കർഷക പ്രതിഷേധത്തിൽ ഭയന്ന് പെപ്‌സി കോ; ഉരുളക്കിഴങ്ങ്‌ കർഷകർക്കെതിരായ കേസ്‌ പിൻവലിച്ചു

0
829
ഗുജറാത്തിലെ നാല് ഉരുളകിഴങ്ങ് കര്‍ഷകര്‍ക്കെതിരായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പെപ്‌സി കോ പിന്‍വലിച്ചു. ലെയ്‌സ് ഉൾപ്പെടെയുള്ള പെപ്‌സിയുടെ ഉൽപ്പന്നങ്ങളുടെ ബഹിഷ്‌കരണാഹ്വാനവും കിസാൻ സഭയുടേത്‌ അടക്കമുള്ള പ്രതിഷേധവും കമ്പനിക്ക്‌ വൻ നഷ്‌ടം ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ്‌ ഹർജി പിൻവലിച്ചത്‌. ജൂണ്‍ 12-ന് അഹമ്മദാബാദ് കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് പിന്‍വലിക്കുന്നതായി പെപ്‌സികോ അറിയിച്ചിരിക്കുന്നത്
സർക്കാരുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായി എന്നാണ് പെപ്‌സി കോ വക്താവിന്റെ പ്രതികരണം. ലെയ്‌സ് ചിപ്‌സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എഫ്‌സി5 ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിച്ചുവെന്ന് കാണിച്ചാണ് കര്‍ഷകര്‍ക്കെതിരെ 1.5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കമ്പനി കോടതിയെ സമീപിച്ചത്.

#boycottLays, സ്റ്റാന്‍ഡ് വിത്ത് ഔര്‍ ഫാര്‍മേഴ്സ് തുടങ്ങി കര്‍ഷകര്‍ക്കായി സോഷ്യല്‍മീഡിയകളില്‍ ശക്തമായ ക്യാമ്പെയ്ന്‍ നടന്നതോടെ ഒത്തുതീര്‍പ്പിന് തയ്യാറായി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു പെപ്‌സി കോ.

കര്‍ഷകരോട് ഒന്നര കോടി നഷ്ട പരിഹാരം ചോദിച്ച പെപ്‌സികോയ്ക്ക് നഷ്ടപരിഹാരം വേണ്ടെന്ന് വ്യക്തമാക്കി. ബഹിഷ്‌കരണാഹ്വാനത്തില്‍ ഞെട്ടിയ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ കോടികള്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോവുകയും പകരം ചില ഉപാധികള്‍ മുന്നോട്ടുവെയ്ക്കുകയുമാണ് ചെയ്തത്.
ലേയ്‌സിനായി ഉത്പാദിപ്പിക്കുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങ് കൃഷി കര്‍ഷകര്‍ അവസാനിപ്പിക്കണമെന്നാണ് അഹമ്മദാബാദിലെ സിവില്‍ കോടതിയില്‍ പെപ്‌സികോ അഭിഭാഷകന്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് ഉപാധികളിലൊന്ന്. ലെയ്‌സിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തരത്തിലുള്ള ഉരുളകിഴങ്ങുകള്‍ ഇനി കൃഷി ചെയ്യില്ലെന്ന് കര്‍ഷകര്‍ ഉറപ്പുനല്‍കണം, നിലവില്‍ ഉല്പാദിപ്പിച്ച ഉരുളകിഴങ്ങുകള്‍ നശിപ്പിക്കുകയോ പെപ്‌സികോയുടെ സഹകരണത്തോടെയുള്ള കാര്‍ഷിക പരിപാടിയില്‍ പങ്കാളിയായി ഉത്പന്നങ്ങള്‍ കമ്പനിക്ക് വില്‍ക്കണം, കമ്പനിയില്‍ നിന്ന് ഉപാധി അനുസരിച്ച് വിത്തുകള്‍ വാങ്ങുകയും കൃഷി ചെയ്ത് ഉത്പന്നം കമ്പനിക്ക് തന്നെ വില്‍ക്കാം എന്നിവയായിരുന്നു ഉപാധികൾ.

പെപ്‌സികോയുടെ ഉപാധികളെ കുറിച്ച് കര്‍ഷകരോട് ചോദിച്ച് അഭിപ്രായം അറിയിക്കാമെന്നാണ് അന്ന്‌ അഹമ്മദാബാദ് കോടതിയില്‍ കര്‍ഷകരുടെ അഭിഭാഷകന്‍ അറിയിച്ചത്. അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കേസ് പിന്‍വലിക്കുന്നതായി പെപ്‌സികോ അറിയിച്ചിരിക്കുന്നത്.

പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് 64ാം സെക്ഷന്‍ പ്രകാരമാണ് പെപ്‌സികോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതേ ആക്ടിലെ 39ാം വകുപ്പ് ഉപയോഗിച്ചു തന്നെയാണ് ഗുജറാത്തിലെ കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തി കോടതിയില്‍ മറുവാദം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here