പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ. അമൽ സി. രാജൻ
ഫ്യൂഡൽ – നാടുവാഴിത്ത മൂല്യങ്ങൾ ജനാധിപത്യസംവിധാനങ്ങൾക്കു മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും,അതുവഴി സാമൂഹികമായ ശ്രേണീക്രമങ്ങളെ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാകുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. പുരോഗതിയാണ് സമൂഹജീവിതത്തിന്റെ അടിസ്ഥാനം എന്നിരിക്കെ, നവോത്ഥാന പൂർവ്വ സമൂഹത്തിലേക്കുള്ള തിരിച്ചുപോക്ക് രോഗാതുരമായ കാലത്തിന്റെ കൂടി സൂചനയാണ്. ഈയൊരു പരിസരത്തിൽ നിന്നുകൊണ്ടാണ്, പഴയ നാട്ടുരാജ്യങ്ങളിലെ രാജകുടുംബങ്ങൾ ഇപ്പോഴും കൈവശം വച്ച് അനുഭവിക്കുന്ന പ്രത്യേക അവകാശങ്ങളെയും അധികാരങ്ങളെയും കുറിച്ച് ചർച്ച ചെയ്യേണ്ടത്.
ഫ്യൂഡൽ – നാടുവാഴിത്ത അധികാരക്രമങ്ങളെ തകർത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകൃതമാകുന്നത്. ആറു പതിറ്റാണ്ടുകൾക്കിപ്പുറവും പഴയ രാജകുടുംബങ്ങൾക്ക് സവിശേഷമായ അധികാരാവകാശങ്ങൾ ജനാധിപത്യ കേരളത്തിൽ അനുവദിക്കപ്പെടുന്നുണ്ട്. ഇപ്പോഴത്, തുല്യ പൗരത്വത്തെ സംബന്ധിച്ച ഭരണഘടനാ വീക്ഷണങ്ങളെയും അതുവഴി ജനാധിപത്യ സംവിധാനത്തെ തന്നെയും അട്ടിമറിക്കുന്ന നിലയിലേക്കെത്തിയിരിക്കുന്നു.
സങ്കുചിത മതവാദികളോടൊപ്പം ചേർന്ന് പരമോന്നത കോടതിയുടെ വിധികളെപ്പോലും അട്ടിമറിക്കാൻ പഴയ രാജാധികാരത്തിന്റെ പിൻബലത്തിൽ ‘രാജകുടുംബങ്ങൾ’ക്കു സാധിച്ചുവെന്നത് ജനാധിപത്യത്തിന് ശുഭസൂചനയല്ല. വിശ്വാസങ്ങളേയും ആരാധനാരീതികളെയും ക്ഷേത്രസംവിധാനങ്ങളേയും ഉപയോഗിച്ച് നഷ്ടപ്പെട്ട അധികാരത്തെ ഒരളവോളം തിരിച്ചുപിടിക്കാനും ഇതര പൗരൻമാരിൽ നിന്നും വ്യതിരിക്തമായ സാമൂഹ്യനില തങ്ങൾക്കുണ്ടെന്നു സ്ഥാപിക്കാനും അവരിൽ ചിലർക്കെങ്കിലും സാധിച്ചിട്ടുമുണ്ട്. പ്രിവിപ്പേഴ്സ് നിർത്തലാക്കിയ ശേഷവും സാമൂതിരി കുടുംബങ്ങൾക്ക് പെൻഷൻ നൽകാനായി കോടിക്കണക്കിന് രൂപ മാറ്റി വയ്ക്കുന്ന നാടാണ് ഇന്ന് കേരളം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ തൊടിയിൽ വിളഞ്ഞ വെണ്ടയ്ക്ക പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ‘റോയൽ ലേഡീസ് ഫിങ്കറാ’യിട്ടാണ് അവതരിപ്പിക്കുന്നത്. രാജകുടുംബത്തിലെ അരിയിട്ടു വാഴ്ച്ച ചടങ്ങളുകൾ ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തത് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള പത്രമാണെന്ന് ഓർക്കുക. നിഷ്കളങ്കമെന്നു തോന്നിപ്പിക്കുന്ന ഇത്തരം വാർത്തകളിലൂടെ ബ്രാഹ്മണിക് വ്യവസ്ഥ സമൂഹത്തിനുമേൽ സ്ഥാപിക്കുന്ന അധികാരത്തെ ജനാധിപത്യഭരണകൂടം അനുവദിച്ചു കൊടുക്കുന്നതാണ് ശബരിമലയിൽ കാണുന്നത്.
പന്തളം രാജകുടുംബത്തിന്റേയും തന്ത്രി കുടുംബത്തിന്റേയും താത്പര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോഴും ശബരിമലയിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. ക്ഷേത്രത്തിലെ സ്വത്തിലും ആചാരങ്ങളിലും ചരിത്രത്തിന്റെ പിൻബലമില്ലാത്ത അവകാശവാദങ്ങളുയർത്തി അധികാരത്തെ സ്ഥാപിക്കാനും പദവിയെ മഹത്വപ്പെടുത്താനുമാണ് അവർ ശ്രമിക്കുന്നത്. ദൈവത്തിന്റെ പ്രതിപുരുഷൻമാർ തങ്ങളാണെന്നു വാദിക്കുന്നതിലൂടെ ക്ഷേത്രസ്വത്തിലും ഭരണത്തിലും സ്വാഭാവികമായ അവകാശം അവരിൽ വന്നു ചേരുന്നുണ്ട്. ഹിന്ദുത്വ മതമൗലികവാദികളുടെ സഹായത്താൽ സമൂഹ്യാധികാരവും സാമ്പത്തികാധികാരവും ആത്മീയ മേൽക്കോയ്മയും കൈയടക്കാനുള്ള ശ്രമമാണ് ഈ ശക്തികൾ നടത്തുന്നത്.
ഭക്തർ കാണിക്കയായി അർപ്പിക്കുന്ന സ്വത്ത് ക്ഷേത്രത്തിലെ ദേവന്റെ മാത്രമാണെന്നും അത് ക്ഷേത്രകാര്യങ്ങൾക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്നുമാണ് ഇപ്പോൾ പറയുന്നത്. കോവിഡ് സാഹചര്യത്തിലും പ്രളയകാലത്തുമായി ഗുരുവായൂർ ദേവസ്വം ബോർഡ് പത്തുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയിരുന്നു. ഇതിനെതിരെ ഹിന്ദുത്വശക്തികൾ ഹൈക്കോടതിയെ സമീപിക്കുകയുമുണ്ടായി. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഈ വാദം അംഗീകരിക്കുകയാണ് ചെയ്തത്. ശ്രീപത്മനാഭക്ഷേത്രത്തിലെ നിലവറ സ്വത്തുക്കൾ ജനോപകാരപ്രദമായി വിനിയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച പോലും ഉയർന്നു വരാത്തതും മേൽസൂചിപ്പിച്ച വാദം പ്രബലമായതുകൊണ്ടാണ്. എന്നാൽ ഇത്തരം വാദങ്ങൾക്കൊന്നും ചരിത്രപരമായ യാതൊരു സാധുതയുമില്ലെന്നതിന് പന്തളം അടമാനം എന്ന രേഖ തെളിയിക്കുന്നുണ്ട്.
അടമാനം എന്ന വാക്കിന് പണയം എന്നാണർത്ഥം. പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു പണയരേഖയാണ്. പന്തളം രാജകുടുംബം അവരുടെ കടം വീട്ടാനായി ശബരിമല ക്ഷേത്രത്തിലെ നടവരവ് (വഴിപാടു വരുമാനം) തിരുവിതാംകൂർ രാജ്യത്തിന് പണയം വച്ചതിന്റെ രേഖയാണ് പന്തളം അടമാനം.
തെങ്കാശിയിൽ നിന്ന് കേരളത്തിലെത്തിയ പാണ്ഡ്യരാജവംശത്തിൽപ്പെട്ട രാജരാജവർമ്മ എന്നയാളാണ് പന്തളം വംശസ്ഥാപകനെന്നാണ് പറയപ്പെടുന്നത്. കേരളത്തിലെത്തിയ പന്തളം വംശത്തെ സംബന്ധിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അലാവുദീൻ ഖിൽജി പാണ്ടിനാട് ആക്രമിച്ചപ്പോൾ അവിടെനിന്ന് പലായനം ചെയ്ത കുടംബമാണിതെന്നാണ് ഒരു കഥ. രാജകുടുംബത്തിലെ പ്രശ്നങ്ങളെ തുടർന്ന് നാടുവിട്ട ശാഖയാണെന്നുള്ള കഥയുമുണ്ട്.
പന്തളം രാജവംശം മദ്രാസിലെ വ്യാപാരിയായിരുന്ന മുരളീദാസ് ബാലകൃഷ്ണദാസിൽ നിന്നും മാത്തുത്തരകനിൽ നിന്നും വലിയ തുകകൾ കടം വാങ്ങിയിരുന്നു. പന്തളം രാജകുടുംബത്തിന്റെ ഈ കടം വീട്ടുന്നതിനായി പന്തളം രാജ്യവും അവിടത്തെ എല്ലാവിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവും സഹിതം തിരുവിതാംകൂറിന് പണയപ്പെടുത്തുകയായിരുന്നു. എന്നാൽ അതുകൊണ്ടൊന്നും കടം തീരാതെ വന്നപ്പോൾ തിരുവിതാംകൂർ, പന്തളം നാട്ടുരാജ്യത്തെ ഏറ്റെടുത്തു. പന്തളം എന്ന രാജ്യവും രാജകുടുംബത്തിന്റെ അധികാരങ്ങളും ഇതോടെ ഇല്ലാതായി. രാജ്യം ഏറ്റെടുത്ത ശേഷം തിരുവിതാംകൂർ, ഒരു നിശ്ചിത തുക പന്തളം കുടുംബത്തിന് നൽകിയിരുന്നതായും കുടുംബത്തിലെ വിശേഷങ്ങളുടെ നടത്തിപ്പിനായി പ്രത്യേക ധനസഹായം ചെയ്തിരുന്നതായും രേഖകളുണ്ട്. എന്നാൽ, തങ്ങൾ പണം കടം വാങ്ങിയത് യുദ്ധചെലവിലേക്കാണെന്നാണ് പന്തളം കുടുംബത്തിന്റെ വാദം. അങ്ങനെയെങ്കിൽ യുദ്ധചെലവിനു വാങ്ങിയ കടം വീട്ടാനായി ക്ഷേത്രവരുമാനം ഉപയോഗിച്ചിരുന്നുവെന്നതിന് പന്തളം അടമാനം തെളിവാകുന്നു.
അടമാനത്തെ തുടർന്ന് 1820 ൽ തന്നെ പന്തളം രാജ്യം ഇല്ലാതായിത്തീർന്നിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ ഒരു സ്വതന്ത്രരാജ്യമായി മാറാനുള്ള തിരുവിതാംകൂറിന്റെ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെടുകയും, 1947 ൽ തിരുവിതാംകൂറും സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിത്തീരുകയും ചെയ്തു. 1949 ജൂലൈ 1ന് തിരുക്കൊച്ചി സംസ്ഥാനം നിലവിൽ വന്നു. ജൂലൈ 1ന് ഒപ്പുവച്ച കവനന്റ് (The Covenant entered into by rules of Travancore and Cochin for the formation of the United States of Travancore and Cochin )പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. എന്നിട്ടും തങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ കവനന്റിൽ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ആർത്തവ ലഹളക്കാലത്ത് പന്തളം കുടുംബ പ്രതിനിധി അവകാശപ്പെട്ടത്.
സ്വതന്ത്ര ഇന്ത്യ നിലവിൽ വരുന്നതിനു രണ്ടേകാൽ നൂറ്റാണ്ടുമുൻപ് ഇല്ലാതായ ഒരു ചെറിയ നാട്ടുരാജ്യത്തിന്റെ പിൻഗാമികൾക്കുപോലും വിശ്വാസത്തെ മുൻനിർത്തി നിയമസംവിധാനത്തെ വെല്ലുവിളിക്കാനും ഭരണഘടനാമൂല്യങ്ങളെ അട്ടിമറിക്കാനും സാധിക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യത്തിന് നൽകുന്ന വിപത് സൂചനകൾ വളരെ വലുതാണ്. അതുകൊണ്ടുതന്നെ കേരളചരിത്രത്തെക്കുറിച്ചു പറയുമ്പോൾ അധികമൊന്നും പരാമർശിക്കാതെ പോയ ഇത്തരം ചരിത്രരേഖകൾ സംബന്ധിച്ച ചർച്ച സമൂഹത്തിൽ ഉയർത്തികൊണ്ടു വരേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. തിരുവിതാംകൂർ ചരിത്രത്തിലെ വിലപ്പെട്ട ഒരു ചരിത്രരേഖയാണ് പന്തളം അടമാനം. ക്ഷേത്ര സ്വത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ സാധുത മാത്രമല്ല, ക്ഷേത്രം പണയം വച്ചവരുടെ ഭക്തിയും വിശ്വാസവും കൂടി അതു ചോദ്യം ചെയ്യുന്നുണ്ട്.
