പവലിയൻ
ജാസിർ കോട്ടക്കുത്ത്
പ്രൊഫഷണൽ ക്രിക്കറ്റിന്റെ തലവര മാറ്റി കുറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയൊരു സീസണ് ഇന്ന് ആരംഭം കുറിക്കുകയാണ്. 10 ടീമുകൾ മാറ്റുരക്കുന്ന ഈ സീസണിൽ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ്. 2008 ഏപ്രിൽ 18 നാണ് ചരിത്രത്തിലെ ആദ്യ ഐ. പി. എൽ മത്സരം നടക്കുന്നത്.
2007 ൽ സീ എന്റർടൈൻമെന്റ് ഗ്രൂപ്പാണ് ഇന്ത്യയിൽ ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ലീഗ് എന്ന പേരിൽ ടി 20 ടൂർണമെന്റ് തുടങ്ങുന്നത്. കുട്ടി ക്രിക്കറ്റിന്റെ വിപണന മൂല്യം തിരിച്ചറിഞ്ഞ ബി.സി.സി.ഐ, ഈ ടൂർണമെന്റിന് അംഗീകാരം ഇല്ലെന്ന് അവകാശപ്പെട്ടു കൊണ്ട് ഇതിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചു. പിന്നീട് ഔദ്യോഗികമായി ലളിത് മോഡിയുടെ നേതൃത്വത്തിൽ ബി.സി.സി.ഐ ഇന്ത്യൻ പ്രീമിയർ ലീഗ് 2008 ൽ ആരംഭിച്ചു. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആതിഥേയരായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലായിരുന്നു ആദ്യ മത്സരം. കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങോടെ തുടക്കം കുറിച്ച ആദ്യ മത്സരം കാണികൾക്ക് ഉഗ്രൻ വിരുന്നാണ് സമ്മാനിച്ചത്.
ഉദ്ഘാടന മത്സരത്തിൽ ന്യൂസിലന്റ് താരം ബ്രെണ്ടൻ മക്കല്ലവും കൊൽക്കത്തയുടെ ഐക്കൺ താരം സൗരവ് ഗാംഗുലിയും ആണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. റോയൽ ചാലഞ്ചേഴ്സിനായി ആദ്യ ഓവർ എറിഞ്ഞ പ്രവീൺ കുമാർ തുടക്കം ഗംഭീരമാക്കി. നേരിട്ട ആദ്യ ആറ് പന്തുകളിൽ റൺസ് കണ്ടെത്താൻ മക്കല്ലത്തിനായില്ല. പക്ഷെ പിന്നീട് പന്തെറിയാൻ എത്തിയ സഹീർ ഖാൻ മക്കല്ലത്തിന്റെ ബാറ്റിന്റെ ചൂട് നന്നായറിഞ്ഞു. സഹീർ ഖാനെ പിൻവലിച്ച് ഓസീസ് താരം ആഷ്ലി നോഫ്കെ ക്ക് ക്യാപ്റ്റൻ ദ്രാവിഡ് പന്ത് നൽകിയെങ്കിലും 23 റൺസ് ആ ഓവറിൽ മക്കല്ലം അടിച്ചു കൂട്ടി. പിന്നീട് 17 പന്തുകളിൽ ബൗണ്ടറി ഒന്നും കണ്ടെത്താൻ താരത്തിനായില്ല. പക്ഷെ അതിന് ശേഷം വീണ്ടും ബാറ്റ് കൊണ്ട് മക്കല്ലം താണ്ഡവമാടി. താരത്തിന് സ്ട്രൈക്ക് കൈമാറുക എന്ന ജോലിയെ കൂടെ ബാറ്റ് ചെയ്തവർക്ക് ഉണ്ടായിരുന്നുള്ളൂ. 12 റൺസ് എടുത്ത് പുറത്തായ ഗാംഗുലിക്ക് ശേഷം എത്തിയ പോണ്ടിങ്, മൈക് ഹസി എന്നിവരെല്ലാം കൃത്യമായി ഈ ജോലി നിർവഹിച്ചു. കേവലം 73 പന്തുകളിൽ നിന്ന് 158 റൺസ് ആണ് ന്യൂസിലാന്റ് താരം നേടിയത്. 13 കൂറ്റൻ സിക്സറുകൾ ആണ് മക്കല്ലം പറത്തിയത്. ഓരോ സിക്സറുകൾക്കും അകമ്പടിയായി വി.ഐ. പി ഗാലറിയിൽ തുള്ളിച്ചാടിയ ടീം ഉടമ ഷാരൂഖ് ഖാനും ആരാധകർക്ക് ഹരം പകർന്നു. ഈ ബാറ്റിംഗ് വെടിക്കെട്ടിന്റെ സഹായത്താൽ 223 റൺസ് എന്ന വലിയൊരു ലക്ഷ്യം നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സിന് മുന്നിൽ ഉയർത്തി.
കൂറ്റൻ സ്കോർ പിന്തുടർന്ന ബാംഗ്ലൂരിന് തൊട്ടതെല്ലാം പിഴച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഇഷാന്ത് ശർമ ദ്രാവിഡിന്റെ കുറ്റി പിഴുതു. തൊട്ട് പിന്നാലെ തന്റെ ആദ്യ ടി 20 മത്സരം കളിക്കുന്ന അശോക് ദിൻഡ വിരാട് കോഹ്ലിയെ പുറത്താക്കി. കാലിസ് അഗാർക്കറിനെ ഒരു സിക്സറിന് പറത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. ഒരു ചെറുത്ത് നിൽപ്പിന് പോലും ആകാതെ റോയൽ ചലഞ്ചേഴ്സിന്റെ ബാറ്റിംഗ് നിര അജിത് അഗാർക്കർ, ഇഷാന്ത് ശർമ, അശോക് ദിൻഡ,ഗാംഗുലി തുടങ്ങിയവർ അടങ്ങിയ ബൗളിംഗ് നിരക്ക് മുന്നിൽ കീഴടങ്ങി. 18 റൺസ് നേടിയ പ്രവീൺ കുമാറിന് മാത്രമാണ് രണ്ടക്കം കാണാൻ ആയത്. 15.1 ഓവറിൽ 82 റൺസിന് ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് അവസാനിച്ചു. മറ്റൊരു ഐ. പി. എൽ സീസൺ ഇന്ന് തുടങ്ങുമ്പോൾ ബ്രണ്ടൻ മക്കല്ലത്തിന്റെ വെടിക്കെട്ട് പ്രകടനവും ഈ മത്സരവും എക്കാലത്തും ഓർമ്മിക്കപ്പെടും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല