“ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുന്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓർഫ്യൂസ്” എന്നാണ് പ്രിയകവി ഓ. എൻ. വി. കുറുപ്പ് ശ്രീ വയലാറിനെ വിശേഷിപ്പിച്ചത് . ഇന്നത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളിലും പ്രസക്തമായവയാണ് അദ്ദേഹത്തിൻറെ രചനകൾ. ഒരു വ്യാഴവട്ടക്കാലം കൊണ്ട് തന്റെ കാവ്യകലാപ്രവർത്തനങ്ങളുടെ സമഗ്രതയിലൂടെ കേരളസംസ്കാരപൈതൃകത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറിയ കവി. കാവ്യ, സാംസ്കാരിക, രാഷ്ട്രീയമണ്ഡലങ്ങളിലെല്ലാം തന്റെ പ്രൌഢോജ്ജ്വലമായ സ്വരം കേരളസമൂഹത്തെ കേൾപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതോടൊപ്പം മലയാളസിനിമാസംഗീതത്തിന്റെ, ഭാഗധേയത്തിന്, അസൂയാജനകമായ ഒരു വളർച്ചയ്ക്കും കാരണഭൂതനാകാനും കഴിഞ്ഞു അദ്ദേഹത്തിന്. മലയാളസിനിമാസംഗീതത്തിന്റെ സുവർണ്ണകാലം എന്നു നിസ്സംശയം പറയാവുന്ന ഒരു കാലയളവിന്റെ ശില്പികളിലൊരാൾ ശ്രീ വയലാർ തന്നെ.
മലയാളിയുടെ സൌന്ദര്യസങ്കൽപ്പങ്ങൾക്കും രാഗാർദ്രമായ പ്രണയകല്പനകൾക്കും നിറച്ചാർത്തു നൽകിയ ഗാനശീലുകളും, കാവ്യബിംബങ്ങളും പകർന്നതു മാത്രമല്ല നിണമാർന്ന വിപ്ലവസ്വപ്നങ്ങൾക്ക് കാവ്യസൌരഭ്യത്തിന്റെ കരുത്തും ശേഷിയും ശേമുഷിയും നൽകുകയും ചെയ്ത ഈ കാവ്യകാരൻ 1927 മാർച്ച് 27ന് ആലപ്പുഴ ജില്ലയിലെ വയലാറിൽ ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ്മ. അമ്മ വയലാർ രാഘവപ്പറന്പിൽ അംബാലികത്തന്പുരാട്ടി. കുട്ടിക്കാലത്തു തന്നെ ഗുരുകുലസന്പ്രദായത്തിൽ സംസ്കൃതം പഠിച്ചു. വളരെ കർക്കശക്കാരനായിരുന്ന അമ്മാവനോടുള്ള മാനസികമായ അടുപ്പമില്ലായ്മയോ എതിർപ്പോ കാരണം കൂടിയാവണം ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും വളരെയടുത്ത ബന്ധം സ്ഥാപിച്ചു. ഒരു യാഥാസ്ഥിതികരാജകുടുംബത്തിൽ പെട്ട അദ്ദേഹം വിപ്ലവസ്വപ്നങ്ങളിൽ ആകൃഷ്ടനായി സ്വന്തം പൂണൂൽ തന്നെ ഉപേക്ഷിച്ചു. കവിതയുടെയും നാടകഗാനങ്ങളുടേയും ലോകത്തേക്ക് കടന്നു ചെല്ലുവാൻ പിന്നെ അധികം താമസം ഉണ്ടായില്ല.
തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ – 1948 ആഗസ്റ്റിൽ ആണു് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നത്., “പാദമുദ്രകൾ“ എന്ന പേരിൽ. പിന്നീട് “കൊന്തയും പൂണൂലും”(1950), “എനിക്കു മരണമില്ല”(1955), “മുളങ്കാട്” (1955), “ഒരു ജൂഡാസ് ജനിക്കുന്നു” (1955), “എന്റെ മാറ്റൊലിക്കവിതകൾ” (1957), “സർഗ്ഗസംഗീതം” (1961) തുടങ്ങിയ സമാഹാരങ്ങൾ പുറത്തു വന്നു.
ഇതിനിടയ്ക്കാണ് 1956ൽ ഖദീജാ പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ “കൂടപ്പിറപ്പ്” എന്ന സിനിമയിലൂടെ അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് തന്റെ ഹരിശ്രീ കുറിക്കുന്നത്. “തുന്പീ തുന്പീ വാ വാ” എന്നതാണ് ആദ്യഗാനം. പിന്നെ അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ ചലച്ചിത്രഗാനരംഗത്തും നാടകഗാനരംഗത്തും അദ്ദേഹത്തിന്റെ ഒരു ജൈത്രയാത്ര ആയിരുന്നു എന്നു തന്നെ പറയാം. ആകെ 256 ചിത്രങ്ങളിലായി 1300ഓളം പ്രൌഢസുന്ദരങ്ങളായ ഗാനങ്ങൾ. ഇതുകൂടാതെ ഇരുപത്തഞ്ചോളം നാടകങ്ങളിലായി 150ഓളം പ്രശസ്തങ്ങളായ നാടകഗാനങ്ങൾ.
ബ്രദർ ലക്ഷ്മണൻ മുതൽ കെ. ജെ. ജോയ് വരെ 22 സംഗീതസംവിധായകരുമായി അദ്ദേഹം പ്രവർത്തിച്ചു. എങ്കിലും പരവൂർ ജി. ദേവരാജൻ എന്ന സംഗീതരാജശില്പിയുടെ കൂടെയാണ് ഈ പ്രതിഭാശാലി ഏറ്റവും അധികം ഗാനങ്ങൾ ചെയ്തത്. മലയാളസിനിമാഗാനരംഗത്തെ നരനാരായണന്മാരായ ഇവരുടെ കൂട്ടുകെട്ട് ഒരു ലോകറിക്കാർഡാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ പത്താം വാർഷികദിനത്തിൽ അവർ ചെയ്ത “ബലികുടീരങ്ങളേ”* എന്ന ഗാനത്തിൽ നിന്നു തുടങ്ങിയ ഈ അപൂർവ്വകൂട്ടുകെട്ടിൽ നിന്ന് 137 ചിത്രങ്ങൾക്കു വേണ്ടി 736 ഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടു. (*ഈ പാട്ട് പിന്നീട് “വിശറിക്കു കാറ്റു വേണ്ട” എന്നാ നാടകത്തിലും ഉപയോഗിക്കപ്പെട്ടു).
1961-ലെ കേരളസാഹിത്യ അക്കാദമി അവാർഡ്, ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് (3 തവണ – 1969, 1972, 1974), ഏറ്റവും നല്ല ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് (1972) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
“ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്നു പാടിയ ഈ അനുഗൃഹീതകവി 1975 ഒക്ടോബർ 27 ന്, വയലാർ രക്തസാക്ഷിദിനമായ ഒരു തുലാം പത്തിന്, തന്റെ നാൽപ്പത്തിയെട്ടാം വയസ്സിന്റെ ചെറുപ്പത്തിൽ നമ്മോടു യാത്രപറഞ്ഞു. മലയാളവും മലയാളിയും മരിക്കുന്നതു വരെ മറക്കാത്ത, മറക്കാൻ കഴിയാത്ത, എണ്ണമറ്റ അനശ്വരഗാനങ്ങൾ നമുക്കു തന്നിട്ടാണ് അദ്ദേഹം യാത്രയായത്.
പുരോഗമനകലാസാഹിത്യസംഘം ചേമഞ്ചേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ നാൽപത്തിരണ്ടാം ചരമദിനമായ ഒക്ടോബർ 27ന് പൂക്കാട് എഫ്. എഫ് ഹാളിൽ ‘പാട്ടിൻറെ തേന്മഴ’ എന്ന പേരിൽ ജനകീയ സംഗീതപരിപാടി സംഘടിപ്പിക്കുന്നു. ചേമഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അറിയപ്പെടാത്ത ഗായകരെ കണ്ടെത്തി പരിശീലനം നൽകി വേദിയിൽ അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ചെയർമാനും കെ.ശ്രീനിവാസൻ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.