പവലിയൻ
ജാസിർ കോട്ടക്കുത്ത്
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ എന്നും ആവേശകരമാണ്. ദക്ഷിണാഫ്രിക്കയെ കുറിച്ചോർക്കുമ്പോഴേല്ലാം ‘പടിക്കൽ കലമുടക്കുന്നവർ ‘ എന്ന ചൊല്ല് ഓർമ വരും. ജയമുറപ്പിച്ച പല കളികളും അവസാന നിമിഷം അടിയറവ് വെച്ച ചരിത്രമുണ്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്. 1999 ലെ ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനലിൽ ഓസ്‌ട്രേലിയയോട് അവിശ്വസനീയമായി പരാജയപ്പെട്ട മത്സരം ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല. പക്ഷെ 2006 ൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിന് എത്തിയപ്പോൾ ഏകദിന ക്രിക്കറ്റിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു മത്സരമാണ് നടന്നത്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങൾ ജയിച്ചിരുന്നു. അതിനാൽ തന്നെ ജോഹന്നാസ് ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാമത്തെ മത്സരം ഏറെ പ്രാധ്യാനം ഉള്ളതായിരുന്നു.
ബാറ്റിംഗിനെ തുണക്കുന്ന പിച്ചിൽ ഓസ്‌ട്രേലിയ ആയിരുന്നു ആദ്യം ബാറ്റിംഗിന് ഇറങ്ങിയത്. ആദം ഗിൽക്രിസ്റ്റും സൈമൺ കാറ്റിച്ചും ഓസീസിന് താരതമ്യേന നല്ല തുടക്കമാണ് നൽകിയത്. 15.2 ഓവറിൽ ടീം സ്കോർ 97 ൽ നിൽക്കെ 55 റൺസ് എടുത്ത് ഗില്ലി പുറത്തായി. പിന്നാലെ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിൽ എത്തി. മികച്ച ആക്രമണാത്മക ബാറ്റിംഗിന്റെ തുടക്കമായിരുന്നു അത്. 79 റൺസ് എടുത്ത് സൈമൺ കാറ്റിച്ച് പുറത്തായ ശേഷം ഇടതുവശത്തെ ചെറിയ ബൗണ്ടറി ലൈൻ മുതലെടുക്കാനായി ഇടം കൈയൻ ബാറ്റ്സ്മാനായ മൈക് ഹസിയെ ഓസ്‌ട്രേലിയ രംഗത്തിറക്കി. ഹസിയും പോണ്ടിങ്ങും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തലങ്ങും വിലങ്ങും അക്രമിച്ചു. മൈക് ഹസി 51 പന്തിൽ നിന്ന് 81 റൺസ് എടുത്താണ് പുറത്തായത്. 73 പന്തിൽ നിന്ന് സെഞ്ച്വറി കടന്ന പോണ്ടിങ് 48ആം ഓവറിൽ പുറത്താകുമ്പോഴേക്കും ഓസീസ് സ്കോർ 407 എത്തിയിരുന്നു. 105 പന്തിൽ 9 സിക്സറുകൾ അടക്കം 164 റൺസാണ് മത്സരത്തിൽ പോണ്ടിങ് നേടിയത്. അവസാന മൂന്ന് ഓവറുകളിൽ 53 റൺസ് നേടിയ ഓസ്‌ട്രേലിയ 50 ഓവറിൽ 434 -4 എന്ന ലോക റെക്കോർഡ് സ്കോർ സ്ഥാപിച്ചു. ശ്രീലങ്ക കെനിയക്കെതിരെ 1996 ലോകകപ്പിൽ നേടിയ 398-5 എന്ന റെക്കോർഡ് സ്കോർ ആണ് ഓസീസ് ടീം പഴങ്കഥയാക്കിയത്.
ദക്ഷിണാഫ്രിക്കൻ ഡ്രസിങ് റൂം ശ്മശാനമൂകമായിരുന്നു. പരിക്ക് മൂലം കളിക്കാൻ കഴിയാതെ വന്ന ഷോൺ പൊള്ളോക്കിന്റെ അഭാവം അവരുടെ ബൗളിംഗ് നിരയിൽ പ്രകടമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സ്കോർ പിന്തുടർന്ന് ജയിക്കാനായി ഗ്രേയിം സ്മിത്തും ബോത ഡിപ്പനാറും ആണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി ആദ്യം ഇറങ്ങിയത്. രണ്ടാം ഓവറിൽ തന്നെ ഡിപ്പനാറിലൂടെ ആതിഥേയർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ഇറങ്ങിയത് ഹെർഷൽ ഗിബ്സ് ആയിരുന്നു. മത്സരത്തിന്റെ തലേന്ന് ഓസീസ് ടീം ഡിന്നർ കഴിച്ചു മടങ്ങുമ്പോൾ ഗിബ്സ് ടീം ഹോട്ടലിലെ ബാറിൽ മദ്യപിച്ച് ഇരിക്കുകയായിരുന്നു. ഇതിൽ കുപിതനായ ക്യാപ്റ്റൻ ഗ്രേയിം സ്മിത്തിന് ആ മത്സരത്തിൽ ഗിബ്സ് ഇറങ്ങുന്നതിനു തീരെ താല്പര്യം ഇല്ലായിരുന്നു. പക്ഷെ, ടീമിൽ മറ്റൊരു ബാറ്റ്സ്മാൻ പകരം ഇല്ലാതിരുന്നതിനാൽ ഗിബ്സിനെ കളിപ്പിക്കേണ്ടി വന്നു. പിന്നെ നടന്നത് ചരിത്രമാണ്. സ്മിത്തും ഗിബ്സും ഓസ്‌ട്രേലിയയുടെ പേര് കേട്ട ബൗളിംഗ് നിരയെ നിരന്തരം പ്രഹരിച്ചു കൊണ്ടേ ഇരുന്നു. സിക്സറുകളും ഫോറുകളും ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു. 55 പന്തിൽ 90 റൺസ് എടുത്ത് ഗ്രേയിം സ്മിത്ത് പുറത്താകുമ്പോൾ ടീം സ്കോർ വെറും 22.1 ഓവറിൽ 190 ൽ എത്തിയിരുന്നു. പിന്നീട് എത്തിയ ഡിവില്ലിയെഴ്സ് താളം കണ്ടെത്താൻ വിഷമിച്ചുവെങ്കിലും ഗിബ്സ് ഒരു വശത്ത് അടി തുടർന്നു. 79 പന്തിൽ താരം സെഞ്ച്വറി പൂർത്തിയാക്കി. 32ആം ഓവറിൽ ടീം സ്കോർ 299 റൺസിൽ നിൽക്കെ സൈമണ്ട്സ് ഗിബ്സിനെ ബ്രെറ്റ് ലീ യുടെ കൈകളിൽ എത്തിച്ചതോടെ ഓസ്‌ട്രേലിയക്ക് അവർ ആഗ്രഹിച്ച ബ്രേക്ക് ത്രൂ കിട്ടി. 111 പന്തിൽ 175 റൺസ് നേടിയാണ് ഗിബ്സ് കളം വിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഓസീസ് ബൗളർമാർ ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കിയെങ്കിലും വാൻഡർ വാതും മാർക് ബൗച്ചറും അവരെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.18 പന്തിൽ 35 റൺസ് ആണ് വാൻഡർ വാത് നേടിയത്.
രണ്ട് വിക്കറ്റ് കൈയിൽ ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ അവസാന ഓവറിൽ 7 റൺസ് മതിയായിരുന്നു. ബ്രെറ്റ് ലീ യുടെ ആദ്യ പന്തിൽ ബൗച്ചർ സിംഗിൾ നേടി. അടുത്ത പന്ത് ആൻഡ്ര്യു ഹാൾ ബൗണ്ടറി ലൈനിലേക്ക് പായിച്ചു. അടുത്ത പന്തും സമാന രീതിയിൽ നേരിടാൻ ശ്രമിച്ച ഹാൾ ക്ലാർക്കിന്റെ കൈകളിൽ എത്തി. അതോടെ ദക്ഷിണാഫ്രിക്ക 433-9 എന്ന നിലയിലായി. അവസാന ബാറ്റ്സ്മാൻ ആയ എന്റിനി അടുത്ത പന്ത് തേഡ് മാനിലേക്ക് തട്ടിയിട്ട് സിംഗിൾ നേടി സ്കോർ ടൈ ആക്കി. ദക്ഷിണാഫ്രിക്കൻ ക്യാമ്പ് അപ്പോഴേക്കും ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. അടുത്ത പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ബൗച്ചർ അസാധ്യമെന്ന് കരുതിയ റൺ ചേസ് പൂർത്തിയാക്കി. ഒരേ മത്സരത്തിൽ തന്നെ രണ്ട് റെക്കോർഡ് സ്കോറുകൾ പിറക്കുക എന്ന അപൂർവ നേട്ടം കൂടെ ഈ മത്സരം കൈ വരിച്ചു. ഓസ്‌ട്രേലിയൻ ബൗളർ മിക് ലൂയിസ് 10 ഓവറിൽ 113 റൺസ് ആണ് വഴങ്ങിയത്. നഥാൻ ബ്രാക്കൻ കേവലം 67 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി വേറിട്ടു നിന്നു. ഇരു ടീമുകൾക്കും വേണ്ടി അസാമാന്യമായ ബാറ്റിങ് വിരുന്നൊരുക്കിയ പോണ്ടിങ്, ഗിബ്സ് എന്നിവരെ മികച്ച താരത്തിനുള്ള അവാർഡിനായി തിരഞ്ഞെടുത്തെങ്കിലും പോണ്ടിങ് അത് നിരസിച്ചു.
‘ Home of the greatest one day International match of the all time’, വാണ്ടറേഴ്സ് സ്റ്റേഡിയത്തിന്റെ ഒരു വശത്ത് വലിയ ബോർഡിൽ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്. ഇതൊരു ഭംഗി വാക്കല്ല. ‘The 438 game ‘ എന്നറിയപ്പെടുന്ന, 2006 മാർച്ച് 12 ന് നടന്ന ഈ മത്സരം എക്കാലത്തെയും മികച്ച കായിക മത്സരങ്ങളിൽ മുൻ പന്തിയിൽ തന്നെ ഉണ്ടാകും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല