Miracle on Ice

0
159

പവലിയൻ

ജാസിർ കോട്ടക്കുത്ത്

“Do you believe in Miracles? Yes!!”
1980 ശൈത്യ കാല ഒളിമ്പിക്സിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ഐസ് ഹോക്കി മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കമന്റെറ്റർ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അമേരിക്ക ഒന്നടങ്കം ഇത് ഏറ്റ് പറയുകയായിരുന്നു. We believe in miracles.

ഐസ് ഹോക്കിയിലെ പവർ ഹൗസ് ആയി വാഴുകയായിരുന്നു സോവിയറ്റ് യൂണിയൻ. 1964 മുതൽ തുടർച്ചയായി നാല് തവണ ഗോൾഡ് മെഡൽ നേടിയ ടീം നേട്ടം ആവർത്തിക്കാൻ ആയിരുന്നു 1980 ൽ അമേരിക്കയിൽ എത്തിയത്. ബോറിസ് മിഖയലോവ്, ഖർലമോവ്, മകറോവ് തുടങ്ങിയ ഇതിഹാസ താരങ്ങൾ ആയിരുന്നു സോവിയറ്റ് പടയുടെ കരുത്ത്. അമേച്വർ താരങ്ങളെ ഉൾകൊള്ളിച്ചാണ് അമേരിക്ക ടൂർണമെന്റിന് എത്തിയത്. പരിശീലകൻ ഹെർബ് ബ്രൂക്സ് 1976 ഒളിമ്പിക്സ് ടീമിൽ കളിച്ച ഒരാളെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയത്. മിനസോട്ട, ബോസ്റ്റൻ യൂണിവേഴ്സിറ്റി താരങ്ങൾ ആയിരുന്നു ടീമിലെ അംഗങ്ങൾ. ടീമിന്റെ ശരാശരി പ്രായം 21 മാത്രമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അമേരിക്ക തങ്ങളുടെ മികച്ച പ്രകടനങ്ങൾ മൂലം ഏവരെയും അത്ഭുതപ്പെടുത്തി. ആദ്യ മത്സരത്തിൽ ശക്തരായ സ്വീഡനെ 2-2 എന്ന സ്കോറിൽ സമനിലയിൽ തളച്ച ആതിഥേയർ രണ്ടാം മത്സരത്തിൽ ടൂർണമെന്റ് ഫേവറിറ്റുകളിൽ ഒന്നായ ചെക്കോസ്ലോവാക്യയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്തു. പിന്നീട് റൊമാനിയ, ജർമനി, നോർവേ എന്നിവരെയും തോൽപിച്ച അമേരിക്ക സ്വീഡനോടൊപ്പം ഗ്രൂപ്പിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.

മറുവശത്ത് സോവിയറ്റ് യൂണിയൻ ഗോളുകൾ അടിച്ചു കൂട്ടി, എതിരാളികളെയെല്ലാം ആധികാരികമായി പരാജയപ്പെടുത്തി അടുത്ത റൗണ്ടിൽ കയറി. ജപ്പാനെ എതിരില്ലാത്ത 16 ഗോളുകൾക്കും ഹോളണ്ടിനെ നാലിനെതിരെ 17 ഗോളുകൾക്കുമാണ് സോവിയറ്റ് യൂണിയൻ ഗ്രൂപ്പ് ഘട്ടത്തിൽ തകർത്തത്. ഒളിമ്പിക്സിന് മുന്നോടിയായി നടന്ന വാം അപ്പ് മത്സരത്തിൽ സോവിയറ്റ് യൂണിയൻ അമേരിക്കയെ മൂന്നിനെതിരെ പത്ത് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ഇതിനാൽ തന്നെ അമേരിക്കയെ അനായാസം കീഴടക്കാമെന്ന അമിത ആത്മവിശ്വാസം സോവിയറ്റ് യൂണിയൻ താരങ്ങൾക്ക് ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാനിലെ താല്പര്യങ്ങളും വർഷങ്ങളായി നില നിന്ന് പോന്നിരുന്ന ശീതയുദ്ധവും മൂലം മത്സരത്തിന് ഒരു രാഷ്ട്രീയ മാനം കൈ വന്നിരുന്നു.

” you were born to be a player, you were meant to be here. This moment is yours. ” പരിശീലകൻ ബ്രൂക്സിന്റെ ഈ വാക്കുകൾ കേട്ട് മത്സരത്തിനിറങ്ങിയ അമേരിക്കൻ താരങ്ങൾ കളത്തിൽ നിറഞ്ഞാടി. തങ്ങളെക്കാൾ മികച്ചവരായ എതിരാളികൾക്കെതിരെ മികച്ച കളി പുറത്തെടുത്ത അമേരിക്ക ആദ്യ പീരിയഡിൽ 2-2 എന്ന രീതിയിൽ സ്കോർ തുല്യമാക്കി. എന്നാൽ രണ്ടാം പീരിയഡിൽ ഒരു ഗോൾ നേടിയ സോവിയറ്റ് ടീം 3-2 എന്ന സ്കോറിന് കളി തങ്ങൾക്ക് അനുകൂലമാക്കി. പക്ഷെ പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വന്ന അമേരിക്ക രണ്ട് ഗോളുകൾ നേടി ചരിത്രപരമായ വിജയത്തിലേക്ക് കാലെടുത്തു വെച്ചു. 4-3 എന്ന സ്കോറിൽ മത്സരം അവസാനിക്കുമ്പോൾ അമേരിക്കൻ ടീമും ആരാധകരും അവിശ്വസനീയമായ നേട്ടത്തിന്റെ നെറുകയിൽ ആയിരുന്നു. സാമ്പത്തികപരമായും മറ്റും തകർച്ചയിലായിരുന്ന അമേരിക്കക്ക് ഈ വിജയം നൽകിയ ഊർജം വളരെ വലുതായിരുന്നു. തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമായി ഒളിമ്പിക്സ് മത്സരത്തിനിറങ്ങിയ അമേരിക്ക അസംഭവ്യം എന്ന് കരുതുന്ന, ലോക കായിക ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഒരു വിജയമായിരുന്നു അന്ന് സോവിയറ്റ് യൂണിയനെതിരെ നേടിയത്. അടുത്ത മത്സരത്തിൽ ഫിൻലാന്റിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി അമേരിക്ക ഐസ് ഹോക്കിയിൽ സ്വർണ മെഡൽ കരസ്ഥമാക്കുകയും ചെയ്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here