പെണ്ണരശ്: നിർഭാഗ്യം വേട്ടയാടുന്ന ഒരു കുടുംബത്തിന്റെ കഥ

0
862

പോൾ സെബാസ്റ്റ്യൻ

നിർഭാഗ്യം വേട്ടയാടുന്ന ഒരു കുടുംബത്തിന്റെ കഥ പെണ്ണരശ് എന്ന തന്റെ നോവലിൽ ഹൃദയാർദ്രമായി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ് രാജീവ് ശിവശങ്കർ. പേരും മുഖ ചിത്രവും ആദ്യത്തെയും അവസാനത്തെയും കുറച്ചു അധ്യായങ്ങളും ഇതൊരു സ്ത്രീപക്ഷ നോവലാണെന്ന പ്രതീതി നൽകുമ്പോഴും അവയൊഴിച്ചു നിർത്തിയാൽ തീർത്തും മനുഷ്യപക്ഷത്തു നിന്ന് നമ്മുടെ മനസ്സിനെ മഥിക്കുന്ന ഒരു കുടുംബ കഥയാണ് ഈ നോവലിൽ നമുക്ക് കാണാൻ കഴിയുക.

കഷ്ടപ്പാടിലും സന്തോഷപൂർണ്ണമായ ജീവിതം നയിക്കുന്ന ചിത്രകാരനായ ഫ്രാൻസിസ് സേവിയർ എന്ന പ്രാഞ്ചി, നഗരത്തിലെ പ്രമുഖനായ പ്ലാന്റർ ഇന്ദുചൂഢന്റെ പേരക്കുട്ടി അപർണ്ണ എന്ന ആപ്രി, പ്രാഞ്ചിയുടെ കുസൃതിയും ഭാവനയും നിറഞ്ഞ കഥകൾ കേട്ട് വളർന്ന അമ്മു, ദുരന്തത്തിനിരയായ കൊച്ചനുജൻ കുഞ്ഞുണ്ണി എന്നിവരടങ്ങിയ കുടുംബത്തിലേക്ക് ആഞ്ഞടിച്ച ദുരന്തങ്ങളുടെ കഥയാണ് പെണ്ണരശ്. എല്ലാ ദുരന്തങ്ങളിലും ഒറ്റപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നവളുടെ കഥ കൂടിയാണത്. അനുബന്ധമെന്നോണം, അപർണ്ണയുടെ അമ്മയും ഇന്ദുചൂഢന്റെ മകളുമായ സുലോചനയുടെയും അപർണ്ണയുടെ അച്ഛൻ നാരായണൻ നായരുടെയും, അപർണ്ണയുടെ അനുജൻ ആനന്ദിന്റെയും കഥയാണിത്. ഒരു പക്ഷെ, നമ്മുടെ നാട്ടിലെ ചില സമകാലീന സംഭവങ്ങളുടെ ആഘാതം കുടുംബങ്ങളിൽ ഏല്പിക്കുന്ന വേദനയുടെ വേരുകൾ തേടുന്ന നോവൽ കൂടിയാണ് പെണ്ണരശ്. തീർത്തും ലളിതമായ ഒരു കഥയെ ഏറ്റവും ആകർഷകമായി അവതരിപ്പിക്കുന്നു എന്നിടത്താണ് നോവലിസ്റ്റിന്റെ വിജയം.

രാജീവ് ശിവശങ്കർ

കവിത തുളുമ്പുന്ന ഭാഷയാണ് നോവലിന്റെ പ്രത്യേകത. ഒന്നിനെ മറ്റൊന്നിനോട് ഉപമിക്കാതെ എഴുത്തുകാരന് പറയാനാവുന്നില്ല എന്നിടത്തോളം ഈ കവിത്വം എത്തി നിൽക്കുന്നുണ്ട്. ഈ സിദ്ധിയെ തൻറെ പ്രിയ കഥാപാത്രമായ പ്രാഞ്ചിയിലേക്ക് നോവലിസ്റ്റ് കൈമാറുന്നതിങ്ങനെ. “എന്തിനെയും മറ്റൊന്നിലേക്ക് ചേർത്തു വെച്ചേ പ്രാഞ്ചിക്ക് വായിച്ചെടുക്കാനാവൂ. ഉപമകളും ഉൽപ്രേക്ഷകളുമില്ലാതെ അയാളൊന്നും ഉള്ളിലേക്ക് വരഞ്ഞിടുന്നില്ല” നോവലിൽ നോവലിസ്റ്റും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. ഈ രീതി വസ്തുതകളെയും സംഭവങ്ങളെയും ചിന്തകളെയും കൂടുതൽ വ്യക്തമായും ഭാവനാപൂർണ്ണമായും വായനക്കാരിലേക്കെത്തിക്കാൻ സഹായകമാവുന്നുണ്ട്. ചില ഉദാഹരങ്ങൾ പറയാം. “ഉപ്പിലിട്ട നെല്ലിക്ക കണക്കെ വിളർത്തു ചുളുങ്ങിയ നീണ്ട പതിനൊന്നു വർഷങ്ങൾക്കുശേഷമാണ് അവളുടെ കുരിശു ജീവിതം പങ്കിടാൻ ദൈവം ആനന്ദിനെ ഭൂമിയിലേക്ക് അയച്ചത്”, “അയാളൊന്നും പറഞ്ഞില്ല. പൂട്ടിയിട്ട വാതിലിനു മുന്നിൽ താക്കോൽ നഷ്ടപ്പെട്ടവനെപ്പോലെ നിശ്ശബ്ദനായി നിന്നു”, “കുട്ടികളുടെ ശരി, കുട്ടികളുടെ നന്മ. എന്തുകൊണ്ട് മനുഷ്യരുടെ ശരി, മനുഷ്യരുടെ നന്മ എന്നൊക്കെ ചിന്തിച്ചുകൂടാ എന്ന് അയാളിലെ അധ്യാപകൻ ചൂരൽ വടി വീശി കലഹിച്ചു കൊണ്ടിരുന്നു”, “ബിഗ് ഡാഡി വളരുന്തോറും പ്രേമ അലക്സിന്റെ കണ്ണുകൾക്ക് മുന്നിൽ കളവിന്റെ ഒരു കണ്ണട രൂപപ്പെട്ടു വരുന്നതും നാവിൽ കോരിയൊഴിച്ചോരു കള്ളവാത്സല്യം നിറയുന്നതും ചിരിയിൽ അനാവശ്യമായ കിലുക്കം തുളുമ്പുന്നതും പ്രാഞ്ചി ശ്രദ്ധിക്കുന്നുണ്ട്” എന്നിങ്ങനെ അത് തുടരുന്നു.

ഒരു കഥാപാത്രത്തെ പരിചയപ്പെടുത്തുമ്പോൾ ബാഹ്യരൂപത്തെക്കാൾ ജീവിതത്തെ വരച്ചു കാണിക്കാനാണ് നോവലിസ്റ്റ് കൂടുതൽ ശ്രദ്ധിച്ചത് എന്നത് ആകർഷകമായി തോന്നി. “തിരക്കേറിയ നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ പഴഞ്ചൻ ചടാക്കുവണ്ടി പോലെ ആയിരുന്നു അപർണാ നാരായണന്റെ ജീവിതം. ഒന്ന് ചലിക്കാൻ തുടങ്ങും മുൻപേ ഇടത്തും വലത്തും ആർത്തിരമ്പി കടന്നു പോവുകയായി മറ്റുള്ളവരുടെ ജീവിതം. കരച്ചിലിനും ചിരിക്കുമിടയിലുള്ള മരവിപ്പായിരുന്നു അവൾക്ക് കൗമാരം”, “വൈകിയുണ്ടായ മകനെ ലാളിച്ചു തീർക്കാൻ സുലോചനക്ക് ഇരുപത്തിനാലു മണിക്കൂർ പോരായിരുന്നു”, “വെറുതെയിരുന്നാൽ കാലുകൾക്ക് തീ പിടിക്കുന്ന സ്വഭാവക്കാരനാണ് പ്രാഞ്ചിയെന്ന് അവൾക്കറിയാമായിരുന്നു” എന്നിങ്ങനെ കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളുടെ അവതരണത്തിലാണ് നോവലിസ്റ്റ് ശ്രദ്ധിച്ചിരുന്നത്. എങ്കിലും ചിലപ്പോഴൊക്കെ ചിത്രസമാനമായി വിശദമായ പരിചയപ്പെടുത്തലിലേക്കും ഇത് നീളുന്നുണ്ട്. അപർണ്ണ സ്വയം കാണുന്നത് നോക്കുക. “ഒരു ചതുരത്തിൽ ഒതുങ്ങാനുള്ളതേയുള്ളൂ, അർഥരഹിതമായ ജീവിതമെന്നു വിളിച്ചറിയിക്കുന്ന മുഖം.
എവിടേക്കും പറന്നേക്കാമെന്ന ഭീഷണിയുമായി ചിതറിയ മുടിയിഴകൾ. വേദനയുടെ വേരുകളോടിയ കണ്ണുകൾ. ചെറുചിരിക്കു ശ്രമിക്കുമ്പോഴും ആനന്ദം അകലെ എന്ന വിതുമ്പലിലേക്കു വളഞ്ഞ ചുണ്ടുകൾ.

അസുലഭമായൊരു ഗന്ധം പിടിച്ചെടുക്കാനെന്നവണ്ണം വിടർന്ന മൂക്ക്. പിന്നെ, വെള്ളപ്പിഞ്ഞാണിയിലെ വെണ്ണപോലെ തിളങ്ങുന്ന കവിളിൽ ചുഴിയുണർത്തി ഒരോമന നുണക്കുഴിയും! “അയ്യേ… ഇതു ഞാൻ തന്നെയാണോ?’’ പ്രാഞ്ചി നീട്ടിയ ഫോട്ടോയിലേക്കു നോക്കി അപർണ അത്ഭുതപ്പെട്ടു.
പ്രേമ എന്ന അതിപ്രധാനമല്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നോക്കുക. “പ്രേമയുടെ കണ്ണു നിറഞ്ഞു. ആ വാക്കുകളിലെ സത്യസന്ധത ഉപ്പു പരൽ പോലെ തൊട്ടറിയാവുന്നതായിരുന്നു. ഏറിയാൽ മുപ്പത്തിയഞ്ചു വയസ്. പക്ഷെ അവരുടെ മുടി നരച്ചു തുടങ്ങിയിരുന്നെന്നു പ്രാഞ്ചി ശ്രദ്ധിച്ചു. നീണ്ട മൂക്കിൻതുമ്പിൽ, പഴയ കാലത്തിന്റെ തിളക്കങ്ങളെ ഓർമ്മിപ്പിച്ച് സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന വലിപ്പത്തിൽ ഒരു കുഞ്ഞു മൂക്കുത്തി. ചുണ്ടിനുമേലെ, ലജ്ജയോടെ നനുത്തൊരു കുഞ്ഞു മേൽമീശ. വലംകവിളിനു താഴെ ഒരു കുഞ്ഞുമറുക്. ഒരുപാടു കുഞ്ഞുസാധനങ്ങൾ കൂട്ടിവെച്ചുണ്ടാക്കിയ വലിയൊരു കളിപ്പാട്ടം പോലെ” കഥാപാത്രങ്ങളുടെ രൂപവും സ്വഭാവവും മാത്രമല്ല അവരുടെ ഭൂതവും ഭൂതകാലവും വർത്തമാനവും നമുക്ക് വായിച്ചെടുക്കാനാവും.


പ്രാഞ്ചി, അപർണ്ണ, അമ്മു, സുലോചന, ഇന്ദുചൂഡൻ, കനിമൊഴി എന്നീ കഥാപാത്രങ്ങൾ ഏറെ നന്നായി. എന്നാൽ നാരായണൻ നായരെന്ന മണ്ണച്ഛന്റെയും വഴുതന നായരെന്ന മുത്തച്ഛന്റേയും ശക്തമാക്കാമായിരുന്ന കഥാപാത്രങ്ങളെ യുക്തിരഹിതമായ സ്വഭാവമാറ്റങ്ങളിലൂടെ എഴുത്തുകാരൻ നിഷ്പ്രഭമാക്കി എന്ന് തോന്നി. മൂന്നു ദിവസം പഴക്കമുള്ള വട യാതൊരു ഉളുപ്പുമില്ലാതെ വിൽക്കാനും റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിലസാനും തന്നെ എടുത്തു പൊക്കിയവരെ വഞ്ചിക്കാനും യാതൊരു മടിയും കാണിക്കാത്ത നാരായണൻ നായർ ഒരൊറ്റ രാത്രി കഴിഞ്ഞു നേരം വെളുത്തപ്പോഴേക്കും വിശുദ്ധസമാനനായ കർഷകനായ മായാജാലം വായനയിൽ ദഹിച്ചില്ല. അതു പോലെ തന്നെ, മണ്ണിനോട് സ്നേഹം നില നിർത്തിപ്പോന്ന വഴുതനനായരെ ശക്തമായി അവതരിപ്പിച്ച ശേഷം തികഞ്ഞ ഒരു ആഭാസൻ മാത്രമായി പിന്നീടവതരിപ്പിച്ചത് മാപ്പർഹിക്കാത്ത തെറ്റായി തോന്നി. പുരുഷന്മാരിലെ അമിത ലൈംഗികതയെയാണ് ലക്‌ഷ്യം വെച്ചിരുന്നതെങ്കിൽ ഒരു പക്ഷെ നാരായണൻ നായരുടെ ചേട്ടനിലേക്ക് ആ വൈരുധ്യം ആരോപിക്കാമായിരുന്നു. ഈ രണ്ടു കഥാപാത്രങ്ങളൊഴിച്ചാൽ മറ്റു കഥാപാത്രങ്ങളെയെല്ലാം മിഴിവോടെയും മികവോടെയും അവതരിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്. പ്രാഞ്ചിയും അമ്മുവും വായനക്ക് ശേഷവും വായനക്കാരെ വിട്ടു പിരിയുകയില്ല.

നാം ചോദിക്കാൻ മറന്നു പോയ ഒട്ടേറെ ചോദ്യങ്ങൾ രാജീവ് ശിവശങ്കർ നമ്മളിലേക്ക് എറിഞ്ഞു തരുന്നുണ്ട്.
“ദൈവമേ, എന്തു തരം സാധനങ്ങൾ കൊണ്ടാണു നീ ആണിനെ സൃഷ്ടിച്ചത്?”,  “വലതുകാൽ വെക്കുമ്പോൾ ഇടതുകാൽ കുതറുകയും ജരാനരകൾക്കിടയിൽ ശ്വാസത്തിനു കിതക്കുകയും ചെയ്യുന്ന പ്രായത്തിലും പതിനാറുകാരന്റെ മനസ്സ് വീണ്ടെടുക്കാൻ പുരുഷൻ എന്ത് മന്ത്രമാണ് ഉപയോഗിക്കുന്നത്?”, “ചേനയും ചെടിയാണ്. കാച്ചിലും ചെടിയാണ്. പക്ഷെ, രണ്ടും ജീവിക്കുന്നത് ഒരേതരം ജീവിതമാണോ?”, “അച്ഛാ, ഒരുപാടു വിത്തുകളിൽ നിന്ന് അച്ഛൻ മികച്ച വിത്ത് തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? വാഴക്കന്നുകൂമ്പാരത്തിൽ നിന്ന് നല്ലതു മാത്രം കണ്ടെടുക്കുന്നത് എങ്ങനെയാണ്? നാളെ നന്നായി വളരുമെന്നുറപ്പുള്ള വിത്തും തൈയും എങ്ങനെ തിരിച്ചറിയാൻ കഴിയുന്നു? മനുഷ്യരെയും അങ്ങനെ തിരിച്ചറിയാൻ അച്ഛനു കഴിയില്ലേ?”, “അമ്പലത്തിലെ ശ്രീകോവിലിൽ അഞ്ചടി ഉയരമുള്ള മനുഷ്യന് പോലും കുനിഞ്ഞുവേണം കയറാൻ. പക്ഷെ, പള്ളീലെ അൾത്താരയിൽ അറുപതടിയുള്ളവരുണ്ടെങ്കിലും തല തട്ടാതെ കയറാം. എന്തുകൊണ്ടാണിങ്ങനെ?” എന്നിങ്ങനെ ചോദ്യങ്ങളുടെ ഒരു നീണ്ട നിര പ്രാഞ്ചിയിലൂടെയും അമ്മുവിലൂടെയും നോവലിസ്റ്റ് അഴിച്ചു വിടുന്നുണ്ട്.

ദാർശനികമായി ജീവിതത്തെ നോക്കിക്കാണാനും പെണ്ണരശ് ശ്രമിക്കുന്നുണ്ട്.
“ഓരോ ജീവിതവും ഓരോ പ്രാർത്ഥനയാണ്”, “ചൂടുള്ള തണുപ്പാണ് നമ്മുടെ ജീവിതം”, “ജീവിതം കരച്ചിലും ചിരിയുമൊക്കെ ചേർന്നതായതിനാൽ അവളെ കരയിക്കല്ലേയെന്നൊന്നും പറയുന്നില്ല. കരഞ്ഞാലും അവളുടെ കണ്ണീരൊപ്പാൻ നിന്റെ വിരലുകളുണ്ടാകണം എന്നേ ആവശ്യപ്പെടുന്നുള്ളൂ”, “മറ്റൊരാളുടെ കാഴ്ച നമ്മൾ കടമെടുക്കേണ്ടതില്ല”, “മുൻകൂട്ടി ചിട്ടപ്പെടുത്തി വച്ചൊരു പാട്ടിനൊപ്പം മൂളുന്നതല്ല ജീവിതം. ശ്വസിക്കുന്ന നിമിഷത്തെ സുഖകരമായൊരു ഈണമായി മാറ്റുന്നതാണ്”, “ആർക്കാണ് ആപ്രി, ഭ്രാന്തില്ലാത്തത്? കൂടെ കൊണ്ടുപോകാനാവില്ലെന്നറിഞ്ഞിട്ടും എല്ലാം ആർത്തിപിടിച്ചു വാരിക്കൂട്ടുന്ന മനുഷ്യർക്കെല്ലാം ഭ്രാന്തു തന്നെയല്ലേ?”, “ജീവിതം എല്ലാവർക്കും ഓരോ കുരിശു കാത്തുവച്ചിട്ടുണ്ട് ആപ്രി. ഒരു മല, ഒരു പുഴ, പിന്നെയൊരു കുരിശ്. ഇതൊന്നുമില്ലാതെ ജീവിതമില്ല. പക്ഷെ, ക്രിസ്തുവിനെപ്പോലെ ചിരിച്ചുകൊണ്ട്, എല്ലാം നേരിടാനും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കാനും പാവം മനുഷ്യർക്കു കഴിയില്ല” എന്നിങ്ങനെ ആശയസമൃദ്ധവുമാണ് പെണ്ണരശിന്റെ വായന.

കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഉയർന്നുവരുന്ന ഫ്ലാറ്റ് സംസ്കാരത്തെയും അതുയർത്തുന്ന വെല്ലുവിളികളെയും നോവൽ അടയാളപ്പെടുത്തുന്നുണ്ട്. “ഫ്ലാറ്റ് എന്ന സങ്കല്പത്തെത്തന്നെ വെറുക്കാൻ ‘ഗോൾഡൻ വാലി അവളെ പഠിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ യൂണിഫോം അണിഞ്ഞു നിന്ന കുട്ടികളെ ഓർമിപ്പിക്കും വിധം ചതുരപ്പെട്ടികൾ. അകത്തെ ജീവിതത്തിന്റെ വൈവിധ്യങ്ങളെ മാത്രമല്ല, നെടുവീർപ്പുകളെയും പുളിച്ചുതേട്ടലുകളെയും ആ യൂണിഫോം സമർത്ഥമായി ഒളിപ്പിച്ചു വെച്ചു” എന്നിങ്ങനെ നോവലിസ്റ്റ് തുടരുന്നു. സുഖലോലുപരുടെ സ്വർഗത്തിനായി നിർധനർക്ക് നരകം പണിയുന്നതിന് യഥാർത്ഥ ചിത്രം മറ്റൊരിടത്തു പറയുന്നതിങ്ങനെ. “നരകമെന്നു കേട്ടിട്ടുണ്ടോ? ഇല്ലേങ്കിക്കണ്ടോ. ഇതാ ആ സ്ഥലം” ആ നരകം പണിയുന്നതോ? “ഈ ലോറീലെന്താന്നാ വിജാരം?” കണ്ണുകൊണ്ടൊരു ചോദ്യചിഹ്നം ആലീസ് അവളുടെ മുന്നിലേക്ക് കൊളുത്തിയെറിഞ്ഞു. “കൊച്ചീലുള്ള വെല്യ വെല്യ ഫ്ലാറ്റുകളിൽ താമസിക്കുന്ന കൊണം പിടിക്കാത്തവന്മാരു തിന്നു തുപ്പുന്ന സാധനങ്ങളാ ഇതെല്ലാം. അവന്റെയൊക്കെ മട്ടുപ്പാവില് കുഴിച്ചുമൂടാനൊക്കില്ലല്ലോ. അതുകൊണ്ട് എല്ലാം കൂടെ പാവങ്ങടെ നെഞ്ചത്തോട്ട് കെട്ടിക്കൊണ്ടുവരും.” പ്രശ്നങ്ങളുടെ കൂമ്പാരമാണ് പാവപ്പെട്ടവരുടെ ഇടങ്ങളിൽ. പ്രാഞ്ചിയും ഇതിനെതിരെ പ്രതികരിച്ചതിന് ഇരയാവുകയാണ്. “മൂന്നു ദിവസം പഴക്കമുള്ള വടയും പോത്തിറച്ചിയും ഒരുളുപ്പുമില്ലാതെ വിറ്റു ലാഭം കൊയ്യാൻ തനിക്കറിയാമെങ്കിൽ, റിയൽ എസ്റ്റേറ്റ് ബിസിനസ്സും വഴങ്ങും” എന്ന് പറയുന്നിടത്ത് മൊത്തം ഫ്ലാറ്റ് ബിസിനസ്സിന്റെ കള്ളത്തരത്തെ കളിയാക്കുന്നുണ്ട് നോവലിസ്റ്റ്. ഒരു പക്ഷെ, പ്ലാന്റർ ഇന്ദുചൂഡൻ എന്നത് സമാധാന ജീവിതം നയിക്കുന്നവരുടെ ലോകത്തേക്കുള്ള വിദേശ അധിനിവേശം തന്നെയായിട്ടാവാം നോവലിസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.


ഒരു പുരുഷൻ എഴുതിയ സ്ത്രീ പക്ഷ നോവൽ ആയാണ് ഇത് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്നത് നോവലിന്റെ തുടക്കത്തിലും ഒടുക്കത്തിലും വ്യക്തമാണ്. എല്ലാ ആണുങ്ങളും ഒരു പോലെയാണ്. വെറും ആണ്, വിശ്വസിക്കാൻ കൊള്ളാത്തവർ എന്ന തീവ്ര സ്ത്രീപക്ഷ ചിന്താഗതിയെ ഈ രണ്ടു ഭാഗങ്ങളിലും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്ത്രീക്ക് പുരുഷന്റെ തണൽ ആവശ്യമില്ല അവൾ സ്വതന്ത്രമായി ജീവിക്കണം എന്നൊക്കെ വിവിധ സ്ഥലങ്ങളിൽ പലരിലൂടെയായി അപർണ്ണയെ പലരും ഉപദേശിക്കുന്നുണ്ടെങ്കിലും അവൾ അതിന് വഴങ്ങുന്നില്ല എന്നത് വായനക്കാർ കൂടെ അംഗീകരിക്കുന്ന രീതിയിലാണ് കഥാ വിവരണം. പക്ഷെ, ഒടുവിൽ ധൃതി പിടിച്ച് സുലോചനയുടെ കാഴ്ചപ്പാടിലൂടെ അതിനെ ജാതീകരിക്കുമ്പോൾ അത് അല്പം ധൃതി പിടിച്ചായോ എന്നു സംശയിക്കുന്നു. സ്ത്രീപക്ഷ ചിന്താഗതിക്കാർക്ക് ഈ നോവൽ നല്ല ഒരു വായനയായിരിക്കും എന്നെനിക്ക് തോന്നുന്നു.

നോവൽ കൈകാര്യം ചെയ്യുന്ന സ്ത്രീപക്ഷ രാഷ്ട്രീയലക്ഷ്യങ്ങളിലേക്ക് നോവലിനെ ഉയർത്തുന്നതിൽ ന്യൂനതകൾ ഉണ്ടെങ്കിലും വായനക്കാർക്ക് ഒരു നല്ല വായനാനുഭവം നൽകുന്നതിന് ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്. വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്നതിനും കഥാപാത്രങ്ങൾക്കു വേണ്ടി അവരുടെ മനസ്സിൽ നൊമ്പരമുണ്ടാക്കുന്നതിനും പെണ്ണരശിന് സാധിക്കുന്നുണ്ട്. ഇത് അത്ര എളുപ്പമായ കാര്യമല്ല. നല്ല ആഖ്യാനശൈലിയും ചിന്തകളും വായനയെ അനുഭവമാക്കുന്നു. വയലറ്റ് രാജകുമാരിയും ചോക്ലേറ്റ് രാജകുമാരനും പാവപ്പള്ളിക്കൂടവും ഒക്കെകൂടെ വായനക്കാരെ നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും പുതിയ ലോകത്തെത്തിക്കും. എല്ലാവരും എന്നും ഇതുപോലെ സന്തോഷമായി ജീവിച്ചെങ്കിൽ എന്ന കഥാപാത്രചിന്ത വായനക്കാരിലേക്കും പകരുംവിധം ഹൃദയമായാണ് നോവലിനുള്ളിലെ ലോകത്തെ നോവലിസ്റ്റ് നിർമിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ സ്വപ്നസൗധത്തിന്റെ തകർച്ച ഹൃദയഭേദകവുമാണ്.

“ഒരു ചോക്കലേറ്റ് ബാറിൽ മുറിയപ്പെടാനുള്ള അടയാളം മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ആയിരുന്നിരിക്കണം, ജീവിതം ആ നിമിഷങ്ങളെ അടയാളപ്പെടുത്തിയിരുന്നത്. ഇതാ, ഇവിടെ വരെ, അല്ലെങ്കിൽ ഇവിടം മുതൽ അവിടം വരെ” എന്നിങ്ങനെ തുണ്ടു തുണ്ടായി പകുത്തെടുക്കാൻ പാകത്തിൽ. പതിയെ ഒന്നമർത്തിയാൽ ഒടിഞ്ഞടരാൻ തക്കവണ്ണം.” അതെ, ജീവിതത്തെ ഒരു ചോക്ലേറ്റ് ബാർ പോലെ അടയാളപ്പെടുത്തുന്നുണ്ട് രാജീവ് ശിവശങ്കർ എഴുതിയ പെണ്ണരശ് എന്ന നോവൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here