ഹൃദയത്തിൽ കണ്ണുള്ളവർ

0
587
athmaonline-pv-ajusha-thumbnail

കോവിഡ് കാല ഓർമകൾ – മൂന്ന്

അജുഷ പി.വി

അന്യഭാഷാ സിനിമകളെന്നാൽ അന്യദേശയാത്രകൾക്കൂടിയാണ്. ഒരു ദേശത്തെ ഭൂപ്രകൃതിയേയും സംസ്കൃതിയേയും ജീവിതരീതിയേയുമല്ലാം തൊട്ടറിയുന്നവിധം ഇന്ദ്രിയാനുഭവങ്ങൾ തരാൻ കഴിയുന്ന ദൃശ്യാവിഷ്ക്കാരമാകാൻ സിനിമയ്ക്ക് കഴിയും.  യാത്രാവിലക്കുകൾ അനിവാര്യതയാകുമ്പോൾ ഉള്ളിലെ സഞ്ചാര അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ സിനിമകൾക്ക് സാധിച്ചേക്കും. അത്തരത്തിൽ ടർക്കിഷ് മലനിരകളുടെ മനോഹാരിത കൊണ്ടും പ്രമേയത്തിന്റെ ആകർഷകത്വം കൊണ്ടും കാഴ്ചക്കാരെ സമാനതകളില്ലാത്ത അതിശയലോകത്തിലെത്തിക്കുന്നു ‘ദ മിറാക്കിൾ’ ( Mucize) .

The Miracle Mucize

‘പ്രതീക്ഷ അസ്തമിക്കുന്നിടത്ത് അത്ഭുതങ്ങൾ ആരംഭിക്കുകയായി’ എന്ന ശീർഷകത്തോട് അത്രമേൽ ആഭിമുഖ്യം പുലർത്തുന്നു തുടക്കം മുതലുള്ള രംഗങ്ങൾ. 1960 കളിലെ ഉൾനാടൻ ടർക്കിഷ് ചുറ്റുപാടുകളിൽ വികസിക്കുന്ന കഥാതന്തു. അധ്യാപനമെന്നത് ഉപജീവനത്തേക്കാൾ പാഷൻ ആയികൊണ്ടു നടക്കുന്ന ‘മാഹിർ ‘ . തനിക്ക് നിയമനം ലഭിച്ച, തീർത്തും  അവികസിതമായ ഒരു ഗ്രാമത്തിലേക്ക് തൻ്റെ ഭാര്യയുടെ എതിർപ്പുകളെ വകവയ്ക്കാതെ അധ്യാപനവൃത്തിക്കായി പോകുന്നു.  ചെല്ലേണ്ടയിടത്തിനും എത്രയോ മുൻപ് അവസാനിച്ച റോഡിൽ ബസ്സിറങ്ങി മാഹിർ നടത്തുന്ന കാൽനടയാത്രയിൽ കാണുന്ന മനോഹരമായ കുന്നുകൾ, വളരെ തരിശായി കിടക്കുന്ന അവിടങ്ങളിൽ മനുഷ്യവാസം സാധ്യമാണോ എന്ന് സംശയിച്ച് പോകും. തുർക്കിയിലെ കാസ് ഭാഗങ്ങളിലെ കണ്ണെത്താ ദൂരത്തോളം നിരന്ന് കിടക്കുന്ന മലനിരകളുടെ ഭംഗി ആ രംഗങ്ങളിൽ കാണാൻ സാധിക്കും. പിന്നീടുള്ള ഓരോ ഫ്രെയിമിലും കഥയുടെ വൈകാരികതയ്ക്കനുസൃതമായി ഭൂദൃശ്യങ്ങളുടെ വശ്യസൗന്ദര്യം കൃത്യമായി ഉപയോഗിക്കാൻ ‘സോയ്കുത്ടുരാന്റെ’ കാമറക്കണ്ണുകൾക്ക് കഴിഞ്ഞു.



ജീവിക്കുന്ന ദേശത്തിന്റെ പ്രത്യേകതകളായിരിക്കാം ഒരു കാലഘട്ടം വരെ മനുഷ്യജീവിതത്തിന്റെ സാംസ്കാരിക പുരോഗതിയെ നിർണ്ണയിച്ചത്. ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ അപരിഷ്കൃതമെന്ന്  തോന്നിക്കുന്ന ജിവിതത്തിലേക്കാണ് ആ അധ്യാപകൻ കടന്ന് ചെല്ലുന്നത്. ആ കാലഘട്ടത്തിലെ ടർക്കിഷ് വസ്‌ത്രധാരണവും വീടുകളും ജീവിതരീതിയുമെല്ലാം മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പുതുമയുള്ള ദൃശ്യങ്ങളാണ്.

The Miracle Mucize

അധികാര വർഗ്ഗത്തിന്റെ തികഞ്ഞ അവഗണയിൽ ജീവിച്ചുവന്നിരുന്ന അവർക്ക് മാഹിറിന്റെ വരവ് പ്രതീക്ഷയായിരുന്നു. പക്ഷെ കെട്ടിടമോ മറ്റ് സൗകര്യങ്ങളോ ലഭിക്കുകയില്ല എന്നറിഞ്ഞ് പോവാൻ തുടങ്ങിയ മാഹിർ, പെൺകുട്ടികളെയും പഠിപ്പിക്കാമെന്ന ഗ്രാമമുഖ്യനുമായുള്ള ഉടമ്പടിയിൽ തിരിച്ച് വരുന്നു.



സ്നേഹമെന്ന ഭാഷ എത്ര പെട്ടന്ന് ഒരാളെ സ്വീകാര്യനാക്കുമെന്ന് കാണിച്ച് തരുന്നു മാഹിർ. ആ ഭാഷയിലാണ് അയാൾ അവരോട് സംവദിച്ചത്. അവിടെയുള്ള മനുഷ്യരും പ്രകൃതിയും അയാളുടേത് കൂടെയായി മാറുന്നു. മാഹിറിന്റെ സ്നേഹവും അനുകമ്പയും അത്രമേൽ അനുഭവവേദ്യമാകുന്നത്, അന്തർമുഖനും ഭിന്നശേഷിക്കാരനും ഗ്രാമമുഖ്യന്റെ മകനുമായ അസീസിനെ ചേർത്ത് പിടിക്കുമ്പോഴാണ്. തന്റെ കുതിരയോടല്ലാതെ മറ്റാരോടുമായും അടുപ്പം സൂക്ഷിക്കാത്ത അസീസ്, ഒരു വശം തളർന്നു പോയതിനാൽ സംസാരിക്കുവാനും ബുദ്ധിമുട്ടിയിരുന്നു. ഗ്രാമവാസികളുടെ പരിഹാസങ്ങളാൽ അപഹാസ്യനായി ദൈവത്തോട് സങ്കടങ്ങൾ പറയാൻ മലയുടെ മുകളിൽ കയറി ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന അസീസും മലനിരകളുടെ മഞ്ഞച്ച നിറവും കുതിരയും ചേരുന്ന ചിത്രം, അയാളുടെ ദൈന്യത കൂടുതൽ അനുഭവവേദ്യമാക്കുന്നു. പിതൃതുല്യമായ വാത്സല്യത്തോടെ സമീപിക്കാൻ സാധിക്കുന്നതിലൂടെ അസീസിന്റെ ജീവിതത്തിൽ മാഹിർ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുന്നു. അയാൾ ചെറിയ ശബ്ദങ്ങൾ ഉച്ചരിച്ച്‌ തുടങ്ങുകയും ചിത്രങ്ങൾ വരക്കുകയും ചെയ്യുന്നു. ഈ കാഴ്ച സ്ക്കൂളിന്റെ ജാലകത്തിനപ്പുറത്തു നിന്നും നിറഞ്ഞ മനസ്സോടെ നോക്കി നില്ക്കുന്ന അച്ഛന്റെ നിറഞ്ഞ കണ്ണുകൾ പ്രേക്ഷകരേയും ആനന്ദക്കണ്ണീരിലാഴ്ത്തും. അസീസിന്റെ വികലതകളെ തന്റെ ക്ഷമയും സൗമനസ്യവും കൊണ്ട്  കീഴ്പ്പെടുത്താൻ പ്രയത്നിക്കുന്നു മാഹിർ.

The Miracle Mucize

വിചിത്രമായ അവരുടെ ചില ആചാരങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിലൂടെ സിനിമ കൂടുതൽ ആസ്വാദ്യമാവുന്നു. മറ്റ് ഗ്രാമങ്ങളിൽ പോയി വധുവിനെ തിരഞ്ഞെടുക്കാൻ ഗ്രാമത്തിലെ പെണ്ണുങ്ങളുടെ ഒരു സംഘമാണ് പോകുന്നത് . അവരുടെ പുറകേ പോയി ഭാവി വധുവിനെപ്പറ്റിയുള്ള സൗന്ദര്യ സങ്കൽപ്പങ്ങൾ വർണ്ണിച്ചു കൊടുക്കുന്ന വരൻമാർ രസകരമായ കാഴ്‌ചയാണ്. പക്ഷേ ഖുറാൻ പരിചയവും പാചകവും പോലെയുള്ള സ്വഭാവങ്ങൾ മാത്രം പരിഗണിച്ച് കല്യാണം കഴിച്ച് കൊണ്ടു വരുന്ന പെണ്ണിനെ ആദ്യരാത്രി ആദ്യമായി കാണുന്ന വരൻമാരുടെ പ്രകടനങ്ങൾ എല്ലാവരേയും ചിരിപ്പിക്കും. ആകസ്മികമായ ഒരു സംഭവത്തോടെ അസീസിന് വധുവായി മിസ്ഗിൻ എന്ന അതിസുന്ദരിയെ ലഭിക്കുന്നു. ഗ്രാമവാസികളുടെ കളിയാക്കൽ അസീസിനുണ്ടാക്കുന്ന പ്രതിസന്ധിയിലും മാഹിർ ആണ് സംരക്ഷകനായി മാറുന്നത്. പിന്നീട് ഒരു ഘട്ടത്തിൽ അസീസിനേയും മിസ്ഗിനേയും കാണാതാവുന്നു. അധ്യയനകാലം അവസാനിപ്പിച്ച്  തിരിച്ചു പോകുന്ന മാഹിറിനെ യാത്രയയക്കുന്ന ഗ്രാമവാസികളുടെ വികാര പ്രകടനങ്ങളും വാക്കുകളും എത്രമാത്രം അവരിൽ ഒരാളായി മാഹിർ മാറിയിരുന്നു എന്ന് അനുഭവിപ്പിക്കുന്നു. ഏഴ് വർഷത്തിനു ശേഷം തിരിച്ചു വന്ന മാഹിർ, വൈകല്യങ്ങളിൽ നിന്നും മോചിതനായ അസീസിനേയും കുടുംബത്തേയും ഗ്രാമവാസികൾക്ക് സ്നേഹസമ്മാനമായി നല്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. സിനിമയുടെ രണ്ടാം പതിപ്പ്, മാഹിറിന്റെ  സ്നേഹത്തണലിൽ മസ്ഗിന്റെ നിർലോഭ പ്രണയത്തിൽ അസീസിന്റെ ജീവിതത്തിൽ നടക്കുന്ന ഏഴ് വർഷം നീണ്ട പരിവർത്തനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്.

The Miracle Mucize

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി മാസൂൺ കിർമിസിഗൂൽ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച മിറാക്കിൾ അഥവാ മുജിസെ, തുർക്കിയുടെ സ്വർഗ്ഗീയ സുന്ദര പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ദൃശ്യവിരുന്നാണെന്ന് പറയാതെ വയ്യ. അഭിനേതാക്കളുടെ പ്രകടനമികവ് സിനിമയുടെ സംവേദനത കൂടുതൽ അനായാസമാക്കുന്നു. ഒഴിവാക്കാൻ പറ്റാത്ത നിയന്ത്രണങ്ങളാൽ ഏകാന്തമാവുമ്പോൾ കണ്ണും മനസ്സും നിറയുന്ന അനുഭവമാകുന്നു ചില ചലച്ചിത്രങ്ങൾ. നിരുപാധികമായ സ്നേഹത്തിനും സഹാനുഭൂതിക്കും അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് പറഞ്ഞുവയ്ക്കുന്നു “ഹൃദയത്തിൽ കണ്ണുള്ളവരുടെ ” കഥ പറയുന്ന മുജിസെ.

തുടരും…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here