പച്ച മനുഷ്യൻ

0
607

കഥ

അനീഷ പി

ഓഫീസിൽ നിന്നും നേരത്തേ ഇറങ്ങാൻ കഴിഞ്ഞു. മൂന്നരയ്ക്ക് ആണ് അയാളെന്നെ പിക്ക് ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നത്. ഓഫീസ് ലൊക്കേഷൻ മനഃപൂർവം നൽകാതിരുന്നതാണ്, രണ്ടു വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ തമാശയ്ക്ക് ഇത്‌ വരെ അറുതി ആയില്ലേ എന്ന് സഹപ്രവർത്തകരോ അയൽ സ്ഥാപനത്തിലെ സ്ഥിര മുഖങ്ങളോ ചോദിക്കുന്നത് കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നും. എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂൾ എന്ന് വശങ്ങളിൽ വെണ്ടക്കാ ആംഗലേയത്തിൽ എഴുതിയ വാഹനത്തിൽ ഞാൻ കയറുന്നത് അബദ്ധ വശാൽ കണ്ടിട്ടുള്ളപ്പോളൊക്കെ സുഹൃത്തുക്കൾക്ക് ചിരിയായിരുന്നല്ലോ..

“ഇക്കൊല്ലമെങ്കിലും നടക്കുമോ നേഹ?
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുക എന്നത് ആയതിനാൽ അഭിമാനപ്രശ്നമായിരിക്കുന്നു..

ഡിസംബറിന്റെ ക്രൂരത കുറഞ്ഞ വെയില് കൊണ്ട്, റോഡരിക് ചേർന്ന്, മിർദിഫിന്റെ ആകാശത്തേക്ക് ആകുലതകളെ പറത്തി വിട്ടിങ്ങനെ നടക്കാൻ എന്ത് രസമാണ്..
അഞ്ചു വർഷങ്ങൾ കൊണ്ട്, മിർദിഫ് എനിക്ക് നാട്ടിലെ നഗരത്തേക്കാൾ പരിചിതമായിരിക്കുന്നു. അവിടെ ആകാശം കാണാറില്ലല്ലോ. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ കൂടെ ഉള്ളവരുടെ കയ്യിലോ വസ്ത്രത്തിലോ മുറുകെ പിടിച്ച്, പലപ്പോഴും പാതി മുറിച്ച് കടന്ന് പിന്തിരിഞ്ഞോടി. അയ്യയ്യേ..
സിറ്റി സെന്ററനടുത്ത് വാഹനങ്ങളുടെയും വഴി നടക്കാരുടെയും ഗതി അളന്ന് മിഴി ചിമ്മിയടക്കുന്ന സിഗ്നൽ സമുച്ചയത്തെ നന്ദിയോടെ നോക്കി..
ആത്മ വിശ്വാസത്തോടെ, പച്ചയും ചുവപ്പും വെളിച്ചങ്ങളുടെ സഹായത്തോടെ ഇങ്ങനെ വഴി മുറിച്ചു കടക്കാൻ കഴിയുന്ന ഗതാഗത സൗകര്യങ്ങളിൽ, എന്റെ കഴിവു കേടുകൾ മറക്കപ്പെടുന്നുണ്ടെന്നത് ചിരി വരുത്തുന്നു..
സമയം മൂന്നര കഴിഞ്ഞു..
അയാളെ വിളിച്ചു.. ആദ്യ തവണ കാൾ എടുക്കാതിരിക്കുകയും 5 മിനിറ്റ് കഴിഞ്ഞ് അയാൾ തിരിച്ചു വിളിക്കുകയും ചെയ്തു.. മിസ്റ്റർ ബാസിത്, നിങ്ങളെവിടെ? എത്ര നേരമായി കാത്തു നിൽക്കുന്നു.. ആശങ്കയോടെ ചോദിച്ചു..
വരികയാണ്.. മയമില്ലാത്ത ശബ്ദം.. ആദ്യമായാണ് ഒരു പുരുഷ പരിശീലകനു കീഴിൽ ശകടം ഓടിക്കാൻ പോകുന്നത്..2018 നവംബർ മുതൽക്ക് കൃത്യം 4 ട്രെയിനർമാരെ എനിക്ക് ലഭിച്ചിട്ടുണ്ട്..
ഗർഭ കാലത്ത് തുടങ്ങിയ ഡ്രൈവിംഗ് ഉദ്യമം എട്ടാം മാസത്തിൽ വെച്ച് മുടങ്ങുകയും കുഞ്ഞിന്റെ ജനനത്തിന് ശേഷം എട്ടൊൻപത് മാസത്തേക്ക് അതേ കുറിച്ച് ചിന്തിക്കാനേ കഴിയാതെ പോകുകയുമായിരുന്നു..അങ്ങനെ വേരു പിടിച്ച മടിക്ക് വളമായി വന്ന കോവിഡും ലോക്ക് ഡൗണും..
ദുബായിലെ ജന ജീവിതം സാധാരണ നിലയിലേക്ക് എത്തി തുടങ്ങിയതിന് ശേഷം
ഫയൽ റി ഓപ്പൺ ചെയ്തെടുത്ത് വീണ്ടും തുടങ്ങിയ കലാ പരിപാടിയിൽ ഇത്‌ വരെ 8 തവണ റോഡ് അസ്സസ്മെന്റ് ടെസ്റ്റ്‌ കൊടുത്തു..ഓരോ തവണയും അതി ദയനീയമായി ഞാൻ പരാജയപ്പെടുകയായിരുന്നല്ലോ..



ചിന്തകളെ മുറിച്ചു കൊണ്ട് ഇ. ഡി. ഐ യുടെ കാർ മുന്നിൽ വന്നു നിന്നു.. ഡ്രൈവിംഗ് സീറ്റിൽ നിന്നും അല്പം തടിയുള്ള മനുഷ്യൻ ഡോർ തുറന്നിറങ്ങി മറു വശത്തേക്ക് മാറിയിരുന്നു.. ഗെറ്റ് ഇൻ ഫാസ്റ്റ്.. അയാളുടെ പരുഷ സ്വരം വീണ്ടും.. കഴിഞ്ഞ തവണത്തെ പരിശീലക റവയെ പെട്ടെന്ന് ഓർത്തു … ഡ്രൈവിംഗ് ഇൻസ്റ്റിട്യൂട്ടിൽ ഇരുപത് വർഷത്തെ അനുഭവ സമ്പത്തുള്ള റവ എത്ര ഭംഗി ആയി ചിരിക്കുന്നവളാണ്.. മനുഷ്യരോട് ചിരിക്കാൻ അറിയാത്തവർ മരുഭൂമികൾ മുഖത്ത് പേറുന്നു.
ഇയാൾ ഒരു പാകിസ്ഥാനി ആണെന്ന് തോന്നുന്നല്ലോ.. സാധാരണ സ്ത്രീകളുടെ മുഖത്തു നോക്കിയുള്ള, പാകിസ്ഥാനി യുവാക്കളുടെ ഭാവ പ്രകടനങ്ങൾക്ക് അറുതി വരുത്താൻ ആണ് പ്രയാസം.. ഇയാൾ പക്ഷേ ഒരു മരക്കഷ്ണം പോലെ സീറ്റിൽ വേരു പിടിച്ച് നെറ്റി ചുളിച്ചിരുന്നു..സീറ്റിൽ കയറിയിരുന്ന്
ക്ഷണ നേരത്തേക്ക് മാസ്ക് മാറ്റി ഞാൻ അയാളോട് ചിരിക്കാൻ ശ്രമിച്ചു..
ഐ ഡി കാർഡ് തരൂ… ലേണിങ്ങ് പെർമിറ്റും..
ഭാവ മാറ്റമില്ലാതെ അയാൾ കൈ നീട്ടി.. തിരിച്ചറിയൽ രേഖയിലെ കൊല്ലങ്ങൾ പഴക്കമുള്ള തെളിച്ചമില്ലാത്ത എന്റെ ചിത്രം കണ്ടിട്ടാകണം നിങ്ങൾ തന്നെ ആണോ ഇതെന്ന മട്ടിൽ അയാളെന്നെ മുഖം ചുളിച്ചൊന്ന് നോക്കി.. അതീവ ശ്രദ്ധയോടെ സീറ്റ് ബെൽറ്റ്‌ ഉറപ്പിച്ച്,
ഇൻഡിക്കേറ്റർ മാറ്റി, പഠിച്ചു വെച്ചിരിക്കുന്ന താളത്തോടെ, കണ്ണാടിയിൽ മാറി മാറി കണ്ണുകൾ പായിച്ച് ഞാൻ വളയം പിടിക്കാൻ പോവുകയാണ്.
മിർഡിഫിന്റെ ആകാശത്തേക്ക് പാളി നോക്കികൊണ്ട് പതിയെ കാൽ ആക്സിലറേറ്ററിൽ അമർത്തി..
രണ്ടു മിനിറ്റിനകം അയാൾക്ക് എന്റെ അവസ്ഥ പിടി കിട്ടിക്കാണണം.. എത്ര ടെസ്റ്റ്‌ കൊടുത്തു? അയാൾ, അതിന് മുൻപ് ആ സീറ്റിലിരുന്ന എല്ലാവരെയും പോലെ തന്നെ എന്റെ ചരിത്രം ചികഞ്ഞെടുത്തു.. ഇത്ര നാളായിട്ട് ഒന്നും പഠിച്ചില്ലല്ലോ .. അയാളുടെ മുഖത്ത് അതൃപ്തി.. പെട്ടെന്നെനിക്ക് മടുപ്പു തോന്നി..
ഇടയ്ക്കിടെ എനിക്കിത് അപ്രാപ്യമായി തോന്നുകയും ക്ലാസുകൾ മുടക്കുകയും ചെയ്യുന്ന പതിവുണ്ട്.. മിസ്സ്‌ റവയോളം നന്നായി ആരും എന്നെ ട്രെയിൻ ചെയ്യിച്ചിട്ടില്ല..



പുഞ്ചിരിച്ചു കൊണ്ട് മാത്രം നിർദേശങ്ങൾ തരുന്ന റവ.. എനിക്കാരുടെയും ദുർമുഖം വില കൊടുത്തു വാങ്ങേണ്ടതില്ലല്ലോ.. മിസ്സ്‌ റവ കോവിഡ് ബാധിതയായിരിക്കുന്നതിനാൽ ആണ് പകരമായി ഒരാളെ സ്വീകരിക്കേണ്ടി വന്നിരിക്കുന്നത്.. അതൊരു പുരുഷനായിരിക്കാൻ യാതൊരു താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ സ്ത്രീ പരിശീലകർ ആരും ഈ ദിവസങ്ങളിൽ ലഭ്യമല്ലാത്തതിനാൽ ആണ് ഈ മനുഷ്യന്റെ അസഹിഷ്ണുത കാണേണ്ടി വന്നത് ..
ഈ സ്ഥാപനത്തിൽ പുതിയതാണോ?
അയാളുടെ അഹന്തയുടെ മേലെ കൂടി തന്നെ വണ്ടി ഓടിച്ചു കയറ്റിയേക്കാം എന്ന തീരുമാനത്തിൽ ഒരു യു ടേൺ അതി ഭയങ്കര ഭാവത്തോടെ തിരിയുന്നതിനിടയിൽ ഞാൻ പതുക്കെ ചോദിച്ചു..
ഡോണ്ട് ടേൺ ടൂ മച്ച്.. ഓ. കെ?
അയാൾ ഒച്ചയെടുത്തു..
എന്താണ് ചോദിച്ചത് ? ഞാൻ പുതിയ ആളാണോ എന്നോ?അയാം അസിസ്റ്റന്റ് എക്സാമിനർ ഹിയർ.. ബാസിത് സീറ്റിൽ നിവർന്നിരുന്നു. ഓകെ ആം സോറി.. അയാളെ നോക്കാതെ സ്‌റ്റിയറിങ്ങിൽ മുറുക്കി പിടിച്ചു.. സ്‌റ്റിയറിങ്ങിൽ ഇത്ര ബലം കൊടുക്കുന്നതെന്തിന്??അയാളുടെ ശബ്ദം വീണ്ടും പൊങ്ങി..
തീർന്നു.. സകലമാന ആത്മ വിശ്വാസവും ഇവിടെ ഈ നിമിഷം തകർന്നടിഞ്ഞിരിക്കുന്നു.. ഓ കെ മനുഷ്യാ.. നന്ദി നമസ്ക്കാരം എന്ന് പറഞ്ഞ് ഇറങ്ങി പോരാൻ എപ്പോ കഴിയും എന്ന ചിന്തയിൽ കിളി പോയ എന്റെ സിഗ് സാഗ് ഡ്രൈവിംഗ് കണ്ട് അയാൾ പകച്ചു പോയിരിക്കുന്നു..

എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂളിന്റെ പരിസരങ്ങളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.. അവിടേക്കുള്ള ഈ യാത്രയിൽ ഋജുവായ റോഡുകളിലൂടെ ഞാൻ വലിയ അപകടങ്ങൾ വരുത്തി വെക്കില്ലായിരിക്കും എന്ന ധാരണയിൽ ആയിരിക്കാം അയാൾ എന്നെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുന്നത്.
നേഹ.. ലെറ്റസ് ടോക്ക് സംതിങ്.. യു ആർ ടൂ നെർവസ്.. അത് കൊണ്ടാണ് ഡ്രൈവ് ചെയ്യാൻ ആത്മവിശ്വാസം ഇല്ലാത്തത്.. അയാളുടെ അസഹിഷ്ണുതകളുടെ മുന ഒടിഞ്ഞു പോയോ എന്ന് ഞാൻ അത്ഭുതപ്പെട്ടു നോക്കി..
ബാസിത് എന്ന ആ പാകിസ്ഥാനി യുവാവ് എന്റെ ഡ്രൈവിങ്ങിൽ നിരാശപ്പെട്ട് പറയാൻ വാക്കുകൾ ഇല്ലെന്ന മട്ടിൽ പിന്നെ ദയനീയമായി നോക്കി..



ഒരു നിസ്സംഗത ആണീ കാര്യത്തിൽ എന്ന് വരുത്താൻ ആണ് ഞാൻ ശ്രമിക്കുന്നത് . എട്ട് തവണയും വാഹനമോട്ടൽ പരീക്ഷയിൽ പരാജയപ്പെടുന്നത് അസ്വാഭാവികമായൊരു
തോൽവി ആണെന്ന സങ്കടം മുഖം മറച്ചിരിക്കുന്ന മാസ്ക്കിനുള്ളിൽ കടിച്ചു പിടിച്ചിരിക്കുന്ന ചുണ്ടുകളിൽ അമർത്തി വെച്ചിരിക്കുകയാണ്.. ആ ലൈസൻസ് ഒന്ന് എടുത്തിരുന്നെങ്കിൽ ഇത്രേം റെന്റ് കൊടുത്ത് ഇവിടെ ഇങ്ങനെ താമസിക്കണോ എന്ന അമർഷം വീട്ടുകാരൻ രണ്ടു ദിവസം കൂടുമ്പോൾ പുറത്തെടുക്കാറുണ്ട്.. ചിന്തകളുടെ
ചന്തമില്ലായ്മകൾ കൂടുന്തോറും കയ്യിലിരിക്കുന്ന ശകടം എന്നെ കൂടുതൽ അപമാനിതയാക്കി കൊണ്ട് നിയന്ത്രണപ്പെടാതെ ചലിച്ചു..

എന്താണ് ഞാൻ എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂളിലെ പുതിയ ട്രെയിനർ ആണോ എന്ന് സംശയിച്ചത്? ബാസിത് ശ്രമപ്പെട്ടെന്നോണം ശബ്ദം മയപ്പെടുത്തി ചോദിച്ചു.. അയാളുടെ കണ്ണുകളിൽ ആത്മവിശ്വാസമില്ലായ്മ നിഴലിച്ചു.. ഈ മേഖലയിലെ അയാളുടെ അനുഭവ സമ്പത്തിനെ വില വെക്കാത്ത ആ ചോദ്യം ഈ മനുഷ്യന്റെ അകത്ത് പോറലുണ്ടാക്കിയിരിക്കുന്നു..
ഞാൻ മാസ്ക് താഴ്ത്തി.. ഒട്ടും ഒതുക്കമില്ലാതെ മാത്രം തൊണ്ടക്കുഴികളിൽ നിന്ന് പുറത്തു വരുന്ന എന്റെ ശബ്ദം നിർവചിച്ചു കൊടുത്തിരിക്കാവുന്ന ഞാൻ യഥാർത്ഥത്തിൽ ഇതാണ് അയൽ രാജ്യക്കാരാ എന്ന നിഷ്കളങ്കതയോടെ പറഞ്ഞു..
“ഇരുത്തം വന്ന ഒരു അദ്ധ്യാപകൻ തോറ്റു തൊപ്പിയിട്ട് ഇരിക്കുന്ന കുട്ടിയോട് കാണിക്കേണ്ടുന്ന ഒരു സഹതാപം നിങ്ങൾക്കെന്നോട് ആദ്യത്തെ കാഴ്ചയിലേ ഉണ്ടായില്ലല്ലോ ബാസിത്.. തുടക്കക്കാർക്കുണ്ടാകുന്ന അഹങ്കാരമായി ഞാൻ അതിനെ ധരിച്ചു പോയി..ആം സോറി..”

ഡോണ്ട് ക്യാരി പ്രിജുഡിസെസ് മാഡം.. അയാൾ സൗമ്യ ഭാവത്തിൽ ചിരിച്ചു..
ഒരു മണിക്കൂറോളം ബാസിത് എന്നെ ഗതാഗതക്കൂടുതൽ ഉള്ള റോഡുകളിൽ പരിശീലിപ്പിച്ചു.. നിങ്ങൾക്കിത് സാധിക്കും, ആത്മവിശ്വാസത്തോടെ പ്രാക്റ്റീസ് ചെയ്യൂ..അയാൾ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു..

ഇപ്പോളെനിക്ക് നെറ്റിക്കിരു വശവും തല വെട്ടിപൊളിഞ്ഞു വേദനിക്കുന്ന അസഹ്യത അനുഭവപ്പെടുന്നില്ല .. അയാളെന്നെ മിർദ്ഫിൽ നിന്ന് പിക്ക് ചെയ്യുമ്പോൾ അനുഭവപ്പെട്ട അസുഖകരമായ അന്തരീക്ഷം അല്ല വണ്ടിയിലിപ്പോൾ.. മോദിജി എന്തു പറയുന്നു.. സുഖമല്ലേ.. ബാസിത് മുഖം ചെരിച്ചു ചോദിച്ചു.
യൂസ്ലെസ്സ്.. ര.. റിലീജിയസ് ഫനറ്റിക്.. അയാൾക്കെന്ത് മതം നേഹ..ദൈവ വിശ്വാസികൾ ഇങ്ങനെ ആണോ? ബാസിത് പുഞ്ചിരിച്ചു..
പാകിസ്ഥാനിൽ എവിടെയാണ് ?
ലാഹോറിൽ… പച്ചകൾ എന്നല്ലേ നിങ്ങൾ ഞങ്ങളെ പറയുന്നത്.. അയാളുടെ ചോദ്യം പെട്ടെന്നെനിക്ക് നാണക്കേടുണ്ടാക്കി…. പ്രവാസികളുടെ നാവിൻ തുമ്പിൽ സദാ പുച്ഛ ഭാവത്തിൽ തത്തിക്കളിക്കുന്ന ആ പാകിസ്ഥാനി അഭിസംബോധന ഒരിക്കൽ പോലും ഉപയോഗിച്ചിട്ടുള്ള ആളല്ല ഞാൻ എന്ന്
ന്യായീകരിക്കാൻ നിൽക്കുന്നതിന് പകരം, അമർഷമുണ്ടല്ലേ എന്ന് തിരികെ ചോദിച്ചു.. അയാൾ ഒന്നും മിണ്ടിയില്ല..



പരുഷമായ എന്റെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു, ജീവിതത്തിലെ എറ്റവും മോശപ്പെട്ടൊരു ദിവസമാണിന്ന്. അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു. എനിക്ക് വല്ലായ്മ തോന്നി. എന്തു പറ്റി എന്ന് ചോദിക്കാൻ സത്യത്തിൽ മടി തോന്നി. പുരുഷന്മാർ സങ്കടങ്ങളെ വെളിപ്പെടുത്തുന്നത് ഒട്ടും പരിചയമില്ലാതിരുന്നതിനാൽ ആവണം അന്യ രാജ്യക്കാരനൊരാൾ അരികിലിരുന്ന് മിഴികൾ നിറക്കുന്നത് വല്ലാത്ത അസഹ്യത ഉണ്ടാക്കി.
പ്രണയിച്ചവളുടെ വിവാഹമാണിന്ന്..ഒരുമിക്കാൻ കഴിഞ്ഞില്ല.
കണ്ണുകളിൽ കൊടുങ്കാറ്റൊളിക്കുന്ന കടലോടെ മാസ്ക്കിന്റെ നീല നിറത്തിൽ പകുതി വികാരങ്ങളെ പൊതിഞ്ഞു പിടിച്ച് അയാൾക്ക് ശബ്ദമിടറി..
സ്ത്രീകളുടെ മനസിന്റെ ആഴം, ഉള്ളിൽ എന്താണെന്ന് അനുമാനിച്ചെടുക്കാൻ പുരുഷന് കഴിയാത്തത്ര വലുതാണല്ലേ പലപ്പോഴും…വഞ്ചിക്കുന്നവർ കൂടുതലും സ്ത്രീകളാണെന്ന് ഞാൻ പറയും..അയാളുടെ ഗദ്ഗദം തൊണ്ട മുഴകളിൽ തത്തി കളിച്ചു..അതൊരിക്കലും ഒരേ വാഹനത്തിൽ സഞ്ചരിക്കുന്ന ഒരു സ്ത്രീയുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള സൂത്രമല്ലെന്ന് തീർത്തും ഉറപ്പുണ്ടെങ്കിലും ഞാൻ പൊട്ടിച്ചിരിച്ചു പോയി..
പ്രണയിച്ചവൾ സ്വന്തമാകുന്നത് വലിയ നേട്ടമാണെന്നാണോ നിങ്ങൾ കരുതി വെച്ചിരിക്കുന്നത്? അയാളെന്നെ രൂക്ഷമായി നോക്കി.
പ്രണയത്തിൽ വിശ്വാസമില്ലേ? അയാളുടെ പക്വത പ്രാപിക്കാത്ത സംശയം..
ഇല്ല.. എന്റെ നിസ്സംഗതയിൽ അയാൾ പിന്നെയും അസ്വസ്ഥനായി..
അതിരിക്കട്ടെ, സ്ത്രീകൾ വിശ്വസിക്കാൻ കഴിയാത്തവരാണെന്ന തത്ത്വ ശാസ്ത്രം കൊള്ളാമല്ലോ..
ചുവന്നിരിക്കുന്ന അയാളുടെ രണ്ടു കണ്ണുകളിലെയും സങ്കട ലോകങ്ങളെ നിസ്സാരവൽക്കരിച്ചു കൊണ്ട് ഞാൻ ചോദ്യത്തിൽ കുസൃതി പുരട്ടി..



