പവലിയൻ
ജാസിർ കോട്ടക്കുത്ത്
സ്റ്റെഫി ഗ്രാഫ് -മാർട്ടിന നവരത്ലോവ, ആന്ദ്രേ അഗാസി – പീറ്റ് സാംപ്രസ്, ബ്യോൻ ബോർഗ് – ജോൺ മക്എൻറൊ, റോഡ് ലാവർ -കെൻ റോസ്വാൾ, ഫെഡറർ – നദാൽ തുടങ്ങി ടെന്നീസ് ചരിത്രത്തിൽ ഒരുപാട് ചിര വൈരികൾ ഉണ്ടായിട്ടുണ്ട്. ടെന്നീസ് കോർട്ടുകളെ തീ പിടിപ്പിച്ച ഒരു പിടി മത്സരങ്ങൾ ഈ താരങ്ങൾ തമ്മിൽ നടന്നിട്ടുണ്ട്. പല മത്സരങ്ങളും ടെന്നീസിലെ ക്ലാസിക് മത്സരങ്ങൾ ആയി അറിയപ്പെടുന്നുണ്ട്.
ഇതിലേക്ക് ചേർത്ത് വെക്കേണ്ട പേരാണ് നദാലിന്റേതും ദ്യോക്കോവിച്ചിന്റേതും. കാണികളെ ത്രസിപ്പിച്ച ഒട്ടേറെ മത്സരങ്ങൾ ഇരുവരും തമ്മിൽ നടന്നിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച ഗ്രാൻഡ്സ്ലാം ഫൈനലുകളിൽ ഒന്ന് ഇരുവരും തമ്മിലുള്ളതായിരുന്നു. 2012 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ ആയിരുന്നു വേദി.
ലോക ഒന്നാം നമ്പർ താരമായിരുന്നു ദ്യോക്കോവിച്ച് അന്ന്. രണ്ടാം നമ്പറിൽ നദാലും. 2011 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ ആയ ദ്യോക്കോവിച്ച് കിരീടം നിലനിർത്താൻ ആയാണ് ഇറങ്ങിയത്. സെമിയിൽ റോജർ ഫെഡററെ വീഴ്ത്തിയാണ് നദാൽ ഫൈനലിൽ എത്തിയത്. നാല് സെറ്റുകൾ നീണ്ടുനിന്ന മത്സരത്തിൽ വിജയം നദാലിന്റെ കൂടെ നിൽക്കുകയായിരുന്നു. മറുവശത്ത് ബ്രിട്ടീഷ് താരം ആൻഡി മറേ ആയിരുന്നു ദ്യോക്കോവിച്ചിന്റെ എതിരാളി. 2011 ൽ ഇതേ വേദിയിൽ ഫൈനലിൽ ദ്യോക്കോവിചിനോടേറ്റ പരാജയത്തിന് മറുപടി നൽകാമെന്ന കണക്കുകൂട്ടലിൽ എത്തിയ മറേ പക്ഷെ അഞ്ച് സെറ്റുകൾക്കൊടുവിൽ വീണു. 4 മണിക്കൂറിലേറെ ആ മത്സരം നീണ്ടു നിന്നു.
ഫൈനലാരംഭിച്ചു. ലോക റാങ്കിങിലെ ആദ്യ രണ്ട് പേർ തമ്മിലുള്ള മത്സരം ആദ്യം തൊട്ടേ ആവേശകരമായിരുന്നു. 80 മിനുട്ട് നീണ്ടു നിന്ന ആദ്യ സെറ്റ് നദാൽ 7-5 ന് സ്വന്തമാക്കി. എന്നാൽ തൊട്ടടുത്ത രണ്ട് സെറ്റുകൾ 6-4,6-2 എന്നീ സ്കോറുകൾക്ക് ദ്യോക്കോവിച്ച് നേടി. നാലാം സെറ്റിൽ നദാലിന്റെ പോരാട്ട വീര്യം ലോകം കണ്ടു. 4-3 ന് ദ്യോക്കോവിച്ച് മുന്നിട്ട് നിൽക്കുകയായിരുന്നു. അടുത്ത ഗെയിം പോയിന്റിനായി 40-0 എന്ന നിലയിൽ മുന്നിട്ട് നിന്ന ദ്യോക്കോവിച്ചിനെ തന്റെ ഫോർ ഹാൻഡിന്റെ കരുത്തിൽ അപ്രസക്തനാക്കിയ നദാൽ ആ ഗെയിമും പിന്നാലെ ആ സെറ്റും തന്റെ പേരിലാക്കി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ 4-2 എന്ന നിലയിൽ നദാൽ മുന്നിട്ട് നിന്നെങ്കിലും തന്റെ മികവ് മുഴുവൻ പുറത്തെടുത്ത ദ്യോക്കോവിച്ച് 7-5 എന്ന സ്കോറിന് സെറ്റും ഒപ്പം മത്സരവും തന്റെ പേരിലാക്കി മാറ്റി. 5 മണിക്കൂറും 53 മിനുട്ടും നീണ്ടു നിന്ന മത്സരം അവസാനിക്കുമ്പോൾ സമയം പുലർച്ചെ 1.37 കഴിഞ്ഞിരുന്നു. തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള രണ്ട് താരങ്ങൾ തങ്ങളുടെ മുഴുവൻ ഊർജ്ജവും ചിലവഴിച്ച് ആറ് മണിക്കൂറോളം നീണ്ട ഐതിഹാസിക പോരാട്ടം കാഴ്ച വെച്ചപ്പോൾ ലോക ടെന്നീസ് പ്രേമികൾക്ക് ലഭിച്ചത് മറക്കാനാകാത്ത ഒരനുഭവം ആയിരുന്നു. മത്സര ശേഷം മെൽബണിലെ റോഡ് ലേവർ അരീനയിൽ തന്റെ ഷർട്ട് ഊരി വിജയം ആഘോഷിക്കുന്ന ദ്യോക്കോവിച്ചിനെയും ഈ മത്സരത്തെയും ഒരു കായിക പ്രേമിയും ഒരിക്കലും മറക്കാനിടയില്ല.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല