സെൽഫ് ഫൈനൻസിംഗ് കോളേജിലെ ആട് ജീവിതങ്ങൾ

3
1223

ഡോ: അബ്ദുല്‍ റഹീം

ബെന്യാമിന്റെ ‘ആട് ജീവിത്തിലെ കഥാപാത്രങ്ങളെ, അതേ അർത്ഥത്തിൽ ഉൾക്കൊള്ളാൻ മലയാളി സമൂഹത്തിന് കഴിഞ്ഞു എന്നതാണ് ആ പുസ്തകത്തിന് കിട്ടിയ അംഗീകാരവും പ്രശസ്തിയും. എന്നാൽ അറേബ്യൻ മണലാരണ്യത്തിലെ കദന കഥയേക്കാൾ നമ്മുടെ കരളലിയിപ്പിക്കുന്ന ചില ജീവിതങ്ങളുണ്ട്, നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്നത് നാം അറിയാതെ പോകരുത്.

പി എച് ഡി കഴിഞ്ഞ്, ഒരു വർഷത്തെ പോസ്റ്റ് ഡോക്റ്ററൽ ഫെല്ലോഷിപ്പിന് ശേഷം, നാട്ടിൽ സ്ഥിരമാക്കണം എന്ന ആഗ്രഹവുമായാണ് ജന്മ നാട്ടിൽ തിരിച്ചു വന്നത്. അതിനിടക്ക് വീടിന് അടുത്തുള്ള ഒരു സെൽഫ് ഫൈനൻസിംഗ് കോളേജിൽ, ഡിഗ്രിയും പി ജിയും അടക്കമുള്ള സ്ഥാപനത്തിൽ ജോലിക്ക് കയറി. താൽകാലികമായി ഒരിടം എന്നതായിരുന്നു മനസ്സിൽ.

കൂടെ ജോലി ചെയ്യുന്നവരിൽ, സർക്കാർ കോളേജിലെ 30 വർഷത്തിലധികം സേവന പാരമ്പര്യമുള്ളവരും ഉണ്ടായിരുന്നു. അവർക്ക് നൽകുന്ന സാലറിക്ക് അടുത്ത് തന്നെ എനിക്കും അവർ വാഗ്ദാനം ചെയ്തു. അവർക്ക് കിട്ടിയിരുന്നത് 17000 രൂപയാണ് എന്നത് ഓർക്കുക. മാസത്തിൽ പെൻഷൻ മാത്രം വരും 50000-60000. എന്നിട്ടും ഈ ഒരു ശമ്പളത്തിന് അവർ ജോലിക്ക് വരുന്നുണ്ടല്ലോ എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ ആദ്യ കാര്യം.

പക്ഷെ പിന്നീടാണ്, അവിടെയുള്ള സാധാരണക്കാരായ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളത്തിന്റെ അവസ്ഥ അറിഞ്ഞത്. അടിസ്ഥാന ശമ്പളം 8800 രൂപയാണ് അധ്യാപകർക്ക്. കൂടെ മറ്റെന്തൊക്കെയോ കൂടി 10000 രൂപ.

വർഷത്തിൽ ഏകദേശം 700 രൂപയുടെ വർധനവ് !!

18 വർഷത്തെ വിദ്യാഭ്യാസത്തിന് ശേഷം, ഒരധ്യാപകന് 8 മണിക്കൂറോളം ജോലി ചെയ്താൽ കിട്ടുക ദിവസം 330 രൂപക്ക് അടുത്ത്!! ഇതാണത്രേ മറ്റു സെല്‍ഫ് ഫൈനൻസിംഗ് കോളേജിനെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കുന്നവരുടെ അവസ്ഥ.

തൊഴിലുറപ്പിന് പോകുന്ന സാധാരണ ജോലിക്കാർക്ക് ഇതിലും കുറഞ്ഞ സമയം ജോലി ചെയ്താൽ ഏകദേശം ഇത്രത്തോളം ശമ്പളം കിട്ടും ഈ നാട്ടില്‍. കൂലിപ്പണിക്കാർക്കും കച്ചവട സ്ഥാപനത്തിലെ ജോലിക്കാര്‍ക്കും കിട്ടും ഇതിലും കൂടുതല്‍.

കൂടെ നെറ്റും, ജെ ആർ എഫും പി എച് ഡിയും ഒക്കെ ഉള്ളവർക്ക് 1000 ഓ 2000 ഓ അധികം നൽകും. അതും നമ്മുടെ വാങ്ങിക്കാനുള്ള മിടുക്കു പോലെ.

8 മണിക്കൂർ ജോലി എന്നത് നിസ്സാരമല്ല, പഠിപ്പിക്കൽ മാത്രമല്ല, എക്സാം, സെമിനാർ, അസ്സൈന്മെന്റ്, മറ്റു കലാ കായിക ക്ലബ്ബ്കൾ തുടങ്ങിയവയുടെ നടത്തിപ്പ്, അഡ്മിഷൻ ജോലികൾ, ചില ശനിയാഴ്ചകളിലെ പരീക്ഷകൾ.

ഇതിനേക്കാൾ കഷ്ടമാണ് അനധ്യാപകരുടെ കാര്യം. ഏകദേശം പത്തു വർഷത്തോളം ഒരു കോളേജിൽ അനധ്യാപക ജോലിയിൽ ഉള്ള ആൾക്ക് ഇന്നു ശമ്പളം 8800 രൂപ ആണ് എന്ന് അറിഞ്ഞാൽ !!

അതായത് ഒരു മനുഷ്യൻ ആദ്യ വർഷം ശമ്പളം (ആദ്യ മാസമല്ലേ) പൂജ്യം ആയി കണക്കാക്കി, ഓരോ വർഷവും ഇൻക്രിമെന്റ് 1000 രൂപ കൂട്ടിയാൽ പോലും ഇപ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ കിട്ടും എന്നർത്ഥം. അതായത് അടിസ്ഥാന ശമ്പളം പൂജ്യം ആയി കണക്കാക്കുക എന്നർത്ഥം.

ദിവസവും ഉള്ള ചിലവും കൂടി കഴിഞ്ഞാൽ, പഠിക്കാനായി ലോണ്‍ വരെ എടുത്തവരുടെ കാര്യം ബെന്യാമിന്റെ ആട് ജീവിതത്തേക്കാൾ കഷ്ടത നിറഞ്ഞ മറ്റൊരാട് ജീവിതം തന്നെയാണ്. ഈ തൊഴിൽ മേഖലയിലെ തൊഴിലാളികൾ അസംഘടിതരാണ്. അതു കൊണ്ടു തന്നെ മുതലാളിമാരുടെ ചൂഷണം അതി ഭീകരവും.



വർഷത്തിൽ ഒരു കോടി രൂപക്ക് മുകളിൽ വരെ ലാഭം ഉണ്ടാക്കുന്ന കോളേജുകളെ എനിക്കറിയാം. അവർ പോലും, ഇത്തരം പാവപ്പെട്ട കുടുംബത്തിൽ നിന്ന് വരുന്ന ജീവനക്കാരെ ചൂഷണം ചെയ്യുകയാണ്.

ഇവരെ സംഘടിപ്പിക്കാൻ പ്രയാസമാണ് എന്നു മുതലാളിമാർക്ക് നന്നായി അറിയാം. കാരണം, ഇവരിൽ പലരും നാളെയോ മറ്റന്നാളോ സ്ഥിര ജോലി നേടി പോകും എന്നത് തന്നെ.

എങ്കിലും പല തരത്തിൽ ഇവരെ സംഘടിപ്പിക്കാൻ ശ്രമം നടന്നെങ്കിലും ഒന്നും പൂർണ്ണമായി വിജയം കണ്ടിട്ടില്ല. ഇതിനിടക്ക് കഴിഞ്ഞ സർക്കാർ, ഇവരുടെ പ്രശ്നങ്ങള്‍  പഠിക്കാൻ ഒരു കമ്മീഷനെ വെച്ചിരുന്നു. ഉപകരത്തേക്കാൾ ഏറെ ഉപദ്രവം ഉണ്ടാക്കി പോയി എന്നല്ലാതെ, ആ കമ്മീഷൻ എങ്ങിനെ ആ റിപ്പോര്‍ട്ട് ഉണ്ടാക്കി എന്നു ഒരിക്കലും ആരും അറിഞ്ഞിട്ടില്ല.

ശമ്പളത്തിന് പുറമെ കൊടുക്കേണ്ട പല ആനുകൂല്യങ്ങളും പല പേരിൽ തടഞ്ഞു വെക്കുകയും, രണ്ടു വർഷത്തെ പ്രൊബേഷൻ പിരീഡ് എന്ന തോക്കിൻമുനയിലാണ് പലരുടെയുണ് നിശ്ശബ്ദത. ഈ പിരീഡിന് ശേഷം മാനേജ്‌മെന്റിന് വേണമെങ്കിൽ മാത്രം ജോലിയിൽ നിലനിർത്തിയാൽ മതിയെന്ന നിയമത്തിന്റെ ബലത്തിൽ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഒതുക്കുന്ന കാഴ്ചയും നമുക്ക് കാണാം.

കോളേജുകളിൽ വിദ്യാർഥികളിൽ നിന്നു ഫീസ് ഇരട്ടി ആക്കിയപ്പോൾ പോലും, അതിന് ആനുപാതികമായി ശമ്പളം വർധിപ്പിക്കാൻ പലരും തയ്യാറല്ല. നിരന്തര ആവശ്യത്തിനൊടുവിൽ, പല ഭീഷണികൾ മുഴക്കി നോക്കി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഒടുവിൽ ഇപ്പോൾ ചില കോളേജുകൾ 15000 ആക്കി ഉയർത്തി.

പക്ഷെ അപ്പോഴും ഒരു സ്‌കൂൾ അധ്യാപകന് ഗസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ പോലും കിട്ടുന്നത്ര പി ജിയും ഡിഗ്രിയും അടക്കം പഠിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇല്ലെന്നതാണ് സത്യം.

അധ്യാപനം എന്നത് ഒരു പവിത്രമായ ജോലിയായും, മാന്യമായ ജോലിയായും കണ്ട കാലത്തു നിന്നും ആളുകൾ പോകാൻ മടിക്കുന്ന ജോലിയിലേക്ക് മാറിയതിന്റെ, നല്ല അധ്യാപകരുടെ എണ്ണം കുറഞ്ഞു വരുന്നതിന്റെ മറ്റൊരു കാരണം കൂടിയാണ് ഈ ചൂഷണവും പീഡനവും എന്നത് വിസ്മരിച്ചു കൂടാ. യുവജന സംഘടനകൾ ഇവരുടെ പ്രയാസങ്ങൾ ഏറ്റെടുത്തിട്ടില്ലെങ്കിൽ, കേരളം നേരിടാൻ പോകുന്നത് മറ്റൊരു ദുരന്തമാകും എന്നതിൽ സംശയമില്ല.

 

3 COMMENTS

  1. വളരെ ശരിയായ കാര്യങ്ങൾ തന്നെയാണ് താങ്കൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്നത് ഒരർത്ഥത്തിൽ പറഞ്ഞാൽ മാനേജ് മെന്റ് വിദ്യാർത്ഥികളിൽ നിന്നും ഫീസ് വാങ്ങുന്ന കാര്യത്തിൽ ഒരു കുറവും ഇല്ല പക്ഷെ സെല്ഫ് ഫിനാൻസിങ് കോളേജിലെ അധ്യാപകരുടെ ശമ്പളം വളരെ തുച്ഛം ആണ്, അവർ അവരുടെ വിദ്യാഭ്യാസത്തിനായി ലോണും മറ്റും എടുത്തു പഠനം പൂർത്തിയാക്കിയവരാകും കൂടുതൽ പേർ ജീവിത സാഹചര്യം കൊണ്ട് മാത്രം ഈ ജോലിക്ക് പോകുന്നവർ ആയിരിക്കും കൂടുതൽ പേർ, കാരണം തൊഴിൽ ഇല്ലായ്മയുടെ കാലത്ത് ഒരു തൊഴിൽ പക്ഷെ ആ തൊഴിലിൽ ശമ്പളം വളരെ തുച്ഛമായ അക്കം മാത്രം ആണ് ഇതിനെതിരെ മാനേജ് മെന്റുകളുടെ കണ്ണ് തുറപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു….

  2. അധികമാരുമാറിയാതെ പോവുന്ന ചില സത്യങ്ങൾ തുറന്നു കാട്ടുന്ന ആർട്ടിക്കിൾ?

  3. Generally speaking, most of the PhDs nowadays serve no purpose than being an embellishment to its holder. Demand-supply equilibrium sets one’s worth in the job market. Probably you are only seeing one side of the story. Raising one’s level of competencies and opening up for newer opportunities could be the way forward.

LEAVE A REPLY

Please enter your comment!
Please enter your name here