സിന്ദൂരകിരണമായ്…

0
654

ഗിരീഷ് വർമ്മ ബാലുശ്ശേരി

ശ്യാമനന്ദനവനിയില്‍ നിന്നും
നീന്തിവന്നൊരു നിമിഷമേ
ലോലമാം നിന്‍ ചിറകുരുമ്മി
ഉണര്‍ത്തി നീയെന്നെ…

ഈ ഗാനമാണെന്നേ മാധുരി എന്ന ഗായികയുമായി ഏറെ അടുപ്പിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതം തോന്നും ചിലർക്ക്. രതിനിർവ്വേദത്തിലെ അത്ര പ്രചാരത്തിൽ വരാത്ത ഈ ഗാനം പക്ഷെ എന്നെ കൊണ്ടെത്തിച്ചതെവിടെയൊക്കെ, വരികളിൽ എഴുതിയിടാൻ പോലും ആവില്ല. കൗമാരകാല കുതൂഹലങ്ങൾ വേട്ടയാടിപ്പിടിച്ച നിമിഷങ്ങളെയോർത്താണോ, വികാരവേലിയേറ്റങ്ങളിൽ മുങ്ങിത്താണുപോയവരെ ഓർത്താണോ… അറിയില്ല… കവിത പോലുള്ള ഗാനമെഴുതിയ കാവാലം ? ദേവസംഗീതം? മാധുരിയുടെ പാട്ടുകളിലെ അപൂർവത ?
മാധുരിയുടെ ഗാനശേഖരത്തിൽ നിന്നും ആദ്യമെടുത്തുവെയ്ക്കുന്നു ഈ ഗാനം..

https://www.youtube.com/watch?v=Bijw_BVKhK8

ദേവരാജസംഗീതം

ജി ദേവരാജൻ എന്ന സംഗീതജ്ഞൻ ചെയ്‌തുവെച്ചു പോയ നൂറുക്കണക്കിന് ഗാനങ്ങൾക്ക് ദേവസംഗീതത്തിന്റെ മധുരിമ. മാധുരിക്കായ് അദ്ദേഹം അഞ്ഞൂറോളം ഗാനങ്ങൾ അനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ആകെ മാധുരിയുടെ അക്കൗണ്ടിൽ 550 ലധികം പാടുകളുണ്ട്. അതിൽ തന്നെ അഞ്ഞൂറോളം എന്നത് അതിശയിപ്പിക്കുന്നതാണ്. നല്ലൊരു തുടക്കം തന്നെയായിരുന്നു മധുരിയ്ക്ക് , അതും ദേവരാജന്റെ സംഗീതത്തിൽ. പ്രിയസഖി ഗംഗേ പറയൂ എന്ന ഗാനം. കുമാരസംഭവത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന ഈ ഗായിക പക്ഷെ ഒരൊറ്റയാളുടെ സംഗീത തണലിൽ മാത്രമേ നിന്നിട്ടുള്ളൂ എന്നതും അപൂർവത. ദേവരാജന്റെ സംഗീതത്തിൽ നിന്നും ഒരാൾക്ക് കൊടുക്കാവുന്ന സമ്പത്തത്രയും തന്നെ ഇവർക്ക് ലഭ്യമായിട്ടുണ്ട്.

കുമാരസംഭവത്തിലെ ഇന്ദുകലാമൗലി തൃക്കയ്യിലോമനിക്കും എന്ന ഗാനവും മാധുരിയ്ക്കാണ് നൽകിയത്. അക്കാലത്ത് പൂത്തുലഞ്ഞു നിന്നിരുന്ന എസ് ജാനകി, പി സുശീല എന്നിവരോടൊപ്പം തന്നെ മാധുരിയെ തന്റെ സംഗീതത്തോടൊപ്പം നിലനിർത്താൻ ദേവരാജൻ മാസ്റ്റർക്ക് കഴിഞ്ഞു.
ചലച്ചിത്ര ഗാനരംഗത്ത് ചില ചലനങ്ങൾ വരെ ഉണ്ടാക്കാൻ കഴിഞ്ഞ ഗാനങ്ങളുണ്ട് ഇവരുടെ സംഭാവനയായിട്ട് . ഏണിപ്പടികളിലെ ഇരയിമ്മൻ തമ്പിയുടെ പ്രാണനാഥനെനിക്ക് നൽകിയ എന്ന ഗാനം അശ്ളീലതയുടെ അതിർവരമ്പുകൾ കടന്നെന്നും പറഞ്ഞുകൊണ്ട് ആകാശവാണി നിരോധിച്ച ഗാനം കൂടിയാണ്, ഇപ്പോഴും ആ ഗാനം ആകാശവാണിയിൽ വെക്കാറില്ല എന്നാണെന്റെ അറിവ്. പക്ഷെ മാധുരിക്കത് പ്രശസ്തിയായിരുന്നു കൊടുത്തത്. അതിനു മുൻപും പിൻപും ദേവരാജൻ ഗാനങ്ങളുടെ ഒരൊഴുക്കു തന്നെയായിരുന്നു. മധുരതരമായ എത്രയോ ഗാനങ്ങൾ… മലയാളിയെ പുളകം കൊള്ളിച്ചവ തന്നെ ഏറെയും. മറ്റു ഗായകരോടൊപ്പം എന്നതിനേക്കാൾ സോളോ പാടാൻ ഏറെ അവസരങ്ങളും ലഭിച്ചു,. എല്ലാം ദേവരാജാനുഗ്രഹം തന്നെ.
കടൽപ്പാലത്തിലെ കസ്തൂരി തൈലമിട്ടു… വാഴ്‌വേമായത്തിലെ കാറ്റും പോയ് മഴക്കാറും പോയ്.. പേൾവ്യൂവിലെ കൈതപ്പൂ വിശറിയുമായ്… ലൈൻബസ്സിലെ തൃക്കാക്കരപൂ പോരാഞ്ഞോ .. എന്നതൊക്കെ തുടക്കത്തിലേ ഹിറ്റുകളായിരുന്നു..

