മന്ത്രിപരിചയം
ഡോ.അശ്വതിരാജൻ
സഖാവ് പി രാജീവ് വ്യക്തിയെന്നതിനപ്പുറം വളർന്നു പാർട്ടിയുടേതെന്നല്ല, കാലഘട്ടത്തിന്റെ അടയാളമാവാൻ കെൽപ്പുള്ള അറിവിന്റെയും അലിവിന്റേയും വഴിയായാണ് നമുക്കനുഭവമാകുന്നത്. അദ്ദേഹം ഒരു ചലിക്കുന്ന ലോകോത്തര ലൈബ്രറിയാണെന്നെഴുതിയാൽ ഒട്ടും അതിശയോക്തിയാവില്ല. താൻ സമ്പാദനം ചെയ്യുന്ന അറിവുകളെ എത്ര കൃത്യമായാണ് സാമൂഹിക വളർച്ചയ്ക്കും ഉന്നമനത്തിനുമായി അദ്ദേഹം പാകപ്പെടുത്തിയെടുക്കുന്നതെന്ന് രാജ്യം മുഴുവൻ ഉറ്റുനോക്കിയ പ്രതിഭാസമാണ്. പതിറ്റാണ്ടുകളുടെ ഉൾക്കരുത്തും മേധയും സ്നേഹവുമാണ് ഇന്ന് നമുക്ക് മുന്നിൽ നിൽക്കുന്ന പ്രിയ സഖാവ്, ബഹു. വ്യാവസായിക/നിയമ വകുപ്പ് മന്ത്രി പി രാജീവ്.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കമ്യുണിസ്റ് ജീവിതമാരംഭിച്ചു. 54ലും മനസിലെ ചുവപ്പിന് പക്ഷേ യൗവ്വനത്തെക്കാൾ തീക്ഷ്ണതയാണ്. അലിവിന്റെ മണവും കരുതലിന്റെ ശബ്ദവുമാണു സഖാവെന്നു പലരും മനസിലാക്കിയിട്ടുണ്ടാവാം. അതുകൊണ്ടു തന്നെ വരമ്പുകളില്ലാതെ എല്ലാ മനുഷ്യരും സഖാവിനു വേണ്ടപ്പെട്ടവരാകുന്നു. പങ്കി ചേച്ചിമാർക്ക് മകനായും ഇന്നത്തെ തലമുറയ്ക്ക് പിശുക്കയഞ്ഞ, ഇനിയും ഉയരത്തിലേക്ക് എന്നു മുതുകിൽ തട്ടി ഉത്‌ഘോഷിക്കുന്ന വെളിച്ചമായും സഖാവ് പരിണമിക്കുന്നു.
മുറിപ്പാടുകൾ ബാക്കി നിൽക്കുന്ന കടുത്ത സമരകാലത്തിലൂടെയാണ് സഖാവ് പി രാജീവ് പാർട്ടിയുടെ ഭാഗമാവുന്നത്. SFI ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് എറണാകുളത്ത് നടന്ന കരിങ്കൊടി പ്രതിഷേധത്തിൽ സഖാവു നേരിട്ട പോലീസ് നരനായാട്ട് ഏറെക്കുറെ നമുക്കെല്ലാവർക്കും അറിയാൻ കഴിഞ്ഞിട്ടുള്ള ഒരേടാണ്. ചോര വാർന്നൊഴുകുമ്പോഴും സഖാവിന്റെ പ്രതിഷേധ സ്വരം ഉയർന്നു കേട്ടിരുന്നു. സഖാവിന്റെ സമരകാലത്തിനു സാക്ഷിയാവാൻ ഇന്നത്തെ തലമുറയ്ക്കു സാധിച്ചില്ല എങ്കിലും അദ്ദേഹത്തിൻറെ സാമൂഹിക ഇടപെടലുകളിൽ നിന്ന് അതേ സമരവീര്യം പകർത്തി എടുക്കുവാൻ ഈ തലമുറയ്ക്കു നിശ്ചയമായും കഴിഞ്ഞിട്ടുണ്ട്.
സഖാവു പി രാജീവിന്റെ ഇന്നോളമുള്ള യാത്രയിൽ നിരവധി ഘട്ടങ്ങളും അനുഭവ പരമ്പരകളും കടന്നു പോയിട്ടുണ്ട്. എന്നിരുന്നാലും ആറു സുപ്രധാന ഘട്ടങ്ങളായി തിരിച്ച് അവയെ അടുത്തറിയാം.
1 വിദ്യാർത്ഥി സംഘടനാ കാലഘട്ടം
2 പത്രപ്രവർത്തന രംഗം ( ദേശാഭിമാനി സബ് എഡിറ്റർ)
3 രാജ്യസഭാംഗം
4 ജില്ലാ സെക്രട്ടറി
5 ദേശാഭിമാനി ചീഫ് എഡിറ്റർ
6 വ്യാവസായിക/നിയമ വകുപ്പ് മന്ത്രി
വിദ്യാർത്ഥി ജീവിതം : തൃശൂർ ജില്ലയിലെ മേലഡൂരിൽ റവന്യു ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീ. വാസുദേവന്റെയും ശ്രീമതി. രാധ വാസുദേവന്റെയും മകനായി ജനനം. മേലഡൂരിലെ സ്കൂൾ കാലഘട്ടത്തിനു ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും പ്രീഡിഗ്രി, കളമശ്ശേരി സെയ്ന്റ് പോൾസിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. തുടർന്ന് എറണാകുളം ഗവർമെൻറ് ലോ കോളേജിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. കൂടാതെ കളമശേരി പോളിടെക്‌നികിൽ നിന്നും കെമിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമയും അദ്ദേഹം നേടി. പൂർണ്ണമായ രാഷ്ട്രീയ ജീവിതം സ്വീകരിക്കുന്നതിനു മുൻപായി സ. പി രാജീവ് ഹൈക്കോടതിയിൽ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിരുന്നു.
ലോ കോളേജിലെയും പോളിടെക്‌നിക്കിലെയും കാലമാണ് സഖാവിന്റെ വിദ്യാർത്ഥി ജീവിതത്തിൽ പതിച്ച അതിതീക്ഷ്ണമായ സമര വെയിലുകൾ എന്നു പറയാം. മണ്ണിനോടും മനുഷ്യനോടും അക്ഷരങ്ങളോടും അദ്ദേഹത്തിന് അതിരില്ലാത്ത, വ്യവസ്ഥകൾക്കതീതമായ സ്നേഹമാണ്. സമര തീക്ഷ്ണത ഒട്ടും ചോരാത്ത അക്കാദമിക മികവുള്ള, എന്നാൽ ലാളിത്യം വേണ്ടുവോളമുള്ള പ്രഭാഷണ ശൈലിയാണ് സ. പി രാജീവിന്റേത്. വ്യക്തിപരമായി മനസിലാക്കിയതിൽ ആ പ്രഭാഷണത്തിന് പൊതുവിൽ ഒരു താളപദ്ധതികൂടിയുണ്ടെന്നുള്ളത് അത്ഭുതമുളവാക്കുന്ന വസ്തുതയാണ്. അറിവു നിറച്ച ഒരു ഭാണ്ഡമായി അതെനിക്കു തോന്നാറുണ്ട്. എന്നാൽ അതെന്റെ കാതിലൂടെ ഒഴുകി തലച്ചോറിലെത്തുന്നത് ഞാൻ പോലുമറിയാത്ത ലാളിത്യത്തിലാണ്. ലോകോത്തരമായ പല സംജ്ഞകളുടെ താരതമ്യങ്ങളും, പല ജീവിതങ്ങളുടെ കാഴ്ചകളും സഖാവിന്റെ മൊഴിയിലൂടെ ഒഴുകിയെത്തും.
സഖാവ് തന്റെ വിദ്യാർഥി ജീവിതം മുതൽക്ക് തന്നെ നമ്മെ നിരന്തരം ഉത്‌ബോധരാക്കുകയും തുറന്നിട്ട ഒരു കാഴ്ച്ചപ്പാടിനായി എരി ഉണർത്താൻ ഉതകും വിധം അറിവു പകരുകയും ചെയ്തിരുന്നു. പതിഞ്ഞ താളത്തിൽ സൗമ്യനായി പുഞ്ചിരിച്ചു കൊണ്ട് സഖാവ് തുടങ്ങും. പിന്നീട് അതിഗഹനമായ പല ചിന്തകളിലേക്കും ആ വാഗ് സരണികൾ ഒഴുകി പരക്കും. ഒരു പക്ഷേ, സർവകലാശാലാ ക്ലാസ്സുകളിൽ നിന്നു കിട്ടുന്നതിനേക്കാൾ മികച്ചത്, ആത്മാർത്ഥമായത് പലഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് അവിടുന്ന് ലഭിച്ചിട്ടുണ്ടാവാം. പത്രപ്രവർത്തന രംഗത്തും എഴുത്തിലുമായാണ് പിന്നീട് സഖാവിന്റെ ശക്യമായ പ്രവൃത്തി ചാരുത നമ്മൾ കണ്ടത്. മികച്ച എഡിറ്റോറിയലിനുള്ള പന്തളം കേരളം വർമ്മ പുരസ്കാരം 2006ൽ ദേശാഭിമാനി സബ് എഡിറ്റർ ആയിരിക്കെ അദ്ദേഹത്തിന് ലഭിച്ചു. ഈയിടെ മലയാളത്തിന്റെ പ്രിയ കഥാകാരൻ സേതു, സഖാവിന്റെ സാഹിത്യ താത്പര്യത്തെ കുറിച്ചു പറഞ്ഞതോർക്കുന്നു. കേവലം ഒരു ചെറിയ വിമാനയാത്ര പോലും വായനയ്ക്കും എഴുത്തിനും വേണ്ടി ചിലവഴിക്കുന്ന, ഉറക്കമൊഴിച്ചുള്ള സമയങ്ങൾ മുഴുവനും ലോകത്തിനായി ചരിക്കുന്ന ഒരു സ്നേഹ വെളിച്ചം തന്നെയാണ് സഖാവെന്നു തോന്നുന്നത് തികച്ചും സ്വാഭാവികമാണ്.
2009 മുതൽ 2015 വരെ സ. പി രാജീവ് രാജ്യസഭയിൽ അംഗമായിരുന്നു. ഓരോ മലയാളിയെ സംബന്ധിച്ചും രാജ്യസഭ എന്നു കേൾക്കുമ്പോൾ അത്രയും ചേർത്തു വച്ച പേരാവാം സഖാവിന്റേത്. പാർലമെന്റ് ഹൗസിൽ അത്രയേറെ ഗഹനമാം വിധം ഇടപെടലുകൾ നടത്തിയ മറ്റൊരാളെ ചൂണ്ടിക്കാണിക്കുകവയ്യ. രാജ്യത്തെ വ്യാവസായിക, സാമ്പത്തിക രംഗങ്ങളെക്കുറിച്ച്, ജലസ്രോതസ്സിനെക്കുറിച്ച്, അങ്ങനെ വിവിധ തുറകളെ സംബന്ധിച്ച വിഷയങ്ങളിലേക്ക് സഖാവിന്റെ സൂക്ഷ്മമായ നിരീക്ഷണം കടന്നു ചെല്ലുകയും കൃത്യവും വ്യക്തവും എന്നാൽ മറ്റാരാലും പരാമര്ശിക്കപ്പെടാത്തതുമായ ഗൗരവപരമായ ചോദ്യങ്ങൾ പാർലമെന്റിൽ ഉയർത്തുകയും അവയെ സംബന്ധിച്ച നടപടികളെ നിരന്തരം പിന്തുടരുകയും ചെയ്തു. പാർലമെന്റിൽ നിന്നും തിരികെ വന്ന ശേഷവും പാർലമെൻ്റിൽ എങ്ങനെ ക്രിയാത്മകമായ ഇടപെടലുകൾ നടത്താം എന്നതിനെ കുറിച്ച് സാമാജികരുടെ അടുത്ത തലമുറയ്ക്ക് അറിവു പകരുന്നതിനായി സഖാവ് പ്രത്യേകം ക്ഷണിക്കപ്പെട്ടു. മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന പുരസ്‌കാരം 2015ൽ സഖാവിനു ലഭിച്ചു.
കോവിഡിന്റെ ആദ്യ ക്വാറന്റൈൻ കാലം അധികവും ദിവസങ്ങൾ തുടങ്ങിയിരുന്നത് സഖാവ് പി രാജീവിന്റെ ഹസ്ര്വ പ്രഭാഷണങ്ങൾ കേട്ടു കൊണ്ടായിരുന്നു. സഖാവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സജീവമാകുന്നതും അക്കാലത്തു തന്നെ. ഫേസ് ബുക്ക് ലൈവ് വഴി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പാഠങ്ങൾ ലഘൂകരിച്ച്, എന്നാൽ അതിന്റെ ഗൗരവപരമായ പരിസരങ്ങളെ പ്രതിപാദിച്ച് സാധാരണക്കാരിലേക്കെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. പിന്നീടത് കേട്ടിരുന്ന എല്ലാവർക്കും ഒരാവേശമായി അത് മാറി. അതേ വായനകൾ, 2021 ൽ “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ; സമകാലീന വായനകൾ” എന്ന കൃതിയായി ചിന്ത പബ്ലിക്കേഷന്സിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. ഭരണഘടന: ചരിത്രവും സംസ്കാരവും,എന്തുകൊണ്ട് ഇടതുപക്ഷം, സത്യാനന്തരകാലത്തെ പ്രതീതി നിർമ്മാണം, കാഴ്ചവട്ടം, 1957 ഇ.എം.എസ് മന്ത്രിസഭ: ചരിത്രവും രാഷ്ട്രീയവും, ആഗോളവത്കരണകാലത്തെ ക്യാമ്പസ് എന്നിവയാണ് അദ്ദേഹം രചിച്ച മറ്റു പ്രധാന കൃതികൾ.
സഖാവിനെ കുറിച്ച് എഴുതുന്നത് പോരാതെ വരുമല്ലോ, നെല്ലോളമല്ലേ എനിക്കറിവുണ്ടാകു എന്ന സംശയം എന്റെ മാർഗദർശിയോട് ( ശ്രീ. കടാങ്ങോട് പ്രഭാകരനോട്) പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം അത്രയും തന്നെ സ്നേഹത്തോടെയും മമതയോടെയും നേർത്ത സ്വരത്തിൽ പറഞ്ഞു; സഖാവ് നിസ്സംശയം ചലിക്കുന്ന ഒരു എൻസൈക്ലോപീഡിയയാണ്. സാഹിത്യകാരന്മാർ, കലാകാരന്മാർ, അദ്ധ്യാപകർ, ദൈനംദിന തൊഴിലാളികൾ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, കച്ചവടക്കാർ തുടങ്ങി സമൂഹത്തിലെ പല തുറകളിൽപ്പെട്ടവർ സഖാവിനു തിരികെ നൽകുന്ന സ്നേഹം അദ്ദേഹം നമുക്ക് എത്ര വേണ്ടപ്പെട്ടവനാണെന്ന യാഥാർഥ്യം സാക്ഷ്യപ്പെടുത്തുന്നു.
ദേശാഭിമാനിയിൽ മുഖ്യ പത്രാധിപർ ആയിരുന്ന സഖാവ് ദി റിസേർച്ചർ എന്ന ഗവേഷണ ജേർണലിന്റെ ചീഫ് എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. എംപി ഫണ്ടിലൂടെ ആതുര സേവന രംഗത്തും ശുചിത്വ പരിപാലന രംഗത്തും നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക, കൂടുതൽ ഉന്നമനത്തിലേക്ക് അവരെ നയിക്കുക എന്നതിലൂന്നിയതാണ് സഖാവിന്റെ പ്രത്യയ ശാസ്ത്രം. ആലുവ, കണ്ണൂർ ജില്ലാ ആശുപത്രികളിൽ ഡയാലിസിസ് സെന്ററുകൾ, എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആധുനിക ട്രോമാ കെയർ ആംബുലൻസ്, എറണാകുളം ജില്ലാ ആശുപത്രിയിൽ എംആർ ഐ സ്കാൻ സെന്റർ , ലീനിയർ ആക്‌സിലറേറ്റർ ഫോർ റേഡിയേഷൻ, ഭിന്നശേഷിവിഭാഗക്കാർക്കായി നൽകിയ യന്ത്രവത്കൃത മുച്ചക്ര വാഹനങ്ങൾ തുടങ്ങീ സംരംഭങ്ങൾ അദ്ദേഹത്തിൻറെ പ്രവർത്തന മികവിനെയും സാമൂഹിക ‘ പ്രതിപദ്ധതയെയുമാണ് ചൂണ്ടിക്കാണിക്കുന്നത്.
കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴേ സഖാവിനു പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. ശാസ്ത്രം, കല, സാഹിത്യം, കൃഷി, വ്യവസായം, സാമ്പത്തികം, നിയമം തുടങ്ങി ഏതു വിഷയത്തിലും സഖാവിനുള്ള ഗ്രാഹ്യം അദ്ദേഹത്തിൻറെ സാമൂഹിക പ്രവർത്തനത്തിലും ഇടപെടലുകളിലും സുവ്യക്തമാണ്.
എഴുത്തിലും വായനയിലുമെന്നതു പോലെ ജൈവ കൃഷിയിലും അദ്ദേഹം സകുടുംബം മാതൃകയാവുന്നു. പ്രൊഫ. സുനിൽ പി ഇളയിടത്തിന്റെ കാലത്തെ ഭേദിക്കുന്ന ശക്തമായ സാഹിത്യായുധം, “മഹാഭാരതം: സാംസ്‌കാരിക ചരിത്രത്തി”നു സഖാവ് ആസ്വാദനമെഴുതുന്നത് ഒരു കൃഷി ഇടവേളയിലാണെന്നുള്ളത് കൗതുകകരമായ കാര്യമാണ്.
എല്ലായ്‌പ്പോഴും കർമ്മനിരതനായിരിക്കുന്നവൻ, ഒരു കുടുംബ നിർമ്മിതിക്കകത്തു നിൽക്കുമ്പോഴും സാമൂഹിക പ്രവർത്തനത്തിനു മുഴുവൻ മൂല്യം കൊടുത്ത് കൊണ്ടുള്ള പൊതു ജീവിതം. അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി വാണി കേസരിയും (Director, School of Legal Studies at CUSAT), പുത്രിമാരായ ഹരിത, ഹൃദ്യ എന്നിവരും നല്കുന്ന സ്നേഹവും പിന്തുണയും സഖാവെന്ന പ്രത്യയ ശാസ്ത്രത്തിന്റെ വളർച്ചയ്ക്കു കരുത്തുപകരുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക