വായന
ചന്ദ്രൻ പുതിയോട്ടിൽ
പോള്‍ തരൂവിന്‍റെ ദി ഗ്രേറ്റ് റെയില്‍വേ ബസാര്‍; ഒരു വായനാനുഭവം
യാത്രയുടെ എഴുത്തിന്‍റെ രീതിയിലും അനുഭവത്തിലും പുതിയ മാനം കണ്ടെത്തിയ പോള്‍ തരൂ (Paul Theroux), 1973 ല്‍ ലണ്ടനിലുള്ള തന്‍റെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് ഫ്രാന്‍സിലേക്ക് പോയി ഇറാനിലേക്കും തുര്‍ക്കിയുടെ പ്രാന്തപ്രദേശത്തും അഫ്ഘാന്‍ ഇന്ത്യ ബര്‍മ വിയറ്റ്നാം വഴി ചൈന ജപ്പാന്‍ ഭൂമികളിലൂടെ വിവിധ രീതികളുടെയും ജീവിതങ്ങളുടെയും തീവണ്ടി യാത്രകളില്‍ സൈബീരിയയുടെ നീണ്ട റെയില്‍ പാളങ്ങളിലൂടെ നാലര മാസത്തോളം സഞ്ചരിച്ച് എഴുതിയ The Great Railway Bazar. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രെയിനുകളായ ഓറിയന്റ് എക്സ്പ്രസ്, ഖൈബർ പാസ് ലോക്കൽ, ഫ്രോണ്ടിയർ മെയിൽ, ഗോൾഡൻ ആരോ, ക്വാലാലംപൂർ, മാൻഡലേ എക്സ്പ്രസ്, ട്രാൻസ്-സൈബീരിയൻ എക്സ്പ്രസ്…
ഇന്ന് നാല്‍പ്പത്തേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദേശങ്ങള്‍, പ്രകൃതികള്‍, പുതിയ വഴികള്‍ അതിര്‍ത്തികള്‍ യുദ്ധങ്ങള്‍ സമാധാനങ്ങള്‍ ജീവിതങ്ങള്‍ എത്രയേറെ മാറിയിരിക്കാം. പലര്‍ക്കും അങ്ങിനെയൊരു യാത്ര സ്വപ്നങ്ങളില്‍ മാത്രം… യാത്രാ നോവല്‍ എന്ന് വിളിക്കപ്പെടേണ്ട ഈ പുസ്തകം ഒറ്റയ്ക്കും അല്ലാതെയും യാത്ര ചെയ്യുന്ന, ചെയ്യാനാഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട ഒന്നാണ്. അതുവരെയുണ്ടായിരുന്ന യാത്രാവിവരണ രീതി മാറ്റിമറിച്ച പുസ്തകം.
അദ്ദേഹം കാണുന്നത് അനുഭവിക്കാം
“യാത്രികരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല ചലിക്കുന്ന തീവണ്ടി. വിമാനങ്ങളിൽ ഇടുങ്ങിയ സീറ്റുകളിൽ മണിക്കൂറുകൾ ഇരിക്കേണ്ടി വരുമ്പോൾ കപ്പലിൽ കൂടുതൽ ഊർജവും മറ്റുള്ളവരോട് കൂടിച്ചേരലും ആവശ്യമാണ്. എന്നാൽ തീവണ്ടിയാകട്ടെ യാത്രയുടെ ഏറ്റവും സുഖകരമായ രൂപമാണ്. Ordered South ൽ റോബർട്ട് ലൂയി സ്റ്റീവൻസൺ പറയുന്നത് പോലെ “തീവണ്ടിയാണ് യാത്രയുടെ സുന്ദരമായ തലം എന്ന് ഞാൻ കരുതുന്നു. അനായാസമായ വേഗത, ഹൃദയം നിറയുന്ന കാഴ്ചകൾ, പിന്നോട്ട് മറയുന്ന ഇമേജുകൾ മുന്നോട്ട് കൊണ്ടുപോകുന്ന ഊർജം, ഇഷ്ടത്തിൻറെ രീതിയിൽ ചിന്തകളിൽ ദൃശ്യങ്ങളിൽ നമ്മിൽ അലിഞ്ഞലിഞ്ഞങ്ങിനെ പോകാം.”
തീവണ്ടിയാത്രയെക്കുറിച്ച്
“തീവണ്ടി സ്വകാര്യമായൊരു സൗന്ദര്യത്തിന്‍റെ ചലനം കൂടെയാണ്. ഇരുമ്പു പാലങ്ങൾ, കുന്നിൻ നിരകൾ, കൃഷിപ്പാടങ്ങൾ, നടന്നു നീങ്ങുന്ന കർഷകർ, പർവ്വതങ്ങളുടെ ഉച്ചസ്ഥായി, മഞ്ഞ വിളക്കിനു കീഴെ നിൽക്കുന്ന മനുഷ്യരുടെ വിഷാദച്ഛവി, വളഞ്ഞ ഭൂമിയിലെ അവിസ്മരണീയമായ കാഴ്ചകളുടെ തുടർച്ച. എല്ലാറ്റിനെയും ഉൾക്കൊള്ളാൻ പറ്റുന്ന ശൂന്യതയെ നിറങ്ങളാക്കുന്ന ഇടമാണ് ഓടുന്ന തീവണ്ടി.”
യൂറോപ്യന്‍ യാത്രയില്‍
ഡഫിൽ തന്‍റെ യാത്രയില്‍ കരുതിയിരുന്ന സോസേജിന്‍റെ അവസാന കഷണം കഴിക്കാന്‍ തുടങ്ങി. ഒരു ചെറിയ കഷണം എനിക്ക് നീട്ടിയെങ്കിലും ഞാന്‍ ഇറ്റലിയിലെ ആദ്യസ്റ്റേഷനില്‍ നിന്ന് പ്രാതല്‍ കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഡഫില്‍ വീണ്ടും സോസേജ് വായിലേക്ക് കൊണ്ടുപോകുന്ന സമയം വണ്ടി ഒരു തുരങ്കത്തിലേക്ക് ഊര്‍ന്നിറങ്ങി. ചുറ്റും ഇരുട്ട്‍. ലൈറ്റോണ്‍ ചെയ്യൂ… ഡഫില്‍ പിറുപിറുത്തു. എനിക്കിരുട്ടില്‍ ഭക്ഷണം കഴിക്കാന്‍ കഴിയില്ല. രുചി നാവിലേക്ക് വരില്ല. തുരങ്കത്തിലെ ഇരുട്ടില്‍ ഡഫിലിന്‍റെ ശബ്ദം എന്‍റെ മുഖത്തോടടുക്കുന്നത് പോലെ തോന്നി. പാളത്തിന്‍റെയും ചക്രത്തിന്‍റെയും മുരള്‍ച്ചകള്‍.. വേഗത കൂടുന്ന ഒച്ച.. ഡഫില്‍ കഴിക്കുന്ന സോസേജ്..അയാളിന്നലെ കഴിച്ച ഉണക്ക ബ്രെഡിന്‍റെ ബാക്കി… നിലത്തലക്ഷ്യമായിട്ടിരിക്കുന്ന ഡഫിലിന്‍റെ ഭാണ്ഡം… എനിക്കാകെ ഇരുട്ടിനെ ഡഫിലിനെ തീവണ്ടിയെ ശബ്ദത്തെ ഭക്ഷണാവശിഷ്ടങ്ങളെ ഒക്കെയും ഛര്‍ദ്ദിച്ച് പുറത്തേക്ക് കളയാന്‍ തോന്നി.
തുര്‍ക്കിയുടെ ഭൂമിയില്‍
ദിവസങ്ങൾ നീണ്ട യാത്രകൾ എന്നെ ഒട്ടും മടുപ്പിച്ചിരുന്നില്ല. തുർക്കിയിലെ മനോഹരമായ തടാകക്കാഴ്ചയിലൂടെ ഇഷ്ടമുള്ളത്കഴിക്കുകയും കുടിക്കുകയും ചെയ്യുന്നതെന്നെ ഉന്മത്തനാക്കി. ടർക്കിഷ് റെയിൽവേയെക്കുറിച്ച് എനിക്ക് മതിപ്പ് കൂടിവന്നു. Direct Orient നേക്കാൾ പുതിയതും ഇതിലെ തീൻമേശകൾ മണമുള്ള സുന്ദരമായ പുഷ്പങ്ങളാൽ അലങ്കൃതവും വിവിധതരം വീഞ്ഞും ബിയറും അടുക്കി വെച്ചതുമായിരുന്നു. ലേക് വാനിലെത്താൻ മൂന്ന് ദിവസവും ടെഹറാനിലേക്ക് അഞ്ചു ദിവസവും മതിയെന്ന ചിന്ത എന്നിൽ സന്തോഷം ള്ളവാക്കി. ഞാനെന്‍റെ കംപാർട്ട്മെന്റിലേക്ക് തിരിച്ചു നടന്നു. മൂലയിലുള്ള ഏകാന്തമായ തണുത്ത സീറ്റിലൂടെ തുർക്കിയുടെ പുറം കാഴ്ചകൾ കണ്ടു. തീവണ്ടിയുടെ തുടർച്ചയായ താളനിബദ്ധ ശബ്ദങ്ങൾ മുന്നോട്ട് കാണാൻ പോകുന്ന ഏഷ്യൻ ജീവിത വിസ്മയങ്ങൾ എന്നിലൊരു അത്ഭുതമന്ത്രജാലത്തിന്‍റെ അനുഭൂതിയുണ്ടാക്കി. ഞാനൊരു മാസ്മരിക ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി..
ഇറാനില്‍
ഇറാനിലെ മരുഭൂമിയിലൂടെ തീവണ്ടി വേഗതയില്‍ പാഞ്ഞു. പുറത്ത് കട്ടിയുള്ള ഇരുട്ട്. അഫ്ഘാന്‍ അതിര്‍ത്തിയില്‍ എത്താന്‍ ഇനി നാലുമണിക്കൂര്‍ മാത്രം. ഇടയ്ക്ക് തൂങ്ങിനില്‍ക്കുന്ന നൂല്പോലെ വെള്ളിമേഘങ്ങള്‍. എഞ്ചിനീയർ അലി ഹസന്‍ തന്‍റെ വിഷാദ കഥ തുടർന്നു . ഇനിയൊരിക്കലും കാണില്ല എന്ന ഭാഗ്യം ആരെയും കാഥികരാക്കുന്ന ഇടമാണ് തീവണ്ടി. രാവിലെ സൂര്യ വെളിച്ചം മുഖത്തേക്കടിച്ചപ്പോള്‍ നിര്‍ത്തിയിട്ട തീവണ്ടിയില്‍ നിന്നും ആള്‍ക്കാര്‍ ഇറങ്ങിയിരുന്നു.
ലാഹോറില്‍
അയാളെനിനിക്ക് ചൂടുള്ള ഓംലറ്റും ടോസ്റ്റും ചായയും തന്നു. ഞാന്‍ ചരിഞ്ഞുകിടന്ന് ആന്റണ്‍ ചെഖോവിന്‍റെ മനോഹരമായ ‘അരിയാഡ്നി’ വായിച്ച് ചായ പൂർത്തിയാക്കി. കമ്പാര്‍ട്ട്മെന്റില്‍ വെളിച്ചം വീഴ്ത്തിയ നിഴലില്‍ മുഖമമര്‍ത്തി ഞാനൊന്ന് മയങ്ങി. തെളിഞ്ഞ സൂര്യന്‍റെ വെളിച്ചത്തില്‍ നെൽവയലുകളും വെളുത്ത കൊക്കുകളും താമരകളും നിറഞ്ഞ കുളങ്ങളും. ചെറിയ മരങ്ങളില്‍ വിശ്രമിക്കുന്ന തത്തക്കൂട്ടങ്ങള്‍. ഏഷ്യയിലൂടെ നീങ്ങുന്ന തീവണ്ടിയിലൂടെയുള്ള പുറം കാഴ്ചകള്‍ എഡിറ്റ് ചെയ്യാത്ത യാത്രാവിവരണം പോലെ സുന്ദരമാണ്. നടന്നു നീങ്ങുന്ന ആള്‍ക്കാര്‍, പാടത്തെ കര്‍ഷകര്‍, കുടില്‍ കെട്ടാന്‍ ചളിയുണക്കുന്ന ഗ്രാമീണര്‍, കാളകളും വെള്ളത്തില്‍ മുങ്ങിയ കലപ്പയും, വിത്തിനെ വരവേല്‍ക്കാന്‍ നില്‍ക്കുന്ന പാടങ്ങള്‍; ലാഹോറിന് പുറത്ത് ബദാമി ബാഗിൽ കണ്ട പുല്ലിന്‍റെ കുടിലുകൾ, തുണികള്‍ കൊണ്ട് മറച്ച കൂടാരങ്ങള്‍, ഉണങ്ങാനിട്ട വസ്ത്രങ്ങള്‍ എടുക്കുന്ന സ്ത്രീ, നായയെ കല്ലെറിയുന്ന ഒരു കുട്ടി …എല്ലാവര്ക്കും ഒരേ നോട്ടം ഒരേ രൂപം..
