കുട്ടികളുടെ നാടകം ജാതിരാഷ്ട്രീയം പറയേണ്ടതുണ്ടോ.?

0
718

വി.കെ ജോബിഷ്

വലിയവരുടെ നാടകത്തിന് രാഷ്ട്രീയമാകാം. എന്നാൽ കുട്ടികളുടെ നാടകത്തിനോ.?
പതിവായുയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്
റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിർവഹിച്ച ‘പേര് ‘. മനുഷ്യരെല്ലാം ഐഡിയോളജികളിൽ കുടുങ്ങിക്കിടക്കുന്നവരാണ്. പിന്നെ കുട്ടികൾക്ക് മാത്രമായി എങ്ങനെ അതിൽ നിന്ന് പുറത്തുപോയി നിൽക്കാൻ പറ്റും. കറുപ്പഴകാണെന്ന് വലിയവരിൽച്ചില രാവർത്തിച്ചാവിഷ്കരിക്കാൻ ശ്രമിച്ചിട്ടും കറുത്ത / ദളിത് കുട്ടികൾ ഇപ്പോഴും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്താണ്.?
ഈ ചോദ്യമാണ് ഈ നാടകം ഉന്നയിക്കുന്നത്. സവർണ്ണതയുടെ മാത്രം ജനാധിപത്യത്തിൽ ബന്ധനസ്ഥരായിക്കിടക്കാൻ ഇനി ഞങ്ങളെ കിട്ടില്ലെന്നാണ് പേരിലൂടെ കുട്ടികൾ വിളിച്ചു പറയുന്നത്. രണ്ടു വിഭാഗം കാണികളോടാണ് ഈ നാടകം സംസാരിക്കുന്നത്. കറുപ്പ് ഒരുവർണ്ണം മാത്രമാണെന്ന് സംശയമുള്ള നിഷ്കളങ്കർ ഇപ്പോഴും നമുക്കിടയിൽ ബാക്കിയുണ്ട്. അവരോടാണ് ഒന്ന്.
പ്രത്യക്ഷമായ ഹിംസയോ ആക്രമണമോ മാത്രമാണ് ജാതിപീഡനം എന്നു കരുതുന്നവരുണ്ട്. അവരാണ് ഇവിടെ ഇപ്പോഴും ജാതിയുണ്ടോ എന്ന് ചോദിച്ചു കൊണ്ടേയിരിക്കുന്നത്. അവരോടാണ് ഈ നാടകം രണ്ടാമതായി സംസാരിക്കുന്നത്. പീഡിതമായ, അപമാനിതമായ ജാതിജീവിതങ്ങളെ കപടമായി ആദർശവൽക്കരിച്ചു കൊണ്ട് ഇനിയും നമുക്ക് മുന്നോട്ടു പോകാനാകില്ലെന്ന് പേര് അടിവരയിടുന്നു. അപരിഹാര്യമായിത്തുടരുന്നതും ജാതി ജീവിതങ്ങൾ ഇപ്പോഴും അനുഭവിക്കുന്നതുമായ കീഴാളതയുടെ വിവിധ അടരുകളാണ് കുട്ടികൾ പേരിലൂടെ, നാടകത്തിലൂടെ വിടർത്തിക്കാണിക്കുന്നത്. മാത്രമല്ല ഒപ്പം രണ്ട് പാരമ്പര്യങ്ങളിൽ നിലീനമായ വർണ്ണാധികാരങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ട്. അരങ്ങിന്റെതും പ്രതിനിധാന യുക്തികളുടേതും. ഈ രണ്ട് പാരമ്പര്യങ്ങളുമായുള്ള സംവാദാത്മകമായ വിനിമയം കൂടിയാണ് പേര്. സൂക്ഷിച്ചു നോക്കിയാൽ ഇതുകൂടാതെ അനേക മുനകൾ ഇനിയും കാണാം.

പ്ലേ എന്നാൽ കളി എന്നാണല്ലോ. ആ അർത്ഥത്തിൽ കുട്ടികളുടെ നാടകത്തെക്കുറിച്ചേ പ്ലേ എന്ന് പറയാൻ കഴിയൂ. അതായത് ‘തുള്ളുക’ എന്ന അർത്ഥം വരുന്ന ‘നട്’ എന്ന ധാതുവിൽ നിന്നാണല്ലോ നാടകമെന്ന വാക്കുണ്ടായത്. അങ്ങനെ മനസിലാക്കി ‘പേരി’ലേക്ക് നോക്കിയാൽ ‘പേര് ‘ പൂർണ്ണമായും കുട്ടികളുടെ തുള്ളലാണ്. തീർത്തും പൊളിറ്റിക്കലായ തുള്ളൽ. കാരണം കുട്ടികൾ അരങ്ങിൽ വേഷം മാറി കളിച്ചു കൊണ്ടേയിരിക്കയാണ്. മാത്രമല്ല നാടകം തുടങ്ങി അവസാനിക്കുന്നതു വരെ മിക്ക കഥാപാത്രങ്ങളും സംഭാഷണങ്ങളിൽ ഭൂരിഭാഗവും ഈ തുള്ളിക്കളികൾക്കിടയിലാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. എന്നാൽ ഈ ‘തുള്ളിക്കളി’യിലൂടെ ചോദ്യം ചെയ്യുന്നതോ ആഴമുള്ള ജാതി ജീവിതത്തിന്റെ സിരാ കേന്ദ്രങ്ങളെയാണ്. സാഹിതീയമായ’ ഔത്കൃഷ്ട്യം’ പ്രകടിപ്പിക്കുന്ന വാക്കുകളിലൂടെയല്ല കുട്ടികൾ പേരുമായി അരങ്ങിലാടുന്നത്. മറിച്ച് കുട്ടിത്തം നിറഞ്ഞ നാട്ടുമൊഴിയിലൂടെയാണ്. അതാകട്ടെ പ്രാമാണികവത്കരിക്കപ്പെട്ട സംസ്കാരത്തിന്റെ എടുപ്പുകളെയാണ് ആദ്യം തകർക്കുന്നത്.
ആ എടുപ്പുകൾക്ക് ഇതിഹാസത്തോളം പഴക്കമുണ്ട്. അതിന്റെ ആഴമുള്ള മുഖം അനാവരണം ചെയ്യാൻ കുട്ടികൾ തന്നെ വേണമെന്ന് അവർക്കാഗ്രഹിക്കാം. കാരണം ഇതിഹാസത്തിലൊരിടത്ത് വംശത്തിന്റെ പേരിൽ വൈഭവത്തിന്റെ പെരുവിരൽ മുറിച്ചു കൊടുത്തത് ഒരു കുട്ടിയായിരുന്നല്ലോ. ആ ഏകലവ്യന്റെ ചോരയിൽ നിന്ന് ഇന്നത്തെ തീട്ടപ്പറമ്പിൽ അഭിയുടെ ജീവിതം വരെ പറയാൻ കുട്ടികൾക്കാണ് എളുപ്പം കഴിയുക. ജാതി ജീവിതത്തിന്റെ പ്രിവിലേജുകളെക്കുറിച്ച് വലിയവർ വർഷങ്ങളായിപ്പറഞ്ഞിട്ടും മനസിലാവാത്തത് കുട്ടികൾ ഒറ്റനാടകത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുണ്ട്. അതും ഒരൊറ്റ ‘പേരു’ വിളിയിലൂടെ. ‘ഡാ…തീട്ടപ്പറമ്പിലെ അഭിയേന്ന്…’
ഈ നാടകം കയറിയിറങ്ങുന്ന അരങ്ങിനു മുന്നിലെ കാണികൾ ഭാവിയിൽ ചെറുക്കുന്ന ‘അഭിസംബോധന’കളുടെ അഭാവലോകമാണ് തീർച്ചയായും ‘പേര് ‘ഭാവന ചെയ്യുന്നത്. ഭാവി ചെയ്യേണ്ടത്.!


അതുകൊണ്ടു തന്നെ പേരിന്റെ പെരുമ സ്കൂൾ കലോത്സവത്തിന്റെ അരങ്ങിൽ അവസാനിക്കരുത്. പേരിന്റെ വേര് നാടുനീളെ പടരണം. നാളത്തെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്ന് ‘പേരി’ന്റെ നാട്ടുപ്രദർശനങ്ങൾ കൂടിയാവട്ടെ. കാരണം നാട്ടിൻപുറങ്ങളിലാണ് തീവ്രമായി ജാതിയുള്ളത്.അപ്പോഴേ നവോത്ഥാന വഴികളിൽ പുതുവെളിച്ചമുണ്ടാകൂ. അത് ഇനി കുട്ടികളുണ്ടാക്കട്ടെ.

ഒരു ക്ലബിനകത്തു വെച്ചാണ് ‘പേര് ‘ ആരംഭിക്കുന്നത്.പഴയ കാലത്ത് രാഷ്ട്രീയ നാടകങ്ങളാൽ ജനങ്ങളെ ഉദ്ബുദ്ധരാക്കിയ ‘ചെന്താര’ ക്ലബിലേക്ക് കടന്നുവരുന്ന പുതിയ തലമുറയിലെ കുട്ടികൾ.അവർ മേനോത്തികളും നായൻമാരുമൊക്കെയാണ്. സോഷ്യൽ മീഡിയകളുടെ അഡിക്റ്റാണവർ, പ്രത്യേകിച്ച് ടിക്ക് ടോക്കിന്. ഇപ്പോൾ അതിൽ ‘വൈറലാ’ണ് അവരുടെ കൂട്ടുകാരനും ദളിതനുമായ തീട്ടപ്പറമ്പിൽ അഭി. അഭിയെക്കുറിച്ചുള്ള അസൂയ കലർന്ന അവരുടെ സംഭാഷണങ്ങൾക്കിടയിലേക്കാണ് ഇരുപത്തഞ്ച് കൊല്ലത്തോളം അരങ്ങിൽ നാടകവുമായി നിറഞ്ഞു നിന്ന അരക്കണ്ടി ബാബു കയറി വരുന്നത്. ക്ലബിൽ പതിച്ചിരുന്ന കെ.ടി.യുടെയും വി.ടി യുടെയും എൻ.എൻ പിള്ളയുടെയും തോപ്പിൽ ഭാസിയുടെയും ചിത്രങ്ങൾക്കു മുകളിൽപ്പതിച്ച കുട്ടികളുടെ പുതിയ സോഷ്യൽ മീഡിയ താരങ്ങളെക്കണ്ട് അരക്കണ്ടി ബാബു അത്ഭുതപ്പെടുന്നതും തുടർന്ന് രണ്ട് കാലങ്ങൾ തമ്മിലുള്ള അഭിരുചികളുടെ ഏറ്റുമുട്ടലുകളുമാണ് അരങ്ങിൽ നടക്കുന്നത്.ഇതിനിടയിലേക്കാണ് സോഷ്യൽ മീഡിയയുടെ ആരാധനയിലഭിരമിച്ച് അഭിയും കയറി വരുന്നത്. പാട്ടും നാടകവും എഴുത്തും രാഷ്ട്രീയവും ചേർന്ന് നിർമ്മിച്ച കേരളത്തെക്കുറിച്ചും പുതിയ പകരം വെപ്പുകൾ ആ കേരളത്തെ ഇല്ലാതാക്കുമെന്നുമുള്ള ആധി പങ്കുവെക്കുന്ന ‘ഡിപ്ലോമാറ്റി’ക്കാണ് അരക്കണ്ടി ബാബു.
‘ഇപ്പോൾ ഡിമാന്റ് കറുപ്പിനാ. അപ്പൊ നമ്മൾ കറുപ്പിനൊപ്പം നിൽക്കണം’ എന്ന പക്ഷക്കാരനാണയാൾ.
പക്ഷെ അത് ഡിപ്ലോമാറ്റിക്കായ ചേർന്നു നിൽപ്പാണ്. എന്നാൽ ദളിത് വിരുദ്ധതയുടെ കാര്യത്തിൽ ആന്തരികമായി രണ്ടു തലമുറയുടെ പ്രതിനിധികളും ഒരേ രാഷ്ട്രീയമാണ് പങ്കുവെക്കുന്നതെന്ന് അവരുടെ സംഭാഷണങ്ങളിൽ നിന്നും പ്രവൃത്തികളിൽ നിന്നും തുടർന്ന് നമുക്ക് ബോധ്യമാവും. ഉത്സവത്തിന്റെ പ്രൊമോ കൂടി ചെയ്യുന്നതോടെ ഈ അന്തർധാര ഓരോന്നായി വെളിവാകുന്നുണ്ട്.ഒപ്പം അരങ്ങിനും ആ വിചാരണയിൽ നിന്ന് മാറി നിൽക്കാൻ കഴിയുന്നില്ല.
പഴയ നാടകത്തിന്റെ സെറ്റൊക്കെ തിരിച്ചും മറിച്ചുമിട്ട് ഉത്സവപ്പറമ്പുണ്ടാക്കുകയും അതിൽ തനിക്കിഷ്ടപ്പെട്ട വേഷങ്ങളിൽ നിന്നെല്ലാം പുറത്തായി ഒടുവിൽ കറുപ്പിന്റെ ഉയർന്ന രൂപമായ കരിയുടെ വേഷം കെട്ടി പതിഞ്ഞ താളത്തിൽ തുടങ്ങിയ അഭിക്ക് പതിയെപ്പതിയെ ആത്മബോധത്തിന്റെ മദം പൊട്ടുകയാണ്. അതോടെ അധികാരികളുൾപ്പെടെ ചുറ്റിലുമുള്ളവരെല്ലാം ഭീരുക്കളായി ഓടിയൊളിക്കുകയാണ്. ഒടുക്കം ഈ സഹ്യന്റെ മകൻ ഇതിഹാസത്തിൽ നിന്ന് തുടങ്ങി സമകാലിത വരെ പടർന്നു പിടിച്ച സവർണ്ണതയുടെ ഭിന്നങ്ങളായ അധികാരങ്ങളെയെല്ലാം പ്രതീകാത്മകമായി ചോദ്യം ചെയ്യുകയാണ്.

