ലേഖനം
ശൈലേഷ് കെ. എസ്
ഫോട്ടോ : മനീഷ് പടിയറ
മധ്യതിരുവിതാംകൂറിലെ ദേവീ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് പടയണി. പടയണി പ്രധാനമായും നടത്തുന്നത് പത്തനംതിട്ട ജില്ലയിലാണ്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ കുറച്ചു ക്ഷേത്രങ്ങളിലും പടയണി നടത്താറുണ്ട്. പ്രാചീന കലാരൂപങ്ങളിൽ പടയണിയാണ് മുന്നിൽനിൽക്കുന്നത് എന്ന് പറയപ്പെടുന്നു. ഭദ്രകാളി ക്ഷേത്രങ്ങളിലാണ് പടയണി നടത്തിവരുന്നത്. പടയണിയുടെ ഐതിഹ്യം എന്നു പറയുന്നത് ദാരികാസുരനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ദാരികാസുരനെ വധിച്ചതിനു ശേഷം ഭദ്രകാളി അതീവ കോപാകുലയായി മാറുകയും ആരാലും കോപം ശമിപ്പിക്കാൻ പറ്റാതെ വരുകയും ചെയ്തപ്പോൾ ശിവനിർദ്ദേശത്താൽ സുബ്രഹ്മണ്യൻ ഭദ്രകാളിയുടെ കോപം പൂണ്ട രൂപം കവുങ്ങിൻ പച്ച പാള അടർത്തിയെടുത്ത് അതിൽ വരയ്ക്കുകയും ഭദ്രകാളി കോപിഷ്ഠയായി വരുന്ന വഴിയിൽ ഈ രൂപം കാണിക്കുകയും അത് കണ്ടു ദേവി പൊട്ടിച്ചിരിച്ചു എന്നുമാണ് പറയുന്നത് അങ്ങനെ കോപം ശമിച്ചു എന്ന സങ്കല്പമാണുള്ളത്. ആ കോലവും ഭദ്രകാളിയുടെ രൂപവും ഭൈരവി കോലമായി പടയണിയിൽ സങ്കൽപ്പിക്കുന്നു, അതിൻറെ കൂടെ മറ്റ് ദേവതകളും ആടുന്ന കോലങ്ങളാണ് പടയണിയിൽ കാണുന്നത്.
പടയണി കോലങ്ങളിൽ വ്യത്യസ്തമായി നിൽക്കുന്ന കോലങ്ങൾ ആണ് കാലൻ കോലവും, പക്ഷി കോലവും. ഭഗവതി കാവുകളിൽ ആണ് പടയണി നടത്താറുള്ളത്. രണ്ട് ചിട്ടയായിട്ടാണ് ഇതിനെ തിരിച്ചിട്ടുള്ളത്. തെക്കൻ ചിട്ട, വടക്കൻ ചിട്ട എന്നിങ്ങനെ രണ്ട് രീതിയിലാണ് പടയണി നടക്കുന്നത്. പടയണിയിൽ അഞ്ചു കാര്യങ്ങളാണുള്ളത്. കോലംതുള്ളൽ, പടയണി പാട്ട്, കൊട്ട് വിനോദം, കോലമെഴുത്ത്. കൂടാതെ വേലകളിയുമുണ്ട്. വേലകളി എന്നത് പടയണി ചടങ്ങിൽ പെടുന്നില്ല എങ്കിലും പടയണിയുടെ കൂടെ തന്നെ നടത്തപ്പെടുന്നതാണ്. ഈ അഞ്ചു വിഭാഗങ്ങളും തെക്കൻ രീതിയിലും വടക്കൻ രീതിയിലും വ്യത്യസ്തമായി കാണാം. പാട്ടിൻറെ ശൈലിയിൽ, രീതിയിൽ, കോലം എഴുത്തിൽ എല്ലാം തന്നെ.
പടയണിയിൽ കോലങ്ങൾ മറ്റ് കലാരൂപങ്ങളെ അപേക്ഷിച്ച് വ്യത്യസ്തത പുലർത്തുന്നതാണ്. പടയണിയുടെ ചമയങ്ങൾ, തുള്ളുന്ന കോലങ്ങൾ എന്നിവ നേരത്തെ ഉണ്ടാക്കി വയ്ക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള നിർമ്മാണരീതി അല്ല പടയണിക്ക് ഉള്ളത്. പടയണി കോലങ്ങൾ കവുങ്ങിന്റെ പച്ച പാള അടർത്തിയെടുത്ത് അതിൻറെ പുറം ചെത്തി അതിനെ കനംകുറച്ച് വെള്ള പ്രതലമാക്കി പുറത്തെടുത്ത് പല ആകൃതിയിലുള്ള രൂപങ്ങൾ അതിൽ വെട്ടിയെടുത്ത് നിറങ്ങൾ ഉപയോഗിച്ച് എഴുതുകയാണ് ചെയ്യുന്നത്. കോലങ്ങൾ നിർമ്മിക്കുന്നത് ഒരു പാളയിൽ ചെയ്യുന്നതു മുതൽ ആയിരത്തിയൊന്ന് പാളയിൽ വരെ ചെയ്യുന്ന കോലങ്ങൾ ഉണ്ട്. ചില കോലങ്ങൾ പാളകൾ യോജിപ്പിച്ച് യോജിപ്പിച്ചാണ് നിർമ്മിക്കുന്നത്.
പടയണിയിൽ അഞ്ചു വർണ്ണങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
പഞ്ചഭൂതങ്ങളെ സങ്കൽപ്പിക്കുന്നതിനാലാണ് പഞ്ചവർണ്ണങ്ങൾ എന്നാണ് പറയുന്നത്. കവുങ്ങിൽ നിന്നും ചെത്തിയെടുക്കുന്ന പാളയുടെ പുറമേ പച്ചയായിരിക്കും. അത് പച്ചനിറം ആയും ചെത്തിയാൽ ഉണ്ടാകുന്ന വെള്ള പ്രതലം വെള്ളനിറമായും , മഞ്ഞനിറത്തിനായ് ചണ്ണകിഴങ്ങ് അല്ലെങ്കിൽ മഞ്ഞൾ അരച്ചെടുക്കുന്നു. നാട്ട് മാവില വാട്ടി കരിച്ചു അത് ചാരമാകാതെ ആ കരി വെള്ളം കുടഞ്ഞെടുത്ത് അത് കല്ലിൽ വെച്ച് മഷിപോലെ അരച്ചെടുക്കുന്നതാണ് കറുപ്പ് നിറത്തിനായ് ഉപയോഗിക്കുന്നത്. അടുത്തത് ചുവന്ന നിറമാണ്. അതിനായി ആറിൻ്റെ തീരങ്ങളിലുള്ള ചെങ്കല്ലെടുത്ത് വെള്ളത്തിലിട്ട് മഷി പോലെ അരച്ച് എടുക്കുന്നു. മഷിപോലെ ആയിട്ടില്ലെങ്കിൽ എഴുതുന്ന സമയത്ത് ഇത് കൊഴിഞ്ഞുപോകും . എഴുതാനുപയോഗിക്കുന്ന ബ്രഷ് എന്ന് പറയുന്നത് കുരുത്തോലയുടെ മടല് ചതച്ചെടുത്തതാണ്. അതായത് പ്രത്യേകതയെന്തെന്നാൽ പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ മാത്രമാണ് പടയണിയിൽ ഉപയോഗിക്കുന്നത്. പാളകൾ യോജിപ്പിക്കാൻ ഉപയോഗിക്കുന്ന നാര് അല്ലെങ്കിൽ ചരടായി ഉപയോഗിക്കുന്നത് കുരുത്തോലയുടെ ഈർക്കില് ആണ്.
പടയണിയിൽ എത്ര കലാകാരന്മാരുണ്ടോ അത് എത്രതന്നെ ആയാലും അത്രയും കലാകാരന്മാർ ഒരുപോലെ കഷ്ടപ്പെട്ടാൽ മാത്രമേ കോലങ്ങൾ നിർമ്മിച്ചെടുക്കാൻ കഴിയുകയുള്ളൂ. നാളെ രാത്രിയാണ് പടയണിയെങ്കിൽ ഇന്ന് വൈകുന്നേരം തുടങ്ങി നാളത്തെ ഒരു പകലും കൂടെ ചേർന്ന് കോലം എഴുതിയെങ്കിലേ നമുക്കു തീർക്കാൻ പറ്റുകയുള്ളൂ. കോലങ്ങൾ നേരത്തെയുണ്ടാക്കി വയ്ക്കാൻ പറ്റില്ല. കവുങ്ങിൻപാള ആയതിനാൽ ഉണങ്ങി പോകും. ഒറ്റത്തവണ മാത്രമേ കോലം നമുക്ക് ഉപയോഗിക്കാൻ പറ്റൂ. കോലങ്ങൾ പിന്നീട് മണ്ണിൽ തന്നെ ലയിച്ചു ചേരുകയും ചെയ്യുന്നു. പ്രകൃതിക്ക് യാതൊരു ദോഷങ്ങളും ഇതിൽ നിന്നും ഉണ്ടാകുന്നില്ല എന്നർത്ഥം.
പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളെ തപ്പ് എന്നാണ് പറയുക. പ്രധാനമായും രണ്ടു തപ്പുകളാണുള്ളത് തോൽത്തപ്പും, മരത്തപ്പും. മരത്തപ്പ് മരത്തിൽ കടഞ്ഞെടുക്കുന്ന വൃത്താകൃതിയിലുള്ള വാദ്യമാണ്. ഇത് പഠിക്കാനായിട്ടാണ് നമ്മൾ ഉപയോഗിക്കുന്നത്. തോൽത്തപ്പ് എന്ന് പറഞ്ഞാൽ മരത്തിന്റെ അഞ്ച് അല്ലെങ്കിൽ മൂന്ന് കഷ്ണങ്ങൾ ചേർത്തു വച്ച് അതിനെ വൃത്താകൃതിയിൽ ഒരു വളയം ഉണ്ടാക്കിയെടുത്ത് അതിൽ എരുമ തോല് പനിച്ചിക്കാ പശ തേച്ച് പൊതിഞ്ഞെടുക്കുന്ന മനോഹരമായൊരു പണിയാണ് ഈ തപ്പ് പൊതിയ എന്ന് പറയുന്നത്. അങ്ങനെ പൊതിഞ്ഞെടുക്കുന്ന തപ്പ് നല്ല കനൽ ആവും വിധത്തിൽ തീകൂട്ടി അതിന്റെ അരികിൽ വച്ച് ചൂടാക്കി വളയലു൦ തോലും ചൂടാകുന്ന വിധത്തിലാക്കി പാണലിന്റെ തൂപ്പ് അല്ലെങ്കിൽ പാഞ്ചി തൂപ്പ് എന്നു പറയും അതുകൊണ്ട് തൂത്ത് തണുപ്പിക്കും. അങ്ങനെ ചൂടാക്കിയും തണുപ്പിച്ചും ഒരു രണ്ടു മണിക്കൂർ സമയം കൊണ്ടാണ് തപ്പ് പാകമാക്കിയെടുക്കുന്നത്.
