തേനി കാട്ടു തീ അപകടത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ പൈതൽമലയിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൈതൽ മല ഉത്തര മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
കാട്ടിലൂടെയുള്ള ട്രെക്കിംഗും അത്യപൂർവ്വ ഔഷധ സസ്യങ്ങളും, വന്യജീവികളും, വേനലിൽ പോലും വറ്റാത്ത ജലാശയങ്ങളും പൈതൽമലയെ സഞ്ചാരികൾക്ക് പ്രിയമുള്ളതാക്കുന്നു. കഴിഞ്ഞ വർഷം മുതലാണ് പൈതൽമലയിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റേർപ്പെടുത്തിയത്. ഒട്ടനവധി വിനോദ സഞ്ചാരികാൾ സന്ദർശനത്തിനെത്തുന്ന കേന്ദ്രമെന്ന നിലയിൽ പ്രവേശന നിരോധനം മൂലം വിനോദ സഞ്ചാര വകുപ്പിന് വലിയ വരുമാന നഷ്ടമാണുണ്ടായത്.
നിരോധനം നീക്കിയതോടെ പൈതൽമലയിലേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൈതൽമലക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നവയാണ്.