പന്തളം അടമാനം
കൊല്ലം 969-മാണ്ടു എടവമാസം 23നു എഴുതിയ അടമാനഓലകാര്യമാവിതു. പടച്ചിലവിനു തൃപ്പാപ്പൂസ്വരൂപത്തിങ്കലേവകക്കു ജന്നപട്ടണത്തു വർത്തകൻ മുരളീദാസു ബാലകൃഷ്ണദാസുവശം കടം വാങ്ങിച്ചു കൊടുത്ത രൂപാ 20001ഉം മാത്തുത്തരകൻ വശം വായ്പ വാങ്ങിച്ച രൂപാ 200000ഉം ആക രൂപാ 220001ഉം പകരം കടം വീട്ടേണ്ടുന്നതിനു പകരം കണ്ടയിലാറ്റു കണക്കു നാരായണൻകാളിയൻവശം അയിരൂർ ശ്രീവീര ശ്രീധരകോതവർമ്മ കോവിൽ അധികാരികൾ കടം വാങ്ങിച്ച സൂറത്തി രൂപ ഇരുന്നൂറായിരത്തി ഇരുപതിനായിരത്തിഒന്നു. ഇന്തരൂപാ ഇരുനൂറായിരത്തി ഇരുപതിനായിരത്തി ഒന്നുക്കും നാളതു നാളതു മുതൽക്കു ശ്രീവീര ശ്രീധര കോതവർമ്മകോവിലധികാരികൾ തങ്കൾക്കുള്ള പന്തളത്തു എൽകക്കകത്തു ഉൾപ്പട്ട പ്രദേശങ്ങളും കോന്നിയൂർ മലയാലപ്പിഴ ഉൾപ്പെട്ട പ്രദേശങ്ങളും അറക്കുളം ഉൾപ്പട്ട പ്രദേശങ്ങളും കക്കാടു ഉൾപ്പട്ട പ്രദേശങ്ങളും ഇടമറുകു ഉൾപ്പട്ട പ്രദേശങ്ങളും ഈ പ്രദേശങ്ങളിൽ ഉൾപ്പട്ട നിലങ്ങളും പറമ്പുകളും മലഞ്ചേരിക്കലുകളും മലകളും അംകചുംകങ്ങളും പൊലിക്കടങ്ങളും ശബരിമല ശാസ്താവിന്റെ ക്ഷേത്രത്തിൽ നടവരവും പാണ്ടിയിൽ എലത്തൂർ ഉൾപ്പെട്ട പ്രദേശങ്ങളും ചൊക്കനാംപുത്തൂരും വഴുക്കപ്പാറതീരുവയും കടപ്പിറെ പ്രവൃത്തിയിൽ താങ്കൾക്കുള്ള കാണക്കുട കൃഷിനിലങ്ങളും പുരയിടങ്ങളും പൊലിക്കടങ്ങളും കൂടെ അടമാനമാകെ മുതൽ എടുത്ത മുതൽ രൂപാ 22000നും തിങ്ങളിൽ നൂറ്റിനു ഒന്നുവീതം ആണ്ടൊന്നിനു പലിശരൂപാ 26400 അനുഭവിച്ചുകൊള്ളുമാറും മുതൽ രൂപാ രണ്ടുനൂറായിരത്തിഇരുപതിനായിരത്തി ഒന്നും കൊടുത്തു അടമാനം ഒഴിപ്പിച്ചുകൊള്ളുമാറും സംവദിച്ചു. ഇതിനു സാക്ഷി മണത്തറെ ചുവരൻ നീലകണ്ടനും വടശേരിൽ കിരുട്ടൻ കിരുട്ടനും വള്ളിത്തലെ വിഷ്ണുഭാനുവും മിത്രേചുവരൻകണ്ടനും അറികെ കുണ്ടിയിലാറ്റു കണക്കു നാരായണൻകാളിയനു ഇന്ത അടമാന ഓല എഴുതി കൊടുത്ത അയിരൂരു ശ്രീവീര ശ്രീധരകോതവർമ്മ കോവിലധികാരികൾ. ഇന്ത അടമാന ഓല കൈഎഴുതിയ പുല്ലിക്കാട്ടു കണ്ടൻ കേരുളൻ എഴുത്തു.
2
പന്തളം ദിവാൻ കേശവപിള്ള അറിയവേണ്ടും അവസ്ഥ. പടച്ചിലവു വകക്കു ജന്ന പട്ടണത്തു വർത്തകൻ ബാലകൃഷ്ണദാസിനോടും കുത്തിയതോട്ടിൽ മാത്തുത്തരകനോടും നാം കടം വാങ്ങിച്ചവർക്കു പകരം കടം വീട്ടേണ്ടുന്നതിനു കുണ്ടയിലാറ്റു കാളിയമല്ലൻവശം കടം വാങ്ങിച്ചു കൊടുത്ത രൂപാ 220001-ക്കു ആണ്ടൊന്നുക്കു പലിശ രൂപാ – 26400 നമ്മുടെ രാജ്യവും കൃഷിയും പൊലിക്കടവും അങ്കചുങ്കങ്ങളും ശബരിമലെ നടവരവും അടമാനമായിട്ടു നടന്ന മുതലെടുത്തുകൊള്ളത്തക്കവണ്ണം കാളിയമല്ലന്റെ പേർക്കും എഴുതീട്ടുണ്ടല്ലോ. അടമാനമായിട്ടു എഴുതി തന്നിരിക്കുന്ന രാജ്യവും കൃഷിയും പൊലിക്കടവും അംകചുംകങ്ങളും ശവരിമലനടവരവും നാം തന്നെ മുതലെടുപ്പിച്ചു പലിശവകയിൽ തരേണ്ടും രൂപാ 26400 മുതലിൽ രൂപാ ആക ആണ്ടൊന്നിനു 23600 രൂപാവീതം അടക്കത്തക്കവണ്ണം, ഏറ്റവകക്കു എഴുപതാമാണ്ടു മുതൽക്കു ആണ്ടുതോറും വൃശ്ചികമാസത്തിൽ രൂപാ 50000ഇടവമാസത്തിൽ രൂപാ 25000വും ഇതിൻമെണ്ണം ആണ്ടൊന്നിനു തവണരണ്ടിൽ രൂപാ 50000വും വീതം ആലപ്പുഴ പണ്ടാരകച്ചവടം വകയിൽ ഒടുക്കി പറ്റുശീട്ടി വാങ്ങിച്ചുകൊള്ളുകയും ആം. ഇപ്രകാരം തവണപ്പടി രൂപാ അടക്കാതെ ഭേദം വരുത്തുന്നൂ എoകിൽ അടമാനം എഴുതിയിരിക്കുന്ന രാജ്യവും കൃഷിയും പൊലിക്കടവും അംകചുംകങ്ങളും ശവരിമലനടവരവും എഴുതിതന്നിരിക്കുന്നതിന്മണ്ണം ആളാക്കി മുതലെടുപ്പിച്ചുകൊള്ളുകയും വേണം. നാം ഏറ്റു മുതലെടുപ്പിച്ച വകയിൽ തവണയിൽ മുടക്കം ഒള്ള രൂപ സംശയം കൂടാതെ കെട്ടി തന്നേക്കുകയും ആം. ഇപ്പടിക്കു 969മാണ്ടു എടവമാസം 29 നുപുല്ലിക്കാട്ടുകണ്ടൻകേരുളൻ എഴുത്തു.
(അടമാനം ടികെ വേലുപ്പിള്ളയുടെ The Travancore Stat Manual Vol 2 (1996) അനുബന്ധത്തിൽ നിന്നും എടുത്ത് ചേർത്തത്, പേജ് 186-188)
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.