പടയണിയിലെ ഒരു വിഭാഗമാണ് വിനോദം എന്ന് പറയുന്നത്. പടയണി നടക്കുമ്പോൾ തന്നെ അതിൽ ചില വിനോദങ്ങളും ഉണ്ടാകും. വിനോദമെന്ന് ഉദ്ദേശിക്കുന്നത് തമാശകൾ എന്നാണ്. എന്നാൽ തമാശ എന്നതിനപ്പുറത്ത് സാമൂഹികമായ കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട് . സമൂഹത്തിൽ പണ്ട് നടന്ന അനാചാരങ്ങളെയും തെറ്റുകളെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിനോദം അവതരിപ്പിക്കുന്നത്. പക്ഷേ അത് നർമ്മത്തിന്റെ ഭാഷയിൽ ആണ് എന്നുമാത്രം. അതിൽ പ്രധാനപ്പെട്ട വിനോദ വേഷങ്ങളിലൊന്നാണ് ‘പുലയൻ പുറപ്പാട് ‘അതായത് ഒരു പുലയൻ കളത്തിൽ വരും അയാൾ സമൂഹത്തിലെ തെറ്റുകൾ വിളിച്ചുപറയുന്നു എന്നാൽ അതെല്ലാം നർമ്മത്തിൽ ചാലിച്ച് ആണ് പറയുന്നത്. രൗദ്ര ദേവിയുടെ കോലങ്ങൾ തുള്ളുന്നതിനുള്ളിൽ ആളുകൾക്ക് കുറച്ച് റിലാക്സേഷൻ കിട്ടാനും കൂടിയാണ് ഈ വിനോദം അവതരിപ്പിക്കുന്നത്. അതിൻറെ കൂടെ തന്നെ സമൂഹത്തിലെ അനാചാരങ്ങൾ വിളിച്ചു കാണിക്കുകയും ചെയ്യുന്നു. പുലയൻ പുറപ്പാടിലെ വരികൾ ഇങ്ങനെ പോകുന്നു
“തെക്ക് തെക്കു തിരു കൊല്ലത്തെ
പത്തു നൂറു പുലയര് കൂടി
തെയ്താര തെയ്താ൦
അതിലൊരു പുലയനാർ അല്ലോ. .
ഭദ്രകാളി പ്രതിഷ്ഠ ചെയ്തേ
…………………………………
…………………………………….”
വിനോദത്തിലെ മറ്റ് വേഷങ്ങളാണ് പരദേശി. പരദേശിമാർ വേദാന്തം പറയുന്നു എന്നാണ് പറയാറ്. പടയണി ഉണ്ടെങ്കിൽ പരദേശി വേണം എന്ന പഴമൊഴി തന്നെയുണ്ട് .
ഉള്ളിൽ ദൈവം കല്ലെടാ
ഉലക്കിൽ ദൈവം ചെമ്പടാ
പിന്നെ ദൈവം ആരെടാ
പേശും ദൈവം ഞാനെടാ
……………………………
പടയണിയിലെ മറ്റ് വിനോദങ്ങളാണ് കാക്കനും കാക്കാത്തിയു൦, അന്തോണി മരയ്ക്കാർ, തങ്ങളും പടയും, വൃദ്ധ അല്ലെങ്കിൽ അമ്മൂമ്മ അങ്ങനെ ഒരുപാട് വിനോദ വേഷങ്ങൾ പടയണിയിൽ ഉണ്ട്. എല്ലാ വിഭാഗത്തിലുള്ള ആളുകളും കൂടിച്ചേർന്ന് നടത്തുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പണ്ട് കാലങ്ങളിൽ പടയണി നടത്തിയിരുന്നത് ഒരു ദേശത്തിനു വേണ്ടിയായിരുന്നു .
പടയണിയിൽ തുടക്കത്തിൽ നടത്തുന്ന ഒരു ചടങ്ങാണ് പുല വൃത്ത൦ എന്ന് പറയുന്നത്. ‘പുലവൃത്ത൦ തോർത്ത് മുണ്ട് ഉടുത്ത് തലയിൽ തോർത്ത് കെട്ടി വട്ടത്തിൽ നിന്ന് നടുക്കൊരു നിലവിളക്ക് കത്തിച്ച് അതിനുചുറ്റും കളിക്കുന്നതാണ് (തിരുവാതിരക്കളി പോലെ) . പുല൦ എന്നുപറഞ്ഞാൽ പാടം എന്നാണ് ഉദ്ദേശിക്കുന്നത് . പണ്ട് കാലങ്ങളിൽ കൃഷി വിളവെടുപ്പ് കഴിഞ്ഞു ആളുകൾ അവരുടെ സന്തോഷ പ്രകടനത്തിനായി അല്ലെങ്കിൽ അവർക്ക് നന്നായി വിളവ് കൊടുത്ത ഭഗവതിയെ സ്മരിച്ചുകൊണ്ട് അവർ ആ പാടങ്ങളിൽ നിന്ന് അവരുടേതായിട്ടുള്ള പാട്ടുകൾ പാടി ചെയ്തിരുന്ന ഒരു നൃത്തരൂപമാണ് പുലവൃത്തം. ഇപ്പോഴും പടയണിയിൽ അക്ഷരമാലാക്രമത്തിൽ ‘ അ ‘മുതൽ ‘ അം ‘ വരെ യുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന പാട്ടുകളും കുറേ സ്തുതിപ്പുകളും ചേർന്നാണ് പുലവൃത്തം ചെയ്യുന്നത്. പടയണിയിൽ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടു വരുന്ന ഒരു ഭാഗം പുലവൃത്തമാണ്. അതിലെ പാട്ടുകൾ എല്ലാം കാർഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്.
പടയണിയുടെ ജീവൻ എന്ന് പറയുന്നതുതന്നെ അടവി ആണ്. അടവിക്ക് കുറെ കോലങ്ങളുണ്ട്. കൂടാതെ മരങ്ങൾ വെട്ടി കൊണ്ടുവന്ന് പടയണി കളത്തിലത് വനം പോലെ സൃഷ്ടിക്കുന്നു പിന്നീട് അതിന് മുകളിൽ കയറി ചവിട്ടി പൊട്ടിച്ചു൦ ഉലത്തിയിട്ടു൦ അതൊരു ആഘോഷമാക്കി മാറ്റുന്നു. കൂടെ മേളവും പടക്കങ്ങളും ഉണ്ടാകും. ചൂരൽ അടവി എന്ന് പറയുന്ന ഒരു ചടങ്ങുണ്ട് വലിയ ചൂരൽ വനത്തിൽനിന്ന് വെട്ടി കൊണ്ടുവന്ന് ദേഹത്ത് ചുറ്റി പടയണി കളത്തിൽ ഉരുളുന്നു അപ്പോൾ അവരുടെ ദേഹത്ത് നിന്ന് ചോര പൊടിയുന്നു ഇതൊരു ബലിക്ക് എന്ന സങ്കൽപത്തിൽ ചെയ്യുന്നതാണ്. ഇങ്ങനെ നിരവധി ചടങ്ങുകൾ പടയണിയിൽ കാണാം.
പടയണിയിൽ സ്ത്രീസങ്കല്പമാണ് കൂടുതൽ വരുന്നതെങ്കിലും പടയണിയിൽ സ്ത്രീകൾക്ക് ഒരു ഭാഗത്തും പ്രവേശിക്കാനുള്ള അനുവാദമില്ല. പുരുഷന്മാരാണ് പടയണിയിൽ എല്ലാം കൈകാര്യം ചെയ്യുന്നത്.
പടയണിയുടെ അവസാനം എന്നുപറയുന്നത് മംഗള ഭൈരവി കോലം എന്ന്പറയു൦. അതുവരെ ചെയ്ത തെറ്റുകുറ്റങ്ങൾക്കൊക്കെ ക്ഷമാപണം പറഞ്ഞാണ് പടയണി അവസാനിപ്പിക്കുന്നത്.
…
ശൈലേഷ് കെ. എസ്
പടയണി കലാകാരൻ കല്ലൂപ്പാറ. കല്ലൂപ്പാറ പടയണിയിലെ നിറസാന്നിധ്യം.ഫോക് ലോർ അക്കാദമിയുടെ യുവകലാപ്രതിഭ അവാർഡ് ജേതാവ് . കല്ലൂപ്പാറ ചെല്ലപ്പൻ പിള്ളയാശാനിൽ നിന്ന് പടേനി പഠിച്ചു . പുറമുറ്റം നാരായണനാശാനിൽ നിന്ന് വിനോദവും , കോട്ടോങ്ങാൽ രവീന്ദ്രനാശാനിൽ നിന്ന് തപ്പുകൊട്ടും പഠിച്ചു.കല്ലൂപ്പാറ രമേശ് ഗണകനാശാനിൽ നിന്നും കോലമെഴുത്തും , കല്ലൂപ്പാറ കൂടത്തിൽ രാജപ്പൻ നായർ ആശാനിൽ നിന്നും പടയണി പാട്ടും ,കവിയൂർ സദാശിവൻ മാരാർ, വാസുദേവൻ നമ്പൂതിരി ആശാനിൽ നിന്നു൦ ചെണ്ടയും പഠിച്ചിട്ടുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.