ഇടവഴിയിലെ കാൽപ്പാടുകൾ
സുബൈർ സിന്ദഗി പാവിട്ടപ്പുറം
പള്ളിയറക്കൽ കുഞ്ഞിപ്പക്ക. പാവിട്ടപ്പുറം എന്ന ഗ്രാമം എന്നതിനേക്കാൾ അപ്പുറം വളരെ വിശാലമായ ഉപ മഹല്ലുകൾ കൊണ്ട് സമ്പന്നമായ പാവിട്ടപ്പുറം മഹല്ലിന്റെ ഒരു യുഗ പുരുഷൻ കൂടിയായിരുന്നു. പ്രാദേശികമായ ചരിത്രങ്ങൾ ഒരു വലിയ യൂണിവേഴ്സിറ്റി പുസ്തക ശാല കണക്കെ ഓർമ്മയിൽ സൂക്ഷിച്ച, ഏറ്റവും മനോഹരമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരാൻ കഴിവുള്ള ഒരു മഹത് വ്യക്തിത്വം കൂടിയായിരുന്നു പള്ളിയറക്കൽ കുഞ്ഞിപ്പക്ക.
കളരിപ്പയറ്റ് എന്ന ആയോധന കലയിൽ ഏറെ പ്രാവീണ്യം നേടിയിട്ടുള്ള അദ്ദേഹം, കേരളത്തിൽ തന്നെ ഏറ്റവും ചടുലമായ രീതിയിൽ കളം ചവിട്ടിയിരുന്ന അപൂർവ്വം ആളുകളിൽ ഒരാളായിരുന്നു.
പല ഗുരുക്കന്മാരിൽ നിന്നും കളരി പഠിച്ച അദ്ദേഹം കാടഞ്ചേരി വാപ്പുട്ടിക്ക കാഞ്ഞിരമുക്ക് എന്നവരിൽ നിന്നും വിദ്യ പഠിച്ചു കൊണ്ടിരിക്കെ കൂട്ടുകാരനുമൊത്ത് ഹൈദ്രു ഗുരുക്കൾ(ബാവ ഹാജിയുടെ ഹൈദ്രുക്ക) എന്നിവരുടെ അടുത്തേക്ക് പോവുകയും ഇദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ അദ്ദേഹം എടപ്പാൾ ഹംസത്തലി ഗുരുക്കളുടെ അടുത്തേക്ക് വിദ്യ പഠിക്കാൻ അയക്കുകയും ചെയ്തു. ആ ബന്ധം മരണം വരെയും രണ്ട് പേരും പരസ്പരം നില നിർത്തുകയും രണ്ടു കുടുംബങ്ങളും ഇന്നും ആ ബന്ധം നില നിർത്തി പോരുന്നുമുണ്ട്. എന്തൊരു ചെറിയ മുള്ളു കുത്തിയ മുറിവ് ഉണ്ടായാലും ഹംസത്തലി ഗുരുക്കളുടെ മക്കൾ വന്ന് ഒന്നു കൈപിടിച്ചാൽ വലിയ ആശ്വാസം ആണെന്ന് വിശ്വസിച്ചു പോന്നിരുന്ന അദ്ദേഹം കളരി എന്ന ആയോധന കലയെ അത്രമേൽ ചേർത്തു പിടിച്ചിരുന്നു.
കെട്ടു മർമ്മ കോലും, പള്ളകാലും, കളം ചവിട്ടലിന്റെ അകത്തളവും കണ്ട അദ്ദേഹത്തിന് വായുവും വെള്ളവുമൊയായിരുന്നു എന്ന് അനുഭവസ്ഥരായ കളരി ഗുരുക്കന്മാർ പങ്കു വെക്കുന്നു.
കൊച്ചിയിൽ മൂപ്പൻ ജോലിയായിരുന്ന അദ്ദേഹം ഉസ്താദുമാരുമായുള്ള ബന്ധം കഴിഞ്ഞേ കുടുംബവുമായി ബന്ധം ഉണ്ടായിരുന്നുള്ളു. കൊച്ചിയിലും ഗുരുക്കളെ കൊണ്ടു പോയി കളരി ക്ലാസ്സ് നടത്തിയിരുന്നു. ഇത്രയൊക്കെ അറിവുകൾ നേടിയിട്ടും അദ്ദേഹം ഒരു അടഞ്ഞ പാത്രം ആയിരുന്നു. കാരണം അറിഞ്ഞു കൈമാറാൻ തലമുറയുടെ ക്ഷമയെ അദ്ദേഹം സൂക്ഷ്മമായി തന്നെ പഠിച്ചിരുന്നു. ഇങ്ങിനെയൊക്കെ ആണെങ്കിലും പാവിട്ടപ്പുറം മഹല്ലിലെ ഏറ്റവും വലിയ ജുമാ മസ്ജിദിന്റെ പരിപാലനത്തിൽ ആരോഗ്യത്തോടെ ഇരുന്ന അവസാന നിമിഷവും സജീവമായിരുന്നു എന്നത് നാട്ടുകാർക്കെല്ലാം ഒരു പോലെ അറിവുള്ള വിഷയമായിരുന്നു.
മഹല്ലിലെ ഓരോ കുടുംബത്തിന്റെയും ഉറ്റവരെയും ഉടയവരെയും അടക്കം ചെയ്ത ഖബറിടം പോലും പള്ളിക്കാടിന്റെ ഏതു മുക്കു മൂലകളിൽ ആണെന്ന് വളരെ കൃത്യമായി പറയാൻ കഴിവുള്ള ആളായിരുന്നു അദ്ദേഹം. അദ്ദേഹതിന്റെ ജനാസ ഖബറിലേക്ക് വെക്കുന്ന സമയത്ത് വെല്ലിക്ക എന്ന വിളിപ്പേരുള്ള ഹംസക്കയുടെ തൊണ്ടയിടറുന്നത് സ്വലാത്ത് ചെല്ലുന്ന സമയത്ത് കേൾക്കാൻ സാധിച്ചു. അവർക്ക് ഗുരുവിന്റെ സ്ഥാനത്തായിരുന്നു പള്ളിയറക്കൽ കുഞ്ഞിപ്പക്ക.
എല്ലാ ഗ്രാമങ്ങളിലും ഉണ്ടായിരിക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യത്യസ്തനായ എന്നാൽ നമ്മൾ ആരും ശ്രദ്ധിക്കാതെ പോകുന്ന ഏറെ മഹത്വമുള്ള വ്യക്തിത്വങ്ങൾ. അത്തരത്തിലുള്ള ഒരു വലിയ മനുഷ്യനും നല്ല മനസ്സിന്റെ ഉടമയും ആയിരുന്നു പള്ളിയറക്കൽ കുഞ്ഞിപ്പക്ക. ഒരു നാടിന്റെ യുഗപുരുഷനായും ചരിത്ര പുസ്തകമായും ജീവിച്ച മനുഷ്യൻ. ഇന്നാ ചരിത്ര പുസ്തകം അടഞ്ഞു പോയിരിക്കുന്നു.
…