Homeലേഖനങ്ങൾ"ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു, പാർവതി തിരുവോത്ത്‌"

“ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു, പാർവതി തിരുവോത്ത്‌”

Published on

spot_imgspot_img

സച്ചിൻ. എസ്‌. എൽ

മലയാള സിനിമയിലെ പാർവതീ രാഷ്ട്രീയവും, പല്ലവി രവീന്ദ്രൻ ചെലുത്തുന്ന സ്വാധീനവും

റിലീസ്‌ ചെയ്ത്‌ കൃത്യം മൂന്ന് ദിവസം വൈകിയിരുന്നു മനു അശോകന്റെ ഉയരെ കാണാൻ. പലരും പറഞ്ഞതും കേട്ടതും വായിച്ചതും വഴി അറിഞ്ഞ കാര്യം ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെ എന്നാണ്.

അപ്പൊ മുതൽ മനസിൽ തങ്ങിയ സംശയമാണ്. പാർവതിയുടെയോ, അതോ പല്ലവി രവീന്ദ്രന്റെയാണോ അതിജീവന കഥ!

സിനിമ കണ്ടിറങ്ങിയ ഞാൻ നിസ്സംശയം പറയുന്നു. പാർവതിയുടെ അതിജീവനത്തിന്റെ കഥയാണ്
ഉയരെ! അവർ അതിജീവിച്ച കുറച്ചധികം മാസങ്ങളുടെ കഥ. തിരിച്ചു വരവിന്റെ കഥ.

ആസിഡ്‌ അറ്റാക്ക്‌ സർവൈവറായ പല്ലവിയുടെ കഥയ്ക്ക്‌ എങ്ങനെ നായികയായി അഭിനയിച്ച നടിയുമായി സാമ്യം എന്നല്ലേ?

ഒരൊന്നര വർഷം മുന്നെയുണ്ടായ കസബ വിവാദം ഓർമ്മയില്ലേ, താരരാജാവിന്റെ സിനിമയിൽ സ്ത്രീവിരുദ്ധതയെ ഗ്ലോറിഫൈ ചെയ്തു, സിനിമകളിലെ ഇത്തരം പ്രവണതയെ ഇല്ലാതാക്കണം എന്ന 100 % വസ്തുതാപരമായ പ്രസ്താവന നടത്തിയ പാർവതിയെ നിഷ്കരുണം സൈബർ തെറി വേട്ട നടത്തിയ, ആൺ പോരാളികൾ തളിച്ച പുലഭ്യമേറ്റ്‌ പൊള്ളിയ പാടുകളുമായി പിന്നീട്‌ അവസരങ്ങൾ ലഭിക്കാതെ ഏറെക്കാലം കാത്തിരിക്കേണ്ടി വന്ന പാർവതിയെ?

അതാണ് പറഞ്ഞത്‌ ഉയരെ ഉയർന്നു പൊങ്ങുമ്പോൾ യാദൃശ്ചികതയിൽ കവിഞ്ഞ ഒരു സാദൃശ്യം ഈ സിനിമയിലെ മുഖ്യ കഥാപാത്രമായ
പല്ലവിയെ അവതരിപ്പിച്ച അഭിനേത്രി പാർവതിയോട്‌ എനിക്ക്‌ തോന്നി.

സമാനതകൾ ഇനിയുള്ള ജീവിതത്തിലും തുടരും എന്നത്‌ പോലെയാണ് ഉയരെ പറന്നുയർന്ന് വിജയകരമായി ലാൻഡ്‌ ചെയ്തപ്പോൾ ലഭിച്ച മികച്ച വിജയവും. ഇനി ഇവിടുന്നങ്ങോട്ട്‌ പ്രതിസന്ധികളെ അതിജീവിച്ച സമരനായികയുടെ പടർന്ന് കേറ്റമാവും ഇതിലുമധികം ഉയരെയ്ക്ക്‌.

പല്ലവി രവീന്ദ്രനെ എത്ര മനോഹരമായിട്ടാണ്
പാർവതി പകർന്നാടിയത്‌. കൗമാരകാലത്തിന്റെ തുടിപ്പും പ്രണയത്തിന്റെ ചൂട്‌ പറ്റിയ യൗവ്വനവും ആരിലും സന്തുഷ്ട സ്തോഭങ്ങളുടെ പ്രതിഫലനം ഉണ്ടാക്കും. ഗോവിന്ദിനോടുള്ള തന്റെ പ്രണയത്തിലെ നിസ്വാർത്ഥത പല സീനുകളിലും കാണാം. ആ നിസ്വാർത്ഥതയോടെയാണ് നമ്മുടെ സമൂഹത്തിലെ സമപ്രായക്കാരായ പെൺകുട്ടികളിലെ പ്രണയവളർച്ചയെന്നും കാട്ടിത്തരുന്ന ഒരു പ്രതിരൂപം കൂടിയാണ് പല്ലവി.

അരോചകവ്യവഹാരവും അതിലുമേറെ ധാർഷ്ട്യ പ്രകൃതക്കാരനുമായ ഒരുവനെ തന്റെ മകൾ പ്രണയിച്ചതിൽ ആ അച്ഛന് വന്ന ആകുലത സ്വാഭാവികം.

“അച്ഛാ… അന്ന് എനിക്ക്‌ അവൻ മാത്രമായിരുന്നു കൂട്ട്‌. ആ പത്ത്‌ ദിവസങ്ങളിൽ ഞാൻ അച്ഛനെ വെറുത്തിരുന്നു”

എന്നുള്ള തന്റെ മറുപടിയിൽ ആ അച്ഛന് എല്ലാം മനസ്സിലായിരുന്നു. വലിയൊരു കടപ്പാടാണ് താൻ ഗോവിന്ദിന് തിരിച്ച്‌ നൽകുന്ന സ്നേഹം എന്ന് ഊഹിക്കാൻ ഈ മറുപടി പ്രേരിപ്പിക്കുമെങ്കിലും നിസ്വാർത്ഥതയിൽ കവിഞ്ഞ യാതൊരു നാമവിശേഷണവും ഇവിടെ പല്ലവി അർഹിക്കുന്നില്ല.

തന്റെ സ്നേഹത്തിന് മറ്റൊരവകാശിയരുത്‌ എന്ന് വിശ്വസിക്കുന്ന കാമുകന്റെ ഇഷ്ടങ്ങളെയും നിബന്ധനകളെയും, എന്തിനും സമ്മതം ചോദിക്കേണ്ടി വരുന്ന അവസ്ഥയെപ്പോലും പല്ലവി ഇഷ്ടപ്പെടുന്നു.

തന്റെ കൂട്ടുകാരിയോട്‌, “അങ്ങനെ സമ്മതം ചോദിക്കോമ്പോഴുള്ള സുഖം നിനക്കാറിയാഞ്ഞിട്ടാ മോളെ…” എന്നുള്ള പറച്ചിൽ കാമുകി ഹൃദയത്തിന്റെ ഏറ്റവും ഉള്ളറകളുടെ സ്പന്ദനം പ്രേക്ഷകന്റെ അടിത്തട്ടിലെത്തിക്കുന്നു.

പല്ലവിയിലൂടെ ഇവിടെ ചിത്രണം ചെയ്യപ്പെടുന്നത്‌ നമുക്ക്‌ ചുറ്റുമുള്ള പെൺകുട്ടികളുടെ പ്രണയജീവിതം തന്നെയാണ്.

ഡാൻസ്‌ കളിക്കുമ്പോൾ ധരിച്ച വസ്ത്രം താൻ കണ്ടില്ലല്ലോയെന്നും മുൻപേ കണ്ടിരുന്നെങ്കിൽ അത്‌ ധരിക്കാൻ സമ്മതിച്ചില്ലായിരുന്നേനെ എന്ന് പറഞ്ഞ ഗോവിന്ദിന്റെ ആകുലതകളും മാറിലെ വസ്ത്രം അൽപം താഴ്‌ന്ന് കിടക്കുന്നത്‌ കണ്ട്‌ ദേഷ്യപ്പെട്ട ഗോവിന്ദിന്റെ പ്രവൃത്തിയിലും പല്ലവി അൽപം പോലും അസ്വാരസ്യം കാണിക്കുകയുണ്ടായില്ല. ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന പെൺകുട്ടികളോ അവരുടെ കാമുകന്മാരോ ഇത്തരത്തിലുള്ള മനോഭാവം നിലനിർത്തിപ്പോകുന്നവരാണോ!

എന്നാൽ ഏതൊരാണിലും ഈ പ്രവണത ഉണ്ട്‌ എന്നതിനാൽ അതനുസരിക്കാൻ പെൺകുട്ടികൾ/പെണ്ണുങ്ങൾ എക്കാലവും പാകപ്പെട്ട്‌ കിടക്കുകയാണ് എന്നുമുള്ള കൃത്യമായ
സൂചനയും പല്ലവി നൽകുന്നുണ്ട്‌.

12 വയസ്സുമുതൽ കൂടെക്കൂടിയ തന്റെയാഗ്രഹം എത്തിപ്പിടിച്ചപ്പൊ അതിൽ ഏറ്റവും അധികം എതിർപ്പ്‌ പ്രകടിപ്പിച്ച ഗോവിന്ദിനെ ചേർത്ത്‌ പിടിച്ച്‌ ആശ്വസിപ്പിച്ചതും ഒരുവേള അവന്, തന്നെ നൽകാൻ തുനിഞ്ഞതും പെണ്ണെന്ന നിലയ്ക്ക്‌ കാര്യം കാണാൻ ചെയ്യുന്ന അവസാനത്തെ ആണിയാണെന്ന് ചില വിരുതന്മാരുടെ കമന്റ്‌ കണ്ടു. എന്നാൽ അകലുന്ന വേളയിൽ മൊട്ടിട്ട തീവ്ര പ്രണയത്തിന്റെ ഏറ്റവും മികച്ച ആവിഷ്കാരം ഇതിൽക്കവിഞ്ഞ്‌ കാണിക്കാനില്ല. തന്റെ പ്രിയതമനെ പറഞ്ഞ്‌ മനസിലാക്കാൻ പല്ലവിക്ക്‌ സാധിച്ചു എന്നതിനേക്കാൾ ഏറ്റവും അനുയോജ്യനായ ഒരു തിരഞ്ഞെടുപ്പ്‌ തന്നെയാണ് ഞാൻ നടത്തിയത്‌ എന്ന് പല്ലവി കാട്ടുന്നുണ്ട്‌.

“സെക്സ്‌ ഈസ്‌ നോട്ട്‌ എ പ്രോമിസ്‌” എന്ന് ഇന്നത്തെ ജനറേഷൻ പഠിച്ചുവെങ്കിൽക്കൂടിയും പല്ലവിയിൽ പ്രതിഫലിക്കുന്ന മനോഭാവം അത്രടം വരെയെത്തിയില്ല എന്ന് തോന്നിക്കുന്നുണ്ട്‌.

ഒരു വേള താൻ ഫോണിലൂടെ അൽപം ദേഷ്യം കാണിച്ചതിന് ഗോവിന്ദ്‌ കൈ ഞരമ്പുകൾ മുറിച്ചപ്പോൾ ഒട്ടും വൈകാതെ പറന്നെത്താൻ പല്ലവി മറന്നില്ല. എന്നാൽ അവിടം മുതൽ തുടർന്നങ്ങോട്ടുള്ള ജീവിതത്തിലെ താനേൽക്കേണ്ടി വരുന്ന അടിയറവുകളുടെ കാര്യത്തിൽ പല്ലവിക്ക്‌ ഒരു ധാരണയുണ്ടായിരുന്നു.

റിയാദിലേക്കുള്ള ജോലി ശരിയായ ഉടനേ തന്നെയും കൂട്ടി അങ്ങോട്ടേക്ക്‌ പുറപ്പെടാനുള്ള ഗോവിന്ദിന്റെ മനസ്സിനെ അന്നേരം സാന്ത്വനിപ്പിക്കാൻ പക്ഷേ പല്ലവി ഒരുക്കമായിരുന്നില്ല.

കല്ല്യാണം കഴിക്കുന്നത്‌ വരെയെങ്കിലും അവനവന്റെ ഇഷ്ടങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കണമെന്ന് അച്ഛൻ പറഞ്ഞ കാര്യം അവളോർത്തതിനാലാവണം. ഗോവിന്ദിനെ പിണക്കിയാണ് അന്ന് പല്ലവി തിരിച്ച്‌ പോയത്‌. തന്റെ സ്വപ്നങ്ങളെ ജീവനെപ്പോലെ മാറോടടക്കിപ്പിടിച്ച പല്ലവിയെയാണ് പിന്നീടങ്ങോട്ട്‌ കാണാൻ കഴിയുക.

ആ തീരുമാനത്തിനോട്‌ 100 ശതമാനം നീതി പുലർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നിരിക്കണം സുഹൃത്തുക്കളുമായുള്ള അവളുടെ ഡിന്നർ. അതിനിടെ ഗോവിന്ദിനോട്‌ ആദ്യമായി കളവ്‌ പറയേണ്ടി വന്നതിന്റെ അതിയായ വിഷമം അവളിൽ പ്രകടമായിരുന്നു.

പിന്നീട്‌ നടന്നത്‌ മാനുഷിക വൈകാരികതകളുടെ കുത്തൊഴുക്കായിരുന്നു. തിരിച്ച്‌ ചെല്ലുമ്പൊ ഫ്ലാറ്റിന്റെ ഗേറ്റിന് മുന്നിൽ ഗോവിന്ദിനെ അവളൊരിക്കലും പ്രതീക്ഷിച്ചതേ ഉണ്ടായില്ല.

താൻ ചെയ്തതിലെ കുറ്റബോധം മറയ്ക്കാൻ പല്ലവി ശ്രമിച്ചപ്പൊ തനിക്ക്‌ വന്ന ദേഷ്യം ആകപ്പാടെ വെർബൽ റേപ്പ്‌ നടത്തി തീർക്കുകയാണ് ഗോവിന്ദ്‌ ചെയ്തത്‌.

ആദ്യമായി അണപൊട്ടിയൊഴുകിയ അക്കാലമത്രയുമുള്ള ദേഷ്യവും സങ്കടവും പല്ലവിയിൽ പിന്നീട്‌ പ്രകടമായിരുന്നു.

തന്നിൽ നിന്നും പല്ലവി അകന്നു പോയി എന്നുള്ള തിരിച്ചറിവ്‌ അന്ന് രാത്രി തന്നെ ഉൾക്കൊണ്ട ഗോവിന്ദ്‌ പിന്നെ അധികമൊന്നും ആലോചിച്ചില്ല.

തനിക്കുമാത്രം എന്നുള്ള അയാളുടെ ചിന്ത ചെന്നൊടുവിൽ അവസാനിച്ചത്‌ പല്ലവിക്കു നേരെയുള്ള ആസിഡ്‌ ആക്രമണത്തിലായിരുന്നു.

ആ ഒരു സീനോടെ ചിത്രത്തിൽ നിന്നകന്നേ പോയി ഗോവിന്ദ്‌. പിന്നീട്‌ സിനിമയിലത്രയും പല്ലവിയുടെ സമരമായിരുന്നു. ഏറ്റവും കൂറുപുലർത്തിയ ഒരു കാമുകി എന്ന തന്റെ വേഷം പല്ലവി വലിച്ചു കീറിയത്‌ തന്റെ വിരൂപതയിൽ പൂണ്ട കലി കൊണ്ടായിരുന്നില്ല. തന്നെ മനസിലാക്കാതെ പോയ വിശ്വാസ്യതയില്ലാത്ത ആണിനെ തറപറ്റിക്കുക എന്ന ലക്ഷ്യം മനസിൽ വെച്ചായിരുന്നു.

മുഖത്തിനെ മനസ്സിനോടുപമിച്ച കവിക്ക്‌ തെറ്റിയില്ല മുഖത്തിലെ വൈരൂപ്യത മനസിലും പല്ലവി ഉൾക്കൊണ്ടു. ഗോവിന്ദിന്റെ അച്ഛൻ, കൊടുത്ത കേസ്‌ പിൻ വലിക്കണമെന്നാവശ്യപ്പെട്ട്‌ അവളെ സന്ദർർശിച്ചപ്പോൾ മുഖത്തെ മൂടുപടം മാറ്റി അയാളെ ഒന്ന് നോക്കുക മാത്രമാണ് പല്ലവി ചെയ്തത്‌.

ചില പ്രേക്ഷകരെങ്കിലും വിചാരിച്ച്‌ കാണണം. കാമുകന് വേണ്ടി കേസ്‌ പിൻ വലിച്ച്‌ സ്നേഹമൂർത്തീ ഭാവത്തിൽ പല്ലവിയും ശിരസ്സുയർത്തിപ്പിടിക്കുമെന്ന്.

മനുഷ്യാനാണ് മിസ്റ്റർ… താങ്ങാവുന്നതിന് പരിധിയുണ്ട്‌. പല്ലവിയായിരുന്നു അവിടെ ശരി. പല്ലവി മാത്രമായിരുന്നി അവിടെ ശരി.

പിന്നീടങ്ങോട്ട്‌ കണ്ടത്‌ ആ സമരത്തിന്റെ വിജയമായിരുന്നു.

എനിക്ക്‌ ഞാനിഷ്ടപ്പെടുന്ന ഞാനാകണം എന്നുറക്കെ വിളിച്ച്‌ പറഞ്ഞ പല്ലവി തുടർ ജീവിതത്തിൽ അത്‌ ചെയ്തു കാട്ടി.

സ്ത്രീ സൗന്ദര്യ സങ്കൽപങ്ങൾക്ക്‌ ബാഹ്യ സൗന്ദര്യത്തേക്കൾ ഹൃദയത്തെയും മനസ്സിനെയും മുൻ നിർത്തിക്കാണിച്ച പുതിയ സുഹൃത്ത്‌ ഈ കാലത്തിനു മാതൃകയാണ്.

സൗഹൃദം എന്നതിനേക്കാൾ മുകളിൽ പറന്ന ആ സുഹൃത്തിന്റെ ആഗ്രഹങ്ങളെ ഒട്ടും മുറിവേൽപ്പിക്കാതെ കൂടെച്ചേർത്ത്‌ പിടിച്ച പല്ലവി അവിടെയും താനിഷ്ടപ്പെടുന്ന പല്ലവിയായി നിസ്സംശയം മാറി. പിന്നിട്‌ നടന്നതൊക്കെയും അത്ഭുതങ്ങളെന്ന് വാഴ്‌ത്തി ദൈവഹിതം നേടാമെന്ന് ആരും കരുതണ്ട. നിശ്ചയദാർഢ്യത്തിന്റെയും ആത്മപ്രൗഢിയുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രതീകമായി പല്ലവി സ്ക്രീനിൽ നിറഞ്ഞ്‌ നിന്നു.

ആത്മഹത്യാ ശ്രമം നടത്തിയ ഗോവിന്ദിന് എന്ത്‌ പറ്റി എന്നുള്ളത്‌ ഇന്ന് പല്ലവിയുടെ ആധിയല്ല. നിയമത്തിന്റെ വഴിയിൽ അനുകൂല വിധി കാത്തു നിന്നവൾക്ക്‌ ഇനിയിപ്പൊ വിധിയെന്തന്നറിയേണ്ട ആവശ്യമില്ല.

ഉയരെപ്പറക്കാനും എത്തിപ്പിടിക്കാനും ഉത്തേജകമായി തന്റെ മുൻപിലുള്ള അവസരങ്ങളിൽ അവൾ സന്തുഷ്ടയാണെന്ന് സംവിധായകൻ പറഞ്ഞ്‌ നിർത്തുമ്പൊൾ ഓരോ പ്രേക്ഷകനും പിന്നീടങ്ങോട്ട്‌ കാണാൻ പറ്റുക കണ്ണെത്താ ദൂരെ ഉയരെ പറന്നുയരുന്ന പല്ലവിയെയാണ്. സമൂഹത്തിലെ പെണ്മനസാക്ഷികൾ സമൂഹസാക്ഷിയെ വകവെയ്ക്കാതെ സ്വപ്നം കണ്ട്‌ തുടങ്ങണമെന്നുള്ള ആഹ്വാനവും ഇവിടെയുണ്ട്‌.

പല്ലവി രവീന്ദ്രൻ മാറ്റം വരിക്കാൻ സ്വയം ഉദ്ദേശിച്ച വ്യക്തിത്വമാണ്. സ്നേഹിച്ച ആണിന്റെ ഇഷ്ടത്തിലും, വീർപ്പ്‌ മുട്ടലിനും ഒടുക്കം സ്വന്തം ചിരിയേക്കാൾ മഹത്തരമായത്‌ ഒന്നുമില്ല എന്ന് മനസിലാക്കിയവളാണ്. അതിനു പക്ഷേ അന്നു വരെ തനിക്ക്‌ കൂട്ടുണ്ടായിരുന്ന ബാഹ്യമായ ചിരി കരിയും വരെ അവൾക്ക്‌ കാത്തിരിക്കേണ്ടി വന്നു…

പക്ഷേ ഒരു വിങ്ങലായി, കണ്ടവർക്ക്‌ പറഞ്ഞ്‌ നടക്കാനുള്ള ഒരു കഥയല്ല അവൾ കാട്ടിത്തന്നത്‌ അതിജീവനത്തിന്റെ, നേടിയെടുക്കലുകളുടെ, സ്വാതന്ത്ര്യത്തിന്റെ മാറ്റത്തിന്റെ കഥയാണ്. പല്ലവിയെ കാണാൻ പോകുന്ന ഒരോ പെൺകുട്ടികളിലും, സ്ത്രീകളിലും, അമ്മമാരിലും ഈ ഗുണങ്ങൾ കൈവരിക്കാനുള്ള ത്വര ഇരച്ച്‌ കയറ്റാനുള്ളതെല്ലാം സംവിധായകൻ ചെയ്തു വെച്ചിട്ടുണ്ട്‌.

ആൺ കൺസെപ്റ്റുകളുടെ സൗന്ദര്യ ബോധത്തിൽ കണ്ണാടിക്കു മുന്നിൽ മുഖ സൗന്ദര്യം പെരുപ്പിച്ചു കൊണ്ടിരിക്കുന്നതിൽ മാത്രമല്ല. പെണ്ണുങ്ങളിലെ ആന്തരിക സൗന്ദര്യത്തിന്റെ ഒരു നവീനമായ പൊതു ബോധവും സൃഷ്ടിച്ചെടുക്കുന്നുണ്ട്‌ പല്ലവി.

ഏതാണ്ട്‌ ജീർണതയുടെ വക്കത്തെത്തിയ ആൺ പൊതുബോധത്തിന്റെ അതിജീവന പോരാട്ടമായിരുന്നു കഴിഞ്ഞ കുറച്ചധികം നാളുകളായി പാർവതിക്കെതിരെ നടന്നു വന്ന ഓർഗ്ഗനൈസ്ഡ്‌ അറ്റാക്ക്‌ വ്യക്തമാക്കിയത്‌.

പൊതുസമൂഹത്തിലേക്കുള്ള പെണ്ണിന്റെ കടന്നു വരവ്‌ അതി ഭീകരമായി തങ്ങളെ ബാധിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് അന്നു വരെ സിനിമകളുടെ വിജയ ശതമാനക്കണക്കിൽ ഏറെ മുന്നിട്ട്‌ നിന്ന ഏറ്റവും ഡിമാന്റിംഗ്‌ സെലിബ്രിറ്റി
ആയ പാർവതിക്കെതിരെ, മൂക്കിനു താഴെ വന്ന രോമത്തിന്റെ പിൻബലത്തിൽ മാത്രം ആണെന്ന് സ്വയം ഘോഷിച്ചവരുടെ സോഷ്യൽ മീഡിയ അറ്റാക്ക്‌.

പല്ലവിക്ക്‌ മുൻപ്‌ പാർവതി ജീവൻ കൊടുത്ത സാറയും കാഞ്ചനമാലയും, ടെസ്സയും, സമീറയും മലയാളി മറക്കാത്ത കാഥാപാത്രങ്ങളാണ്. പെട്ടെന്നൊരു നാൾ ഇതേ നടിയുടെ ചിത്രങ്ങൾ ബഹിഷ്കരിക്കുക. സോഷ്യൽ മീഡിയയിൽ സൈബർ ബുള്ളിയിംഗ്‌ നടത്തുക അതും പോരാഞ്ഞ്‌ വരാൻ പോകുന്ന ചിത്രങ്ങളെ മനപൂർവ്വം ഡീ ഗ്രേഡിംഗ്‌ ചെയ്യുക എന്നീ തോന്നിവാസങ്ങൾ ഒരുളുപ്പുമില്ലാതെ ചെയ്യാൻ പറ്റുന്ന ലോകത്തിലെ തന്നെ ഒരേ ഒരു വർഗ്ഗം മലയാളികളാണ്. മിസോജനിസ്റ്റിക്‌ പ്രവണതയുള്ള ആണധികാര സമൂഹത്തിന്റെ ഈ കരിവാരിത്തേക്കലുകളെ അശ്ശേഷം വകവെയ്ക്കാതെ അഭിപ്രായങ്ങൾ ഇന്നും വെട്ടിത്തുറന്ന് പറയുവാൻ മടിയില്ലാത്ത ഒരേയൊരു നടിയേ ഇന്ന് സൗത്ത്‌ ഇന്ത്യയിലുള്ളൂ/ ഒരു പക്ഷേ ഇന്ത്യയിലും.

കഴിഞ്ഞ ഒരു ഇന്റർവ്വ്യൂവിൽ പാർവതി പറയുന്നത്‌ കേട്ടു. ഫെമിനിച്ചി എന്ന പദം ഞാൻ എന്റെ ഒരു ബാഗിനുമേൽ എംബ്രോയിഡറി ചെയ്തു വെച്ചിട്ടുണ്ടെന്ന്.

തന്റെ നിലപാടിലെ ശരികളിൽ ഇന്നും മാറ്റമില്ലെന്ന് തുറന്ന് കാട്ടുന്ന ഈ പ്രസ്താവന ഒന്നു മതി പാർവതി
എന്ന വ്യക്തിയിലെ നയങ്ങൾ എത്ര സുശക്തമാണെന്ന് മനസ്സിലാക്കാൻ.

പരസ്യമായി ഒരു ചലച്ചിത്രോൽസവ സദസ്സിൽ മലയാളസിനിമയിലെ താരരാജാവിന്റെ സിനിമയിലെ സ്ത്രീ വിരുദ്ധ മഹിമപ്പെടുത്തലുകളെ
നിശിതമായി വിമർശിച്ച ആ നിർഭയത്വം.

അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക്‌ വിലകൽപ്പിക്കുന്നു എന്ന് വീമ്പ്‌ പറയുന്ന പുരുഷകേസരീ വർഗ്ഗം ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല തുടർന്നങ്ങാട്ട്‌ ഇവർ സമൂഹമാധ്യമങ്ങളിലടക്കം പാർവതിയുടെ വിമർശകരായി മാറി.

പിന്നീടങ്ങോട്ട്‌ കമന്റ്‌ ബോക്സുകളിൽ വെർബൽ അബ്യൂസിന്റെ പൂരമായിരുന്നു. പിന്നീട്‌ ഇറങ്ങിയ 2 സിനിമകൾ മലയാളി പുരുഷ സമൂഹം ഒന്നടങ്കം ബഹിഷ്കരിച്ചപ്പോഴും പാർവതിയിലെ ഫെമിനിച്ചിയുടെ നിലപാടിന്റെ തന്റേടം ഉയർന്ന് തന്നെയിരുന്നു. ഇന്നിപ്പൊ ഉയരെയിലൂടെ, പല്ലവിയിലൂടെ പാർവതി തന്നേക്കാൾ മികച്ചൊരഭിനേത്രി ഇന്ന് മലയാളത്തിലില്ല എന്ന് കാട്ടിത്തരുന്നു.

“പാർവതി സൂപ്പർ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയിൽ ഒരടി മുകളിലാണെന്നുള്ള” ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചറുടെ പ്രസ്താവന എത്രയോ ശരി.

പല്ലവി വിമർശകരുടെ വായടപ്പിച്ചു എന്ന് മാത്രമല്ല. ലഭിച്ച്‌ കിട്ടിയ മൗത്ത്‌ പബ്ലിസിറ്റിയിൽ, അടിയറവ്‌ പറയിക്കാൻ ശ്രമിച്ചവരോട്‌ വീണ്ടും ഒരു OMKV പറഞ്ഞു.

വിവാദ കാലത്ത്‌ തന്നെ സർക്കസ്‌ കൂടാരത്തിലെ കുരങ്ങിനോട്‌ ഉപമിച്ച സംവിധായകൻ ജൂഡ്‌ ആന്റണിയോട്‌ ഓട്‌ മലരേ കണ്ടം വഴി (OMKV) എന്ന് സോഷ്യൽ മീഡിയയിൽ പരസ്യ പ്രസ്താവന ചെയ്ത പാർവതിയിലെ സ്ത്രീ അന്ന് മുതലിങ്ങോട്ട്‌ പിന്നെ അതേ മനോഭാവത്തോടെയാണ് തന്നെയാക്രമിക്കാൻ വരുന്നവരെ സധൈര്യം നേരിട്ടത്‌…

ഒരു മാറ്റവുമില്ല ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പാർവതിയുടെ ഈ അടുത്ത കാലത്തെ അഭിമുഖ സംഭാഷണങ്ങളിലെ സുശക്തമായ പ്രസ്താവന.

വലിയ കണ്ണടയും പൊട്ടും ധരിച്ച, പുസ്തകം വായിക്കുന്ന, വയസ്‌ മുപ്പത്‌ കഴിഞ്ഞിട്ടും കല്ല്യാണം കഴിക്കാത്ത മലയാളിപ്പെണ്ണിന്റെ നിലപാടിനെ ഫെമിനിച്ചി,അഹങ്കാരി, കൂത്തിച്ചി, അഴിഞ്ഞാട്ടക്കാരി, തന്റേടി, വെടി, പൊലയാടി എന്ന എക്സ്റ്റന്റ്‌ വരെയ്ക്കും വാചികമായി ബലാത്കാരം നടത്തിയ പാട്രിയാർക്കി ബോധം, പറ്റാവുന്ന തരത്തിലൊക്കെയും ഇക്കഴിഞ്ഞ ഒന്നരക്കൊല്ലമായി പാർവതിക്കെതിരെ കാഞ്ചി വലിച്ചു കൊണ്ടിരിക്കുന്നു.

എന്നിട്ടെന്തായി!!!

പൂർവ്വാധികം ശക്തിയോടെ പല്ലവിയായ്‌ ഇതേ സമൂഹത്തിൽ ഒരു പിടി ഉയരെ അവർ പറന്നുയർന്നു. എത്തിപ്പിടിക്കാൻ പുരുഷമലരുകൾ ഇനി ആദ്യം പൂദ്യേ തുടങ്ങണം. ഡീ ഗ്രേഡിംഗ്‌ അടക്കമുള്ള പ്രവണതകളെ അതിജീവിച്ച്‌ പറന്നുയർന്ന പല്ലവി ഇനി ലാൻഡ്‌ ചെയ്യാൻ ഒരിത്തിരി വൈകും.

എന്തെന്നാൽ പാർവതിയാടോ ശരി! പൊതു സമൂഹത്തിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്താൻ ഇന്നും വെമ്പുന്ന പുരുഷ കുലപതികളുടെ വിളയാട്ടം പാർവതിയെപ്പോലൊരു സ്ത്രീയോട്‌ ഇല്ലെങ്കിലേ അത്ഭുതമുള്ളൂ… ഇന്നും മറക്കാതെ ഇവർ ചെയ്യുന്ന ഒരു കാര്യം അവരുടെ ഒഫീഷ്യൽ പേജിലെ കമന്റ്‌ ബോക്സുകളിൽ ഒരുളുപ്പുമില്ലാതെ ശർദ്ദിലുകളായി പെയ്യിക്കുന്ന തെറിവിളികളാണ്. അവനവനിലടങ്ങിയ ദൗർബല്ല്യത്തിന്റെ മോസ്റ്റ്‌ ഗ്ലോറിഫൈഡ്‌ മൂർത്തീ ഭാവം.

നിലപാടുകളുടെ നിലവാരത്തിലും മികവുള്ള ഒരു കമന്റ്‌ അവർ ഈയടുത്ത്‌ ദി ക്യൂവിൽ (THE CUE) നടന്ന അഭിമുഖത്തിൽ പറയുകണ്ടായി.

സ്ത്രീപക്ഷ സിനിമകൾ തിരഞ്ഞെടുത്ത്‌ ചെയ്യുന്നതാണോ എന്ന ഇന്റർവ്വ്യൂവരുടെ ചോദ്യത്തിനുള്ള മറുപടി “സ്ത്രീ – പുരുഷ പക്ഷ സിനിമകൾ എന്നുള്ള കാറ്റഗറൈസേഷൻ നിർത്തി അതിനെ ഈക്വലൈസ്‌ ചെയ്ത്‌ ഒറ്റപക്ഷമാക്കി തീർക്കണം എന്നുള്ളതായിരുന്നു”

ഇതാണ് പാർവതി…!

ഈ പറഞ്ഞത്‌ അടുത്ത കാലത്ത്‌ ഒന്നും പ്രാവർത്തികമാകില്ലെങ്കിലും താൻ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ നല്ല നാളേയ്ക്ക്‌ അവർ ഇന്നേ സ്വപനം കാണുന്നുണ്ട്‌.

വിവേകിയായ ഒരു മനുഷ്യന് പാർവതിയെ ഇഷ്ടപ്പെടാൻ ഇന്ന് പല കാരണങ്ങളാണ്.

തനിക്ക്‌ അറിയപ്പെടാൻ പേരിന്ററ്റത്തുള്ള ജാതി വാലിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ്‌ അതിനെ അറുത്ത്‌ മാറ്റിയ. സ്വാതന്ത്ര്യം എന്ന വാക്കിന് തന്റേതായ എതിരറ്റ അർത്ഥം കൽപിക്കുന്ന, നിർദ്ദേശങ്ങളിലും പ്രസ്താവനകളിലും ഔന്നത്യം പുലർത്തുന്ന, ചെയ്യുന്ന സിനിമകളിലെ കഥാപാത്ര പകർന്നാട്ടങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന എല്ലാറ്റിലുമുപരി ഇന്ന് മലയള സിനിമ കണ്ട എറ്റവും മികച്ച സംരഭമായ വുമൺ ഇൻ സിനിമ കലക്ടീവിന്റെ ശബ്ദവുമായ പാർവതി തിരുവോത്ത്‌…

മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല! ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു…

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...