കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍ അധ്യക്ഷനും എം.എന്‍. കാരശ്ശേരി, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിനായി കല്‍പ്പറ്റ നാരായണനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു.
ആധുനിക മലയാള കവിതയില്‍ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്‍പ്പറ്റ നാരായണന്‍ എന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി. ബഷീര്‍ അവാര്‍ഡ്, ഡോ. ടി. ഭാസ്‌കരന്‍ നായര്‍ അവാര്‍ഡ്, മസ്‌കറ്റ് പ്രവാസി മലയാളി അവാര്‍ഡ്, വി.ടി. കുമാരന്‍ അവാര്‍ഡ് എന്നിവയാണ് ലഭിച്ച പ്രധാന പുരസ്‌കാരങ്ങള്‍. ഭാര്യ: രാധ, മക്കള്‍: പ്രഫുല്ലചന്ദ്രന്‍, ശരച്ചന്ദ്രന്‍.