അതിനൊരു ഉപാധിയായി ഉത്സവപ്പറമ്പിൽ കുരുക്ഷേത്ര തിയറ്ററിന്റെ ‘ഭക്തവത്സലൻ’ എന്ന മറ്റൊരു നാടകത്തെയും സംവിധായകൻ കൊണ്ടുവരുന്നുണ്ട്. അതിലൂടെ ദൈവം, മതം, രാഷ്ട്രീയം, സംസ്കാരം, കല തുടങ്ങി സർവതിനെയും ആ ഉത്സവപ്പറമ്പിൽ വെച്ച് ചോദ്യം ചെയ്ത് ഒടുവിൽ തന്റെയും തന്റെ പൂർവഗാമികളുടെയും ചരിത്രം ആത്മഗതത്തിലൂടെ വിടർത്തി അരങ്ങിൽ നിന്ന് തീട്ടപ്പറമ്പിൽ അഭിയായിത്തന്നെ പിൻവാങ്ങുകയാണ്. സങ്കൽപ്പത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുണരുന്ന കൊമ്പൻ കറുത്ത കുട്ടിയായിത്തന്നെ അരങ്ങിൽ നിൽക്കുന്നു.!
അപ്പോൾ അഭി ഇങ്ങനെ കൂടി പറയുന്നുണ്ട്

‘നിങ്ങളെന്താച്ചാ…. വിളിച്ചോളി….
അഭിന്നോ.. , തീട്ടഭീന്നോ…., കീരി അയ്യപ്പൻന്നോ…., കാക്ക സുമതീന്നോ എന്താച്ചാ വിളിച്ചോളീ….
എനിക്കൊരു പരാതിയുമില്ല….
പക്ഷെ ഞാനൊരു പത്ത് നിമിഷം നിങ്ങളെ പിന്നാലെ ആനയായി മദമിളകി ഓടിയപ്പോൾ… നിങ്ങളൊക്കെ എത്ര അനുഭവിച്ച്…..
അപ്പൊ ഞങ്ങളൊക്കെ എത്ര കാലായി അനുഭവിക്ക്ണ്.’
അതെ വാക്കാണ് ഈ നാടകത്തിന്റെ രാഷ്ട്രീയം. ജീവിതത്തിന്റെ അരങ്ങിൽ ദളിതുകൾ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന അടിച്ചമർത്തലിന്റെ രാഷ്ട്രീയം. അതായത് അക്കാലം പോയ്മറഞ്ഞെന്നാലും പോയ് മറഞ്ഞില്ലെന്ന് പേര്. എന്തായാലും ഇനി നമുക്ക് അരക്കണ്ടി ബാബുവിനെപ്പോലെ ഡിപ്ലോമാറ്റിക്കാകാൻ, ഒളിച്ചുകളിക്കാൻ കഴിയില്ലെന്ന്.!

ജാതിയെന്ന ഒരു കാര്യം എല്ലാവർക്കും അറിയാം. പക്ഷെ അതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ചോദിച്ചാൽ ആർക്കും അറിയാൻ പാടില്ല. നവോത്ഥാനാനന്തരവും കേരളത്തിലും അത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അഭിയുടെ അച്ഛനുമമ്മയ്ക്കും കീരി അയ്യപ്പനെന്നും കാക്ക സുമതിയെന്നും പേര് ചാർത്തിക്കിട്ടിയത് അരങ്ങിൽ നിന്നു തന്നെയാണ്. ഇപ്പോൾ അവരുടെ മകന് ആന അഭിയെന്ന് ചാർത്തിക്കൊടുക്കാനൊരുങ്ങിയതും ആ പഴയ ‘ചെന്താര’ യുടെ അരങ്ങു തന്നെ. ഒരർത്ഥത്തിൽ തീട്ടമബി എന്ന പേരിൽ നിന്ന് ആന അഭി എന്ന സ്ഥാനക്കയറ്റത്തിന് സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് അഭിയുടെ സുഹൃത്ത് അനുശ്രീ പറയുന്നുണ്ട്.!
സവർണ്ണസംസ്കാരം അടിച്ചേൽപ്പിച്ച പ്രതിനിധാനബോധ്യങ്ങളെ നമ്മുടെ അരങ്ങിനും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന വിമർശനം കൂടി ‘പേര് ‘ ഉന്നയിക്കുന്നുണ്ട്. വലിയവർ കയ്യടി നേടി ആടിത്തീർത്ത നാടകങ്ങളെ വിചാരണ ചെയ്തു കൊണ്ട് കുട്ടികൾ അരങ്ങിന്റെ ഭൂതകാലത്തിലേക്ക് നോക്കുന്നത് അതുകൊണ്ടാണ്. ഒരു കാലത്ത് സവർണ്ണതയ്ക്ക് ഒളിക്കാനുള്ള ഇടം കൂടിയായിരുന്നു നമ്മുടെ കലകളും കളികളും. പ്രത്യേകിച്ച് ക്ഷേത്ര കേന്ദ്രീകൃതമായ അരങ്ങ് എന്ന സൂചനയും തരുന്നുണ്ട്. ഇതിൽ ആനയ്ക്ക് മദം പൊട്ടിയപ്പോൾ ആളുകൾ പലയിടങ്ങളിലേക്ക് ചിതറുന്നുണ്ട്. അപ്പോൾ പശ്ചാത്തലത്തിൽ നിന്നും വരുന്ന മൈക്ക് അനൗൺസ്മെൻറ് ശ്രദ്ധിച്ചാൽ ഈ കാര്യം മനസിലാവും. അതിങ്ങനെയാണ് “ആദിപരാശക്തി കുടിയിരിക്കുന്ന ആൽത്തറയോട് ചേർന്നിരിക്കുന്ന നാടക വേദിയിലേക്ക് ആന ഒരിക്കലും പാഞ്ഞുകയറില്ല. അമ്മേ ശരണം ദേവി ശരണം. ഭക്തജനങ്ങളെല്ലാവരും നാടക വേദിയിലേക്ക് ചെല്ലുക”.
അതെ. പോയകാല നമ്മുടെ അരങ്ങിലേക്ക് തിരിഞ്ഞു നോക്കാൻ കൂടിയുള്ള ആഹ്വാനമാണത്.അങ്ങനെ നോക്കിയാൽ കാണുന്ന അനേകം വൈരുദ്ധ്യങ്ങളുണ്ട്. ആ അരങ്ങിനെയാണ് ചുരുക്കത്തിൽ ഒൻപതിലും പത്തിലുമൊക്കെ പഠിക്കുന്ന കുട്ടികൾ ജാതി രാഷ്ട്രീയം പറയാൻ ഉപയോഗിച്ചത്. ഇനിയും ചിലർക്ക് സംശയമുണ്ടാകാം. കുട്ടികളുടെ നാടകങ്ങൾ ഇത്രത്തോളം സൂക്ഷ്മമാകേണ്ടതുണ്ടോ.ഉണ്ട്. കാരണം പത്താം ക്ലാസിൽ അവർ ശരൺകുമാർ ലിംബാളെയുടെ ‘അക്കർ മാശി’ പഠിക്കുന്നുണ്ട്. എങ്കിൽ ആ കുട്ടികൾക്ക് അരങ്ങിൽ ജാതിയുടെ രാഷ്ട്രീയം പറയാം. പേര് അതിനൊരു ബലമാകട്ടെ.

അരങ്ങിനെ ഒരേ സമയം പ്രതിരോധത്തിന്റെയും സൗന്ദര്യാനുഭവങ്ങളുടെയും ഇടമാക്കി മാറ്റാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. അരങ്ങിന്റെ ഭാഷ ദൃശ്യ ശ്രാവ്യബിംബങ്ങളുടെ സൗന്ദര്യപരമായ സമ്മേളനത്തിലൂടെയും കൂടിയാണ് സാധ്യമാവുകയെന്നും പേര് തെളിയിക്കുന്നു. കുട്ടികളുടെ വർണ ലോകവുമായി ആഴത്തിൽ ചേർന്നു നിൽക്കുന്ന ആഹാര്യമാണിതിൽ ഉപയോഗിച്ചിരിക്കുന്നത്.ഏറ്റവും ആധുനികോത്തരരായി ജീവിക്കുന്നവരിൽത്തുടങ്ങി ഉത്സവത്തിന്റെ ദൃശ്യപ്പൊലിമയിലൂടെ നീങ്ങി പഴയ രംഗ പാരമ്പര്യത്തിന്റെ വേഷപ്പകർച്ചകളിലേക്കെത്തുന്നതോടെ അഭിനയത്തിന്റെയും ആഹാര്യത്തിന്റെയും വൈവിധ്യമാർന്ന അനുഭവങ്ങൾ തീർക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഈ ഏകാങ്കത്തിലെ അംഗചലനങ്ങളുടെ ചടുല വേഗങ്ങളും എടുത്തു പറയേണ്ടതാണ്. കാരണം ഇത് കളിയാണ്. കുട്ടികളുടെ കളി.ആ ബോധ്യം നാടകത്തിന്റെ തുടക്കം മുതൽ അന്ത്യം വരെ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മിക്കവാറുമെല്ലാ സന്ദർഭങ്ങളിലും കുട്ടികൾ ഒരുമിച്ച് രംഗത്തുണ്ട്. ഒറ്റയ്ക്കു നിന്നാൽ ഒറ്റയ്ക്കായിപ്പോകുമെന്ന് ആന്തരികമായി മറ്റൊരു ധ്വനി. മാത്രമല്ല കൂട്ടത്തിലൊറ്റയ്ക്കായിപ്പോയവനെ ചേർത്തു പിടിച്ച് പുതിയൊരു മൂല്യബോധത്തിലേക്ക് അവസാനം കുട്ടികളെല്ലാം ഉയരുകയും ചെയ്യുന്നുണ്ടല്ലോ.

അവസാനമായി ഇത്രയും കൂടി. റഫീക്ക് കുട്ടികളുടെ നാടകവേദിയിൽ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നാലോചിച്ചപ്പോൾ ഒരിക്കൽ ബർടോൾഡ് ബ്രഹ്ത് ലൂത്ത് ഓട്ടോയോട് പറഞ്ഞ കാര്യമാണോർത്തത്.
‘നാടകത്തിന്റെ മുഖ്യവിഷയം മനുഷ്യർ തമ്മിൽ നിലനിൽക്കുന്ന ബന്ധങ്ങളായിരിക്കണം.പ്രാഥമികമായി ഞാൻ അവ കണ്ടെത്തുകയും അതാവിഷ്കരിക്കാനുളള ഉപാധികൾക്കായി ശ്രമിക്കുകയും ചെയ്യുന്നു. ഏതുതരം മാറ്റങ്ങളാണ് മനുഷ്യരാശിക്ക് പ്രയോജനകരമെന്നു കണ്ടുപിടിച്ച് അവയെ ഞാൻ അടിവരയിട്ട് ജനങ്ങൾക്ക് മുൻപാകെ എത്തിക്കുന്നു’. നാടകവുമായി ബന്ധപ്പെട്ട് ബ്രഹ്തിന്റെ ഈ ചിന്തകൾ തന്നെയാണ് റഫീക്ക് മംഗലശേരിയും മലയാളത്തിന്റെ അരങ്ങിൽ ചെയ്തു കൊണ്ടിരിക്കുന്നത്. നാടകം തീരുമ്പോൾ കാണികൾ തമ്മിലുള്ള ബന്ധങ്ങളാണ് മാറുന്നത്. തിയറ്ററിനു നിർവഹിക്കാവുന്ന ബോധന ദൗത്യത്തെക്കുറിച്ചും സമൂഹം കൊണ്ടു നടക്കുന്ന യാഥാസ്ഥിതികത്വത്തെക്കുറിച്ചും നന്നായറിയാവുന്ന ഒരാൾക്ക് മാത്രമറിയാവുന്ന തിയറ്ററാണ് റഫീക്കിന്റേതെന്ന് ഉറപ്പിച്ചു പറയാം. റഫീക്കിന്റെ മുൻ നാടകങ്ങളെല്ലാം അതിനുദാഹരണം തന്നെ.
കഴിഞ്ഞ വർഷം റഫീക്ക് തുറക്കുകയും അധികാരികൾ അടച്ചു വെക്കുകയും ചെയ്ത ‘കിത്താബ്’ ചരിത്രത്തിലുണ്ട്. ആ കുട്ടികളിൽ ചിലരാണ് പേരുമായി ഈ വർഷം അരങ്ങിലെത്തിയത്. കിതാബ് മതമാണെങ്കിൽ പേര് ജാതിയാണ്. രണ്ടും ഇപ്പോഴും നമുക്കിടയിലുണ്ട്.

‘കറുപ്പൊരു നിറമല്ല
സഹിച്ചതൊക്കെയും
തഴമ്പിച്ചതാണത്.
വെളുപ്പൊരു നിറം തന്നെ
ചെയ്തതിനെ ഓർത്ത്
തൊലിയുരിയുമ്പോൾ
വെളിപ്പെടുന്നത് ‘

വീരാൻ കുട്ടി കവിതയിലെഴുതിയത് റഫീക്കും കുട്ടികളും അരങ്ങിൽ കാണിച്ചു തന്നു. നന്ദി.

 

LEAVE A REPLY

Please enter your comment!
Please enter your name here