരക്കണക്കിന് പേർ അണിനിരന്ന സാംസ്കാരിക ഘോഷയാത്ര പേരാമ്പ്രയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. കേരളത്തിന്‍റെ സാംസ്‌കാരിക തനിമയും വടക്കന്‍ മലബാറിന്‍റെയും വിശിഷ്യ പേരാമ്പ്രയുടെയും മഹത്വം വിളിച്ചോതുന്ന ഘോഷയാത്ര ഐക്യത്തിന്‍റെ കൂടി പ്രതീകമായി. പഞ്ചായത്ത് അടിസ്ഥാനത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോട് കൂടിയാണ് ഘോഷയാത്ര നടന്നത്.
ഫെസ്റ്റ് നഗരിയിലേക്ക് ഒഴുകിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തി കേരള നിയമസഭ സ്പീക്കർ ശ്രീ. പി രാമകൃഷ്ണൻ ഫെസ്റ്റിന്റെ ഔദ്യോഗിക ഉൽഘാടനം നിർവ്വഹിച്ചു. പേരാമ്പ്ര എം.എൽ.എയും സംസ്ഥാന തൊഴിൽ – നൈപുണ്യ- എക്സൈസ് വകുപ്പ് മന്ത്രിയും മുഖ്യ സംഘാടകനുമായ ടി.പി രാമകൃഷണൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എം.എൽ.എ മാരായ സി.കെ നാണു, എ പ്രദീപ് കുമാർ, വി.കെ.സി മമ്മദ് കോയ, ഇ.കെ വിജയൻ, പുരുഷൻ കടലുണ്ടി, കെ.ദാസൻ, കാരാട്ട് റസാഖ്, ജോർജ്ജ് എം തോമസ്, ജില്ലാ കലക്റ്റർ യു.വി ജോസ്, ഗോകുലം ഗോപാലൻ, പട്ടാഭിരാമൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
പേരാമ്പ്രയുടെ സമഗ്രവികസനം ലക്ഷ്യമാക്കി രൂപം നൽകിയ വികസന മിഷൻ 2025 ബഹുജന പങ്കാളിത്തത്തോടെയാണ് പേരാമ്പ്ര ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് കാർഷിക -വിദ്യാഭ്യാസ- ആരോഗ്യ-വ്യാവസായിക പ്രദർശന വിപണന മേള, വിനോദ വിഞ്ജാന പ്രദർശനം എന്നിവയും നടക്കും.
കേരളത്തിന് പുതിയ കാര്‍ഷിക ഊര്‍ജ്ജം നല്‍കിയ ആവള പാണ്ടി ഉൾപ്പെടെയുള്ള കാര്‍ഷിക മുന്നേറ്റത്തിന്‍റെയും പേരാമ്പ്ര പ്രദേശം കലാസാംസ്കാരിക കേരളത്തിന് നല്‍കിയ സംഭാവനയും വിളിച്ചോതുന്ന സ്വാഗത നൃത്താവിഷ്കാരത്തോട് കൂടിയാണ് ഉല്‍ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.
ശനിയാഴ്ച്ച രാത്രി ചലച്ചിത്രതാരം ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ അരങ്ങേറും. വരും ദിവസങ്ങളിൽ മലബാർ ഫോക് ഡേ, സർഗ്ഗകേരളം, മെഗാ മ്യൂസിക് ഷോ, നൃത്തവിരുന്ന്, ഹാസ്യ വിരുന്ന്, ഗാന വിരുന്ന് തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.