പഗോഡയുടെ ബര്‍മ്മയില്‍
കുത്തനെയുള്ള വളവുകൾ ലാൻഡി കോട്ടലിലൂടെയും ഖൈബർ ചുരത്തിലൂടെയും സിംലയിലൂടെയും പോയ പോലെ ബർമ്മയുടെ വഴികളും തോന്നിച്ചു. അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടുന്ന തീവണ്ടി തന്‍റെ ശരീരം നിവര്‍ത്തിയും വളച്ചും നേരെയാക്കി. പെട്ടെന്ന് നിന്ന തീവണ്ടിയില്‍ നിന്ന് മൂത്രമൊഴിക്കാനായി ഇളകിയോടുന്ന ചെറുപ്പക്കാര്‍. നീങ്ങിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലേക്ക് അവരുടെ ആര്‍ത്തലച്ച ശബ്ദങ്ങള്‍ മുങ്ങിത്താണു. തണുത്ത് നിശ്ചലമായ മൂടല്‍മഞ്ഞും കറുത്ത് താഴ്ന്ന മേഘങ്ങളും പരന്നുവീഴുന്ന മഴയും ഉച്ചനേരത്തെ വെള്ളകീറിയ രാവിലെയെപ്പോലെ തോന്നിച്ചു. കുത്തുന്ന തണുപ്പ് അരിച്ചിറങ്ങി ഞരമ്പിലേക്ക്
പടര്‍ന്നു. ഞാനെന്‍റെ ഷര്‍ട്ടെടുത്ത് ജേര്‍സിക്ക് മേലെയിട്ടു. അതിനു മേലെ ഒരു സ്വെറ്ററും വീണ്ടുമൊരു പ്ലാസ്റ്റിക് റെയിൻകോട്ടും. എന്നിട്ടും തണുപ്പ് എല്ലുകളിലേക്ക് തുളച്ചുകയറി. ഇംഗ്ലണ്ട് വിട്ടതിനുശേഷം ഏറ്റവും തണുത്ത ദിനം. തീവണ്ടി ദൂരങ്ങളിലേക്ക് പാഞ്ഞു. ഞാന്‍ ദൂരത്തിന്‍റെ കാവല്‍ക്കാരനായി മഞ്ഞിന്‍സ്വപ്നങ്ങളില്‍ അടര്‍ന്നുവീണു.
നിറഞ്ഞു പതഞ്ഞ വെള്ളനുരകള്‍ അരുവികളെ കൂടുതല്‍ സുന്ദരിയാക്കിയിരുന്നു. വീണ്ടുമൊരു മഴയ്ക്ക് തയ്യാറെടുക്കുന്ന ആകാശം യാത്രയെ തെല്ലൊന്നു മടുപ്പിച്ചെങ്കിലും ചൂടും പൊടിപടലങ്ങളും നിറഞ്ഞ മന്‍ഡാലെ വിട്ട് ഞാനെന്‍റെ തീവണ്ടി യാത്ര തുടര്‍ന്നു. കട്ടിയായ മരക്കൂട്ടത്തിലൂടെ തീവണ്ടി മലകയറിത്തുടങ്ങി. പൈന്‍മരങ്ങളുടെ തലപ്പ് പോലെ സ്വർണ്ണനിറത്തിലുള്ള പഗോഡകള്‍ എന്നെ വിസ്മയിപ്പിച്ചു. കടന്നുപോയൊരു സ്റ്റേഷനിലെ മരങ്ങൾക്ക് മുകളിൽ ഒരു ചെറിയ വെള്ളമേഘക്കീറ് അവിടെ സ്ഥിരതാമസമാക്കിയത്പോലെ.
ആകാശം ഒന്നുകൂടെ കറുത്തു. തണുത്ത കാറ്റ് തീവണ്ടിയുടെ ഉള്ളം തണുപ്പിച്ചു. മഴ ചെറുങ്ങനെ ചിനുങ്ങിത്തുടങ്ങി, ട്രാക്കിനരികിൽ വളർന്ന ഇലകളിൽ മഴത്തുള്ളികള്‍ ഊര്‍ന്നിറങ്ങി. പെട്ടെന്നൊരു കൃഷിപ്പാടം അടുത്തുവന്നു. പ്രായമായൊരു കര്‍ഷകന്‍ തന്‍റെ നുകം ചുമലിലേറ്റി നടന്നുപോയി. കൂട്ടിയിട്ട കല്ലിന്‍റെ മുകളില്‍ ഏതോ ജീവിതത്തിന്‍റെ കഥകള്‍ പറയുന്ന പെണ്ണുങ്ങള്‍ ഇരിപ്പുറപ്പിച്ചു. പഗോഡയും പൈന്‍മരങ്ങളും കാഴ്ചയില്‍ നിന്ന് മറഞ്ഞു തുടങ്ങി. ആകാശത്ത് ഇരുട്ട് പടര്‍ന്നു. തീവണ്ടി നിറുത്താതെ കിതച്ചു കൊണ്ടേയിരുന്നു.
സൈബീരിയന്‍ നിശബ്ദതയില്‍
സൈബീരിയൻ ഡിസംബറിന്‍റെ തുളയ്ക്കുന്ന തണുപ്പിൽ നാഖോഡ്ക തുറമുഖനഗരം ജീവനില്ലാത്ത ഭൂമിയുടെ അറ്റം പോലെ തോന്നിച്ചു. ഇലയില്ലാത്ത മരച്ചില്ലകൾ, തണുത്തുറഞ്ഞ പുൽനാമ്പുകളില്ലാത്ത, ജീവൻ നിശ്ചലദൃശ്യമായ ഇടം. വണ്ടികളും മനുഷ്യരും നിഴലുകളുടെ സഞ്ചാരവുമില്ലാത്ത വഴിതെറ്റിക്കുന്ന പാതകൾ. മുന്നോട്ട് പോയാൽ ശൂന്യത മാത്രമേയുള്ളൂ എന്ന് വിളിച്ചോതിക്കുന്ന മട്ടിൽ ഭയപ്പെടുത്തുന്ന ഒഴിഞ്ഞ തെരുവിന്‍റെ വെളിച്ചം. എല്ല് തുളയ്ക്കുന്ന തണുപ്പിന്‍റെ വന്യമായ സ്ഥൂലത. ഈ നഗര രാത്രിയിലെ കൊടും നിശബ്ദതയിൽ ഞാൻ തണുത്തുറഞ്ഞ നിറമില്ലാത്ത വരണ്ട മരമായത് പോലെ തോന്നി
തിരിച്ചുചെന്ന യൂറോപ്പ്
ഓറിയന്റ് എക്സ്പ്രസിലെ ഡൈനിംഗ്, സൈബീരിയയുടെ നിശ്ചല നിശബ്ദത; വോൾഗ കടക്കുമ്പോൾ വന്ന മൃദുവായ കാറ്റ്; അവസാനം ഞാൻ ലണ്ടനിലേക്ക് ട്രെയിന്‍ കയറി – തിരുത്തൽ: ഞാൻ ഇപ്പോൾ ഹാർവിച്ചിൽ നിന്ന് പുറപ്പെടുന്നു (ഞാനൊരു വാചകം പൂർത്തിയാക്കുന്നതിന് പലപ്പോഴും പല വാക്യങ്ങള്‍ക്കിടയിലും നൂറോളം കിലോമീറ്ററുകൾ ഉണ്ടായിരുന്നു). എന്‍റെ മുന്നില്‍ തടിച്ച നാല് നോട്ട്ബുക്കുകൾ. മദ്രാസിലെ വെള്ളം നനഞ്ഞത്, മറ്റൊന്ന് സൈബീരിയയിലെ സൂപ്പ് വീണ് നിറം പോയ; (സ്വര്‍ണാക്ഷരത്തില്‍ Punjab Stationary Mart എന്നെഴുതിയ മറ്റൊന്ന്, ടർക്കിഷ് സൂര്യന്‍റെ താപം ഏറ്റുവാങ്ങിയവ. നോട്ടിലെ ഈ പാടുകൾ ഓരോ നൊട്ടേഷന്‍ പോലെയാണ്.
