ഷൊർണൂർ: പാട്ടോളം എന്ന ഞരളത്ത് കലാശ്രമം കേരളസംഗീതോത്സവത്തിന് ഭാരതപ്പുഴയോരത്ത് തുടക്കമായി. പെരിങ്ങോട് മണികണ്ഠന്റെ വാദ്യകൈരളിയോടെ ആരംഭിച്ച പാട്ടോളം ഉത്ഘാടനവേദി തീര്‍ത്തും വ്യത്യസ്ഥമായ ഉത്ഘാടനചടങ്ങിനാണ് സാക്ഷ്യം വഹിച്ചത്. മുഖ്യ അതിഥികളായ രശ്മി സതീഷ്, ഉണ്ണികൃഷ്ണപാക്കനാര്‍, ഊരാളി മാര്‍ട്ടിന്‍, ജയപാലന്‍, രാമകൃഷിണന്‍, ഞെരളത്തിന്റെ പത്‌നി ലക്ഷ്മിക്കുട്ടിയമ്മ, കല്യാണിയമ്മ, എം.ആര്‍. മുരളി എന്നിവര്‍ ചേര്‍ന്ന് പന്ത്രണ്ടു മുളം തൈകള്‍ വേദിയില്‍ നട്ടുകൊണ്ടാണ് പാട്ടോളം 2017 ഉദാഘാടനം ചെയ്യപ്പെട്ടത്. കലാശ്രമം സമരഗായിക പുരസ്‌കാരം രശ്മി സതീഷിന് ലക്ഷ്മിക്കുട്ടിയമ്മ സമര്‍പ്പിച്ചു. ചടങ്ങില്‍ ജയപാലന്‍ എന്ന ആദ്യകാല സിനിമാ ഓപ്പറേറ്ററേയും നീന്തല്‍ വിദഗ്ദന്‍ രാമകൃഷ്ണനേയും ആദരിച്ചു. എം.എം. വാസുദേവന്റെ പുഴപ്പാട്ടോടുകൂടിയാണ് അരങ്ങുണര്‍ന്നത്. എം.ആര്‍. മുരളി, ഉണ്ണികൃഷ്ണപ്പാക്കനാര്‍, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭദ്രകാളിത്തോറ്റം, പൂരപ്പാട്ട്, ചിന്ത് പാട്ട്, മറുത്തുകളിപ്പാട്ട്, മുണ്ട്യേന്‍പാട്ട്, ഊരാളിയുടെ പാട്ടും പറച്ചിലും എന്നിവ അരങ്ങേറി. രണ്ടാം ദിവസം നാലുമണി മുതല്‍ മലയാളമുരളി, മുട്ടും വിളിയും, തുയിലുണര്‍ത്തുപാട്ട്, പൂപ്പടയാട്ടം, അമൃതസോപാനം, പാനപ്പാട്ട്, ചവളംതുള്ളല്‍, വിളക്കുകെട്ടുകളി, കാണിക്കാര്‍ കാട്ടുപാട്ടുകള്‍ എന്നിവയാണ് പാട്ടോളത്തില്‍ അവതരിപ്പിക്കുക. ചലചിത്ര നടന്‍ അനൂപ് ചന്ദ്രന്‍, ഓടക്കുഴല്‍ വിദ്വാന്‍ രാജേഷ് ചേര്‍ത്തല എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.