സത്യമാണത്.. പ്രേമിച്ചു പോയാൽ പീഡിപ്പിക്കുന്ന രക്ഷിതാക്കളുണ്ടെന്ന കൈമലർത്തൽ വിവാഹത്തിലേക്ക് എത്തുമ്പോൾ മാത്രം ഓർക്കുന്ന ദുഷ്ടത്തരം ഉള്ളവർ.. അയാൾ കൈ വിരലുകൾ അസ്വസ്ഥതയോടെ കെട്ടു പിണച്ച് എന്നെ നോക്കി.. എന്തു നല്ലൊരു കാമുകനായിരുന്നിരിക്കണം അയാൾ..
നിങ്ങൾക്കറിയില്ലേ മുനീബ മൻസാരിയെ?
വിഷയം മാറ്റിയേക്കാമെന്ന ഉദ്ദേശ്യത്തിൽ എന്റെ പെട്ടെന്നുള്ള ചോദ്യം.
അറിയാം, ഞങ്ങൾ ഒരേ സ്ഥലത്തു നിന്നാണ്.. ബാസിത് ചിരിച്ചു..ഏതൊക്കെ നഷ്ടങ്ങളാണ് അവരെ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത് എന്ന് നിങ്ങൾക്ക് അറിയാം ല്ലേ?
തീർച്ചയായും.. വാഹനാപകടം, വിവാഹ മോചനം, ദുരന്തങ്ങൾ വരുത്തി വെച്ച ശാരീരിക വൈകല്യങ്ങൾ.. എന്നിട്ടും അവർ ഒരു ഫിനിക്സിനെ പോലെ ഉയിർത്തെഴുന്നേറ്റു..
എന്റെ ഉമ്മ എന്നും അവരുടെ പ്രഭാഷണങ്ങൾ കേൾക്കും.. അനിയത്തിമാരെ കേൾപ്പിക്കും..
അയാൾ പുഞ്ചിരിക്കുന്നുണ്ട് ഇപ്പോൾ.
ഒരിക്കലും അമ്മയാവാൻ അവർക്ക് കഴിയില്ലെന്ന കനമുള്ള സത്യത്തെ അംഗീകരിച്ചു കൊണ്ട്, അവരെ ചേർത്തു പിടിക്കേണ്ട പുരുഷന്റെ കൈകൾക്ക് അന്ന് ബലം ചോർന്നു പോയത് കൊണ്ട്, പാകിസ്ഥാനിലെ എത്ര സ്ത്രീകൾ സമാനമായ വേദനകൾക്ക് നേർക്ക് പുഞ്ചിരിക്കാൻ പഠിച്ചു കാണും..
വേദനകൾക്കും വേദനിപ്പിക്കലുകൾക്കും ലിംഗ ഭേദമുണ്ടോ ബാസിത്?
ഇനി പറയൂ.. എന്താണ് നഷ്ടങ്ങൾ?
എന്താണ് വേദനകൾ..
ബാസിത് എന്നെ നോക്കി… പടച്ചോന്റെ സമ്മാനങ്ങളാണ് ല്ലേ സഹോദരി?
മറുപടി പറഞ്ഞില്ല.. ഓരോ മനുഷ്യരും അവനവന്റെതായ സങ്കടക്കെട്ടുകൾ പേറി, ഏതൊക്കെ മുഖങ്ങളുടെ നേർക്ക് സഹതാപം കൊതിച്ച് അലഞ്ഞിരിക്കും..
വ്യർത്ഥമായ പതം പറച്ചിലുകൾക്കിടയിൽ വെളിച്ചത്തിന്റെ തുണ്ട്, വിരലിൽ ഘടിപ്പിച്ച അപൂർവ്വ സാനിധ്യങ്ങളുടെ തീണ്ടലുകൾ കൊണ്ട് മനശക്തി വീണ്ടെടുക്കുന്നവരുണ്ട്..
പ്രണയത്തിൽ വിശ്വസിക്കാതിരിക്കുകയും സ്നേഹത്തെ അള്ളിപ്പിടിക്കുകയും ചെയ്യേണ്ടത് അത് കൊണ്ട് തന്നെയാണ്..
അദമ്യമായ അഭിരമിക്കലുകൾ അല്ല,, സഹവർത്തിത്വത്തിന്റെ പരസ്പര സ്നേഹങ്ങൾ ഭൂമി മുഴുവൻ നിറയട്ടെ.. അയാളുടെ പ്രണയം എങ്ങനെ ഉള്ളതായിരുന്നു എന്ന് തീർച്ചയില്ലാഞ്ഞിട്ടും അതിനു വലിയ പ്രാധാന്യം കൊടുക്കാതെ ഞാൻ മനസ്സിൽ തങ്ങി നിന്നിരുന്ന പലതും പറഞ്ഞു..



നിങ്ങൾക്കുടനെ ഒന്നും ലൈസൻസ് കിട്ടാൻ പോകുന്നില്ല.. പരിശീലന സമയം തീരാൻ പോകുന്നുവെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അയാൾ പറഞ്ഞു..
അറിയാം, ബുദ്ധിപരമായി നിശ്ചിത തുക ഒരുമിച്ചു നൽകുന്ന പ്രത്യേക പദ്ധതിയിൽ ആണല്ലോ ഞാൻ ചേർന്നിരിക്കുന്നത്.. എനിക്കെത്ര വേണമെങ്കിലും പരാജയപ്പെടാം..
കൂടുതൽ ഫീസ് നൽകേണ്ടതില്ല..
നിങ്ങളെന്നെ ജയിപ്പിക്കുന്നിടം വരെ ഞാൻ വരും… എമിറേറ്റ്സ് ഐ ഡി തിരികെ വാങ്ങുമ്പോൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..

പാകിസ്ഥാനികളെ പച്ചകളെന്ന് വിളിക്കരുതെന്ന് നിങ്ങളുടെ സുഹൃത്തുക്കളോട് പറയൂ. അയാൾ മാസ്ക്ക് താഴ്ത്തി ചിരിച്ചു..
പച്ച അല്ലെടോ ചങ്ങാതി.. പച്ച മനുഷ്യര്.. നമ്മളെല്ലാവരും.. പുറമേ നിന്ന് നോക്കുന്നവർ പരസ്പരം പച്ചയെന്നും വെളുപ്പെന്നും കറുപ്പെന്നും ദേശത്തിനും മതത്തിനും നിറം ചേർത്ത് പറയുമ്പോളും അര മണിക്കൂറിങ്ങനെ അടുത്തിരുന്നു മിണ്ടിയാൽ ഒന്നാണെന്ന് മനസ്സിലാവുന്ന പച്ച മനുഷ്യര്….

സീറ്റ്‌ ബെൽറ്റിൽ നിന്ന് ഞാൻ ശരീരത്തെ മോചിപ്പിക്കുമ്പോൾ ബാസിത് ഡോർ തുറന്ന് പുറത്തിറങ്ങി..

നിങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ..
ഞാൻ ചോദിച്ചതുമില്ല.. കാറിന്റെ ബോണറ്റിൽ ചാരി നിന്നു കൊണ്ട് അയാളെന്റെ കണ്ണുകളിലേക്ക് നോക്കി..
എനിക്ക് ഉടനെ ഒന്നും ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കാൻ പോകുന്നില്ലല്ലോ.. ഞാൻ കൈ മലർത്തി..

ഞാൻ നടന്നു..

നേഹ.. എങ്ങനെ ആണ് തിരികെ പോകുന്നത്..? അയാളെന്റെ വളരെ പിറകിൽ നിന്ന് വിളിച്ചു ചോദിച്ചു..അപ്പോൾ മിർഡിഫിലേക്ക് വിദ്യാർത്ഥികളെ തിരിച്ചു വഹിക്കുന്ന പത്താം നമ്പർ ബസ്സ്,
പരിചയക്കാരിയെ കണ്ടെന്ന പോലെ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു…



LEAVE A REPLY

Please enter your comment!
Please enter your name here