രണ്ട് ദിവസത്തിന് ശേഷം എനിക്ക് മോസ്കോ വിടാൻ കഴിഞ്ഞു, പക്ഷേ ലണ്ടനിലേക്കുള്ള യാത്രയിലെ പുറം കാഴ്ചകള്‍ എന്നെ ത്രസിപ്പിച്ചില്ല. ഞാനെന്‍റെ ഓര്‍മ്മകളെ കൂട്ടിത്തുന്നാന്‍ ശ്രമിച്ചു. ഉറക്കത്തില്‍ വാര്‍സോ കാണാത്ത കാഴ്ചയായി; മങ്ങിയ ദൃശ്യമായി ബെര്‍ലിന്‍ കടന്നുപോയി. യാത്ര അവസാനിക്കുന്ന നെഞ്ചിലെ ഭാരവുമായി ഞാന്‍ ഹോളണ്ടിലേക്ക് പ്രവേശിച്ചു. നാലുമാസം നീണ്ട ട്രെയിൻ യാത്രകള്‍ എന്നെ ആകെ മാറ്റിയിരുന്നു; പാമ്പ് തൊലിയുരിഞ്ഞത് പോലെ ജീവിതവും ഞാനും പുതിയതായിരുന്നു. ട്രെയിനിൽ എന്തും സാധ്യമായിരുന്നു, എവിടെയും ഇറങ്ങാനുള്ള ആഗ്രഹം പോലും. സ്വയം മറന്ന് കുടിച്ച ദിനങ്ങളിലും വണ്ടിയുടെ ഞരക്കങ്ങള്‍ ഞാന്‍ കേട്ടിരുന്നു. ഏതോ ലെവൽ ക്രോസിംഗില്‍ ഒരു വിസിൽ മുഴങ്ങിയത് എല്ലായിടങ്ങളിലുമായിരുന്നു.
കാഴ്ചകള്‍ അക്ഷരങ്ങളാകുമ്പോള്‍ യാത്ര ഒരു വൃത്തം പോലെ ഇവിടെ പൂര്‍ണമാവുകയാണ്. ഗ്രഹത്തിന്‍റെ ഒരു പൊട്ടില്‍ നിന്ന് ഏഷ്യയിലൂടെ ഒരു പാട് ജീവിതങ്ങളെ കണ്ട് വീട്ടിലേക്കു തിരിച്ചുവരിക എന്നതാണ് ഏറെ പ്രചോദനം. ഞാൻ വിശ്വസിച്ചിരുന്ന കാര്യങ്ങൾ ഒന്നുകൂടെ ഉറപ്പിച്ച യാത്രകള്‍. യാത്രാ എഴുത്തും ഫിക്ഷനും തമ്മിലുള്ള വ്യത്യാസം കാണുന്നതിനെ കണ്ണുകൾ കൊണ്ട് രേഖപ്പെടുത്തുന്നതും മറ്റേത് ഭാവനയാല്‍ സൃഷ്ടിക്കപ്പെടുന്നതും എന്നതാണ്. ഫിക്ഷൻ ശുദ്ധമായ ആനന്ദമാണ്. എന്തുകൊണ്ടാണ് എനിക്ക് ഈ യാത്ര ഫിക്ഷനായി പുനർനിർമ്മിക്കാൻ കഴിയാത്തത്.
എന്‍റെ യാത്ര അവസാനിച്ചത് പോലെ തന്നെ പുസ്തകവും പൂർത്തിയാവുന്നു. ലണ്ടനിലേക്കുള്ള വഴിയിൽ എനിക്ക് തരുന്ന സംതൃപ്തി ഞാന്‍ ചെയ്ത യാത്രകള്‍ ആയിരിക്കും. കുട്ടിക്കാലം മുതലെ, ഇരുട്ടിന്‍റെ നിശബ്ദതയില്‍ ചെവി കൊടുക്കുമ്പോള്‍ ബോസ്റ്റണിന്‍റെയും മൈനിന്‍റെയും ഇടയിലൂടെ തീവണ്ടി പോകുന്നത് അപൂർവ്വമായി കേട്ടിരുന്നു, എന്നാല്‍ ഒരിക്കലും ഞാന്‍ അതിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നില്ല.
The Great Railway Bazaar by Paul Theroux, 1975. Penguin Publishers
…