ശരശയ്യയിൽ നീലാംബരമേ താരാപഥമെ എന്ന വയലാർ ഗാനം അതിന്റെ എല്ലാ വൈകാരികതയോടും കൂടി ആലപിച്ചത്. അനുഭവങ്ങൾ പാളിച്ചകളിലെ കല്ല്യാണീ കളവാണീ എന്നതും ലളിതയ്ക്കു വേണ്ടി ആലപിച്ചപ്പോൾ ഏറെ യോജിച്ചതായി തോന്നി. സിന്ദൂര ചെപ്പിലെ തമ്പ്രാൻ തൊടുത്തത് മലരമ്പ് എന്ന ഗാനം പാടിയതോടെ ജയഭാരതിക്കു യോജിച്ച ശബ്ദമായും അനുഭവപ്പെട്ടു. ജയഭാരതികുസൃതി കഥാപാത്രങ്ങൾക്ക് വേണ്ടി പാടുന്നതു കൊണ്ടു കൂടിയാവാം…
ഹാസ്യരസ പ്രധാനമായ ഗാനങ്ങൾ പാടുമ്പോൾ മാധുരിയുടെ ഈണങ്ങളുടെ വഴക്കവും, മുഴക്കവും അതിലുമേറെ അനുയോജ്യമാവാറുണ്ട്..
വില്ലുകെട്ടിയ കടുക്കനിട്ടൊരു എന്ന ലൈൻബസ്സിലെ ഗാനം …
മണ്ടച്ചാരേ മൊട്ടത്തലയില് എന്ന സിന്ദൂരച്ചെപ്പിലെത് ..
കോളേജ് ഗേളിലെ മുത്തിയമ്മ പോലെ വന്ന്…
മാന്യശ്രീ വിശ്വാമിത്രനിലെ കേട്ടില്ലേ കോട്ടയത്തൊരു ..
അച്ചാരം അമ്മിണി ഓശാരം ഓമനയിലെ ചക്കിക്കൊത്തൊരു ചങ്കരൻ …
ചട്ടമ്പിക്കല്യാണിയിലെ നാലുകാലുള്ളൊരു …
ഇവയൊക്കെ ഉദാഹരണങ്ങൾ…
യുഗ്മഗാനങ്ങളിലും തിളങ്ങിയിട്ടുണ്ട് മാധുര്യമേറിയ ഈ സ്വരം.
അഗ്നിമൃഗത്തിലെ അളകാപുരി അളകാപുരി എന്നൊരു നാട്…
അക്കരപ്പച്ചയിലെ ആയിരം വില്ലൊടിഞ്ഞു..
പത്മവ്യൂഹത്തിലെ സിന്ദൂരകിരണമായ് ..
തേനരുവിയിലെ ദേവികുളം മലയിൽ ..
അച്ചാണിയിലെ മല്ലികാബാണൻ തന്റെ വില്ലൊടിഞ്ഞു…
നെല്ലിലെ നീലപൊന്മാനേ…
സേതുബന്ധനത്തിലെ പല്ലവി പാടി നിൻ മിഴികൾ ..
അയോധ്യയിലെ കളഭത്തിൽ മുങ്ങിവരും…
കൊട്ടാരം വിൽക്കാനുണ്ട് എന്നതിലെ തോട്ടേനെ ഞാൻ…
സത്യവാൻ സാവിത്രിയിലെ കസ്തൂരിമല്ലിക പുടവ ചുറ്റി…
എന്നിവ പലതിൽ ചിലത് മാത്രം…

അപമാനശരങ്ങളേൽക്കേണ്ടിയും വന്നിട്ടുണ്ട് മാധുരിയമ്മയ്ക്ക്. ഒരു സംഗീതജ്ഞന്റെ പ്രിയഗായിക ആയപ്പോൾ കേൾക്കാവുന്നത് .. അപശ്രുതി വരുത്തുന്ന ഗായിക എന്നും പരാതികൾ ഏറെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിനെ എല്ലാം മറികടക്കുന്ന ഗാനങ്ങൾ ഇവരിൽ നിന്നും പിറന്നിട്ടുണ്ട് . ഗുരുവായൂർ കേശവനിലെ ഇന്നെനിക്കു പൊട്ടുകുത്താൻ.. എന്ന ഗാനം അത്രമാത്രം മികവോടെയാണ് മാധുരി ആലപിച്ചിരിക്കുന്നത്..

https://www.youtube.com/watch?v=heUFDvlQU88&pbjreload=10

ദേവരാജന്റെ പ്രിയഗായികയായതു കൊണ്ടാവാം അന്നത്തെ മറ്റു പ്രസിദ്ധരൊന്നും തന്നെ ഇവർക്ക് ഗാനങ്ങൾ കൊടുത്തതായി കാണുന്നില്ല. ദക്ഷിണാമൂർത്തി ഒരു ഗാനം കൊടുത്തിട്ടുണ്ട്. പിന്നീടെപ്പോഴോ ഇവരെ പാടിക്കണമെങ്കിൽ താൻ സംഗീതം ചെയ്യില്ല എന്നുവരെ ഒച്ചയെടുത്തതായും കേട്ടിട്ടുണ്ട്.. അതൊക്കെയെന്തോ. ഗാനാസ്വാദകർക്കു അതൊന്നും നോക്കേണ്ട കാര്യമില്ല. സിനിമയിലെ കളികൾ നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും ആവാത്ത തരത്തിലാണല്ലോ ! എന്തായാലും ദേവരാജൻ മാസ്റ്റർ സംഗീതം നിർത്തുന്നതുവരെ മാധുരിക്ക് അവസരം കൊടുത്തിട്ടുണ്ട്. നീയെത്ര ധന്യയിലെ ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു എന്ന ഓ എൻ വി ഗാനം വരെ അത് നീണ്ടു…
ശാലിനി എന്റെ കൂട്ടുകാരിയിലെ ഹിമശൈലസൈകതഭൂമിയിൽ …
ഈ മനോഹരതീരത്തിലെ ഹംസഗാനമാലപിക്കും ..
ഭൂമിദേവി പുഷ്പിണിയായിലെ ദന്തഗോപുരം തപസിനു തിരയും…
ദേവി കന്യാകുമാരിയിലെ കണ്ണാ ആലിലക്കണ്ണാ …
ഏണിപ്പടികളിലെ യാഹിമാധവ യാഹി കേശവ …
ചായത്തിലെ ഗോകുലാഷ്ടമി നാൾ…
ആരോമലുണ്ണിയിലെ മാറിമാന്മിഴി മല്ലികതേന്മൊഴി…
അക്കരപ്പച്ചയിലെ ഏഴരപ്പൊന്നാന …
എഴുതിയാൽ തീരില്ല…
അത്രയും വിശിഷ്ടഗാനങ്ങൾ സമ്മാനിച്ച ദേവരാജന് മുൻപിൽ ഒരു സാഷ്ടാംഗ നമസ്കാരം…

മറ്റു സംഗീതജ്ഞരിൽ എം കെ അർജുനൻ, എ ടി ഉമ്മർ, ശ്യാം , ഇളയരാജ , എന്നിവരും ഗാനങ്ങൾ നൽകിയിട്ടുണ്ട് മധുരിയ്ക്ക്.. എം കെ അർജുനന്റെ സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാൻ എന്നത് നല്ലൊരു പ്രണയഗാനമാണ്. അതേപോലെ ഉത്സവത്തിലെ എ ടി ഉമ്മറിന്റെ സംഗീതത്തിൽ പൂവച്ചൽ ഖാദർ രചിച്ച ഒരു അത്യപൂർവ ഗാനമുണ്ട്.  മാധുരി ഒതുക്കത്തോടെ പാടിയ കരിമ്പുകൊണ്ടൊരു നയമ്പുമായി കരളിൽ കായലിൽ വന്നവനെ എന്ന വികാരനിർഭരമായ ഗാനം പറയാതെ മാധുരി ഗാനങ്ങളെ സ്പർശിച്ചു പോയിട്ട് കാര്യമില്ല…

LEAVE A REPLY

Please enter your comment!
Please enter your name here